"പരാശക്തി നിരോധിക്കണം, അണിയറപ്രവർത്തകർ മാപ്പ് പറയണം"; സിനിമ ചരിത്രത്തെ വളച്ചൊടിച്ചുവെന്ന് തമിഴ്നാട് യൂത്ത് കോൺഗ്രസ്

സിനിമയ്ക്ക് എതിരായ ആരോപണങ്ങൾ യൂത്ത് കോൺഗ്രസ് അക്കമിട്ട് നിരത്തുന്നു
'പരാശക്തി' സിനിമ
'പരാശക്തി' സിനിമSource: X
Published on
Updated on

ചെന്നൈ: ശിവകാർത്തികേയൻ നായകനായ 'പരാശക്തി' സിനിമയ്‌ക്കെതിരെ തമിഴ്നാട് യൂത്ത് കോൺഗ്രസ്. സിനിമ ചരിത്രപരമായ വസ്തുതകളെ മനപ്പൂർവം വളച്ചൊടിക്കുന്നെന്നും കോൺഗ്രസ് നേതാക്കളെ തെറ്റായി ചിത്രീകരിക്കുന്നു എന്നുമാണ് ആരോപണം. അന്തരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, കെ. കാമരാജ് എന്നിവരുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ അപകീർത്തികരമായി ചിത്രീകരിച്ചുവെന്നാണ് യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്.

സിനിമയിലെ ചില രംഗങ്ങൾ കെട്ടിച്ചമച്ചതാണെന്നും അവ നീക്കം ചെയ്യണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. സിനിമയുടെ അണിയപ്രവർത്തകർ പരസ്യമായി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യങ്ങൾ നിറവേറ്റാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്നാണ് തമിഴ്നാട് യൂത്ത് കോൺഗ്രസിന്റെ മുന്നറിയിപ്പ്. പാർട്ടിയുടെ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് അരുൺ ഭാസ്കർ പുറത്തിറക്കിയ പ്രസ്താവന, ഐഎൻസി വക്താവായ എം. കുമാരമംഗലം തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് പങ്കുവച്ചത്.

'പരാശക്തി' സിനിമ
'ടോക്സിക്കി'ന് വേണ്ടി കഠിനമായ കോംബാറ്റ് ട്രെയിനിങ്, സിനിമയിലെ ആക്ഷൻ വേറെ ലെവൽ: അക്ഷയ് ഒബ്റോയ്

'പരാശക്തി' കർശനമായി നിരോധിക്കേണ്ട സിനിമയാണെന്നാണ് പ്രസ്താവനയിൽ പറയുന്നത്. അതിന്റെ കാരണങ്ങളും യൂത്ത് കോൺഗ്രസ് അക്കമിട്ട് നിരത്തുന്നു. സിനിമയിൽ ശിവകാർത്തികേയന്റെ കഥാപാത്രം ഇന്ദിരാഗാന്ധിയെ കാണുന്നതായി ഒരു രംഗമുണ്ട്. ഇത് പൂർണമായും സാങ്കൽപ്പികമാണ്. അതിൽ ഇന്ദിരാഗാന്ധിയെ ചിത്രീകരിച്ചിരിക്കുന്നത് വില്ലൻ പരിവേഷത്തിലാണെന്നാണ് ആരോപണം.

"ചരിത്രത്തിൽ ഒരിക്കലും നടക്കാത്ത സംഭവങ്ങളിൽ, അന്തരിച്ച ദേശീയ നേതാക്കളെ സങ്കൽപ്പത്തിനനുസരിച്ച് ചിത്രീകരിക്കാൻ നിയമം അനുവദിക്കുന്നില്ല എന്ന കാര്യം ഈ സിനിമ നിർമിച്ച വിഡ്ഢികളായ ടീമിന് അറിയില്ലെന്ന് തോന്നുന്നു. ചരിത്രപരമായ യാതൊരു അടിസ്ഥാനവുമില്ലാത്ത രംഗങ്ങളാണ് അവർ ധിക്കാരപരമായി സൃഷ്ടിച്ചിരിക്കുന്നത്," പ്രസ്താവനയിൽ പറയുന്നു.

"മൊത്തത്തിൽ പറഞ്ഞാൽ, ഈ സിനിമ മുഴുവനും അണിയറപ്രവർത്തകരുടെ കെട്ടിച്ചമച്ച ഭാവനയിൽ നിർമിച്ചതാണ്, ഇത് ചരിത്ര സത്യങ്ങൾക്ക് പൂർണമായും വിരുദ്ധമാണ്...," അരുൺ ഭാസ്കർ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

'പരാശക്തി' സിനിമ
അല്ലു അർജുൻ ചിത്രത്തിനായി ലോകേഷ് വാങ്ങുന്നത് റെക്കോർഡ് പ്രതിഫലം? 'എൽസിയു' അവസാനിച്ചോ എന്ന് ആരാധകർ

1960കളിലെ തമിഴ്നാട്ടിലെ ഹിന്ദി വിരുദ്ധ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് സുധ കൊങ്കര 'പരാശക്തി' ഒരുക്കിയിരിക്കുന്നത്. ശിവകാർത്തികേയന്റെ 25ാമത് ചിത്രമായ 'പരാശക്തി'യിൽ രവിമോഹൻ, അഥർവ, ശ്രീലീല എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. സെൻസർ ബോർഡിന്റെ നിർദേശപ്രകാരം 25 മാറ്റങ്ങൾ വരുത്തിയ ശേഷമാണ് ജനുവരി 10-ന് ചിത്രം തിയേറ്ററുകളിൽ എത്തിയത്. രവി കെ ചന്ദ്രന്‍ ആണ് സിനിമയുടെ ഛായാഗ്രഹണം. സതീഷ് സൂര്യ ആണ് എഡിറ്റിങ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com