

ഹോളിവുഡ് താരം സിഡ്നി സ്വീനി അഭിനയിച്ച ഒരു പരസ്യചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നു. നോവിഗ് എന്നൊരു സ്പോർട്സ് ട്രേഡിങ് ആപ്പിന്റേതാണ് പരസ്യം. 'നോവിഗ് ഈസ് ജസ്റ്റ് സ്പോർട്സ്' എന്നാണ് ഈ കമ്പനിയുടെ ക്യാംപെയ്ൻ ടാഗ്ലൈൻ. ഇത് തന്നെയാണ് നടിയും പരസ്യത്തിൽ പറയുന്നത്. രാഷ്ട്രീയവും മറ്റ് അഭിപ്രായ വ്യത്യാസങ്ങളും മറന്ന് പൂർണമായും കായികരംഗത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക - ജസ്റ്റ് സ്പോർട്സ്. ഇറങ്ങി ഏതാനും നിമിഷങ്ങൾക്കുള്ളിൽ പരസ്യം സകല ഓൺലൈൻ ഇടങ്ങളിലും കത്തിക്കയറി. അതിന് കാരണം ഈ ടാഗ് ലൈനോ, ബ്രാൻഡ് പവറോ ഒന്നുമായിരുന്നില്ല. സിഡ്നിയാണ്, സിഡ്നിയെ അവതരിപ്പിച്ച വിധമാണ്. സ്പോർട്സ് ഈ പരസ്യത്തിൽ പേരിന് മാത്രമാണ് ഉണ്ടായിരുന്നത്.
നോവിഗ് പരസ്യത്തിൽ മിനിമൽ വസ്ത്രത്തിലാണ് നടി പ്രത്യക്ഷപ്പെട്ടത്. വസ്ത്രം ഇല്ലായെന്ന് തന്നെ പറയാം. ഫുട്‌ബോൾ, ടെന്നീസ് റാക്കറ്റ്, ബാസ്‌ക്കറ്റ് ബോൾ, ഹോക്കി പാഡുകൾ എന്നിവയെല്ലാം ഉപയോഗിച്ചാണ് നടി തന്റെ നഗ്നത മറയ്ക്കുന്നത്. നഗ്നതയല്ല ഇവിടെ പ്രശ്നം; പരസ്യത്തിന്റെ മാർക്കറ്റിങ് സ്ട്രാറ്റജിയാണ്. ഇതൊരു സ്പോർട്സ് പ്രെഡിക്ഷൻ ആപ്പിന്റെ പരസ്യമാണ്. അപ്പോൾ ഇതിൽ കാണിക്കേണ്ടത് സ്വാഭാവികമായും കായിക ഇനങ്ങൾ തന്നെയാണ്. പക്ഷേ 'ജസ്ററ് സ്പോർട്സ്' ആയാൽ ഈ ക്യാംപെയ്ൻ കൊണ്ട് വലിയ കാര്യമില്ലെന്ന് ഇതിന് പിന്നിലുള്ളവർക്ക് കൃത്യമായി അറിയാം.
ബേറ്റിങ് ആപ്പുകളുടെ പ്രധാന ഉപയോക്താക്കൾ പുരുഷന്മാരാണ്. അവരുടെ ശ്രദ്ധയാണ് ആകർഷിക്കേണ്ടത്. അതിനായി ആ പഴയ തന്ത്രം തന്നെ വീണ്ടും തേച്ചുമിനുക്കി പുറത്തെടുത്തിരിക്കുകയാണ് നോവിഗ് - 'സെക്സ് സെൽസ്' (Sex Sells). അതിനായി അവർ കായിക ഉപകരണങ്ങളെ വെറും പ്രോപ്പാക്കി. സിഡ്നിയെ, അവരുടെ നഗ്നതയെ കണ്ടന്റാക്കി. ഒൻപത് തവണ 'സ്പോർട്സ്' എന്ന വാക്ക് സിഡ്നി ഈ പരസ്യത്തിൽ പറയുന്നുണ്ട്. ഈ പറച്ചിലിന് അപ്പുറം കായികരംഗത്തെ സ്ത്രീകളെ ലൈംഗികവൽക്കരിക്കുകയാണ് പരസ്യം.
നോവിഗിന്റെ പരസ്യത്തിനെതിരെ ഇതോനോടകം വിവിധ വനിത കായികതാരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. കടുത്ത വിമർശനമാണ് ഇവർ ഉന്നയിക്കുന്നത്. സ്പോർട്സിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഓരോ സ്ത്രീയുടെയും മുഖത്തേറ്റ അടിയാണിതെന്നാണ് നാല് തവണ ഒളിമ്പിക് സ്വർണം നേടിയ നീന്തൽ താരം അരിയാൺ ടിറ്റ്മസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. മറ്റ് പല താരങ്ങളും തങ്ങളുടെ പരിശീലനങ്ങളും മത്സരങ്ങളും മെഡലുകളും ഉൾപ്പെടുത്തി ഇൻസ്റ്റഗ്രാം വീഡിയോസും പങ്കുവച്ചിട്ടുണ്ട്. നേട്ടങ്ങളിലേക്കെത്താൻ ഒരുപാട് നോട്ടങ്ങളെ തങ്ങൾ മറികടന്നതാണെന്നാണ് ഇവർ പറയുന്നത്. അതേ നോട്ടങ്ങൾ ആകർഷിക്കാനായി സ്ത്രീ ശരീരത്തെ വെറും കാഴ്ച വസ്തുവാക്കി തങ്ങളുടെ നേട്ടങ്ങളെ റദ്ദ് ചെയ്യരുതെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ആ ആവശ്യം ന്യായവുമാണ്.
