"ആ സിനിമ നിങ്ങൾ ചെയ്യാതിരുന്നത് നന്നായി"; കിയാരയോട് കഥ പറഞ്ഞ അനുഭവം പങ്കുവച്ച് വിഗ്നേഷ് ശിവൻ

'ടോക്സിക്' സിനിമയുടെ തമിഴ് വേർഷനായി മൂന്ന് ഗാനങ്ങൾ രചിച്ചത് വിഗ്നേഷാണ്
കിയാര അദ്വാനി, വിഗ്നേഷ് ശിവൻ
കിയാര അദ്വാനി, വിഗ്നേഷ് ശിവൻ
Published on
Updated on

'ലവ് ഇൻഷുറൻസ് കമ്പനി' എന്ന തന്റെ സിനിമയുടെ കഥ നടി കിയാര അദ്വാനിയോട് പറഞ്ഞ അനുഭവം തമാശരൂപേണ പങ്കുവച്ച് സംവിധായകൻ വിഗ്നേഷ് ശിവൻ. ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 'ടോക്സിക്' സിനിമയുടെ പ്രീ റിലീസ് ഇവന്റിലായിരുന്നു രസകരമായ സംഭവം.

"കിയാര.. ഞാൻ ഓർക്കുന്നു.. കബീർ സിംഗിന് മുൻപ്, ഒരു കഥ പറയാനായി ഞാൻ കിയാരയെ പോയി കണ്ടിരുന്നു.. ഞാൻ ആ സിനിമ ഇപ്പോൾ ചെയ്തു കഴിഞ്ഞു. 'ലവ് ഇൻഷുറൻസ് കമ്പനി' എന്നാണ് അതിന്റെ പേര്.. നിങ്ങൾ ഭാഗ്യവതിയാണ്.. നിങ്ങൾ അത് ചെയ്യാതിരുന്നത് നന്നായി..," എന്നാണ് വിഗ്നേഷ് പറഞ്ഞത്. യഷ് തനിക്ക് റോൾ മോഡൽ ആണെന്നും സംവിധായകൻ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.

'ടോക്സിക്' സിനിമയുടെ തമിഴ് വേർഷനായി മൂന്ന് ഗാനങ്ങൾ രചിച്ചത് വിഗ്നേഷാണ്. പാൻ-ഇന്ത്യൻ ആക്ഷൻ ചിത്രമായ 'ടോക്സിക്കി'ൽ പ്രധാന വേഷത്തിൽ എത്തുന്ന തന്റെ പങ്കാളി നയൻതാരയ്‌ക്കൊപ്പമാണ് വിഗ്നേഷ് പരിപാടിക്കെത്തിയത്.

പ്രദീപ് രംഗനാഥൻ, കൃതി ഷെട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഗ്നേഷ് ശിവൻ ഒരുക്കിയ 'ലവ് ഇൻഷുറൻസ് കമ്പനി' ബോക്സ് ഓഫീസിൽ വൻ പരാജയമായിരുന്നു. നയൻതാരയുടെ റൗഡി പിക്ചേഴ്സും സെവൻ സ്ക്രീൻ സ്റ്റുഡിയോസും ചേർന്നാണ് ഈ ചിത്രം നിർമിച്ചത്. എസ്.ജെ. സൂര്യ, മിഷ്കിൻ, സുനിൽ റെഡ്ഡി,സീമൻ, യോഗി ബാബു, ഗൗരി കിഷൻ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ.

കിയാര അദ്വാനി, വിഗ്നേഷ് ശിവൻ
"യഷ് എന്നെ വിശ്വസിച്ചപ്പോൾ, എല്ലാവരും എന്നെ വിശ്വസിക്കാൻ തുടങ്ങി"; 'ടോക്സിക്' പ്രീ റിലീസ് ഇവന്റിൽ ഗീതു മോഹൻദാസ്

അതേസമയം, യഷിനെ നായകനാക്കി ഗീതു മോഹൻദാസ് ഒരുക്കിയ 'ടോക്സിക്' ഓഗസ്റ്റ് 26ന് ആഗോളതലത്തിൽ തിയേറ്ററുകളിലേക്കെത്തും. നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. രാജീവ് രവിയാണ് ഛായാഗ്രഹണം.

കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിലാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

News Malayalam 24x7
newsmalayalam.com