

ഡൽഹി: നിതേഷ് തിവാരി സംവിധാനം ചെയ്ത 'രാമായണ: റൈസ് ഓഫ് എ ലെജൻഡ്' എന്ന ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് അടിയന്തരമായി റദ്ദാക്കണമെന്നും പ്രദർശനം നിർത്തിവെക്കണമെന്നും വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. ചിത്രത്തുൽ രാവണനെ മഹത്വവൽക്കരിക്കാൻ ശ്രമിച്ചുവെന്നും മഹർഷി വാൽമീകിയുടെ യഥാർത്ഥ രാമായണത്തിലെ പല ഭാഗങ്ങളും അണിയറപ്രവർത്തകർ വളച്ചൊടിച്ചുവെന്നും ആരോപിച്ചാണ് വി.എച്ച്.പി ശനിയാഴ്ച രംഗത്തെത്തി.
ചിത്രത്തിൽ കെട്ടിച്ചമച്ച സംഭവങ്ങൾ ഉൾപ്പെടുത്തുകയും പ്രധാന കഥാപാത്രങ്ങളെ ഒഴിവാക്കുകയും ചെയ്തതായി വി.എച്ച്.പി ജനറൽ സെക്രട്ടറി ബജ്‌റംഗ് ലാൽ ബഗ്ര പ്രസ്താവനയിൽ ആരോപിച്ചു. ചിത്രം പുറത്തിറങ്ങി ദിവസങ്ങൾക്ക് ശേഷമാണ് സംഘടനയുടെ പ്രതികരണം. ശ്രീരാമന്റെ സാർവത്രിക വ്യക്തിത്വത്തിന്റെ അവിഭാജ്യ ഘടകങ്ങളായ അഹല്യാ മോക്ഷം, നിഷാദരാജൻ ഗുഹനുമായുള്ള സൗഹൃദം, കേവടന്റെ ഭക്തി തുടങ്ങിയ അധ്യായങ്ങൾ സിനിമയിൽ പരാമർശിച്ചിട്ടുപോലുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സന്യാസിമാരെയും യാഗങ്ങളെയും ഗുരുകുലങ്ങളെയും തടസ്സപ്പെടുത്തിയ അസുരന്മാരെ ഉന്മൂലനം ചെയ്യാനുള്ള ശ്രീരാമന്റെ മഹത്തായ ദൗത്യത്തിന് പകരം, ഭാര്യയെ തട്ടിക്കൊണ്ടുപോയതിലുള്ള പ്രതികാരം തീർക്കാനുള്ള വ്യക്തിപരമായ പോരാട്ടമായാണ് ചിത്രത്തിൽ രാമനെ ചിത്രീകരിച്ചിരിക്കുന്നതെന്നും ബഗ്ര കുറ്റപ്പെടുത്തി.
അഹങ്കാരിയായ രാവണനെ അടിച്ചമർത്തപ്പെട്ടവരുടെ വിമോചകനായി മഹത്വവൽക്കരിച്ചുകൊണ്ട് ഒരു രാഷ്ട്രീയ ആഖ്യാനം സൃഷ്ടിക്കാനാണ് സിനിമ ശ്രമിക്കുന്നതെന്ന് വി.എച്ച്.പി ജനറൽ സെക്രട്ടറി ആരോപിച്ചു. അറിവിന്റെയും ഭക്തിയുടെയും ശക്തിയുടെയും പരകോടിയിൽ എത്തിയെങ്കിലും അഹങ്കാരം കാരണം സൃഷ്ടിയിലെ സകല ജീവജാലങ്ങളെയും ഭയപ്പെടുത്തുകയും അടിച്ചമർത്തുകയും ചെയ്ത അധാർമ്മികനായിരുന്നു രാവണൻ എന്ന് രാമായണത്തിന്റെ എല്ലാ പതിപ്പുകളിലും വ്യക്തമായി വിവരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോടിക്കണക്കിന് ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന ഇത്തരം വളച്ചൊടിക്കലുകൾ സമൂഹത്തിന്റെ ധാർമ്മിക അടിത്തറയ്ക്ക് നേരെയുള്ള ആക്രമണമാണെന്നും, ഹിന്ദു സമൂഹത്തിന്റെ വികാരങ്ങൾ വെച്ച് കളിക്കാനുള്ള ഇത്തരം ശ്രമങ്ങൾ സമൂഹം ഒരിക്കലും അംഗീകരിക്കില്ലെന്നും ബഗ്ര പ്രസ്താവനയിൽ വ്യക്തമാക്കി. നമിത് മൽഹോത്രയും യഷും ചേർന്ന് നിർമ്മിച്ച 'രാമായണം: റൈസ് ഓഫ് എ ലെജൻഡ്' എന്ന ചിത്രത്തിൽ രൺബീർ കപൂർ ശ്രീരാമനായും, സായ് പല്ലവി സീതയായും, യഷ് രാവണനായുമാണ് വേഷമിട്ടിരിക്കുന്നത്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ഈ ചലച്ചിത്ര ആവിഷ്കാരത്തിന്റെ ആദ്യ ഭാഗം 2026 നവംബർ 5-നാണ് ലോകമെമ്പാടും റിലീസ് ചെയ്തത്. ചിത്രം ഇതിനകം 1500 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിട്ടുണ്ട്. ചിത്രത്തിന്‍റെ രണ്ടാം ഭാഗം അടുത്തവര്‍ഷം പുറത്തിറങ്ങും.