"പ്രിയദർശനും ഫാസിലും ലോകേഷും നേരിടാത്ത ചോദ്യം മാരി സെൽവരാജ് നേരിടുന്നത് എന്തുകൊണ്ട്?"

പതിവ് തെറ്റിക്കാതെ 'ബൈസണി'ലും മാരി സെല്‍വരാജ് ശക്തമായ രാഷ്ട്രീയം സംസാരിക്കുന്നു
മാരി സെല്‍വരാജ് 'പരിയേറും പെരുമാള്‍' ഷൂട്ടിങ് ലൊക്കേഷനില്‍
മാരി സെല്‍വരാജ് 'പരിയേറും പെരുമാള്‍' ഷൂട്ടിങ് ലൊക്കേഷനില്‍Source: Mari Selvaraj
Published on

കൊച്ചി: മാരി സെല്‍വരാജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'ബൈസണ്‍'. പതിവ് തെറ്റിക്കാതെ 'ബൈസണി'ലും സംവിധായകന്‍ ശക്തമായ രാഷ്ട്രീയം സംസാരിക്കുന്നു. സിനിമയില്‍ മാരി ഉന്നയിക്കുന്ന ചോദ്യങ്ങള്‍ ചർച്ചയാകുകയാണ്. അതേസമയം, മാരി സെല്‍വരാജ് തുടരെ 'ജാതിക്കഥകള്‍'‍ മാത്രമാണ് എടുക്കുന്നതെന്ന തരത്തില്‍ വിമർശിക്കുന്നവരെയും കാണാം.

മാരി സെല്‍വരാജ് എന്ന സംവിധായകനെ കേന്ദ്രീകരിച്ചാണ് പലപ്പോഴും ഇത്തരം വിമർശനങ്ങള്‍ നീളുന്നത്. പ്രിയദർശൻ, ഫാസില്‍, ലോകേഷ്, നെൽസണ്‍ എന്നിങ്ങനെയുള്ളവർ തങ്ങളുടെ കംഫോർട്ട് സോണില്‍ തുടർച്ചയായി പടങ്ങളെടുക്കുമ്പോള്‍ ഉണ്ടാകാത്ത ചോദ്യങ്ങള്‍ താന്‍ അനുഭവിച്ച ജാതി വിവേചനങ്ങളെപ്പറ്റി മാരി സെൽവരാജ് സിനിമ എടുത്താൽ ഉയരുന്നത് എന്തുകൊണ്ടാണെന്ന് പറയുകയാണ് സിനിമാ നിരീക്ഷകനായ രാഹുല്‍ ഹംബിള്‍ സനല്‍. തമിഴിൽ പാ രഞ്ജിത്ത്, വെട്രിമാരൻ, മാരി സെൽവരാജ് തുടങ്ങിയവർ തങ്ങളുടെ ജീവിതാനുഭവങ്ങളാണ് സിനിമകളാക്കുന്നത്. അത്തരം അനുഭവങ്ങളിലൂടെ കടന്നുപോകാത്തവർക്ക് മനസിലായില്ലെങ്കിലും അതങ്ങനെയാണെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മാരി സെല്‍വരാജ് 'പരിയേറും പെരുമാള്‍' ഷൂട്ടിങ് ലൊക്കേഷനില്‍
''എന്നെ പോലുള്ളവര്‍ സിനിമയെടുക്കാന്‍ വരുമ്പോള്‍ എല്ലാ സ്വാതന്ത്ര്യവും അവർ തരില്ല''; 'വെളുത്ത നായിക' വിവാദത്തില്‍ മാരി സെല്‍വരാജ്

"മലയാളത്തിൽ പാർശ്വവത്കൃതരുടെ ജീവിതങ്ങൾ തുടർച്ചയായി സിനിമ ആയി തുടങ്ങിയത് പോലും അടുത്ത കാലത്താണ്. മലയാള സിനിമയെ പൊളിറ്റിക്കലി കറക്ട് ആക്കിയ ആ ഗ്രൂപിനെ സ്ഥലപേര് ചേർത്ത് എത്ര തവണ 'മാഫിയ' എന്നു വിളിച്ചാലും അവർ എഴുതിയത് ചരിത്രമാണ്," രാഹുല്‍ എഴുതുന്നു. ഒ. ചന്തുമേനോന്റെ 'ഇന്ദുലേഖ' നോവൽ ഇറങ്ങി ഏതാനും വർഷങ്ങള്‍ക്ക് ശേഷം പ്രസിദ്ധീകരിച്ച ദളിത് ജീവതത്തിലെ ചെറുത്തുനില്‍പ്പ് പ്രമേയമാക്കിയ പോതേരി കുഞ്ഞമ്പു എഴുതിയ 'സരസ്വതി വിജയം' എന്ന സൃഷ്ടി 'ഉത്തമ നോവല്‍' ആയി പരിഗണിക്കപ്പെടാതിരിക്കാനും കാരണം ഇത്തരം ചിന്തഗതിയാണെന്നാണ് രാഹുല്‍ പറഞ്ഞവസാനിപ്പിക്കുന്നത്.

രാഹുല്‍ ഹംബിള്‍ സനലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

മാരി സെൽവരാജിൻ്റെ പുതിയ ചിത്രം ബൈസൺ വൻ വിജയമായതോടെ അദ്ദേഹത്തിൻ്റെ സിനിമകളിൽ തുടർച്ചയായി അവതരിപ്പിക്കുന്ന രാഷ്ട്രീയം വീണ്ടും ചർച്ചയാവുകയാണ്.

പ്രിയദർശൻ തുടർച്ചയായി സ 'വർണ്ണ' മാഹാത്മ്യം സിനിമയിൽ തിരുകി കയറ്റിയിട്ടുണ്ട്.

ഫാസിലിന് തുടർച്ചയായി പ്രണയചിത്രങ്ങൾ മാത്രം ചെയ്യാം. ലോകേഷിനും നെൽസണും വയലൻസ് തുടർച്ചയായി സിനിമക്ക് വിഷയമാക്കാം.

ആരും ചോദിക്കില്ല.

പക്ഷേ മാരി സെൽവരാജ് അദ്ദേഹം അനുഭവിച്ച ജാതി വിവേചനങ്ങളെ പറ്റി സിനിമ എടുത്താൽ അതിനെ എതിർത്തുകൊണ്ട് നൂറ് ചോദ്യങ്ങൾ ഉണ്ടാകുന്നത് എന്തുകൊണ്ടാണ്?

കേരളത്തിലെ ഏറ്റവും പുതിയ പത്രസമ്മേളനത്തിൽ മാരി പറഞ്ഞ ഒരു കാര്യം ശ്രദ്ധേയമാണ്.

"ഞാൻ ഒരു വിഷയം സിനിമയിൽ അവതരിപ്പിച്ചാൽ സെൻസർ ബോർഡ് അത് അനുവദിച്ചില്ലെങ്കിൽ ഞാൻ കോടതിയിൽ പോകും. സുപ്രീം കോടതി വരെ പോകും. അവിടെയും എനിക്ക് നീതി ലഭിച്ചില്ല എങ്കിൽ എൻ്റെ അതേ ആശയത്തെ വേറെ ഒരു തരത്തിൽ , വേറെ വിഷ്വൽസിൽ അടുത്ത സിനിമയിൽ ഞാൻ അവതരിപ്പിച്ചിരിക്കും.

കുട്ടികൾ ഗുളിക കഴിക്കാത്തത് കൊണ്ടാണ് ടോണിക് കണ്ടുപിടിച്ചത്, അതും കഴിച്ചില്ലങ്കിൽ അതേ ഗുണമുള്ള സ്പ്രേ കണ്ടുപിടിക്കും.

അതുപോലെയാണ് എൻ്റെ സിനിമകൾ. ജാതി വിവേചനങ്ങൾക്കെതിരെ എൻ്റെ ആശയങ്ങൾ സിനിമയിൽ കാണിക്കാൻ സമ്മതിച്ചില്ല എങ്കിൽ ഞാൻ മറ്റൊരു വിധത്തിൽ അത് അടുത്ത സിനിമയിൽ കാണിച്ചിരിക്കും"

എന്തുകൊണ്ടാണ് മാരി സെൽവരാജ് എന്ന സംവിധായകൻ തുടർച്ചയായി ഒരേ വിഷയം കൈകാര്യം ചെയ്യുന്നത്?

അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്ന് എങ്ങനെയാണ് സിനിമയിൽ ജാതിവിവേചനങ്ങളെ ചിത്രീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത് എന്ന് മാരി സെൽവരാജിനെ കേൾക്കുന്നവർക്ക് മനസിലാകും.

തിരുനെൽവേലിക്കടുത്ത് ജാതീയത നിലനിൽക്കുന്ന ഒരു ഗ്രാമത്തിൽ നിന്ന് 400 രൂപയുമെടുത്ത് ചെന്നൈയിലേക്ക് ഓടി പോകേണ്ടി വന്ന ഒരു ചെറുപ്പക്കാരൻ.

പത്താം ക്ലാസ് തോറ്റു എങ്കിലും പിന്നീട് ജയിച്ച് ലോ കോളേജിൽ പഠിക്കുമ്പോൾ അവൻ പ്രണയിച്ചത് പോലും മറ്റുള്ളവർക്ക് തെറ്റായിരുന്നു.

അവൻ്റെ ഗ്രാമത്തിൽ ഇപ്പോഴും സർക്കാർ ബസുകൾക്ക് സ്റ്റോപ്പ് ഇല്ല. ചില സ്വകാര്യ ബസുകൾ മാത്രം ആണ് നിർത്തുന്നത്.

സവർണ്ണരുടെ അടുത്ത സീറ്റിൽ ദളിതൻ ഇരിക്കേണ്ടി വരുമോ എന്ന ഭയമാണ് ഇപ്പോഴും അവിടെ.

1999ൽ അളവിലധികം വാഴക്കുലകൾക്കൊപ്പം മനുഷ്യരെയും കുത്തി നിറച്ച ലോറി മറിഞ്ഞ് മരിച്ച മനുഷ്യരിൽ കൗമാരക്കാരി ആയ അവൻ്റെ സ്വന്തം സഹോദരിയും ഉണ്ടായിരുന്നു.

അടുത്ത ഗ്രാമങ്ങളിലേക്ക് വാഴക്കുല ചുമന്ന് കൊണ്ട് പോകാൻ വിധിക്കപ്പെട്ട ദളിതരായ ഗ്രാമവാസികൾക്ക് തിരിച്ച് വാഹന സൗകര്യമൊരുക്കാതെ വാഴക്കുലകൾക്കൊപ്പം തന്നെ മനുഷ്യരെ നിറച്ചവർ നഷ്ടപ്പെടുത്തിയ നിരവധി ജീവനുകളിൽ അവൻ്റെ വല്യച്ഛൻ്റെ മകനും ഉണ്ടായിരുന്നു.

അവിടെ നിന്നാണ് "വാഴൈ " എന്ന മാരി സെൽവരാജിൻ്റെ സിനിമ പിറന്നത്.

തങ്ങൾ അനുഭവിക്കുന്നത് ജാതിവിവേചനമാണ് എന്ന് ഇന്നും തിരിച്ചറിയാത്ത മനുഷ്യരിൽപ്പെട്ടവരാണ് തൻ്റെ മാതാപിതാക്കൾ എന്ന് മാരി പറയുന്നു.

ആ ഗ്രാമത്തിലെ ദളിതർക്ക് സ്വന്തമായി ഭൂമി ഇല്ല.

അവിടെ നിന്നും ഒളിച്ചോടിയ മാരി പല ജോലികൾ ചെയ്ത് ഒടുവിൽ സംവിധായകൻ റാമിൻ്റെ ഓഫീസ് ബോയ് ആയി ജോലി നേടി.

ഒരു ദിവസം രാത്രി തെരുവ് നായകളിൽ നിന്ന്

തൻ്റെ ബോസിനെ രക്ഷിച്ച മാരി, ആ രാത്രി തൻ്റെ ഗ്രാമത്തെ പറ്റിയും ഗ്രാമത്തിലെ ജാതിവിവേചനത്തെ പറ്റിയും അദ്ദേഹത്തോട് സംസാരിക്കുന്നു.

എല്ലാം കേട്ട റാം പറഞ്ഞു

"നാളെ മുതൽ നീ എൻ്റെ അസിസ്റ്റൻഡ് ആണ്. "

നീ അനുഭവിച്ചത് തന്നെ നീ സിനിമയാക്കണം എന്നു പറഞ്ഞതും അദ്ദേഹമാണ്.

പരിയേറും പെരുമാൾ എന്ന ചിത്രം വിജയിച്ചതിന് ശേഷം മാരിയുടെ അച്ഛൻ സെൽവരാജ് ജോലി ചെയ്തിരുന്ന ഒരു പ്രമാണിയുടെ വീട്ടിൽ മാരിക്ക് അവർ വിരുന്നൊരുക്കി. സിനിമാരംഗത്ത് നേട്ടം ഉണ്ടാക്കിയ മാരിയെ അവർ അംഗീകരിച്ചു. പക്ഷേ അപ്പോഴും മാരിയുടെ അച്ഛനോട് ഇരിക്കാൻ ആരും പറഞ്ഞില്ല. മണിക്കൂറുകൾ അയാൾ നിന്നു.

