

ന്യൂഡല്‍ഹി: പ്രശസ്ത ബോളിവുഡ് താരം സതീഷ് ഷാ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് മുംബൈയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെ തുടർന്ന് ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സംവിധായകൻ അശോക് പണ്ഡിറ്റാണ് ഇൻസ്റ്റഗ്രാമിലൂടെ സതീഷ് ഷായുടെ മരണം വിവരം സ്ഥിരീകരിച്ചത്. പിയൂഷ് പാണ്ഡെയുടെ സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം മടങ്ങുമ്പോഴാണ് സതീഷിന്റെ ആരോഗ്യനില വഷളായതായി അറിയുന്നതെന്നും അദ്ദേഹത്തിന്റെ മരണം ചലച്ചിത്ര-ടെലിവിഷൻ വ്യവസായത്തിന് വലിയ നഷ്ടമാണെന്നും അശോക് പണ്ഡിറ്റ് പറഞ്ഞു.
ആംബുലന്‍സില്‍ വച്ചുതന്നെ സതീഷ് ഷായ്ക്ക് സിപിആർ നല്‍കിയിരുന്നു എന്നും വിദഗ്ധരുടെ പരിചരണമാണ് ലഭ്യമാക്കിയതെന്നും ഹിന്ദുജ ആശുപത്രി പ്രസ്താവനയിലൂടെ അറിയിച്ചു. ശനിയാഴ്ച ഉച്ച തിരിഞ്ഞ് 2.30 ഓടെയായിരുന്നു മരണം.
നാല് പതിറ്റാണ്ടോളം അഭിനയ രംഗത്ത് സജീവമായിരുന്നു സതീഷ് ഷാ. 1978 ൽ 'അരവിന്ദ് ദേശായി കി അജീബ് ദസ്താൻ' എന്ന ചിത്രത്തിലൂടെയാണ് ഷാ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 1983 ലെ 'ജാനേ ഭി ദോ യാരോ' എന്ന ആക്ഷേപഹാസ്യചിത്രത്തില്‍ അവതരിപ്പിച്ച മുനിസിപ്പൽ കമ്മീഷണർ 'ഡി'മെല്ലോ' എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. 250ഓളം സിനിമകളില്‍ നടന്‍ അഭിനയിച്ചു. ശക്തി, ഹം സാത്ത് സാത്ത് ഹേ, മേം ഹൂം നാ, കൽ ഹോ നാ ഹോ, ഫനാ, ഓം ശാന്തി ഓം തുടങ്ങിയ ചിത്രങ്ങളിലും സതീഷ് ഷാ അഭിനയിച്ചിട്ടുണ്ട്.
ആർ. മാധവന്‍, കരണ്‍ ജോഹർ, മധു ഭണ്ഡാക്കർ അനുപം ഖേർ, രമേശ് തൗറാനി, ജോണി ലെവർ തുടങ്ങി നിരവധി സഹപ്രവർത്തകർ നടന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. സതീഷ് ഷായ്ക്കും മന്ദിര ബേദിക്കുമൊപ്പമുള്ള ഒരു ചിത്രമാണ് മാധവന്‍ പങ്കുവച്ചത്. ഹൃദയസ്പർശിയായ കുറിപ്പും മാധവന്‍ ഇതിനൊപ്പം കുറിച്ചു. 'സതീഷ് മേരേ ഷാ' എന്ന അടിക്കുറിപ്പോടെയാണ് നടനെ ഓർമിക്കുന്ന വീഡിയോ അനുപം ഖേർ പങ്കുവച്ചത്.
സെയ്ഫ് അലി ഖാൻ, റിതേഷ് ദേശ്മുഖ്, രാം കപൂർ, തമന്ന ഭാട്ടിയ, ഇഷാ ഗുപ്ത, ബിപാഷ ബസു എന്നിവർ അഭിനയിച്ച സാജിദ് ഖാൻ്റെ ഹംഷക്കൽസ് (2014) എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ഡിസൈനറായ മധു ഷാ ആണ് ജീവിതപങ്കാളി. സംസ്കാരം ഇന്ന് നടക്കും.