"തുടരും റീമേക്കുമായി യാതൊരു ബന്ധവുമില്ല"; ചിരഞ്ജീവിക്കൊപ്പം തരുൺ മൂർത്തി, ചിത്രം വൈറൽ

തന്റെ സിനിമകളിലെ ഓരോ സീക്വൻസുകളെക്കുറിച്ചും ചിരഞ്ജീവി വിശദമായി സംസാരിച്ചുവെന്ന് തരുൺ മൂർത്തി
ചിരഞ്ജീവിക്കൊപ്പം തരുൺ മൂർത്തി
ചിരഞ്ജീവിക്കൊപ്പം തരുൺ മൂർത്തി
Published on
Updated on

കൊച്ചി: തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിയുമായി കൂടിക്കാഴ്ച നടത്തി സംവിധായകൻ തരുൺ മൂർത്തി. സൂപ്പർ താരത്തിന്റെ ഹൈദരാബാദിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ചിരഞ്ജീവിക്കൊപ്പമുള്ള ചിത്രങ്ങൾ തരുൺ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. സിനിമയെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചുമാണ് തങ്ങൾ സംസാരിച്ചതെന്ന് ചിത്രങ്ങൾക്കൊപ്പം ചേർത്ത കുറിപ്പിൽ സംവിധായകൻ പറഞ്ഞു. 'തുടരും' സിനിമയുടെ റീമേക്കുമായി ഈ കൂടിക്കാഴ്ചയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും സംവിധായകൻ വ്യക്തമാക്കി.

തരുൺ മൂർത്തിയുടെ കുറിപ്പ്: "ഇതിന് 'തുടരും' റീമേക്കുമായി യാതൊരു ബന്ധവുമില്ല. ചിരഞ്ജീവി സാറിന് എന്നെ നേരിട്ട് കാണണമെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ടീമിൽ നിന്ന് എനിക്ക് ഒരു കോൾ വന്നു. ഞാൻ ഉടൻ തന്നെ ഫ്ലൈറ്റ് കയറി അദ്ദേഹത്തിന്റെ വീട്ടിലെത്തി അദ്ദേഹത്തെ കണ്ടു. ഞങ്ങൾ സിനിമയെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും ഒരുപാട് സംസാരിച്ചു. എന്റെ സിനിമകളിലെ ഓരോ സീക്വൻസുകളെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു - സത്യം പറഞ്ഞാൽ ഞാൻ അത്യന്തം ആവേശത്തിലായിരുന്നു. എക്കാലത്തെയും വലിയ ഈ സൂപ്പർസ്റ്റാർ ഇപ്പോഴും ഒരു കുട്ടിയുടെ കൗതുകത്തോടെയാണ് സിനിമകളെ സമീപിക്കുന്നതും കാണുന്നതും... അതാണ് അദ്ദേഹത്തിന്റെ പ്രത്യേകത.

ഇതുവരെ ജീവിതം മാജിക്കലായാണ് പോകുന്നത്. ചിലപ്പോൾ ഏറ്റവും ചെറിയ നിമിഷങ്ങളാണ് നിങ്ങളെ വലിയ സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിക്കുന്നത്. പക്ഷേ എനിക്ക് എങ്ങനെയാണ് ഇതൊരു ചെറിയ നിമിഷമാണെന്ന് പറയാൻ കഴിയുക? ഇത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആവേശമാണ്. ചിരഞ്ജീവി ഫോർ എ റീസൺ

2025ൽ മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കിയ ചിത്രമാണ് 'തുടരും'. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്തായിരുന്നു നിർമാണം. സിനിമ ബ്ലോക്ക്ബസ്റ്റർ ഹിറ്റായിരുന്നു.

ചിരഞ്ജീവിക്കൊപ്പം തരുൺ മൂർത്തി
പ്രണയത്തിന് മുന്നിൽ മാത്രം കീഴടങ്ങുന്നവൻ! വിജയ് ദേവരകൊണ്ടയുടെ ജന്മദിനത്തിൽ 'റൗഡി ജനാർദന' സ്പെഷ്യൽ പോസ്റ്റർ

നേരത്തെ, പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം 'ലൂസിഫർ' ചിരഞ്ജീവിയെ നായകനാക്കി 'ഗോഡ് ഫാദർ' എന്ന പേരിൽ തെലുങ്കിലേക്ക് റീമേക്ക് ചെയ്തിരുന്നു. മോഹൻ രാജ ആയിരുന്നു സംവിധാനം. ഈ പശ്ചാത്തലത്തിൽ, അഭ്യൂഹങ്ങൾ ഒഴിവാക്കാനാകണം റീമേക്ക് ചർച്ചകൾക്കായിട്ടല്ല താൻ ചിരഞ്ജീവിയെ കണ്ടതെന്ന് തരുൺ കുറിപ്പിൽ സൂചിപ്പിച്ചത്.

മോഹൻലാൽ നായകനായ 'അതിമനോഹരം' ആണ് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ പുറത്തുവന്നിരുന്നു. 'ലൗലജൻ' എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്.

News Malayalam 24x7
newsmalayalam.com