മികച്ച നടന്‍ മമ്മൂട്ടിയോ ആസിഫ് അലിയോ? 55ാം സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും

കനി കുസൃതി, ദിവ്യ പ്രഭ, നസ്രിയ നസീം എന്നിവർ നടിമാരുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്
സംസ്ഥാന ചലച്ചിത്ര പുരസ്കാരം
സംസ്ഥാന ചലച്ചിത്ര പുരസ്കാരം
Published on

തൃശൂർ: 2024ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. ഉച്ച തിരിഞ്ഞ് മൂന്നരക്ക് സാസ്‌കാരിക മന്ത്രി സജി ചെറിയാൻ ആകും പ്രഖ്യാപനം നടത്തുക. തൃശൂർ രാമനിലയത്തിൽ വൈകിട്ട് 3.30നാണ് പ്രഖ്യാപനം. 128 സിനിമകളാണ് അവാർഡിനായി ജൂറി പരിഗണിച്ചത്. 35ഓളം ചിത്രങ്ങൾ ജൂറിയുടെ അന്തിമ പരിഗണനയ്ക്ക് വന്നു എന്നാണ് സൂചന. മികച്ച നടനായുള്ള കടുത്ത മത്സരത്തിൽ ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടിയും, കിഷ്കിന്ധ കാണ്ഡത്തിലെ അഭിനയത്തിന് ആസിഫ് അലിയുമാണ് പരിഗണിക്കപ്പെടുന്നത്.

കനി കുസൃതി, ദിവ്യ പ്രഭ, നസ്രിയ നസീം എന്നിവർ നടിമാരുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തിരഞ്ഞെടുത്ത 38 ചിത്രങ്ങളാണ് ജൂറിയുടെ അന്തിമ പരിഗണനയിലുള്ളത്. മഞ്ഞുമ്മൽ ബോയ്സ്, ആവേശം, മലൈക്കോട്ടെ വാലിബൻ, ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, ഫെമിനിച്ചി ഫാത്തിമ തുടങ്ങിയ സിനിമകളാണ് മത്സരരംഗത്തുള്ളത്. പ്രകാശ് രാജാണ് ജൂറി ചെയർമാൻ.

സംസ്ഥാന ചലച്ചിത്ര പുരസ്കാരം
"ഇതൊരു ഹൊറർ സിനിമയാണ്, ദയവായി അനാവശ്യ ബഹളങ്ങളുണ്ടാക്കരുത്"; ഇങ്ങനെ ഒരു അറിയിപ്പും കാണിക്കേണ്ട നിലയില്‍ തിയേറ്ററുകൾ എത്തിയോ?

സംവിധായകരായ രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് , ഡബ്ബിങ് ആര്‍ട്ടിസ്റ്റും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഗായത്രി അശോകന്‍, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിന്‍ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് എന്നിവരാണ് അന്തിമ വിധിനിര്‍ണയ സമിതിയിലെ അംഗങ്ങള്‍.

വിവിധ ഴോണറുകളില്‍ ഉള്ള സിനിമകളാണ് ഇത്തവണ ജൂറിക്ക് മുന്നില്‍ എത്തിയത്. ഇതില്‍ മികച്ച കളക്ഷന്‍ നേടിയ ചിത്രങ്ങളും ഉള്‍പ്പെടുന്നു. 200 കോടി ക്ലബ്ബില്‍ കയറിയ മഞ്ഞുമ്മല്‍ ബോയ്സ്, കാന്‍ ചലച്ചിത്രമേളയില്‍ ഗ്രാന്‍ഡ് പ്രീ പുരസ്കാരം നേടിയ പ്രഭയായ് നിനച്ചതെല്ലാം (ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്), പ്രമേലു, വയലന്‍സിന്റെ പേരില്‍ വിമർശനങ്ങള്‍ ഏറ്റുവാങ്ങിയ മാർക്കോ, ഐഎഫ്എഫ്കെയില്‍ തിളങ്ങിയ ഫെമിനിച്ചി ഫാത്തിമ, മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ്, എആർഎം എന്നിങ്ങനെ വിവിധങ്ങളായ ചിത്രങ്ങളാണ് വിധി നിർണയ സമിതിക്ക് മുന്നിലെത്തിയത്. സാങ്കേതിക മികവിന് ഒപ്പം അഭിനേതാക്കളുടെ പ്രകടനം കൊണ്ട് കൂടി ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു ഓരോന്നും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com