"എന്നെക്കാൾ ചെറുപ്പമാണ്, സുരേഷ് ഗോപി ഈ മറവിരോഗത്തിൽ നിന്ന് രക്ഷ പ്രാപിക്കട്ടെ"; വിമർശനവുമായി ശ്രീകുമാരൻ തമ്പി

സഭയിൽ ‘കേരളം കേരളം’ എന്ന പാട്ടുപാടിയ സുരേഷ് ഗോപി ഗാനരചയിതാവായ തന്റെ പേര് പരാമർശിക്കാത്തതിൽ വിയോജിപ്പുമായി ശ്രീകുമാരൻ തമ്പി
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ശ്രീകുമാരൻ തമ്പി
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ശ്രീകുമാരൻ തമ്പി
Published on
Updated on

സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി കേരളം എന്നാക്കി മാറ്റാനുള്ള ഭേദഗതി ബില്ല് കഴിഞ്ഞ ദിവസമാണ് രാജ്യസഭ പാസാക്കിയത്. ഈ ബില്ലിനെ പിന്തുണച്ച കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രേം നസീർ, സത്യൻ, മധു, എം.ടി. വാസുദേവൻ നായർ, വയലാർ എന്നിവരെ അനുസ്മരിച്ചായിരുന്നു എംപിയുടെ പ്രസംഗം. വള്ളത്തോളിന്റെ കവിതയും യേശുദാസ് പാടിയ ‘കേരളം കേരളം കേളികൊട്ടുണരുന്ന കേരളം’ എന്ന പ്രശസ്തമായ ഗാനവും ആലപിച്ചാണ് സുരേഷ് ഗോപി പ്രസംഗം അവസാനിപ്പിച്ചത്. ഇപ്പോഴിതാ, സഭയിൽ ‘കേരളം കേരളം’ എന്ന പാട്ടുപാടിയ സുരേഷ് ഗോപി ഗാനരചയിതാവായ തന്റെ പേര് പരാമർശിക്കാത്തതിൽ അതൃപ്തി പ്രകടപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശ്രീകുമാരൻ തമ്പി.

കേന്ദ്ര സഹമന്ത്രിക്കെതിരെ അതിശക്തമായ ഭാഷയിലാണ് ശ്രീകുമാരൻ തമ്പി തന്റെ അതൃപ്തി രേഖപ്പെടുത്തിയത്. സുരേഷ് ഗോപിയുടെ ‘മറവി രോഗം’ മാറട്ടേ എന്ന് പ്രാർഥിക്കുന്നതായി അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം. സുരേഷ് ഗോപിയുടെ അഭിനയജീവിതത്തിൽ താൻ ചെയ്തു നൽകിയ സഹായങ്ങളും അദ്ദേഹം ഈ കുറിപ്പിൽ പരാമർശിക്കുന്നുണ്ട്.

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ശ്രീകുമാരൻ തമ്പി
സ്നേഹിച്ച് വേ​ദനിപ്പിക്കും...! എന്താണ് നാർസിസിസ്റ്റിക് അബ്യൂസ്?

ശ്രീകുമാരൻ തമ്പിയുടെ ഫേസ്ബുക്ക് കുറിപ്പ്:

ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി ശ്രീ. സുരേഷ് ഗോപി ഇന്ന് പാർലമെന്റിൽ നമ്മുടെ സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്ന് പൂർണമായി അംഗീകരിക്കപ്പെട്ടതിൽ സന്തോഷം പ്രകടിപ്പിക്കുന്നതിനിടയിൽ "കേരളം കേരളം കേളി കൊട്ടുയരുന്ന കേരളം.. എന്ന ഗാനം പാടി അഭിമാനപുളകിതനായി. എം ടി വാസുദേവൻ നായർ , ജോൺസൺ, വയലാർ , ജി. ദേവരാജൻ തുടങ്ങിയ മലയാളികളായ പ്രഗത്ഭരെ അനുസ്മരിച്ച് സാഹിത്യത്തിലും സംഗീതത്തിലുമുള്ള തന്റെ താല്പര്യം അദ്ദേഹം വെളിവാക്കുകയും ചെയ്തു. എന്നാൽ അദ്ദേഹം പാടിയ "കേരളം... കേരളം" എന്ന പാട്ട് എഴുതിയ ശ്രീകുമാരൻ തമ്പി എന്ന അടിയന്റെ പേര് പറയാൻ തയ്യാറായില്ല. ഒരു പക്ഷെ എന്റെ പേര് അദ്ദേഹത്തിന്റെ നാവിന് വഴങ്ങില്ലായിരിക്കും. പകരം 'ഒരു മഹാകവി' എന്ന ലേബലിൽ എന്നെ ഒതുക്കി. പാട്ട് പാടുന്നതിനു മുൻപ് വയലാർ, ദേവരാജൻ എന്നീ പേരുകൾ പറഞ്ഞതിൽ നിന്ന് ഈ ഗാനവും വയലാർ എഴുതിയത് എന്ന് ജനങ്ങൾ ധരിച്ചോട്ടെ എന്ന് ആ ശുദ്ധഹൃദയൻ വിചാരിച്ചുകാണും.

