
മുംബൈ: സ്വകാര്യ ജീവിതത്തെപ്പറ്റി നിരവധി തുറന്നുപറച്ചിലുകള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ് മുതിർന്ന ബോളിവുഡ് സംവിധായകനും നിർമാതാവുമായ മഹേഷ് ഭട്ട്. അർഥ്, ഫിർ തേരി കഹാനി യാദ് ആയി, സഖം എന്നീ സിനിമകള്‍ തന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടെടുത്ത ചലച്ചിത്രങ്ങളാണെന്നും സംവിധായകന്‍ തുറന്നുപറഞ്ഞിട്ടുണ്ട്.
മൂത്ത മകള്‍ പൂജാ ഭട്ടിന്റെ ഓഡിയോ പോഡ്കാസ്റ്റില്‍ പുതിയ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് മഹേഷ് ഭട്ട്. കുട്ടിക്കാലത്തുണ്ടായ ഒരു ദുരനുഭവത്തെപ്പറ്റി തന്റെ ഓർമക്കുറിപ്പില്‍ നിന്നുള്ള ഭാഗം വായിക്കുകയായിരുന്നു സംവിധായകനും നിർമാതാവുമായ ഭട്ട്.
തെരുവില്‍ വച്ച് ഒരു കൂട്ടം മുതിർന്ന കുട്ടികള്‍ തന്നെ ആക്രമിച്ചതിന്റെ ഓർമകളാണ് മഹേഷ് ഭട്ട് പങ്കുവച്ചത്. മഹേഷ് ഭട്ടിന്റെ മാതാപിതാക്കളായ നാനാഭായ് ഭട്ടും ഷിറിൻ മുഹമ്മദ് അലിയും മിശ്രവിവാഹിതരാണ് എന്നതാണ് ഇവരെ പ്രകോപിപ്പിച്ചത്.
"വൈദ്യുതി ബള്‍ബുകള്‍ ഇല്ലാത്തതിനാല്‍ ഗ്യാസ് ലാംബുകളാണ് രാത്രികളില്‍ ബോംബെയിലെ തെരുവുകളെ പ്രകാശിപ്പിച്ചിരുന്നത്. പൊടിപടലങ്ങള്‍ ശമിച്ചപ്പോള്‍, നടപ്പാതയുടെ വിള്ളലുകളിൽ നിന്ന് മണ്ണിരകൾ പുറത്തേക്ക് വരുന്നത് നോക്കി ഞാന്‍ വീട്ടിലേക്ക് നടന്നു. പെട്ടെന്ന് നാല് മുതിർന്ന ആണ്‍കുട്ടികള്‍ എന്റെ വഴിതടഞ്ഞു. അവരെന്നെ അക്രമാസക്തമായി പിടിച്ച്, ചുമരിലേക്ക് ഉന്തി. ഞാന്‍ പകച്ചുപോയി. എന്നെ രക്ഷിക്കണമേ എന്ന ഒരു കരച്ചില്‍ എന്റെ ഹൃദയത്തില്‍ നിന്ന് ഉണർന്നു. പക്ഷേ ദൈവങ്ങള്‍ നിസംഗരായിരുന്നു. അവർ മൗനം പാലിച്ചു. വിമോചകർ ഇല്ലെന്ന് മനസിലാക്കാന്‍ എനിക്ക് വർഷങ്ങളെടുത്തു. നമ്മള്‍ സ്വയം മോചിതരാകണം. 'എന്നെ വീട്ടിലേക്ക് പോകാൻ അനുവദിക്കൂ', ആ ക്രൂരന്മാർ എനിക്ക് ചുറ്റുമുണ്ടാക്കിയ ഭയാനകമായ വലയത്തിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ചുകൊണ്ട് ഞാൻ യാചിച്ചു," മഹേഷ് ഭട്ട് ഓർമക്കുറിപ്പില്‍ നിന്ന് വായിച്ചു.
അതില്‍ ഒരാള്‍ തന്റെ പാന്റുകള്‍ വലിച്ചൂരാന്‍ ആജ്ഞാപിച്ചതായി മഹേഷ് ഭട്ട് ഓർക്കുന്നു. അതിനായി ആരോ മുന്നോട്ട് ആയുന്നത് കണ്ട് തന്നെ വെറുതെ വിടണമെന്ന് ഭട്ട് അവരോട് ദയനീയമായി അപേക്ഷിച്ചു. ഏത് മതത്തില്‍പ്പെട്ട ആളാണെന്ന് നിജപ്പെടുത്താനാണ് അവർ പാന്റൂരാന്‍ ശ്രമിച്ചത്. തന്റെ മാതാപിതാക്കളെ അവർ അധിക്ഷേപിച്ചുവെന്നും 'ദ പൂജാ ഭട്ട് ഷോ'യില്‍ സംവിധായകന്‍ വെളിപ്പെടുത്തി.
"നിന്റെ അമ്മ മോശം സിനിമകളില്‍ നൃത്തം ചെയ്യുന്ന മുസ്ലീമല്ലേ. പിന്നെന്തിനാ നിനക്ക് മഹേഷ് എന്ന് പേരിട്ടിരിക്കുന്നത്? അക്രമി സംഘം മഹേഷിനോട് ചോദിച്ചു. തന്റെ പിതാവിനോട് ഇക്കാര്യങ്ങള്‍ പറയുമെന്ന് പറഞ്ഞപ്പോള്‍ അവർ പരിഹസിച്ചുവെന്നും മഹേഷ് ഭട്ട് കൂട്ടിച്ചേർത്തു.
1998ൽ മഹേഷ് ഭട്ട് സംവിധാനം ചെയ്ത 'സഖം' എന്ന ചിത്രം അമ്മ ഷിരിൻ മുഹമ്മദ് അലിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതായിരുന്നു. അജയ് ദേവ്ഗൺ നായകനായ ചിത്രത്തിൽ പൂജാ ഭട്ട് ആണ് ഷിരിന്റെ വേഷം അവതരിപ്പിച്ചത്. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളാണ് ചിത്രത്തിന് ലഭിച്ചത്. മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നർഗീസ് ദത്ത് അവാർഡും അജയ് ദേവ്ഗണിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡും സഖം നേടിക്കൊടുത്തു.