ഇത്തരത്തിൽ പ്രതിഷേധമുണ്ടാകുമെന്ന് നോവിഗിന് അറിയാഞ്ഞിട്ടല്ല. അതും ഒരു സ്ട്രാറ്റജികളുടെ ഭാഗമാണ്. പ്രതിഷേധ സ്വരങ്ങളും പബ്ലിസിറ്റിയാണ്. മാധ്യമങ്ങളും കായിക ലോകവും ഈ വിഷയം ചർച്ച ചെയ്യുന്നതോടെ കോടിക്കണക്കിന് ആളുകളിലേക്കാണ് 'നോവിഗ്' എന്ന ബ്രാൻഡിന്റെ പേര് എത്തുക. അതിൽ അവർ വിജയിച്ചു എന്ന് തന്നെ വേണം കരുതാൻ. ആ പരസ്യത്തിന്റെ വ്യൂ അതാണ് സൂചിപ്പിക്കുന്നത്. പറയാതിരിക്കാനാകില്ലല്ലോ!
ഇതാദ്യമായല്ല സിഡ്നി സ്വീനിയുടെ ഒരു പരസ്യം ചർച്ചയാകുന്നതും വിവാദമാകുന്നതും. 2025ൽ അമേരിക്കൻ ഈഗിൾ നടിയെ വച്ച ഒരു ക്യാംപെയ്ൻ നടത്തിയിരുന്നു. "Sydney Sweeney Has Great Jeans" എന്നായിരുന്നു ആ ക്യംപെയ്ൻ. ജനിതകം എന്ന അർഥം വരുന്ന വാക്കിനോടുള്ള സാമ്യം വച്ചൊരു വേഡ് പ്ലേ. "ജീനുകൾ മാതാപിതാക്കളിൽ നിന്ന് മക്കളിലേക്ക് കൈമാറപ്പെടുന്നു, ഇത് മുടിയുടെ നിറവും സ്വഭാവവും കണ്ണിന്റെ നിറവും വരെ നിർണയിക്കുന്നു. എന്റെ ജീൻസ് നീലനിറമാണ്," എന്നാണ് സ്വീനി ഈ പരസ്യത്തിൽ പറഞ്ഞത്. ഇത് വംശീയതയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നായിരുന്നു വിമർശനം. വിവാദമായതോടെ അമേരിക്കൻ ഈഗിൾ ഈ പരസ്യം പിൻവലിച്ചു. പക്ഷേ, അപ്പോഴേക്കും സ്വീനിയുടെ ജീൻസ് പരസ്യം വൈലായി കഴിഞ്ഞിരുന്നു. നോവിഗ് പരസ്യത്തിന്റെ കാര്യത്തിലും അതാണ് സംഭവിക്കുന്നത്.
ഇവിടെ നടിക്കല്ല നോവിഗിന് എതിരെയാണ് അമർഷം ഉയരേണ്ടതെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. പക്ഷേ, അവിടെ ഒരു പ്രശ്നമുണ്ട്. സ്വീനി ഈ ക്യാംപെയ്നിന്റെ മുഖം മാത്രമല്ല; കമ്പനിയുടെ പ്രസ്താവന പ്രകാരം നടി ഈ കമ്പനിയുടെ സ്ട്രാറ്റജിക് പാർട്ണറും ഓഹരി ഉടമയും കൂടിയാണ്. തീരുമാനം എടുക്കാൻ പറ്റുന്ന ഒരു സ്ഥാനത്താണ് അവർ എന്ന് അർഥം. ഈ ആശയത്തിന് അവർക്കും തുല്യ ഉത്തരവാദിത്തമുണ്ട്.
സെറീന വില്യംസ് ഉൾപ്പെടെയുള്ള ലോകപ്രശസ്ത കായികതാരങ്ങൾ മുൻപ് പ്രമുഖ മാഗസിനുകൾക്ക് വേണ്ടി ചെയ്ത ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകളുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ടാണ് സ്വന്തം നിലപാടിനെ ന്യായീകരിക്കാൻ സ്വീനി ശ്രമിക്കുന്നത്. 'അവരെ വിമർശിച്ചില്ലല്ലോ' എന്ന ന്യായം, നോവിഗിന്റെ കൃത്യമായി കരുതിക്കൂട്ടി തയ്യാറാക്കിയ ഒരു ക്യാംപെയ്ൻ സ്ട്രാറ്റജിക്ക് എതിരെയുള്ള വിമർശനങ്ങൾക്ക് മറുപടിയാകുമെന്ന് തോന്നുന്നില്ല.