കെ.ടി. മുഹമ്മദിന്റെ 'ഇത് ഭൂമിയാണ്' എന്ന നാടകത്തിൽ ഒരു വയസൻ ഹാജിയാരുടെ റോളുണ്ട്. കുറ്റിച്ചിറക്കാരനായ ഒരു 19കാരനാണ് 90 കാരനായി വേദിയിലെത്തിയത്. കച്ചിനാംതൊടുകയിൽ പുതിയപുരയിൽ മറിയം ബീവിയുടെയും താഴത്തേരി മുഹമ്മദ് കോയയുടെയും രണ്ടാമത്തെ മകൻ, ഉമ്മർ. മലയാളികളുടെ പ്രിയപ്പെട്ട കെ.പി. ഉമ്മർ.
അരങ്ങ് ഉമ്മറിനെ ചില പാഠങ്ങൾ പഠിപ്പിച്ചു. ജീവിതം അതിനേക്കാൾ വലിയ മറുപാഠങ്ങളും. 10ാം വയസിൽ ബാപ്പയെ ഉന്മാദം കീഴ്പ്പെടുത്തുന്നതിന് ഉമ്മർ സാക്ഷിയായി. 25 വയസുകാരി അമ്മ വിധവയാകുന്നതിനും. പല വഴി കറങ്ങി ആ നടൻ ഒടുവിൽ സിനിമയിലെത്തി. 'രാരിച്ചൻ എന്ന പൗരനി'ൽ തുടങ്ങി 'ഹരികൃഷ്ണൻസ്' വരെ 500ഓളം സിനിമകളിൽ അഭിനയിച്ചു. പ്രേം നസീർ നിത്യഹരിത നായകനായപ്പോൾ, ഉമ്മർ സുന്ദരനായ വില്ലനായി. സത്യൻ മലയാളത്തിന്റെ ആദ്യ മഹാനടനായി അവരോധിക്കപ്പെടുമ്പോഴും , വില്ലൻ ഉമ്മർ തന്നെ! 'ഞാൻ ഒരു വികാര ജീവിയാണ്' എന്ന് ലവലേശം കൂസലില്ലാതെ സുഹൃത്തിന്റെ ഭാര്യയോട് വികാരപരവശ്യത്തോടെ പറയുന്ന വില്ലൻ. ഈ പ്രതിനായക വേഷത്തിനും മിമിക്രിക്കാർ പതിപ്പിച്ച 'വികാരജീവി' എന്ന കണ്ണുരുട്ടുന്ന പ്രതിച്ഛായയ്ക്കും അപ്പുറം ഒരു ഉമ്മർ ഉണ്ട്. അരങ്ങ് പാകപ്പെടുത്തിയ ഒരു നടൻ, ഗ്യാലറികളെ ത്രസിപ്പിക്കാൻ കൊതിച്ച ഒരു ഫുട്ബോളർ, ഒരു എഴുത്തുകാരൻ. വെള്ളിവെളിച്ചത്തിന് പുറത്ത് ഉമ്മർ പലതായിരുന്നു. പലതായിരിക്കുമ്പോഴും അയാൾ പ്രിയപ്പെട്ടവർക്ക് എല്ലായ്‌പ്പോഴും ഉമ്മുക്കയായിരുന്നു.
ഒരു യാഥാസ്ഥിതിക മുസ്ലീം ജന്മി കുടുംബത്തിലാണ് ഉമ്മറിന്റെ ജനനം. വിലക്കുകൾ നിരവധിയുണ്ട്. വീട്ടിൽ പ്രേതബാധയുണ്ടെന്ന വിശ്വാസം അത് ഇരട്ടിപ്പിച്ചു. നാടകവും സിനിമയും എല്ലാം തൊട്ടുകൂടാത്തവ. വിലക്ക് മുറിക്കുന്നതിന്റെ രസമാണോ എന്തോ ഈ 'പിരാന്ത്' എല്ലാം ഉമ്മർ തലയിൽക്കയറ്റി. ഒപ്പം മറ്റൊന്നും. ഫുട്ബോൾ. ഇന്ത്യൻ ഫുട്ബോളിൽ എസ്. മന്ന തിളങ്ങി നിൽക്കുന്ന കാലം. മന്നയായിരുന്നു ഉമ്മറിന്റെ ഹീറോ. കുറ്റിച്ചിറയിലെ മൈതാനിയിൽ, സെന്റർ ഹാഫ് ബാക്കിൽ നിന്ന് അയാൾ പല മനോഹര സ്വപ്നങ്ങളും കണ്ടു.
ഇൻഡിപെൻഡെൻസ് ഫുട്ബോൾ ടീം എന്നായിരുന്നു ഉമ്മറിന്റെ ടീമിന്റെ പേര്. ഉമ്മറാണ് സെക്രട്ടറി. ബാപ്പയുടെ ഇളയ സഹോദരൻ അബ്ദുൽ റഹ്മാൻ ക്യാപ്റ്റൻ. ഉപ്പാപ്പയുടേയോ ചിറ്റപ്പന്മാരുടെയോ കൺവെട്ടം കണ്ടാൽ മണ്ടുന്ന ക്യാപ്റ്റനും മാനേജരും. വീട്ടുകാരുടെ കൺവെട്ടത്ത് നിന്ന് മാറി ഉമ്മറും സംഘവും ടൂർണമെന്റുകൾ സംഘടിപ്പിച്ചു. രാത്രി സ്വപ്നങ്ങളിൽ പോലും ഗോളടി കടന്നുവന്നിരുന്ന കാലം. പൊതുവേ പ്രേതബാധ ഉണ്ടെന്ന് പറയപ്പെടുന്ന വീട്ടിൽ പാതിരാത്രിയിൽ കിടന്ന് ഗോൾ എന്ന് അലമുറയിടുന്നത് ഒന്ന് ആലോചിച്ച് നോക്കൂ!
