

കൊച്ചി: നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രമാണ് 'കാട്ടാളൻ'. മെയ് 28നാണ് സിനിമയുടെ റിലീസ്. ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ'യുടെ നിർമാതാക്കളായ ക്യൂബ്സ് എന്റർടെയ്ൻമെന്റ് നിർമിക്കുന്ന രണ്ടാം ചിത്രമാണ് 'കാട്ടാളൻ'. ഉണ്ണി മുകുന്ദനും ഈ ചിത്രത്തിന്റെ ഭാഗമാണെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇപ്പോഴിതാ, ഇത്തരം റിപ്പോർട്ടുകളിൽ നടന്റെ ഉടമസ്ഥതയിലുള്ള ഉണ്ണി മുകുന്ദൻ ഫിലിംസ് വ്യക്തത വരുത്തിയിരിക്കുകയാണ്.
സത്യസന്ധമായ കഥപറച്ചിലിലെയും ചലച്ചിത്ര നിർമാണത്തിലെയും ഓരോ മുന്നേറ്റത്തെയും ആഘോഷിക്കുന്നതിലാണ് യുഎംഎഫ് വിശ്വസിക്കുന്നത്.
ക്യൂബ്സ് എന്റർടെയ്‌ൻമെന്റിന്റെ രണ്ടാമത്തെ സംരംഭത്തിന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. അവരുടെ ആദ്യ സംരംഭമായ 'മാർക്കോ'യുടെ ഭാഗമാകാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഞങ്ങൾ ആ സിനിമയുടെ സഹനിർമാതാക്കളായിരുന്നു. ഞങ്ങൾക്ക് ഏറെ അഭിമാനം നൽകുന്ന യാത്രയായിരുന്നു അത്. വരും ദിവസങ്ങളിൽ കൂടുതൽ നാഴികക്കല്ലുകൾ കൈവരിക്കാൻ മുഴുവൻ അണിയറപ്രവർത്തകർക്കും ഞങ്ങളുടെ എല്ലാവിധ ആശംസകളും നേരുന്നു.
ഉണ്ണി മുകുന്ദന്റെ എല്ലാ അഭ്യുദയകാംക്ഷികൾക്കും നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഞങ്ങൾ ആഴത്തിൽ നന്ദി രേഖപ്പെടുത്തുന്നു. ഉണ്ണി മുകുന്ദൻ ഈ പ്രോജക്ടിന്റെയോ മറ്റേതെങ്കിലും ഒരു യൂണിവേഴ്സിന്റെയോ ഭാഗമല്ലെന്ന് ഞങ്ങൾ സ്നേഹപൂർവം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.
ഈ പ്രോജക്ടുമായി ഞങ്ങൾക്ക് എന്തെങ്കിലും പങ്കാളിത്തമുണ്ടോ എന്ന് ഇനിയും ചോദിക്കുന്നതിൽ നിന്നും ഞങ്ങളുടെ ആരാധകരും പൊതുജനങ്ങളും ദയവായി വിട്ടുനിൽക്കണമെന്ന് വിനയപൂർവം അഭ്യർത്ഥിക്കുന്നു.
ആളുകളെ രസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ഒന്നിപ്പിക്കുകയും ചെയ്യുന്ന കഥകൾ പറയുക എന്നതിൽ ഞങ്ങൾ എന്നും പ്രതിജ്ഞാബദ്ധരായിരിക്കും. നിങ്ങളുടെ തുടർച്ചയായ സ്നേഹത്തിനും വിശ്വാസത്തിനും പ്രോത്സാഹനത്തിനും എല്ലാവർക്കും നന്ദി. ഞങ്ങൾക്ക് അത് ഈ ലോകത്തിലെ ഏറ്റവും വിലപ്പെട്ടതാണ്.
ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് ആണ് 'കാട്ടാളൻ' നിർമിക്കുന്നത്. ആനവേട്ടയുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. ആന്റണി വർഗീസ് പെപ്പെ നായകനാകുന്ന ചിത്രത്തിൽ ദുഷാര വിജയനാണ് നായിക. പാൻ ഇന്ത്യൻ താരങ്ങൾ അടക്കം വലിയൊരു താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്. സുനിൽ, കബീർ ദുഹാൻ സിങ്, ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്‍, രാജ് തിരൺദാസു, ഷോൺ ജോയ്, റാപ്പർ ബേബി ജീൻ, ഹനാൻ ഷാ, കിൽ താരം പാർത്ഥ് തീവാരി, 'ലോക' ഫെയിം ഷിബിൻ എസ്. രാഘവ്, ഹിപ്സ്റ്റർ പ്രണവ് രാജ്, കോൾ മീ വെനം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത് പോൾ ജോർജ്, ജോബി വർഗീസ്, ജെറോ ജേക്കബ് എന്നിവരാണ്. സംഭാഷണം ഒരുക്കുന്നത് 'ബിഗ് ബി', 'ചാപ്പ കുരിശ്', 'മുന്നറിയിപ്പ്', 'ചാർലി' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ ഉണ്ണി ആറാണ്. എഡിറ്റിങ് നിർവഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. വേറിട്ട ഗാനങ്ങളൊരുക്കി ചുരുങ്ങിയ കാലം കൊണ്ട് സംഗീത ലോകത്ത് ശ്രദ്ധേയനായ നിഹാൽ സാദിഖ് 'കാട്ടാളന് ' വേണ്ടി ഒരു ഇലക്ട്രിഫൈയിങ് പ്രൊമോ ഗാനം ഒരുക്കുന്നുമുണ്ട്. ഐഡന്റ് ലാബ്സ് ആണ് ടൈറ്റിൽ ഗ്രാഫിക്സ്.