
കൊച്ചി: ഒരു മമ്മൂട്ടി ചിത്രം തിയേറ്ററില്‍ എത്തുന്ന അതേ ആവേശത്തിലാണ് ആരാധകർ സമൂഹ മാധ്യമങ്ങളിലെ നടന്റെ ഫോട്ടോകളും സ്വീകരിക്കുക. കുറച്ചുകാലമായി അങ്ങനെ ആഘോഷിക്കാനുള്ള ഒരു ഫോട്ടോയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു മമ്മൂട്ടി ആരാധകർ. സിനിമയില്‍ നിന്ന് ഇടവേളയെടുത്ത നടന്‍ സമൂഹമാധ്യമങ്ങളിലും സജീവമായിരുന്നില്ല.
ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കി ഒരു മമ്മൂട്ടി ചിത്രം എത്തിയിരിക്കുന്നു. ഇന്നലെ മഹേഷ് നാരായണന്‍ ചിത്രം 'പാട്രിയറ്റിന്റെ' ഷൂട്ടിനായി ഹൈദരാബാദില്‍ എത്തിയ ശേഷം എടുത്ത ഫോട്ടോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
നവിൻ മുരളിയാണ് ചിത്രം പകർത്തിയിരിക്കുന്നത്. നടന്‍ ക്യാമറയില്‍ ചിത്രമെടുക്കുന്നതും ശേഷം അത് പരിശോധിക്കുന്നതുമാണ് നവിന്‍ പകർത്തിയത്. "രാജാവ് തിരിച്ചെത്തി സോഷ്യല്‍ മീഡിയ ഭരിക്കാന്‍ തുടങ്ങി" എന്നിങ്ങനെ കമന്റുകള്‍ ചിത്രത്തിന് താഴെ കാണാം.
ഏഴ് മാസങ്ങൾക്ക് ശേഷം ഇന്നാണ് മഹേഷ് നാരായണന്റെ സിനിമയുടെ സെറ്റിൽ മമ്മൂട്ടി ജോയിൻ ചെയ്തത്. 17 വര്‍ഷത്തിനുശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചഭിനയിക്കുന്ന ചിത്രമാണിത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടൻ ചികിത്സക്കായി ഇടവേളയെടുത്തത്. പിന്നീട് അദ്ദേഹം ചെന്നൈയിലെ വസതിയില്‍ വിശ്രമത്തിലുമായിരുന്നു. കഴിഞ്ഞമാസമാണ് അദ്ദേഹം പൂര്‍ണ ആരോഗ്യവാനായെന്നുള്ള വിവരം താരത്തിന്റെ അടുത്ത സുഹൃത്തായ നിര്‍മാതാവ് ആന്റോ ജോസഫ് അറിയിച്ചത്.
മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമേ നയൻതാര, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ഗ്രേസ് ആന്റണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തും. ആന്റോ ജോസഫാണ് സിനിമയുടെ നിർമാണം. ശ്രീലങ്ക, ലണ്ടന്‍, അബുദാബി, അസര്‍ബെയ്ജാന്‍, തായ്‌ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായിട്ടാണ് സിനിമയുടെ ഷൂട്ടിങ്. സിനിമയുടെ ഭൂരിഭാഗം ഭാഗങ്ങളും ചിത്രീകരിച്ചതായാണ് റിപ്പോർട്ടുകൾ.
ചിത്രത്തിന്റെ ഔദ്യോഗിക ടീസർ നാളെ റിലീസ് ചെയ്യും. ടീസറിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ.