ഇതാണ് ഞങ്ങളുടെ മഹാനടൻ! 'മമ്മൂട്ടി'യുഗം

'കൊടുമണ്‍ പോറ്റി'യായും 'ചാത്തനാ'യും കറുപ്പിലും വെളുപ്പിലും പകര്‍ന്നാടിയ മമ്മൂട്ടിയെന്ന മഹാനടനെ കണ്ടില്ലെന്ന് നടിക്കാന്‍ ഒരു ജൂറിക്കും സാധിക്കില്ലെന്നതാണ് വസ്തുത
ഇതാണ് ഞങ്ങളുടെ മഹാനടൻ! 'മമ്മൂട്ടി'യുഗം
Published on
Updated on

1956ലാണ് ഐക്യകേരളം രൂപീകൃതമായത്. മമ്മൂട്ടി ജനിച്ചത് 1951ലും. അതായത് മമ്മൂട്ടിയേക്കാൾ ഇളപ്പമാണ് കേരളം. ഈ ദേശത്തെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്തിയതിൽ അദ്ദേഹത്തിനും പങ്കുണ്ട്. വെറുതെ ഒരു അലങ്കാരത്തിന് പറയുന്നതല്ല. മലയാളിയുടെ സിനിമാഭിരുചിയെ ഇത്രമേൽ സ്വാധീനിച്ച മറ്റൊരു അഭിനേതാവ് ഉണ്ടെന്ന് തോന്നുന്നില്ല.

മലയാളക്കരയിൽ ഉള്ളവരെല്ലാം സിനിമ കാണാൻ തുടങ്ങിയത് മമ്മൂട്ടി കാരണമാണെന്നല്ല. അദ്ദേഹത്തിന് മുൻപും ഇവിടെ സിനിമയുണ്ട്. എന്നാൽ, ഒരു ഴോണറിലോ ചട്ടക്കൂടിലോ ഒതുങ്ങി നിൽക്കാതെ വേഷപ്പകർച്ചയിലൂടെ സ്വയം വെല്ലുവിളിച്ചുകൊണ്ടിരുന്ന നടൻ മലയാള സിനിമയെ കാലാനുസൃതമായി പുതുക്കിപ്പണിതു. ആദ്യം മലയാളികളുടെ ഇഷ്ട സംവിധായകരിലൂടെ നമ്മൾ മമ്മൂട്ടി എന്ന നടനെ അറിഞ്ഞു. പിന്നീട്, മമ്മൂട്ടിയിലൂടെ പുതിയ സംവിധായകരും നവഭാവുകത്വവും നമ്മളിലേക്ക് എത്തി. നല്ല സിനിമ ഉള്ളിലുള്ളവരെ തിരഞ്ഞിറങ്ങാൻ നടന് യാതൊരു മടിയും ഉണ്ടായിരുന്നില്ല. ചാൻസ് ചോദിക്കാൻ 'മെഗാ സ്റ്റാർ' മടിച്ചില്ല എന്ന് പറയുന്നതാകും ശരി. മമ്മൂട്ടി തുനിഞ്ഞിറങ്ങിയപ്പോഴൊക്കെ പ്രേക്ഷകർ വിസ്മയിച്ചു. കൊച്ചിൻ ഹനീഫ, കെ. മധു, ലാൽ ജോസ്, സഞ്ജീവ് ശിവൻ, ബ്ലെസി, അൻവർ റഷീദ്, ആഷിഖ് അബു, വൈശാഖ്, മാർട്ടിൻ പ്രക്കാട്ട്, അമൽ നീരദ്, ശങ്കർ രാമകൃഷ്ണൻ, സേതു, രത്തീന, ഡിനു ഡെന്നീസ്, ജോഫിൻ ടി. ചാക്കോ, റോബി വർഗീസ് രാജ്, ഡിനോ ഡെന്നിസ് എന്നിങ്ങനെ നിരവധി സംവിധായകർ അതിന് സാക്ഷ്യം പറയും.

