

കാലയവനികയ്ക്കുള്ളിൽ മറഞ്ഞ ശേഷവും പി പത്മരാജനോളം ഇത്രയധികം ആഘോഷിക്കപ്പെട്ട മറ്റൊരു ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും മലയാളത്തില്‍ വേറെയുണ്ടോ എന്നത് സംശയമാണ്. മലയാളികളുടെ പ്രിയപ്പെട്ട പത്മരാജന്റെ 81ാം ജന്മവാർഷികമാണിന്ന്. പദ്മരാജന്റെ പേര് കേൾക്കുമ്പോൾ തന്നെ മലയാളിക്ക് മനസിൽ വരുന്ന ചില സിനിമകളുണ്ട്. തൂവാനത്തുമ്പികൾ, ഞാൻ ഗന്ധർവ്വൻ, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ അങ്ങനെ ഇന്നത്തെ ചെറുപ്പക്കാർക്കിടയിലും പ്രിയങ്കരമായിത്തുടരുന്ന, കാലം കടന്നു പോകുന്തോറും കൂടുതൽ ആസ്വാദ്യകരമാകുന്ന കുറെ സിനിമകൾ.
സംവിധായകനാകുന്നതിന് മുൻപേ തന്നെ മലയാളിക്ക് എഴുത്തുകാരൻ എന്ന നിലയിൽ പദ്മരാജനെ അറിയാം. മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകളെയും പ്രണയത്തിന്റെ നിഗൂഢതകളെയും മനോഹരമായി അടയാളപ്പെടുത്തിയ എഴുത്തുകാരൻ. 1945 മേയ് 23ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്തുള്ള ഞക്കാട്ടുപാലത്താണ് പത്മരാജൻ ജനിച്ചത്. കോളേജ് വിദ്യാഭ്യാസ കാലത്തുതന്നെ കഥകളെഴുതി തുടങ്ങിയ അദ്ദേഹം, 'നക്ഷത്രങ്ങളേ കാവൽ' എന്ന ആദ്യ നോവലിലൂടെ തന്നെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. തുടർന്ന് 'വാടകയ്ക്കൊരു ഹൃദയം', 'ഉദകപ്പോള', 'ഇവൾ വിശ്വസ്തയായിരുന്നു' തുടങ്ങി മലയാളികൾ നെഞ്ചേറ്റിയ നിരവധി നോവലുകളൂം ചെറുകഥകളും.
1975ൽ ഭരതൻ സംവിധാനം ചെയ്ത 'പ്രയാണം' എന്ന ചിത്രത്തിന് തിരക്കഥയെഴുതിക്കൊണ്ടാണ് പത്മരാജൻ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് 1979ൽ തന്റെ തന്നെ നോവലായ 'പെരുവഴിയമ്പലം' സിനിമയാക്കിക്കൊണ്ട് അദ്ദേഹം സംവിധായകനായി. എഴുത്തിലെന്നപോലെ ആദ്യ സിനിമയിലും അംഗീകാരങ്ങൾ തേടിവന്നു. 'പെരുവഴിയമ്പലം ആ വർഷത്തെ മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം നേടി. തുടർന്ന് കൂടെവിടെ, കരിയിലക്കാറ്റുപോലെ, സീസൺ, മൂന്നാം പക്കം, അങ്ങനെ ജനപ്രിയതയും കലാമൂല്യവും ഒരേ സമയം സിനിമയിൽ സാധ്യമാണെന്ന് നമുക്ക് കാണിച്ചു തന്ന മുപ്പതിൽ പരം സിനിമകൾ.
1991ൽ പുറത്തിറങ്ങിയ 'ഞാൻ ഗന്ധർവ്വൻ' ആണ് പത്മരാജൻ രചനയും സംവിധാനവും നിർവഹിച്ച അവസാന ചിത്രം. ഈ സിനിമ റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം നമ്മളെ വിട്ടു പോയി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മനുഷ്യ മനസിന്റെ ദുർബലതകളും യൗവനതീക്ഷ്ണതയുമെല്ലാം തിരശീലയിലും വരികളിലുമൊക്കെയായി അദ്ദേഹം പകർത്തി വച്ചിരുന്നു. വിടപറഞ്ഞ് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും, മലയാളിയുടെ സിനിമാബോധത്തിൽ എവിടെയോ ഗന്ധർവ്വനായി പത്മരാജൻ ജീവിക്കുന്നുണ്ട്.