ഞായറാഴ്ച ദിനം അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ സർക്കാർ ചെലവുകളും മുൻഗണനകളും പദ്ധതികളും വിശദമായി തന്നെ അവതരിപ്പിച്ചു. പതിവ് പോലെ, കേന്ദ്രം കൂട്ടിയും കിഴിച്ചും കഴിഞ്ഞപ്പോൾ പദ്ധതികളിൽ നിന്ന് കേരളം പുറത്തായി. എന്നാൽ, ഈ പതിവ് കാഴ്ചകൾക്കിടെ അൽപ്പം ക്രിയേറ്റീവ് ആയവരുടേയും ക്രിയേറ്റീവ് ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്നവരുടേയും ശ്രദ്ധപിടിച്ചുപറ്റിയ ഒരു പ്രഖ്യാപനവും ഇത്തവണയുണ്ടായി.
'ഓറഞ്ച് ഇക്കോണമി' എടുത്തുകാട്ടിയാണ് ധനമന്ത്രി സർഗാത്മക മേഖലയ്ക്ക് ആവേശവും ഊർജവും നൽകുന്ന ഈ പ്രഖ്യാപനം നടത്തിയത്. ആദ്യമായാണ് ഈ പദം (Term) ബജറ്റിൽ പരാമർശിക്കുന്നത്. മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്റില്‍ നടന്ന പ്രഥമ വേൾഡ് ഓഡിയോ വിഷ്വൽ & എന്റർടെയ്ൻമെന്റ് സമ്മിറ്റിൽ (WAVES 2025) പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗോള ക്രിയേറ്റീവ് സാമ്പത്തിക മേഖലയില്‍ ഇന്ത്യയുടെ സാധ്യതകളെക്കുറിച്ച് സംസാരിച്ചപ്പോള്‍, ഊന്നല്‍ നല്‍കിയത് 'ഓറഞ്ച് ഇക്കോണമി' എന്ന ആശയത്തിനാണ്.
" ‘ഇന്ത്യയിൽ നിർമിക്കൂ, ലോകത്തിനായി നിർമിക്കൂ’ (Create in India, Create for the world) എന്നതിന് ഏറ്റവും അനുയോജ്യമായ സമയമാണിത്. ആഗോളതലത്തിലുള്ള സൃഷ്ടികൾ ഇവിടെ ആദരിക്കപ്പെടും. പുറത്തുനിന്ന് വരുന്ന എല്ലാവർക്കും എനിക്ക് ഒരു ഉറപ്പ് നൽകാനുണ്ട് — നിങ്ങൾ ഇവിടെ വരുമ്പോൾ വളരെ സ്വാഭാവികമായിത്തന്നെ ഇന്ത്യയുമായി അടുത്തു ബന്ധപ്പെടാൻ സാധിക്കും. ഇന്ത്യ ഒരു 'ഓറഞ്ച് ഇക്കോണമി'യായി മാറിക്കൊണ്ടിരിക്കുകയാണ്," എന്നായിരുന്നു മോദിയുടെ വാക്കുകൾ. ഇപ്പോഴിതാ ബജറ്റിലും 'ഓറഞ്ച് ഇക്കോണമി' ഇന്ത്യയുടെ ഭാവി സാമ്പത്തിക പദ്ധതിയുടെ പ്രധാന ഭാഗമാകുന്നു.
ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയിമിങ്, കോമിക്സ് (എവിജിസി) മേഖലയുടെ സാധ്യതയെപ്പറ്റിയാണ് 'ഓറഞ്ച് ഇക്കോണമി' എന്ന തലക്കെട്ടിന് കീഴിൽ ധനമന്ത്രി എടുത്തു പറഞ്ഞത്. ലോകത്താകമാനം അതിവേഗം വളരുന്ന മേഖലയാണിത്. വസ്തുതകൾ പരിശോധിച്ചാൽ, ഇന്ത്യയിലെ എവിജിസി വ്യവസായം കുതിച്ചുയരുന്നതായി മനസിലാക്കാം. 2030ഓടെ ഈ മേഖലയിൽ ഏകദേശം 20 ലക്ഷം വിദഗ്ധ പ്രൊഫഷണലുകളെ ഇന്ത്യക്ക് ആവശ്യമായി വരുമെന്നാണ് ധനമന്ത്രി തന്നെ ചൂണ്ടിക്കാണിക്കുന്നത്.
ഈ വ്യവസായ മേഖലയുടെ അഭിവൃദ്ധി പരമ്പരാഗത നിർമാണ മേഖലകളിൽ നിന്ന് വ്യത്യസ്തമായി ഭാവനാ സമ്പന്നരെയാണ് ആശ്രയിക്കുന്നത്. സൃഷ്ടിപരത, സംസ്കാരം, നൂതന ആശയങ്ങൾ എന്നിവയിലൂടെയാണ് 'ഓറഞ്ച് ഇക്കോണമി'യിൽ മൂല്യം സൃഷ്ടിക്കുന്നതും സുസ്ഥിര വികസനം സാധ്യമാക്കുന്നതും. അതുകൊണ്ട് തന്നെ ആശയസമ്പന്നരായ, തൊഴിൽ നൈപുണ്യം നേടിയ വലിയൊരു വിഭാഗത്തെ (പ്രത്യേകിച്ച് യുവാക്കളെ) വാർത്തെടുക്കുക എന്നത് ഈ മേഖലയിലെ സാമ്പത്തിക വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. ഇത് മുന്നിൽ കണ്ടുകൊണ്ടാണ് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം.