ഡെന്നീസ് ജോസഫ്, ലോഹിതദാസ് എന്നിവരെപ്പോലെ തിരക്കഥാകൃത്തുക്കളുടെയും ആദ്യ ചിത്രം മമ്മൂട്ടിക്ക് ഒപ്പമായിരുന്നു. ഇവരാരെയും മമ്മൂട്ടി അവതരിപ്പിക്കുക ആയിരുന്നില്ല. മറിച്ച്, തന്നെ പുതിയ വെളിച്ചത്തിൽ അവതരിപ്പിക്കാൻ ഇവർക്ക് മുന്നിൽ നടൻ നിന്നുകൊടുക്കുകയായിരുന്നു. അതുകൊണ്ടുകൂടിയാണ്, 'മികച്ച നടൻ' എന്നൊരു ചർച്ച വരുമ്പോൾ ആ പേര് ഒഴിവാക്കാൻ സിനിമാപ്രേമികൾക്ക് സാധിക്കാത്തത്.

ഇതാണ് ഞങ്ങളുടെ മഹാനടൻ! 'മമ്മൂട്ടി'യുഗം
72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം; മമ്മൂട്ടിയും കാർത്തിക് ആര്യനും മികച്ച നടന്മാർ, യാമി ഗൗതം നടി

ഇത് നാലാം വട്ടമാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടിയെ തേടി എത്തുന്നത്. 'മതിലുകൾ', 'ഒരു വടക്കൻ വീരഗാഥ' എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളാണ് ആദ്യ ദേശീയ പുരസ്കാരം നേടിക്കൊടുക്കുന്നത്. വൈക്കം മുഹമ്മദ് ബഷീർ എന്ന ഇതിഹാസമായാണ് അടൂർ ഗോപാലകൃഷ്ണന്റെ 'മതിലുകളിൽ' മമ്മൂട്ടി വേഷമിട്ടത്. എം.ടി. വാസുദേവൻ നായർ എഴുതി ഹരിഹരൻ സംവിധാനം ചെയ്ത 'ഒരു വടക്കൻവീരഗാഥ'യിൽ ചന്തുവായും. ജയിലിനുള്ളിൽ പ്രണയത്തിന്റെ പൂന്തോട്ടം പണിത ബഷീറിന്റെയും മാലോകർ ചതിയൻ എന്ന് മുദ്രകുത്തിയ ചന്തുവിന്റെയും ഉള്ളിലേക്ക് അനായാസമാണ് നടൻ കടന്നത്. കടന്നപാടെ അദ്ദേഹം ആ കുപ്പായം തന്റേതാക്കി. കഥാപാത്രവും അഭിനേതാവും ഒന്നാകുന്ന അപൂർവ കാഴ്ച!

ഇതാണ് ഞങ്ങളുടെ മഹാനടൻ! 'മമ്മൂട്ടി'യുഗം
"അറിയാല്ലോ മമ്മൂട്ടിയാണ്"; അഭിനയത്തിന്റെ രസവിദ്യ

