

ചെന്നൈ: ദുൽഖർ സൽമാനുമായി എന്താണ് പ്രശ്നമെന്ന് ചോദിച്ച തമിഴ് മാധ്യമപ്രവർത്തകന് ചുട്ട മറുപടി നൽകി നടൻ ടൊവിനോ തോമസ്. 'ലോക' സിനിമയുടെ അണിയറപ്രവർത്തകർ താങ്കളെ കുറിച്ച് ഒന്നും പറഞ്ഞു കേട്ടില്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു മാധ്യമ പ്രവർത്തകന്റെ ചോദ്യം. ഇത് കേട്ട ടൊവിനോയ്ക്ക് ചിരിയടക്കാനായില്ല. 'പള്ളിച്ചട്ടമ്പി' സിനിമയുടെ പ്രൊമോഷനായി അണിയറപ്രവർത്തകർക്കൊപ്പം ചെന്നൈയിൽ എത്തിയതായിരുന്നു താരം.
മാധ്യമ പ്രവർത്തകന്റെ ചോദ്യം: "ലോക സിനിമയിൽ താങ്കളുടെ അഭിനയം നല്ലതായിരുന്നു. രണ്ടാം ഭാഗത്തിൽ നായകനും വില്ലനും താങ്കളാണെന്ന് കേൾക്കുന്നു. സിനിമ വലിയ ഹിറ്റായി. പക്ഷേ, ടൊവിനോയെപ്പറ്റി ആ ടീം ഒന്നും പറഞ്ഞു കേട്ടില്ലല്ലോ? ചോദിച്ചപ്പോഴും അവർ മിണ്ടാതെയിരിക്കുകയായിരുന്നു. താങ്കളും ദുൽഖർ സൽമാനും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?"
ചോദ്യം കേട്ട ടൊവിനോ തോമസിന് ചിരിയടക്കാനായില്ല. ഇപ്പോൾ തന്നെ ദുൽഖറിനെ ഫോൺ ചെയ്ത് ചോദിക്കാമെന്നായി നടൻ. "എന്നെപ്പറ്റി ഒന്നും പറയാതിരുന്നത് എന്താണെന്ന് ഞാൻ ചോദിക്കാം. വളരെ കാലങ്ങളായി ഒരുമിച്ച് അഭിനയിക്കുന്നവരാണ് ഞങ്ങൾ. ഞാൻ സംവിധാന സഹായിയായി തുടങ്ങുന്നത് ദുൽഖർ അഭിനയിച്ച 'തീവ്രം' എന്ന ചിത്രത്തിലാണ്. അതിനടുത്ത പടത്തിൽ ദുൽഖറിന്റെ വില്ലനായി ഞാൻ അഭിനയിച്ചു, 'എബിസിഡി'. അന്നുമുതൽ ഇന്നുവരെ ദുൽഖർ എന്നോട് വളരെ സ്വീറ്റ് ആയാണ് പെരുമാറിയിട്ടുള്ളത്.
നിങ്ങൾ പറഞ്ഞത് റെക്കോർഡ് ചെയ്ത് കേട്ടാൽ ഞങ്ങൾ ('ലോക' ടീം) പൊട്ടിച്ചിരിക്കും. 'ലോക'യുടെ സംവിധായകൻ അരുൺ ഡൊമിനിക്കിന്റെ ആദ്യ പടം 'തരംഗം' എന്റെ കൂടെയായിരുന്നു. കല്യാണിയുടെ കൂടെ 'തല്ലുമാല' എന്നൊരു സിനിമ ചെയ്തിട്ടുണ്ട്. പിന്നെ, നസ്‌ലൻ, അവൻ എനിക്ക് സഹോദരനെപ്പോലെയാണ്. വേണമെങ്കിൽ ഞങ്ങളുടെ വാട്സ്ആപ്പ് ചാറ്റ് കാണിച്ചു തരാം. വെളിയിൽ നിന്ന് അഭ്യൂഹങ്ങൾ കൊളുത്തിവിടുന്നത് എളുപ്പമാണ്," എന്നായിരുന്നു ടൊവിനോ തോമസിന്റെ മറുപടി.
കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമായി എത്തിയ 'ലോക ചാപ്റ്റർ വൺ: ചന്ദ്ര' ഇൻഡസ്ട്രി ഹിറ്റായിരുന്നു. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആയിരുന്നു നിർമാണം. ദുൽഖറും ടൊവിനോയും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയിരുന്നു. സിനിമയുടെ രണ്ടാം ഭാഗം ടൊവിനോ അവതരിപ്പിച്ച 'ചാത്തൻ' എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ഒരുക്കുന്നത്.