കേരളത്തെക്കുറിച്ചുള്ള ഒരു മികച്ച ഗാനമായി എല്ലാ മലയാളികളും അംഗീകരിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ രചയിതാവായ എന്റെ പേര് ആ നല്ല അവസരത്തിൽ പറയാതിരിക്കാൻ സുരേഷ് ഗോപിക്ക് രണ്ടു മൂന്നു കാരണങ്ങൾ ഉണ്ട്. മോഹൻലാലിനെ നായകനാക്കി ഞാൻ സ്വന്തമായി നിർമിച്ചു സംവിധാനം ചെയ്ത 'യുവജനോത്സവം' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ അതുവരെ ചെറിയ വേഷങ്ങളിൽ മാത്രം അഭിനയിച്ചിരുന്ന സുരേഷ് ഗോപിയെ ഞാൻ പ്രധാന വില്ലനാക്കി. നായകനാകാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചപ്പോൾ ഞാൻ തിരക്കഥയും സംഭാഷണവും ഗാനങ്ങളും എഴുതി ഐ വി ശശി സംവിധാനം ചെയ്ത 'അക്ഷരത്തെറ്റ്' എന്ന ചിത്രത്തിൽ സുരേഷ് ഗോപിയെ നായകനാക്കണമെന്ന് ഞാൻ നിർബന്ധമായി ശശിയോട് പറഞ്ഞു. സുരേഷ് ഗോപി ആദ്യമായി നായകനായി വന്നത് 'അക്ഷരത്തെറ്റ്' എന്ന ചിത്രത്തിൽ ആണ്. അന്ന് ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു പ്രശസ്തനായ ഒരു യുവനായകനായിരുന്നു ഐ വി ശശിയുടെ മനസിൽ. എന്നാൽ എന്റെ അഭ്യർത്ഥന മാനിച്ച് ശശി സുരേഷ് ഗോപിയെ തന്നെ നായകനാക്കി. 'അക്ഷരത്തെറ്റ്' റിലീസ് ആയ ദിവസം സുരേഷ് ഗോപിയുടെ അമ്മ കൊല്ലത്തെ ഒരു തീയേറ്ററിൽ സിനിമ കണ്ടതിനു ശേഷം എന്നെ ഫോണിൽ വിളിച്ച് ആ കുടുംബത്തിന്റെ നന്ദിയും കടപ്പാടും അറിയിച്ചത് ഞാൻ ഇന്നും ഓർക്കുന്നു. ആരിൽ നിന്നും നന്ദി പ്രതീക്ഷിക്കണ്ട എന്ന സത്യവും എനിക്കറിയാം. കേന്ദ്രമന്ത്രി ആയ സുരേഷ് ഗോപി ഇതൊക്കെ മറന്നു കാണും. പക്ഷെ ഈ എൺപത്താറാം വയസ്സിലും എന്റെ ഓർമ്മശക്തിക്കു കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല. എന്നെക്കാൾ വളരെ ചെറുപ്പമായ സുരേഷ് ഗോപി ഈ മറവിരോഗത്തിൽ നിന്ന് രക്ഷ പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

"ബന്ധുവാര് ശത്രുവാര്

ബന്ധനത്തിൻ നോവറിയും

കിളിമകളേ പറയൂ ..."

ഇതും എന്റെ വരികളാണ്. എന്റെ പേര് പറയാതെ സുരേഷ് ഗോപി ഈ വരികളും ഇടയ്ക്ക് ഉദ്ധരിക്കുന്നത് നല്ലതാണ്

News Malayalam 24x7
newsmalayalam.com