

ചെന്നൈ: സിനിമ സ്വപ്നം കാണുന്നവർക്ക് അവസരം ഒരുക്കാന്‍ തമിഴ് സംവിധായകന്‍ വെട്രിമാരന്‍. സിനിമയിലെ വിവിധ മേഖലകളില്‍ എത്തിപ്പെടാന്‍ ആഗ്രഹിക്കുന്നവർക്കായി ഒരു പുതിയ വഴി തുറന്നിരിക്കുകയാണ് സംവിധായകന്‍. താല്‍പ്പര്യമുള്ളവർക്ക് വെട്രിമാരന്റെ നിർമാണ കമ്പനിയായ ഗ്രാസ്റൂട്ടിന്റെ ഒഫിഷ്യല്‍ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലേക്കോ മെയില്‍ ഐഡിയിലേക്കോ തങ്ങളുടെ സൃഷ്ടികള്‍ അയയ്ക്കാം. ഇത് തന്റെ നേതൃത്വത്തിലുള്ള ഒരു പ്രത്യേക ടീം വിലയിരുത്തുമെന്നും തെരഞ്ഞെടുക്കപ്പെടുന്നവരെ പ്രൊഡക്ഷന്‍ കമ്പനികള്‍ക്കും സംവിധായകർക്കും ശുപാർശ ചെയ്യുമെന്നും വെട്രിമാരന്‍ അറിയിച്ചു.
"കഴിഞ്ഞ കുറച്ച് ആഴ്ചകളായി, ഞാനുമായി സഹകരിക്കാന്‍ അവസരങ്ങളുണ്ടോ എന്ന് അന്വേഷിച്ച് അഭിനേതാക്കള്‍, സാങ്കേതിക വിദഗ്ധർ, ചലച്ചിത്ര നിർമാതാക്കൾ എന്നിവരിൽ നിന്ന് നിരവധി സന്ദേശങ്ങള്‍ എനിക്ക് ലഭിക്കുകയുണ്ടായി. നിങ്ങൾ ഓരോരുത്തർക്കും കഥപറച്ചിലിനോടും സിനിമയോടുമുള്ള അഭിനിവേശം, സമർപ്പണം, നിങ്ങളുടെ പരിശ്രമം എന്നിവ ഞാൻ ശരിക്കും വിലമതിക്കുന്നു. എന്നാല്‍, ഒരു എഴുത്തുകാരനും സംവിധായകനും എന്ന നിലയിലുള്ള തിരക്കുകള്‍ കാരണം , നിങ്ങള്‍ ഓരോരുത്തരെയായി വ്യക്തിപരമായി കാണാനും വിലയിരുത്താനും സമയം അനുവദിക്കാറില്ല. എന്റെ പ്രൊഡക്ഷൻ ഹൗസായ ഗ്രാസ് റൂട്ട് ഫിലിം കമ്പനി താൽക്കാലികമായി നിർത്തിയതായും നിങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്നു. നിലവിൽ, ചലച്ചിത്ര മേഖലയിലെ പ്രതിഭകളെ മെന്റർ ചെയ്യുന്നതിലും നയിക്കുന്നതിലുമാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്," വെട്രിമാരന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പ്രസ്താവനയില്‍ പറയുന്നു.
"ഈ പ്രക്രിയ സുഗമമാക്കുന്നതിനും അർഹരായ പ്രതിഭകളെ കണ്ടെത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനും, ഞങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡില്‍ വഴി നിങ്ങളുടെ സബ്മിഷനുകള്‍ വിശകലനം ചെയ്യാന്‍ ഒരു ചെറിയ, സമർപ്പിത ടീം ഞാൻ രൂപീകരിച്ചിട്ടുണ്ട്. കൂടാതെ ഇതിനൊപ്പം കൊടുത്തിരിക്കുന്ന ഇമെയിൽ വിലാസത്തിലൂടെയും അഭിനയത്തിലും മറ്റ് സൃഷ്ടിപരമായ മേഖലകളിലുമുള്ള സൃഷ്ടികള്‍ പങ്കുവയ്ക്കാന്‍ താൽപ്പര്യമുള്ളവർക്ക് എന്റെ ടീമുമായി ബന്ധപ്പെടാം. നിങ്ങള്‍ സമർപ്പിച്ച അപേക്ഷകൾ, എന്റെ മാർഗനിർദേശത്തിൽ, അവർ ശ്രദ്ധാപൂർവം അവലോകനം ചെയ്ത ശേഷം അനുയോജ്യരായവരെ പ്രൊഡക്ഷനുകൾക്കും ചലച്ചിത്ര നിർമാതാക്കള്‍ക്കും ശുപാർശ ചെയ്യും," വെട്രിമാരന്‍ കൂട്ടിച്ചേർത്തു.
കാക്കമുട്ടൈ, കൊടി, ലെന്‍സ്, സംഗത്തലൈവന്‍, മാനുഷി, ബാഡ് ഗേള്‍ തുടങ്ങിയ തമിഴില്‍ ഏറെ പ്രശംസ നേടിയ ചിത്രങ്ങള്‍ വെട്രിമാരന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ഗ്രാസ് റൂട്ട് ഫിലിം കമ്പനിയാണ് നിർമിച്ചത്. വര്‍ഷാ ഭരത് സംവിധാനം ചെയ്ത 'ബാഡ് ഗേള്‍' ആണ് ഗ്രാസ് റൂട്ട് കമ്പനി നിർമിച്ച അവസാന ചിത്രം. മാനുഷി, ബാഡ് ഗേള്‍ എന്നീ ചിത്രങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളും ഈ ചിത്രങ്ങളുടെ പേരില്‍ സെന്‍സര്‍ ബോര്‍ഡുമായുണ്ടായ തര്‍ക്കങ്ങളുമാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണമെന്നാണ് വെട്രിമാരന്‍ അറിയിച്ചത്. സിലമ്പരസന്‍ നായകനാകുന്ന അരസന്‍ ആണ് വരാനിരിക്കുന്ന വെട്രിമാരന്‍ ചിത്രം.