

ഒരേസമയം പല മുഖങ്ങളുള്ള മഴയാണ് പത്മരാജൻ. സിനിമയിൽ, സാഹിത്യത്തിൽ ആ മഴ ഇന്നും രാപ്പകലില്ലാതെ പല സ്വരങ്ങളിൽ ആർത്തലച്ച് പെയ്തുകൊണ്ടിരിക്കുന്നു. പ്രണയവും വിരഹവും അനുകമ്പയും വഞ്ചനയും ഒരുപോലെ നിറഞ്ഞ ഒരു ഹൃദയം ആ എഴുത്തുകാരൻ അനുവാചകന് വാടകയ്ക്ക് നൽകി. ഇന്നും മലയാളിയുടെ ആസ്വാദനത്തെ ആ വാടകയ്ക്ക് ലഭിച്ച ഹൃദയത്തിന്റെ മിടുപ്പുകൾ സ്വാധീനിക്കുന്നുണ്ട്. ജനുവരിയുടെ നഷ്ടങ്ങളിൽ നികത്താനാകാത്ത ഒന്ന് ആ പ്രിയ കഥാകാരന്റെ വിയോഗം തന്നെയാണ്.
തങ്ങളുടെ ആസ്വാദന പരിസരത്തിന് അപ്പുറത്തുള്ളവയും നല്ല സൃഷ്ടികളാകാം എന്ന് (കുറ്റബോധത്തോടെയെങ്കിലും) പലരും ധൈര്യത്തോടെ സമ്മതിക്കാൻ കാരണം പത്മരാജനാണ്. ജീവിച്ചിരുന്ന കാലത്ത് ആ എഴുത്തുകാരനെ (വിശേഷിച്ച് ചലച്ചിത്രകാരനെ) വേണ്ട വിധം ഉൾക്കൊള്ളാൻ മലയാളിക്ക് സാധിച്ചില്ല. എന്നാൽ, മരണശേഷം അദ്ദേഹത്തെ നമ്മൾ ഗഗനചാരിയും ഗന്ധർവനുമാക്കി. ഒരു അലൗകിക പ്രഭ തലയ്ക്ക് ചുറ്റും സ്ഥാപിച്ചു. ഈ വിശേഷണങ്ങൾക്ക് അപ്പുറം മണ്ണിലേക്ക് പതിച്ച ഒരു മഴത്തുള്ളിയായിരുന്നു പി. പത്മരാജൻ എന്ന് വേണം പറയാൻ. മണ്ണിലാണ് അദ്ദേഹം കാൽ ഉറപ്പിച്ചിരുന്നത്. പത്മരാജന്റെ വരികളിൽ തെളിയുന്ന ആത്മവിശ്വാസം ഈ മണ്ണ് നൽകിയതാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമായ 'പെരുവഴിയമ്പല'ത്തിൽ ചക്കിലാട്ടിയ എണ്ണ മണക്കുന്നത്.
നക്ഷത്രങ്ങളെ കാവൽ, ഉദകപ്പോള, ഇതാ ഇവിടെ വരെ, പ്രതിമയും രാജകുമാരിയും, അപരൻ, അവളുടെ കഥ എന്നിങ്ങനെ കൗമാരങ്ങൾ വായിച്ച് ഞെട്ടിയ, രോമാഞ്ചം കൊണ്ട നിരവധി സാഹിത്യ സൃഷ്ടികൾ പത്മരാജൻ സമ്മാനിച്ചിട്ടുണ്ട്. സിനിമയുടെ തിളക്കത്തിൽ പലപ്പോഴും ഇവ പുതിയ കാലത്തിന്റെ കണ്ണിലുടക്കാറില്ല.
ഈ സാഹിത്യ സൃഷ്ടികളോളം ബലമുള്ളവയായിരുന്നു അദ്ദേഹത്തിന്റെ തിരക്കഥകൾ. ഭരതൻ ആദ്യം സംവിധാനം ചെയ്ത 'പ്രയാണ'ത്തിന്റെ തിരക്കഥ പത്മരാജനായിരുന്നു. പിന്നങ്ങോട്ട് നിരവധി തിരക്കഥകൾ. സ്‌ക്രിപ്റ്റ് എഴുത്തിൽ പുതിയ ഒരു ഭാവുകത്വം അദ്ദേഹം കൊണ്ടുവന്നു. രതിയെ പ്രണയത്തിൽ നിന്ന് അടർത്തിയെടുക്കാൻ അദ്ദേഹം മെനക്കെട്ടില്ല. കണ്ണുകളിലൂടെ മാത്രമല്ല കമിതാക്കൾ കഥ പറയുക എന്ന ബോധ്യം എഴുത്തുകാരനുണ്ടായിരുന്നു. തിരക്കഥകൾ അനവധി എഴുതി തീർത്ത ശേഷമാണ് 'പെരുവഴിയമ്പലം' എന്ന സിനിമ പത്മരാജൻ സംവിധാനം ചെയ്യുന്നത്. ഈ സിനിമയിലൂടെ പുതിയ ഒരു ദൃശ്യ ഭാഷ അനുഭവിക്കുകയായിരുന്നു പ്രേക്ഷകർ. പിന്നങ്ങോട്ട് 18 സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം. എന്നാൽ, ഒരാളുടെ കയ്യൊപ്പ് പ്രകടം.
'ഫാന്റസി' എന്നും പത്മരാജൻ കഥകളുടേയും ചലച്ചിത്രങ്ങളുടേയും പ്രധാന മൂലികയാണ്. ഗന്ധർവനിൽ മാത്രമല്ല, ജയകൃഷ്ണനിലും (തൂവാനത്തുമ്പികൾ), ക്യാപ്റ്റൻ തോമസിലും (കൂടെവിടെ?), സക്കറിയയിലും (അരപ്പട്ട കെട്ടിയ ഗ്രാമം), ഫയൽവാനിലും (ഒരിടത്തൊരു ഫയൽവാൻ), ചെറുമകനെ കാത്തിരിക്കുന്ന മൂന്നാംപക്കത്തിലെ അപ്പൂപ്പനിലും എവിടെയൊക്കയോ ആ ഫാന്റസി കിടപ്പുണ്ട്. പ്രണയവും കാമവും തമ്മിലുള്ള അതിര് ഭേദിക്കുന്നിടത്ത്, സ്നേഹം മരണത്തോളം അഗാധമാകുന്നിടത്ത്, ഭുജങ്ങളേക്കാൾ ഹൃദയപേശികൾ കട്ടിവയ്ക്കുമ്പോഴുമാകും ആ 'ഫാന്റസി' പ്രവർത്തിച്ചു തുടങ്ങുക. അതിന് ഗന്ധർവൻ, സ്വർഗത്തിൽ നിന്ന് ബഹിഷ്കൃതനാകേണ്ട കാര്യമില്ല. എഴുത്ത് ഉത്തമഗീതങ്ങളാകേണ്ടതുമില്ല. എന്നിട്ടും, നാം ഇന്നും പത്മരാജൻ എന്ന മനുഷ്യനെ ചുറ്റിപ്പറ്റിയുള്ള മിത്തുകളിൽ മതിമറക്കുന്നു. 'ഞാൻ ഗന്ധർവൻ' എന്ന സിനിമയുടെ ബോക്സ് ഓഫീസ് പരാജയത്തിന് ശേഷമുള്ള പത്മരാജന്റെ മരണം ഗന്ധർവ ശാപം കാരണമാകുമോ എന്ന് സംശയിക്കുന്നു. പത്മരാജൻ കഥകളുടെ ഉൾക്കാമ്പ് കാണാതിരിക്കുന്നു.
1986ൽ ഇറങ്ങിയ 'നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ' എന്ന ചിത്രത്തിലെ സോളമനെയും 'തൂവാനത്തുമ്പി'യിലേ ജയകൃഷ്ണനേയും എല്ലാ പ്രണയദിനത്തിലും കമിതാക്കൾ വാഴ്ത്തുമ്പോൾ മറുവശത്ത് ദിവസേന ഉറക്കം കെടുത്തുന്ന ചില കഥാപാത്രങ്ങളേയും നമുക്ക് കാണാം. രണ്ടാം ഭാര്യയുടെ മകളെ കടന്നുപിടിക്കുന്ന പോൾ പൈലോക്കാരൻ, ഒറ്റമുലച്ചി, മാളു അമ്മ, ഭാസി എന്നിങ്ങനെ പത്മരാജന്റെ നിരവധി കഥാപാത്രങ്ങൾക്ക് ഇനിയും പല വായനകൾക്ക് സാധ്യതയുണ്ട്.
1991 ജനുവരി 23ന് ആണ് പത്മരാജൻ ഈ ലോകത്തോട് വിടപറയുന്നത്. കോഴിക്കോട് പാരമൗണ്ട് ടവേഴ്സിലെ മുറിയിൽ ഉണരാത്ത ഉറക്കത്തിലേക്ക് കഥാകാരൻ കണ്ണടച്ചു. വീണ്ടും ഒരു ജനുവരി 23. ലോല മിൽഫോഡ് എന്ന അമേരിക്കൻ പെൺകിടാവിനോട് കഥാകാരൻ പറഞ്ഞ വരികൾ ഇന്ന് വായിക്കുമ്പോൾ മലയാളിയുടെ നെഞ്ചൊന്ന് പിടച്ചേക്കാം. "വീണ്ടും കാണുക എന്നൊന്ന് ഉണ്ടാവില്ല. ഞാൻ മരിച്ചതായി നീയും, നീ മരിച്ചതായി ഞാനും കണക്കാക്കുക. ചുംബിച്ച ചുണ്ടുകൾക്ക് വിട നൽകുക." എങ്ങനെ വിടനൽകാനാകും? എങ്ങനെ നിങ്ങൾ മരിച്ചതായി കണക്കാക്കാനാകും? നിങ്ങളെ ഓർമിപ്പിച്ചു കൊണ്ട് മഴ പെയ്യുകയല്ലേ...