

വിവാഹ മോചന വാര്‍ത്തകള്‍ക്കിടയില്‍ ആദ്യമായി പ്രതികരിച്ച് നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്. വനിതാ ദിനത്തില്‍ ടിവികെ സംഘടിപ്പിച്ച പരിപാടിയില്‍ വെച്ചായിരുന്നു വിജയിയുടെ പ്രതികരണം.
ആരോപണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് വിജയ് പറഞ്ഞു. അടുത്ത ദിവസങ്ങളിലായി ചില പ്രശ്‌നങ്ങള്‍ ചുറ്റിത്തിരിയുന്നുണ്ട് എന്ന് പറഞ്ഞ് തുടങ്ങിയായിരുന്നു വിജയ് ടിവികെയുടെ വനിതാ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്.
"എന്നെ കുറിച്ചുള്ള ആരോപണങ്ങളില്‍ പ്രവര്‍ത്തകര്‍ പൊരുതി വിഷമിക്കുന്നത് കാണുന്നുണ്ട്. സത്യത്തില്‍ നിങ്ങള്‍ വിഷമിക്കുന്നത് കാണുമ്പോള്‍ എനിക്കും വിഷമമാകും. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഞാന്‍ നോക്കിക്കോളാം. നമുക്ക് ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാം. എന്റെ പ്രശ്‌നങ്ങള്‍ ഓര്‍ത്ത് വിഷമിക്കേണ്ട, അതൊന്നും അത്ര കാര്യമാക്കേണ്ടതില്ല. ആത്മവിശ്വാസത്തോടെ ഇരിക്കൂ, നല്ലത് മാത്രമേ സംഭവിക്കൂ". എന്നായിരുന്നു വിജയിയുടെ പ്രതികരണം.
കയ്യടിയോടെയാണ് പ്രവര്‍ത്തകര്‍ വിജയിയുടെ വാക്കുകളെ സ്വീകരിച്ചത്.
അതേസമയം, വിവാഹമോചന കേസില്‍ വിജയിയുടെ കുടുംബ വീട്ടില്‍ താമസിക്കാന്‍ അനുവാദം തേടി ഭാര്യ സംഗീത കോടതിയെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. ചെങ്കല്‍പേട്ട് ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ കൂടുതല്‍ വിവരങ്ങളാണ് പുറത്തുവന്നത്.
ബ്രിട്ടീഷ് പൗരയാണെന്നും ചെന്നൈയില്‍ താമസിക്കാന്‍ മറ്റ് സ്ഥലങ്ങള്‍ ഇല്ലെന്നും ഹര്‍ജിയില്‍ സംഗീത പറയുന്നു. കേസ് അവസാനിക്കുന്നത് വരെ നിലവിലെ വസതിയില്‍ തന്നെ താമസിക്കാന്‍ അനുവദിക്കണമെന്നാണ് കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.