സ്കൂൾ-കോളേജ് തലങ്ങളിൽ 'എവിജിസി കണ്ടന്റ് ക്രിയേറ്റർ ലാബുകൾ' സ്ഥാപിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസിലൂടെ ഇന്ത്യയിലുടനീളമുള്ള 15,000 സെക്കൻഡറി സ്കൂളുകളിലും 500 കോളേജുകളിലും 'എവിജിസി കണ്ടന്റ് ക്രിയേറ്റർ ലാബുകൾ' സ്ഥാപിക്കുമെന്നാണ് പ്രഖ്യാപനം. സ്കൂളുകളിലും കോളേജുകളിലും ലാബുകൾ വരുന്നതോടെ വിദ്യാർഥികൾക്ക് ഉയർന്ന ഡിമാൻഡുള്ള കരിയറിലേക്ക് നേരിട്ട് പ്രവേശിക്കാൻ ആവശ്യമായ വൈദഗ്ധ്യം ലഭിക്കും. ഈ നൈപുണ്യം വലിയ തൊഴിൽ സാധ്യതയാണ് അവർക്ക് മുന്നിൽ തുറക്കുന്നത്.
എവിജിസി മേഖലയുടെ വികാസത്തോടെ തൊഴിൽ ലഭിക്കുന്നത് ആനിമേറ്റർമാർക്കോ ഗെയിമർമാർക്കോ മാത്രമല്ല. വിഎഫ്എക്സ് ആർട്ടിസ്റ്റുകൾ, ഗെയിം ഡിസൈനർമാർ, സ്റ്റോറിബോർഡ് ആർട്ടിസ്റ്റുകൾ, കോമിക് സ്രഷ്ടാക്കൾ, ക്രിയേറ്റീവ് ടെക് ഡെവലപ്പർമാർ എന്നിവരുടെയും കാലമാണ് ഇനി വരാൻ പോകുന്നത്.
ഇപ്പോൾ തന്നെ സിനിമാ, വെബ് സീരീസ്, ഗെയിമിങ് എന്നിവ നിർമിക്കുന്ന ആഭ്യന്തര സ്റ്റുഡിയോകളും ആഗോള കമ്പനികളും വലിയ തോതിൽ ആനിമേഷൻ - വിഎഫ്എക്സ് ജോലികൾ ചെയ്യുന്നവരെ ഔട്ട്സോഴ്സ് ചെയ്യുന്നുണ്ട്. ഇത് വരും വർഷങ്ങളിൽ ഉയരാനാണ് സാധ്യത. ശരിയായ പരിശീലനം ലഭിച്ചാൽ ഇത് ഇന്ത്യയിലെ ക്രിയേറ്റർമാർക്ക് ഗുണകരമാകും. മാത്രമല്ല, ആനിമേഷൻ ചിത്രങ്ങൾ മുതൽ വീഡിയോ ഗെയിമുകൾ വരെയുള്ള ഇന്ത്യൻ സൃഷ്ടികൾക്ക് അന്താരാഷ്ട്ര മത്സരരംഗത്ത് മികവ് തെളിയിക്കാനും വഴിയൊരുങ്ങും. ഒപ്പം, പുതിയ ബിസിനസ് ആശയങ്ങൾക്കും ആപ്പുകൾക്കും സ്റ്റാർട്ടപ്പുകൾക്കും സാധ്യതകൾ തെളിയും.
ഇന്ത്യയുടെ സാംസ്കാരിക മൂലധനവും 'ഓറഞ്ച് ഇക്കോണമി'യുടെ ഭാഗമാണ്. കോമിക്സിലൂടെയും ആനിമേഷൻ കഥകളിലൂടെയും ഇന്ത്യയുടെ സംസ്കാരവും കഥകളും ആഗോളതലത്തിൽ എത്തിക്കാൻ ഇതുവഴി സാധിക്കും. ഈ കഥകളിൽ എന്തൊക്കെയാകും ഉൾച്ചേർക്കുകയെന്നും ഒഴിവാക്കുകയെന്നും കണ്ടറിയേണ്ടിയിരിക്കുന്നു. സ്കൂൾ പാഠപുസ്തകങ്ങളിൽ പടരുന്ന കാവി, ഈ പദ്ധതിയിലേക്കും പടരുമോ എന്നത് ആർക്കും സ്വാഭാവികമായി തോന്നിയേക്കാവുന്ന സംശയമാണ്. അത് പ്രത്യക്ഷമായാണോ പരോക്ഷമായാണോ കടന്നുവരിക എന്നുമാത്രമാണ് അറിയേണ്ടത്.