"അച്ഛന്റെ വില കളഞ്ഞല്ലോ?" വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ച വിസ്മയ മോഹൻലാലിന് നേരെ സൈബർ ആക്രമണം

മറ്റൊരു പേജിലെ കുറിപ്പ് ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയാണ് നടി സമരത്തിന് പിന്തുണ അറിയിച്ചത്
"അച്ഛന്റെ വില കളഞ്ഞല്ലോ?" വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ച വിസ്മയ മോഹൻലാലിന് നേരെ സൈബർ ആക്രമണം
Published on
Updated on

കൊച്ചി: ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ച നടി വിസ്മയ മോഹൻലാലിന് നേരെ സൈബർ ആക്രമണം. 'ഒരു ജനാധിപത്യ രാജ്യം സ്വന്തം പൗരന്മാരോട് ഇങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?' എന്ന ചോദ്യം ഉന്നയിച്ച കുറിപ്പ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചാണ് നടി സമരത്തിന് പിന്തുണയറിയിച്ചത്. 'വിൽ മേക് ഇറ്റ് എസ്കെ' എന്ന പേജിലെ പോസ്റ്റ് പങ്കുവച്ചായിരുന്നു വിസ്മയയുടെ ഐക്യദാര്‍ഢ്യം. ഇതിന് പിന്നാലെ വ്യാപക സൈബർ ആക്രമണമാണ് നടി നേരിടുന്നത്.

"അച്ഛന്റെ വില കളഞ്ഞ മകൾ" എന്നാണ് ഫേസ്ബുക്ക് പോസ്റ്റുകളിലും കമന്റ് ബോക്സുകളിലും നിറയുന്നത്. "പൃഥ്വിരാജിന്റെ ഗതി എന്താണെന്ന് അച്ഛനോട് ചോദിച്ചാൽ പറഞ്ഞുതരും", "അച്ഛന് ദേശീയ പുരസ്കാരം കൊടുക്കാത്തതിനാലാണോ", " ആദ്യ സിനിമയുടെ പ്രൊമോഷന്റെ ഭാഗമാണോ ഇത്", എന്നിങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം, വിസ്മയയുടെ നിലപാടിന് പിന്തുണയറിയിച്ചും സമൂഹമാധ്യമങ്ങളിൽ നിരവധി പോസ്റ്റുകൾ വരുന്നുണ്ട്.

വിസ്മയയ്‌ക്ക് പുറമേ, മലയാള ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസ്, പാര്‍വതി തിരുവോത്ത്,റിമ കല്ലിങ്കൽ, സംവിധായകൻ ആഷിഖ് അബു എന്നിങ്ങനെ നിരവധിപേർ സിജെപി സമരത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇവർക്കെതിരെയും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ കാണാം.

വിസ്മയ പങ്കുവച്ച പോസ്റ്റിന്റെ ഉള്ളടക്കം:

കണ്ണീർവാതകം. ലാത്തിച്ചാർജ്. പരിക്കേറ്റ വിദ്യാർത്ഥികൾ. റോഡ് ഉപരോധം. അടഞ്ഞുകിടക്കുന്ന മെട്രോ സ്റ്റേഷനുകൾ . നഗരത്തിലുടനീളം ശക്തമായ ബാരിക്കേഡുകൾ. ഇന്റർനെറ്റ് വിച്ഛേദിക്കൽ.

നിങ്ങൾക്ക് പ്രതിഷേധക്കാരോട് യോജിക്കേണ്ടതില്ല. അവരുടെ ആവശ്യങ്ങളെ പിന്തുണയ്ക്കേണ്ടതുമില്ല. അതിൽ ഉൾപ്പെട്ടിരിക്കുന്ന സംഘടനകളെ ഇഷ്ടപ്പെടേണ്ടതുപോലുമില്ല.

പകരം, ശബ്ദമുയർത്തുന്ന പൗരന്മാരോടുള്ള പ്രതികരണം ചർച്ചകൾക്ക് പകരമായി അമിതമായ ബലപ്രയോഗമാണെങ്കിൽ, നാം എങ്ങനെയുള്ളൊരു ജനാധിപത്യത്തിലേക്കാണ് മാറുന്നത് എന്ന് നാം ഓരോരുത്തരും ചിന്തിക്കേണ്ടതുണ്ട്.

വിസ്മയയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി
വിസ്മയയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

കാരണം നാളെ, കേൾക്കപ്പെടണം എന്ന് ആഗ്രഹിക്കുന്നത് നിങ്ങളായേക്കാം. നിങ്ങളുടെ നഗരത്തിലോ, നിങ്ങളുടെ അയൽപക്കത്തോ, സ്വന്തം കുടുംബത്തിലോ ആകാം ഇത് സംഭവിക്കുക.

നിങ്ങളോടെല്ലാവരോടും എനിക്ക് ചോദിക്കാനുള്ള ലളിതമായ ചോദ്യമിതാണ്: സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?

News Malayalam 24x7
newsmalayalam.com