1993ലാണ് മമ്മൂട്ടിക്ക് രണ്ടാം വട്ടം ദേശീയ പുരസ്കാരം ലഭിക്കുന്നത്. അതും രണ്ട് ചിത്രങ്ങൾക്ക്. ടി.വി. ചന്ദ്രന്റെ 'പൊന്തൻമാട'യും, അടൂരിന്റെ 'വിധേയനും'. മാട അടിയാനാണ് 'വിധേയനി'ലെ ഭാസ്കര പട്ടേലർ ക്രൂരനായ ജന്മിയും. സാമൂഹിക ശ്രേണിയിലെ രണ്ടറ്റങ്ങളിൽ കിടന്നിരുന്നവർ. ഇരുവരും തമ്മിൽ കാതങ്ങളുടെ ദൂരമുണ്ടായിരുന്നു. എന്നാൽ മാടയേയും പട്ടേലരേയും ആ കഥാപാത്രങ്ങൾ അർഹിച്ച തീവ്രതയിൽ മമ്മൂട്ടി വെള്ളിത്തിരയിൽ എത്തിച്ചു. മാടയുടെ ഉള്ളൊഴുക്കുകൾ ഉൾക്കൊള്ളാൻ പാകത്തിൽ ശരീരം ചുരുക്കി. മുതുക് കുനിച്ചു. പിന്നീട് പട്ടേലർക്കായി ഒരു മഹാമേരു കണക്കിന് നിവർന്നുനിന്നു. ഉള്ളിൽ ദംഷ്ട്രകൾ വളർത്തി. അടിയാന് മുന്നിൽ അയാൾ പൊട്ടിച്ചിരിക്കുമ്പോൾ ആ വിഷപ്പല്ലുകൾ ദൃശ്യമായിരുന്നു. വേട്ട നായയെപ്പോലെയാണ് അയാൾ മുരണ്ടത്.

ഡോ. ബാബാസാഹേബ് അംബേദ്കറുടെ ജീവതത്തെ വെള്ളിത്തിരയിൽ എത്തിച്ച ജബ്ബാർ പട്ടേൽ ചിത്രത്തിനായിരുന്നു മൂന്നാം ദേശീയ ചലച്ചിത്ര പുരസ്കാരം. അജയ് ദേവ്ഗണുമായി പുരസ്കാരം പങ്കിടുകയായിരുന്നു. 'ഡോ. ബാബാസാഹേബ് അംബേദ്കർ' എന്ന ചിത്രത്തിൽ സ്ക്രീനിൽ ആരും മമ്മൂട്ടിയെ കണ്ടില്ല. അവിടെ ഗാംഭീര്യത്തോടെ, അനീതികൾക്ക് നേരെ വിരൽചൂണ്ടി നിന്നത് അംബേദ്കറായിരുന്നു. വെറുതെ കോട്ടണിഞ്ഞ്, മീശ വടിച്ചല്ല മമ്മൂട്ടി ആ ചരിത്രപുരുഷനായത്. അങ്ങനെയെങ്കിൽ അത് വെറും പ്രച്ഛന്ന വേഷം മാത്രമാകുമായിരുന്നു. ബ്രീട്ടീഷ് ശൈലിയിലുള്ള ഇംഗ്ലീഷ് സംഭാഷണങ്ങൾ അനസ്യൂതം നടന്റെ നാവിൽ നിന്ന് പ്രവഹിച്ചു. നടപ്പിലും ഇരുപ്പിലും ഭരണഘടനാ ശിൽപ്പിയെ കാണികൾ കണ്ടു; അനുഭവിച്ചു.

വർഷങ്ങൾ പലത് കടന്നുപോയി. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ഉൾപ്പെടെ പല പുരസ്കാരങ്ങളും മമ്മൂട്ടിക്ക് ലഭിച്ചു. പക്ഷേ, ദേശീയ പുരസ്കാരം മാത്രം അകന്നു നിന്നു. ഈ കാലയളവിൽ മമ്മൂട്ടിയിൽ നിന്ന് ദേശീയ പുരസ്കാരം അർഹിക്കുന്ന പ്രകടനങ്ങളുണ്ടായിട്ടില്ലേ? 'ഡാനി', 'കാ'ഴ്ച, 'പളുങ്ക്', 'കറുത്തപക്ഷികൾ', 'കേരളവർമ പഴശ്ശിരാജ', 'പാലേരി മാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ', 'കുഞ്ഞനന്തന്റെ കട', 'മുന്നറിയിപ്പ്', 'പത്തേമാരി', 'പേരൻപ്', 'റോർഷാക്ക്', 'കാതൽ' എന്നിങ്ങനെയുള്ള ചിത്രങ്ങൾ സംഭവിക്കുന്നത് രണ്ടായിരത്തിന് ശേഷമാണ് എന്നോർക്കണം.

