

നിര്‍മാതാവ് ആര്‍.ബി. ചൗധരിയുടെ അപകട മരണത്തിന്റെ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. തമിഴിനു പുറമെ, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറോളം സിനിമകളാണ് സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ അദ്ദേഹം നിര്‍മിച്ചത്.
രാജസ്ഥാനിലുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം. വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്ന വഴിയായിരുന്നു അപകടം. അടുത്ത ബന്ധുവിന്റെ വിവാഹത്തിനായാണ് ജോധ്പൂരിലെ ലിലാംബയില്‍ ആര്‍.ബി. ചൗധരിയും കുടുംബവും എത്തിയത്.
വിവാഹം കഴിഞ്ഞ് കാറില്‍ മടങ്ങുകയായിരുന്നു. ഡ്രൈവറും അടുത്ത ബന്ധുവുമാണ് ആര്‍.ബി. ചൗധരിക്കൊപ്പം കാറിലുണ്ടായിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം. ഹൈവേയില്‍ ഒരു കൂട്ടം പശുക്കള്‍ എത്തിയതോടെ ഡ്രൈവര്‍ കാര്‍ വെട്ടിക്കാന്‍ ശ്രമിച്ചു. ഇതോടെ നിയന്ത്രണം വിട്ട് റോഡരികിലെ ബാരിയറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആര്‍.ബി. ചൗധരി അപകടസ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൂടെയുണ്ടായിരുന്നവര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
ചെന്നൈയില്‍ വെച്ചായിരിക്കും ബഹുമതികളോടെ സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.
നടന്മാരായ ജീവ, ജിതന്‍ രമേഷ് എന്നിവരടക്കം നാല് മക്കളാണ്.
ആര്‍.ബി. ചൗധരിയുടെ അമ്പതാമത്തെ ചിത്രമായ ആസൈ ആസൈയിലൂടെയാണ് ജീവ ആദ്യമായി നായകനായി അഭിനയിക്കുന്നത്. അതിനു മുമ്പ് അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങളില്‍ ബാലതാരമായും അഭിനയിച്ചിട്ടുണ്ട്.
1990 ല്‍ പുറത്തിറങ്ങിയ പുതു വസന്തം ആണ് ആദ്യമായി നിര്‍മിച്ച തമിഴ് സിനിമ. ഈ ചിത്രത്തിന് തമിഴ്നാട് സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചിരുന്നു. ചേരന്‍ പാണ്ഡ്യന്‍ (1991), ഊര്‍ മര്യാദൈ (1992), ഗോകുലം (1993), നട്ടമൈ (1994), പൂവേ ഉനക്കാഗ (1996), സുന്ദര പുരുഷന്‍ (1996), മിസ്റ്റര്‍ റോമിയോ (1996), സൂര്യവംശം (1997), തുള്ളാത മനവും തുള്ളും (1999), ആനന്ദം (2001), തിത്തിക്കുദേ (2003), കീര്‍ത്തി ചക്ര (2006), 'ഇ' (2006), ജില്ല (2014), കച്ചേരി ആരംഭം (2010), രൗത്തരം (2011), പിള്ളയാര്‍ തെരു കടൈസി വീട് (2011), കളത്തില്‍ സന്ധിപ്പോം (2021), ഗോഡ്ഫാദര്‍ (2021), മാരീസന്‍ (2025) എന്നിവയാണ് പ്രധാന സിനിമകള്‍.
കെ.എസ്. രവികുമാര്‍, വിക്രമന്‍, എസ്. എഴില്‍, രാജകുമാരന്‍, ശശി, രവി മരിയ തുടങ്ങി 34 ലധികം സംവിധായകരെ അവതരിപ്പിച്ച നിര്‍മാതാവാണ് ആര്‍.ബി. ചൗധരി.