ഫുട്ബോൾ കാണുന്നതും കളിക്കുന്നതും മാത്രമല്ല. കേൾക്കുന്നതും ഉമ്മറിന് ഇഷ്ടമായിരുന്നു. അക്കാലത്ത് അഖിലേന്ത്യാ ടൂർണമെന്റുകളിൽ ദൃക്സാക്ഷി വിവരണം കോമാട്ടിൽ രാമൻ മേനോൻ എന്ന അത്ഭുത മനുഷ്യനായിരുന്നു. അദ്ദേഹത്തെപ്പോലെ ഒരു ദൃക്സാക്ഷി വിവരണക്കാരനാകണം എന്നായിരുന്നു അക്കാലത്ത് ഉമ്മറിന്റെ ആഗ്രഹം. ഇക്കാര്യം അന്ന് കോഴിക്കോട് റേഡിയോ നിലയത്തിലെ പ്രോഗ്രാം പ്രൊഡ്യൂസറായിരുന്ന നാരായണൻ നായരോട് പറഞ്ഞു. അദ്ദേഹം ഉടൻ ഒരു ടേപ്പ് റെക്കോർഡുമായി ഉമ്മറിനെ കൂട്ടി അഖിലേന്ത്യാ ഫുട്ബോൾ ടൂർണമെന്റ് നടക്കുന്ന ഗ്രൗണ്ടിലേക്ക് ചെന്നു. ദൃക്സാക്ഷി വിവരണത്തിന്റെ ആദ്യ പാഠങ്ങൾ പഠിപ്പിച്ചു. പക്ഷേ ഉമ്മറിന്റെ തട്ടകം മറ്റൊന്നായിരുന്നു. അപ്പോഴും ആ ഫുട്ബോൾ പ്രേമി ടൂർണമെന്റുകൾ കാണുന്നത് മുടക്കിയില്ല.
ഫുട്ബോളർ എന്ന പോലെ എഴുത്തുകാരനായ ഉമ്മറിനെയും കാണികൾക്ക് അത്ര പരിചയമുണ്ടാകണമെന്നില്ല. വായനക്കാർക്കും. ചെറുപ്പം മുതലേ സാഹിത്യത്തോട് താൽപ്പര്യമുണ്ടായിരുന്നു. 15 വയസിനുള്ളിൽ തന്നെ വിശ്വസാഹിത്യത്തിൽ നിന്നും മലയാളത്തിലേക്ക് തർജമ ചെയ്ത മിക്കവാറും കൃതികളും വായിച്ചു. ഷൂട്ടിങ്ങിനിടയിലെ ബ്രേക്കിലും വായന തുടർന്നു. ഇടയ്ക്ക് തന്റെ ഓർമകൾ എഴുതി. ചില കഥകളും. ഉമ്മറിന്റെ ആദ്യകാല കഥകൾ 'മിന്നാമിനുങ്ങുകൾ' എന്ന പേരിൽ തലശേരിയിലെ പ്രഭാത് ബുക്സ് പ്രസിദ്ധീകരിച്ചിരുന്നു.
ഒരു കയ്യെഴുത്ത് മാസികയ്ക്ക് വേണ്ടിയാണ് ഉമ്മർ ആദ്യ കഥ എഴുതുന്നത്. അമ്മാവന്റെ സുന്ദരിയായ ഭാര്യ തന്റെ വീട്ടിൽ വരുന്നതും അവരുടെ സൗന്ദര്യത്തിൽ മതിമറന്ന് അവരുടെ വസ്ത്രങ്ങൾ അവർ കാണാതെ ചുംബിക്കുന്നതായി സ്വപ്നം കാണുന്നതുമായിരുന്നു ഇതിവൃത്തം. കഥയുടെ പേര് 'വ്യഭിചാരത്തിന്റെ മനശാസ്ത്രം'.
താൻ ഒരു എഴുത്തുകാരൻ ആണെന്ന് ഉമ്മർ കൊട്ടിഘോഷിച്ചിരുന്നില്ല. സിനിമാ നടൻ എന്ന വേഷത്തിലും അതങ്ങനെ തന്നെ. ആലഭാരങ്ങളില്ലാതെയാണ് ആ നടൻ നടന്നിരുന്നത്. ആ വഴിയിൽ കണ്ടവർ, ഉമ്മർ ഇത്രയേയുള്ളൂ എന്ന് അത്ഭുതപ്പെട്ടു. ഉള്ളിൽ അറിവിന്റെയും അനുഭവങ്ങളുടെയും ഒരു കടൽ ഇരമ്പുമ്പോഴും അദ്ദേഹം ആ വാക്കുകൾ ആവർത്തിച്ചു. അതേ, ഉമ്മർ ഇത്രയേയുള്ളൂ!