

ചെന്നൈ: തമിഴ് സൂപ്പർ സ്റ്റാർ സൂര്യയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. കെജിഎഫ്, കാന്താര ഫ്രാഞ്ചൈസികള്‍ അടക്കമുള്ള വമ്പന്‍ വിജയങ്ങളിലൂടെ ഇന്ത്യന്‍ സിനിമാലോകത്തിന്‍റെ തന്നെ ശ്രദ്ധ നേടിയ നിര്‍മാണ കമ്പനിയായ ഹൊംബാലെ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. സൂര്യ തന്നെ നായകനായ ജയ് ഭീം, രജനികാന്ത് നായകനായ വേട്ടൈയന്‍ അടക്കമുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്ത ടി.ജെ. ജ്ഞാനവേല്‍ ആണ് പുതിയ ചിത്രത്തിന്‍റെ സംവിധാനം നിർവഹിക്കുന്നത്. കയാദു ലോഹറാണ് ചിത്രത്തിലെ നായിക. സായ് അഭ്യങ്കര്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. എസ്.എ. കതിര്‍ ഛായാഗ്രഹണവും ഫിലോമിന്‍ രാജ് എഡിറ്റിങ്ങും നിര്‍വഹിക്കും.
അതേസമയം, കരിയറിലെ തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം ‘കറുപ്പി’ലൂടെ ബോക്സ്ഓഫിസിൽ സൂര്യ വലിയ തിരിച്ചുവരവ് നടത്തിയിരുന്നു. ആര്‍.ജെ. ബാലാജിയുടെ സംവിധാനത്തില്‍ തിയേറ്ററുകളിലെത്തിയ ‘കറുപ്പ്’ 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ‘ആവേശ’ത്തിനു ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം, വെങ്കി അട്‌ലൂരിയുടെ ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്നിവയാണ് സൂര്യയുടെ നിലവിലുള്ള പ്രോജക്ടുകൾ.
‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’ ഉടൻ തിയേറ്ററുകളിലെത്തും. മമിത ബൈജുവാണ് ചിത്രത്തിലെ നായിക. രാധിക ശരത്കുമാര്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതിന് ശേഷം സൂര്യയുടേതായി റിലീസിനെത്തുക ജിത്തു മാധവൻ സിനിമയാകും. നസ്രിയയും നസ്‍ലെനും ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സുഷിന്‍ ശ്യാം ആണ് സംഗീത സംവിധാനം.