ആരാധകര്‍ വളഞ്ഞു; എയര്‍പോര്‍ട്ടില്‍ കാല്‍തെറ്റി വീണ് വിജയ്
ചെന്നൈ: എയര്‍പോര്‍ട്ടില്‍ കാല്‍ തെറ്റി വീണ് ടിവികെ നേതാവും നടനുമായ വിജയ്. മലേഷ്യയില്‍ നിന്ന് തിരിച്ചെത്തിയപ്പോഴായിരുന്നു സംഭവം. ചെന്നൈ എയര്‍പോര്‍ട്ടില്‍ എത്തിയ താരത്തെ ആരാധകര്‍ വളയുകയായിരുന്നു.
ആള്‍ക്കൂട്ടത്തിനിടയിലൂടെ വാഹനത്തിലേക്ക് കയറുന്നതിനിടയിലായിരുന്നു വിജയ് കാല്‍ തെറ്റി വീണത്. വലിയ ആള്‍ക്കൂട്ടമാണ് വിജയിയെ കാണാന്‍ ചെന്നൈ വിമാനത്താവളത്തില്‍ എത്തിയത്. മലേഷ്യയില്‍ ജനനായകന്‍ ഓഡിയോ റിലീസ് ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയെത്തിയതായിരുന്നു താരം.
വിമാനത്താവളത്തില്‍ താരത്തെ ആരാധകര്‍ വളയുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. രാഷ്ട്രീയത്തിലേക്കിറങ്ങിയ വിജയിയുടെ അവസാന ചിത്രമാണ് ജനനായകന്‍. ഡിസംബര്‍ 27 നായിരുന്നു ക്വാലാലംപൂരിലെ ബുക്കിത് ജലീല്‍ സ്റ്റേഡിയത്തില്‍ ഓഡിയോ ലോഞ്ച് നടന്നത്.
ഒരു ലക്ഷത്തോളം ആരാധകരാണ് ഓഡിയോ ലോഞ്ചിനായി എത്തിയത്. അത്തരമൊരു പരിപാടിയില്‍ ഏറ്റവും കൂടുതല്‍ കാണികളെ പങ്കെടുപ്പിച്ചതിന്റെ പേരില്‍ മലേഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി. ശ്രീലങ്ക കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ തമിഴ് പ്രവാസി സമൂഹം മലേഷ്യയാണ്.
2026 ജനുവരി ഒൻപതിന് പൊങ്കൽ റിലീസ് ആയാണ് 'ജന നായകൻ' തിയേറ്ററുകളിലേക്ക് എത്തുന്നത്. വിജയ്‌ക്കൊപ്പം ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരും എത്തുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ ബാനറിൽ 'ജന നായകൻ' നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.

