

പ്രശസ്ത ടിവി താരം സഞ്ജിത ഉഗാലെയെ മുംബൈയിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി . 22 വയസായിരുന്നു . ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. സാരി ഉപയോഗിച്ച തൂങ്ങിമരിച്ച നിലയിൽ ഇന്നലെയാണ് സഞ്ജിതയെ കണ്ടെത്തിയത് . കുടുംബത്തിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു .
സീ ടിവിയിലെ കുങ്കും ഭാഗ്യ എന്ന സീരിയലിലൂടെയാണ് സഞ്ജിത ശ്രദ്ധേയയാകുന്നത്. ബോളിവുഡ് ചിത്രങ്ങളിലും സഞ്ജിത അഭിനയിച്ചിട്ടുണ്ട് . സ്വന്തം മുറിയിൽ സാരിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ സഞ്ജിതയെ കുടുംബാംഗങ്ങൾ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
സഞ്ജിതയുടെ പിതാവ് മഛീന്ദ്ര ഉഗാലെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, അച്ചോലെ പൊലീസ് അപകട മരണ റിപ്പോർട്ട് (എഡിആർ) രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും വിഷയത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
ടെലിവിഷൻ സീരിയലുകൾ, സിനിമകൾ, ഒടിടി പ്രൊജക്ടുകൾ എന്നിവയിലൂടെയാണ് സഞ്ജിത ഉഗാലെ തൻ്റെ കരിയർ വളർത്തിയെടുത്തത്. സീ ടിവിയിലെ പരിപാടിയായ കുങ്കും ഭാഗ്യയിലെ ദിയ ടണ്ടനെ അവതരിപ്പിച്ചതിലൂടെയാണ് സഞ്ജിത കൂടുതൽ പ്രശസ്തയാകുന്നത്. കുംകും ഭാഗ്യയ്ക്ക് പുറമേ വാഗ്ലേ കി ദുനിയയിൽ അവതരിപ്പിച്ച രുചിത ജെയ്റ്റ്‌ലിയെന്ന കഥാപാത്രവും ശ്രദ്ധ നേടിയിരുന്നത്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.
ഹെൽപ് ലൈൻ നമ്പറിൽ വിളിക്കൂ: 1056, 0471-2552056