

അന്തരിച്ച ചലച്ചിത്ര, നാടക നടി സാവിത്രി ശ്രീധരനെ അനുസ്മരിച്ച് ‘സുഡാനി ഫ്രം നൈജീരിയ’ താരം സാമുവൽ അബിയോള റോബിൻസൺ. അനുഗൃഹീതയായ അഭിനേതാവ് മാത്രമല്ല കരുണയും സ്നേഹവും ഉള്ള സഹപ്രവർത്തകയുമായിരുന്നു സാവിത്രിയെന്ന് സാമുവൽ ന്യൂസ് മലയാളത്തോട് പറഞ്ഞു. സിനിമയിൽ കണ്ട ഉമ്മ തന്നെയാണ് യഥാർഥ ജീവിത്തതിലെ സാവിത്രിയെന്ന് സാമുവൽ റോബിൻസൺ ഓർമിച്ചു.
""എനിക്ക് മലയാളം അറിയില്ല, അവർക്ക് ഇംഗ്ലീഷും. പക്ഷേ എല്ലാ ദിവസവും ഭക്ഷണം കഴിച്ചോയെന്നും വിശക്കുന്നുണ്ടോയെന്നുമെല്ലാം എന്നോട് തിരക്കും. എന്നിട്ട് പ്രൊഡ്യൂസറിനോടോ പ്രൊഡക്ഷൻ മാനേജരോടോ പോയി, ഞാൻ വിശന്നിരിക്കുകയാണെന്ന് പറയും. സ്നേഹവും കരണയുമുള്ള വ്യക്തിയാണ്. സിനിമയിൽ കണ്ടപോലെ തന്നെയാണ് യഥാർഥ ജീവിതത്തിലും. അവർ മരിച്ചു എന്ന വാർത്ത അറിഞ്ഞപ്പോൾ തകർന്നുപോയി.
ഈ ലോകത്തിന് ഇതൊരു വലിയ നഷ്ടം തന്നെയാണ്. വാർധക്യസഹജമായ അസുഖങ്ങൾ കാരണങ്ങളാലാണ് സാവിത്രി മാഡം വിടപറഞ്ഞത്. ദീർഘവും സംതൃപ്തവുമായ ഒരു ജീവിതം നയിക്കാൻ അവർക്ക് കഴിഞ്ഞു എന്നതിൽ ഞാൻ നന്ദിയുള്ളവനാണ്. നല്ല സിനിമകൾ ചെയ്യാൻ അവർക്ക് സാധിച്ചു. ആളുകളുടെ സ്നേഹം നേരിട്ട് കാണാനും കഴിഞ്ഞു. ഇപ്പോൾ ഒഴുകിയെത്തുന്ന ഈ സ്നേഹമൊക്കെ കാണാൻ അവർ ഇവിടെ ഉണ്ടായിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചുപോകുന്നു. എങ്കിലും സാരമില്ല, അവർ ഇപ്പോൾ സ്വർഗ്ഗത്തിൽ ഒരു മാലാഖയായി വിശ്രമിക്കുകയാണെന്ന് എനിക്കറിയാം. പ്രശാന്തമായി അവർ നിദ്ര കൊള്ളട്ടെ. നമ്മൾ മുന്നോട്ട് പോകുന്നതോടൊപ്പം അവരെ ഒരിക്കലും മറക്കാതിരിക്കുക എന്നതും പ്രധാനമാണെന്ന് ഞാൻ കരുതുന്നു. സാവിത്രി മാഡത്തിന്റെ മനോഹരമായ കഥാപാത്രങ്ങളും സിനിമകളും അവരുടെ ഓർമകൾക്കൊപ്പം എന്നും നിലനിർത്തുക. അവരുടെ മികച്ച പ്രകടനങ്ങൾ അനുഭവിച്ചറിയാൻ സാധിച്ച തലമുറയിൽ ജീവിക്കാൻ സാധിച്ചത് നമ്മുടെ ഭാഗ്യമാണ്," സാമുവൽ റോബിൻസൺ പറഞ്ഞു.
സെപ്റ്റംബർ 23നാണ് സവിത്രി ശ്രീധരൻ അന്തരിച്ചത്. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട് മാങ്കാവിലെ വീട്ടിലായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതയായിരുന്നു.