"സിനിമയുടെ പേരില്‍ നടക്കുന്ന തമാശ"; ഫിലിംഫെയർ അവാർഡുകളെ പരിഹസിച്ച് 'കേരള സ്റ്റോറി' സംവിധായകന്‍

'ലാപതാ ലേഡീസ്' ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് അവാർഡുകള്‍ നല്‍കിയതിലാണ് സംവിധായകന്റെ വിമർശനം
ഫിലിംഫെയർ അവാർഡുകളെ വിമർശിച്ച് സുദീപ്തോ സെന്‍
ഫിലിംഫെയർ അവാർഡുകളെ വിമർശിച്ച് സുദീപ്തോ സെന്‍Source: X
Published on

ന്യൂഡല്‍ഹി: 70ാമത് ഫിലിംഫെയർ അവാർഡുകളെ വിമർശിച്ച് 'ദ കേരള സ്റ്റോറി' സംവിധായകന്‍ സുദീപ്തോ സെന്‍. കിരണ്‍ റാവു സംവിധാനം ചെയ്ത 'ലാപതാ ലേഡീസ്' ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് അവാർഡുകള്‍ നല്‍കിയതിലാണ് സംവിധായകന്റെ വിമർശനം. 13 അവാർഡുകളാണ് കിരണ്‍ റാവുവിന്റെ ചിത്രം നേടിയത്. സിനിമയുടെ പേരിലുള്ള 'തമാശ'യെന്നാണ് അവാർഡുകളെ സുദീപ്തോ പരിഹസിച്ചത്.

ഫിലിംഫെയർ അവാർഡ്സിനെക്കുറിച്ചുള്ള ഒരു കുറിപ്പ് സുദീപ്തോ സെന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. "ഈ വര്‍ഷത്തെ ഫിലിംഫെയര്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ 'നവതരംഗ'ത്തിന്റെ തുറന്നുകാട്ടലാണ്...ഒരു നഗ്നമായ കോപ്പിയടി ചിത്രം… ക്രൂരതയുടെ പാഠപുസ്തകമായ ഒരു സിനിമയും 72 മണിക്കൂറിലധികം ബോക്സ് ഓഫീസിൽ പിടിച്ചുനില്‍ക്കാന്‍ സാധിക്കാതിരുന്ന ഒരു സിനിമയും മിക്ക കിരീടങ്ങളും കൊണ്ടുപോയി. പ്രതീക്ഷിച്ചതുപോലെ, 2024 ലെ മികച്ച സൃഷ്ടികള്‍ക്ക് അംഗീകാരം ലഭിച്ചില്ല. 'ദി കേരള സ്റ്റോറി'ക്ക് ദേശീയ അവാര്‍ഡ് ലഭിക്കുന്നതിനെതിരെ ഫിലിംഫെയര്‍ എന്തിനാണ് ഇത്രയധികം ശബ്ദമുയര്‍ത്തിയതെന്ന് ഇപ്പോള്‍ മനസ്സിലായി, സുദീപ്തോ കുറിച്ചു.

"ഈ 'വുഡ്' സമൂഹം ഞങ്ങളെ അംഗീകരിക്കുകയോ ക്ഷണിക്കുകയോ തെരഞ്ഞെടുക്കുകയോ ചെയ്യാത്തതില്‍ ഞാന്‍ സന്തുഷ്ടനാണ്. വ്യാജമായി പുഞ്ചിരിക്കുന്നതില്‍ നിന്നും, വ്യാജ സൗഹൃദം നടിക്കുന്നതില്‍ നിന്നും, മുഖസ്തുതിയില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും ഞങ്ങള്‍ രക്ഷപ്പെട്ടിരിക്കുന്നു. മുംബൈയിലെ സിനിമയുടെ പേരിലുള്ള ഈ തമാശയില്‍ നിന്നും കാനില്‍ സെല്‍ഫിയെടുക്കുന്നതില്‍ നിന്നും രക്ഷപ്പെട്ടതില്‍ ഞാന്‍ സന്തോഷവാനാണ്. സിനിമയുടെ പേരിലുള്ള ഈ വൃത്തികെട്ട കാപട്യങ്ങളില്‍ നിന്നും വ്യാജ കെട്ടുകാഴ്ചകളില്‍ നിന്നും ഞങ്ങള്‍ രക്ഷപ്പെട്ടിരിക്കുന്നു," സുദീപ്തോ കുറിപ്പില്‍ കൂട്ടിച്ചേർക്കുന്നു.

ഫിലിംഫെയർ അവാർഡുകളെ വിമർശിച്ച് സുദീപ്തോ സെന്‍
13 അവാർഡുകളുമായി 'ലാപതാ ലേഡീസ്', മികച്ച നടി ആലിയ; 2025 ഫിലിം ഫെയർ അവാർഡ് ജേതാക്കള്‍ ആരൊക്കെ? സമ്പൂർണ പട്ടിക

സിനിമകളുടെ പേരെടുത്തു പറയാതെയായിരുന്നു സുദീപ്തോയുടെ വിമർശനം. എന്നാല്‍, മികച്ച ചിത്രത്തിന് അവാർഡ് ലഭിച്ച 'ലാപതാ ലേഡീസി'നെയാണ് 'നഗ്‌നമായ മോഷണം' എന്ന് സംവിധായകന്‍ വിശേഷിപ്പിച്ചത്. മുന്‍പ് ഈ ചിത്രം കോപ്പിയടി ആരോപണം നേരിട്ടിരുന്നു. 'ക്രൂരതയുടെ ട്യൂട്ടോറിയല്‍' എന്ന് വിശേഷിപ്പിച്ചത് 'കില്‍' എന്ന ചിത്രത്തെയും 'ബോക്‌സോഫീസില്‍ 72 മണിക്കൂറില്‍ കൂടുതല്‍ പിടിച്ചുനില്‍ക്കാത്തത്' എന്ന് വിശേഷിപ്പിച്ചത് 'ഐ വാണ്ട് ടു ടോക്ക്' എന്ന ചിത്രത്തെയുമാണ്.

സുദീപ്തോയുടെ 'ദ കേരള സ്റ്റോറി' എന്ന ചിത്രത്തിന് രണ്ട് പുരസ്കാരങ്ങളാണ് 71ാമത് ദേശീയ ചലച്ചിത്ര അവാർഡ് ജൂറി നല്‍കിയത്. മികച്ച സംവിധായകനായി സുദീപ്തോ സെന്നും മികച്ച ഛായാഗ്രഹകനായി പ്രസന്താനു മൊഹപാത്രയും തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍, അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ സിനിമയുടെ ഉള്ളടക്കത്തെയും അവാർഡ് നിർണയത്തെയും വിമർശിച്ച് സിനിമാ-രാഷ്ട്രീയ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. കലാമൂല്യമില്ലാത്ത, കേരളാ വിരുദ്ധത നിറഞ്ഞ പ്രൊപ്പഗണ്ടാ സിനിമയാണ് 'കേരള സ്റ്റോറി' എന്നായിരുന്നു പ്രധാന വിമർശനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com