ഇത് കണ്ട മാരി അച്ഛനോട് ചോദിച്ചു. ഇത്രയും കസേരകൾ ഉണ്ടായിട്ടും ഇരിക്കാത്തത് എന്ത് എന്ന്.

"നീ ഇന്ന് വന്നിട്ട് പോകും. എനിക്കവരെ ഇനിയും കാണേണ്ടതല്ലേ?" എന്നു ചോദിക്കുകയായിരുന്നു അച്ഛൻ!

ആ സംഭവത്തിൽ നിന്നാണ് മാമന്നൻ എന്ന സിനിമ ഉണ്ടായത്.

ഇന്ന് മാരി സെൽവരാജ് താമസിക്കുന്നത് ലക്ഷങ്ങൾ മതിക്കുന്ന ആഢംബര വീട്ടിലാണ്. അദ്ദേഹം തൻ്റെ ഗ്രാമത്തിലേക്ക് വരുന്ന വാഹനം മിനി കൂപ്പറാണ്.

സംവിധായകൻ പാ രഞ്ജിത്തിൻ്റെ സഹോദരൻ്റെയും അമ്മയുടെയും അഭിമുഖം Youtube ൽ കണ്ടിരുന്നു.

അവരും പറയുന്നുണ്ട് അവരുടെ ഗ്രാമത്തിലെ ജാതി വിവേചനങ്ങളെ പറ്റി.

ഇന്ന് പാ രഞ്ജിത്ത് കോടീശ്വരൻ ആണ്. പക്ഷേ സഹോദരൻ പറയുന്നത്

"നിങ്ങൾക്കറിയാമോ ഗ്ലാസിൽ പോലും ഞങ്ങൾക്ക് വെള്ളം തരാത്തവർ ഉണ്ടായിരുന്നു. ഒഴിച്ച് തന്ന വെള്ളം കൈ കുമ്പിളിൽ ഞാൻ കുടിച്ചിട്ടുണ്ട് "

പാ രഞ്ജിത്തിൻ്റെ സഹോദരൻ്റെ പ്രായം വച്ച് നോക്കിയാൽ ഇവിടെ നമ്മളിൽ ഭൂരിഭാഗവും ഇതൊന്നുമറിയാതെ ജീവിച്ച സമീപകാലഘട്ടത്തിലെ അവസ്ഥയെ പറ്റിയാണ് അദ്ദേഹം പറയുന്നത്.

എന്തൊക്കെ പറഞ്ഞാലും തമിഴിൽ പാ രഞ്ജിത്ത്, വെട്രിമാരൻ, മാരി സെൽവരാജ് തുടങ്ങിയവർ സെല്ലുലോയിഡിൽ വരച്ച് കാണിക്കുന്നത് അവർ അനുഭവിച്ച ജീവിതങ്ങൾ തന്നെയാണ്. അതനുഭവിക്കാത്തവർക്ക് അത് മനസിലായില്ലെങ്കിലും....!

ഇങ്ങ് മലയാളത്തിൽ പാർശ്വവത്കൃതരുടെ ജീവിതങ്ങൾ തുടർച്ചയായി സിനിമ ആയി തുടങ്ങിയത് പോലും അടുത്ത കാലത്താണ്.

മലയാള സിനിമയെ പൊളിറ്റിക്കലി കറക്ട് ആക്കിയ ആ ഗ്രൂപിനെ സ്ഥലപേര് ചേർത്ത് എത്ര തവണ "മാഫിയ " എന്നു വിളിച്ചാലും അവർ എഴുതിയത് ചരിത്രമാണ്. ഇന്ദുലേഖ നോവൽ രചിക്കപ്പെട്ടതിന് തൊട്ടടുത്ത വർഷങ്ങളിൽ തന്നെ (1892)

ദളിതനോടുള്ള ക്രൂരമായ അടിച്ചമർത്തലും, അവൻ്റെ ചെറുത്തു നിൽപ്പും, പ്രതികാരവും, വിജയവും പ്രമേയമാക്കി, പോതേരി കുഞ്ഞമ്പു എഴുതിയ "സരസ്വതി വിജയം " എന്ന നോവൽ മലയാള സാഹിത്യ ചരിത്രത്തിൽ "ലക്ഷണ"മൊത്ത നോവലിൻ്റെ ഗണത്തിൽ പെടാതെ പോയതും ഇത് കൊണ്ടൊക്കെ തന്നെയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com