

ന്യൂഡൽഹി: 'ലവ് ജിഹാദ്' ഇരകളെന്ന് അവകാശപ്പെട്ട് 37 സ്ത്രീകളെ പങ്കെടുപ്പിച്ച് 'കേരള സ്റ്റോറി 2'വിന്റെ പ്രൊമോഷൻ പരിപാടി. കേരളത്തിൽ വ്യാപകമായി നിർബന്ധിത മതപരിവർത്തനം നടക്കുന്നു എന്നാണ് സിനിമയുടെ അണിയറപ്രവർത്തകരുടെ അവകാശവാദം. എന്നാൽ, പ്രൊമോഷൻ പരിപാടിയിൽ പങ്കെടുത്ത 'ഇരകളിൽ' മലയാളികൾ ഉണ്ടായിരുന്നില്ല. വേദിയിൽ കൊണ്ടുവന്നതൊക്കെയും ഉത്തരേന്ത്യക്കാരെയാണ്. പിന്നെന്തിനാണ് സിനിമയ്ക്ക് 'കേരള സ്റ്റോറി' എന്ന പേരിട്ടതെന്ന് മാധ്യമപ്രവർത്തകരിൽ നിന്ന് ചോദ്യം ഉയർന്നതോടെ അണിയറപ്രവർത്തകർ കുഴങ്ങി.
'കേരള സ്‌റ്റോറി 2' സംവിധായകന്‍ കാമാഖ്യ നാരായണ്‍ സിംഗ്, നിര്‍മാതാവ് വിപുല്‍ അമൃത്ലാല്‍ ഷാ, നടിമാരായ അതിദി ഭാട്ടിയ, ഉൽക്ക ഗുപ്ത, ഐശ്വര്യ ഓജ തുടങ്ങിയവരാണ് പ്രൊമോഷൻ പരിപാടിയിൽ പങ്കെടുത്തത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഇവർ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് മറുപടി നൽകാൻ തയ്യാറായി. സംസ്ഥാനവുമായി ബന്ധപ്പെട്ടതാണ് സിനിമയുടെ പ്രമേയമെന്നതിനാലാണ് 'കേരള സ്റ്റോറി' എന്ന പേരിട്ടത് എന്നായിരുന്നു ഇവരുടെ ന്യായീകരണം. 'ലവ് ജിഹാദ്' കേരളത്തിൽ തുടങ്ങി രാജ്യം മുഴുവൻ വ്യാപിക്കുകയായിരുന്നു എന്നാണ് സംവിധായകൻ കാമാഖ്യ നാരായൺ സിംഗ് പറഞ്ഞത്. കേരളത്തിൽ നിന്നുള്ള 'ഇരകളുടെ' വീഡിയോ യൂട്യൂബിലുണ്ടെന്നായിരുന്നു നിർമാതാവിന്റെ മറുപടി.
കേരളത്തില്‍ 'ലവ് ജിഹാദ്' ഇല്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചിരുന്നത് ചൂണ്ടിക്കാണിച്ചപ്പോൾ അന്നത്തെ കേരളാ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിട്ടുണ്ടെന്നായിരുന്ന മറുപടി. കൂടുതൽ ചോദ്യങ്ങളുയർന്നെങ്കിലും അണിയറപ്രവർത്തകർ വാർത്താസമ്മേളനവേദി വിടുകയായിരുന്നു. ഇരകളായി വേദിയിലെത്തിച്ചവരെ മാധ്യമങ്ങളോട് സംസാരിക്കാൻ അനുവദിച്ചതുമില്ല.
ഫെബ്രുവരി 27നാണ് 'കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് സിനിമയ്ക്ക് എതിരെ കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ സെന്‍സര്‍ ബോര്‍ഡിന് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസിൽ നിര്‍മാതാക്കളായ സണ്‍ഷൈന്‍ പിക്‌ചേഴ്‌സും മറുപടി നല്‍കണം. ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. 'യുഎ' സർട്ടിഫിക്കറ്റാണ് ചിത്രത്തിന് സെൻസർ ബോർഡ് അനുവദിച്ചിരിക്കുന്നത്.