മമ്മൂട്ടി മത്സരിച്ചിട്ടും കാര്യമില്ല അദ്ദേഹത്തിന് ബിജെപി നേതൃത്വം കൊടുക്കുന്ന കേന്ദ്ര സർക്കാർ അവാർഡ് കൊടുക്കില്ല എന്ന ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമായി. ഇതാ മമ്മൂട്ടി രാജ്യത്തെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെടാൻ പോകുന്നു എന്ന പ്രതീതി പലവട്ടമുണ്ടായി. പക്ഷേ, അപ്പോഴൊക്കെ സാങ്കേതികതയും ഇനിയും വെളിപ്പെടാത്ത കാരണങ്ങളും വില്ലനായി രം​ഗപ്രവേശം ചെയ്തു. ജൂറിയുടെ അളവുകോലുകളെ പഴിക്കാതെ നായകൻ വഴിമാറിക്കൊടുത്തു.

ഒടുവിൽ ഇതാ വീണ്ടുമൊരു ദേശീയ പുരസ്കാരം മമ്മൂട്ടിയിലേക്ക് എത്തിയിരിക്കുന്നു. 'ഭ്രമയുഗം' എന്ന ഹൊറർ ചിത്രത്തിൽ 'കൊടുമൺ പോറ്റി'യായും 'ചാത്തനാ'യും കറുപ്പിലും വെളുപ്പിലും പകർന്നാടിയ മഹാനടനെ കണ്ടില്ലെന്ന് നടിക്കാൻ ഒരു ജൂറിക്കും സാധിക്കില്ല. ഈ സിനിമയിൽ സംഭാഷണങ്ങൾ കുറവാണ്. വിഷ്വലാണ് പലപ്പോഴും കഥ മുന്നോട്ടുകൊണ്ടുപോകുക. നോട്ടവും ചിരിയും കൊണ്ടാണ് കൊടുമൺ പോറ്റി സംസാരിച്ചപ്പോൾ ആ കഥ വ്യക്തമായി ഏവർക്കും മനസിലായി. ഈ മനയുടെ ഉടയോൻ താൻ ആണെന്ന് ആദ്യ ഷോട്ടിൽ തന്നെ അയാളുടെ ശരീരഭാഷ അലറാതെ അലറി അറിയിച്ചു. പോറ്റിയിൽ നിന്ന് ചാത്തനായി മാറാൻ നടന് നിമിഷാർധം മതിയായിരുന്നു. ദൈന്യതയിൽ ആരംഭിക്കുന്ന ഭാവം പതിയെ വന്യമായ ചിരിയാകാൻ എടുക്കുന്ന അത്ര മാത്രം സമയം. ഒരു ചിരിയിൽ ആള് മാറുന്ന കണ്ട കാണികൾ ശ്വാസം അടക്കിപ്പിടിച്ചു. "ഇതാണ് ഞങ്ങൾ പറഞ്ഞ നടൻ" എന്ന് അഭിമാനിച്ചു.

മികച്ച നടനുള്ള 55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം 'ഭ്രമയുഗ'ത്തിലെ മമ്മൂട്ടിയുടെ ഈ സൂക്ഷ്മാഭിനയത്തിനായിരുന്നു. മമ്മൂട്ടി മത്സരിച്ചതോ പുതുതലമുറ നടന്മാരായ ആസിഫ് അലിയോടും ടൊവിനോ തോമസിനോടും. അതെ, മഹാനടൻ നടനം തുടരുകയാണ്. സ്വയം തേച്ചുമിനുക്കി, നല്ല സിനിമകൾ തിരഞ്ഞ് വീണ്ടും ഇറങ്ങുകയാണ്.

News Malayalam 24x7
newsmalayalam.com