98ാമത് ഓസ്കാർ പുരസ്കാരങ്ങൾ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ നടന്ന പുരസ്കാരദാനച്ചടങ്ങിൽ ആറ് അവാർഡുകളുമായി പോൾ തോമസ് ആൻഡേഴ്സൺ ചിത്രം 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ഈ സിനിമയിലെ പ്രകടനത്തിന് ഷോൺ പെൻ ആണ് മികച്ച സഹനടനുള്ള പുരസ്കാരത്തിന് അർഹനായത്. നടന്റെ മൂന്നാം ഓസ്കാർ ആണിത്. എന്നാൽ നടൻ പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയില്ല.
ഷോൺ പെന്നിന് വേണ്ടി നടൻ കീരൻ കൽക്കിൻ ആണ് പുരസ്കാരം ഏറ്റുവാങ്ങിയത്. "അദ്ദേഹത്തിന് ഇവിടെ എത്താൻ സാധിച്ചില്ല, അല്ലെങ്കിൽ അദ്ദേഹം വരാൻ ആഗ്രഹിച്ചില്ല" എന്നാണ് പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് തമാശരൂപേണ കൽക്കിൻ പറഞ്ഞത്. ഇതിന് പിന്നാലെ നടന്റെ അസാന്നിധ്യം വലിയ തോതിൽ ചർച്ചയായി. മണിക്കൂറുകൾക്കുള്ളിൽ തന്നെ എന്തുകൊണ്ടാണ് നടൻ ചടങ്ങിൽ നിന്ന് വിട്ടുനിന്നതെന്ന് വെളിവായി.
ഓസ്കാർ പുരസ്കാര ചടങ്ങ് നടക്കുമ്പോൾ ഷോൺ പെൻ യുക്രെയ്ൻ തലസ്ഥാനമായ കീവിലായിരുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കിയോടൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് നടന്റെ അസാന്നിധ്യത്തിന്റെ കാരണം വ്യക്തമായത്. സെലൻസ്കി തന്നെയാണ് ഈ ചിത്രം പങ്കുവച്ചത്.
"യുക്രെയ്നിന്റെ യഥാർഥ സുഹൃത്ത് ആരാണെന്ന് താങ്കളിലൂടെ ഞങ്ങൾ അറിയുന്നു," എന്നാണ് ചിത്രത്തിനൊപ്പം സെലൻസ്കി എക്സിൽ കുറിച്ചത്. യുദ്ധത്തിന്റെ ആദ്യ ദിവസം മുതൽ യുക്രെയ്നിനൊപ്പം നിന്ന വ്യക്തിയാണ് ഷോൺ പെന്നെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.
"ഷോൺ, നിങ്ങൾക്ക് നന്ദി, യുക്രെയ്നിന്റെ യഥാർത്ഥ സുഹൃത്ത് ആരാണെന്ന് ഞങ്ങൾ അറിയുന്നു. പൂർണതോതിലുള്ള ഈ യുദ്ധം തുടങ്ങിയ ആദ്യ ദിവസം മുതൽ നിങ്ങൾ യുക്രെയ്നിനൊപ്പം നിന്നു. ഇന്നും അത് തുടരുന്നു. ഞങ്ങളുടെ രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി നിങ്ങൾ ഇനിയും ഒപ്പമുണ്ടാകുമെന്ന് ഞങ്ങൾക്കറിയാം," ഷോൺ പെന്നിനൊപ്പമുള്ള ചിത്രത്തിന് അടിക്കുറിപ്പായി സെലൻസ്കി എഴുതി.
നേരത്തെ 'മിസ്റ്റിക് റിവർ' (2003), 'മിൽക്ക്' (2008) എന്നീ ചിത്രങ്ങളിലൂടെ മികച്ച നടനുള്ള ഓസ്കാർ ഷോൺ പെൻ നേടിയിട്ടുണ്ട്. സിനിമയ്ക്ക് പുറമെ ഒരു സാമൂഹിക പ്രവർത്തകൻ കൂടിയായ പെൻ, തന്റെ 'കമ്യൂണിറ്റി ഓർഗനൈസ്ഡ് റിലീഫ് എഫോർട്ട്' ( കോർ) എന്ന എൻജിഒയിലൂടെ യുക്രെയ്നിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ്.