

മുംബൈ: ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രം എന്ന വിശേഷണവുമായാണ് നിതേഷ് തിവാരിയുടെ 'രാമായണ' എത്തുന്നത്. മെഗാ ബജറ്റിൽ ഇതിഹാസത്തെ വെള്ളിത്തിരയിലെത്തിക്കുന്ന സിനിമയുടെ ട്രെയ്‌ലറിനായി ഏറെ നാളായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. നേരത്തെ, ജൂലൈ 24ന് റിലീസ് ചെയ്യാനിരുന്ന ട്രെയ്‌ലർ അവസാന മണിക്കൂറിൽ മാറ്റിവയ്‌ക്കുകയായിരുന്നു. ഇപ്പോഴിതാ, സിനിമയുടെ പുതിയ ട്രെയ്‌ലർ റിലീസ് തീയതി പങ്കുവച്ചിരിക്കുകയാണ് നിർമാതാവ് നമിത് മൽഹോത്ര.
വ്യാഴാഴ്ച (ജൂലൈ 30) പുലർച്ചെ 4:15ന് 'രാമായണ' ട്രെയ്‌ലർ ആഗോളതലത്തിൽ പ്രേക്ഷകരിലേക്ക് എത്തും. ബ്രാഹ്മമുഹൂർത്തം കണക്കാക്കിയാണ് അണിയറപ്രവർത്തകർ ട്രെയ്‌ലർ റിലീസ് സമയം നിശ്ചയിച്ചിരിക്കുന്നത്. ഏകദേശം നാല് മിനിറ്റും 15 സെക്കൻഡും ദൈർഘ്യമുള്ളതായിരിക്കും ട്രെയ്‌ലർ എന്നാണ് സൂചന. സാൻ ഡിയാഗോയിൽ നടന്ന കോമിക്-കോണിൽ 'രാമായണ' ട്രെയ്‌ലർ പ്രദർശിപ്പിച്ചിരുന്നു. അന്താരാഷ്ട്ര പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിച്ചത്. ഇതിനു പിന്നാലെയാണ് സോണി പിക്ചേഴ്സ് എന്റർടെയ്‌ൻമെന്റ് സിനിമയുടെ അന്താരാഷ്ട്ര വിതരണത്തിൽ പങ്കാളികളാകുന്ന വിവരം അണിയറപ്രവർത്തകർ പങ്കുവച്ചത്. ഇതോടെ, സോണിയുടെ പുതിയ ചിത്രമായ 'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ'യ്‌ക്കൊപ്പം 'രാമായണ' ട്രെയ്‌ലറും ഇന്ത്യയിലുടനീളം കാണിക്കുമെന്ന പ്രചാരണം വ്യാപകമായി. ഇത് ലക്ഷ്യം വച്ചാണ് മുൻ നിശ്ചയിച്ച തീയതിയിൽ നിന്ന് ട്രെയ്‌ലർ റിലീസ് മാറ്റിയതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഈ കാര്യം സിനിമയുടെ അണിയറപ്രവർത്തകർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിങ്ങനെ വൻ താരനിര അണിനിരക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം രണ്ട് ഭാഗങ്ങളായാണ് എത്തുന്നത്. 'രാമായണം: ഭാഗം 1' 2026 ദീപാവലിക്ക് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം നിലവിൽ പുരോഗമിക്കുകയാണ്. ഇത് 2027 ദീപാവലിക്ക് പുറത്തിറങ്ങും.
പ്രൈം ഫോക്കസ് സ്റ്റുഡിയോസിന്റെ ബാനറിൽ നമിത് മൽഹോത്ര, എട്ട് തവണ അക്കാദമി അവാർഡ് നേടിയ വിഷ്വൽ ഇഫക്ട്സ് സ്റ്റുഡിയോയായ ഡിഎൻഇജി, യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഓസ്കാർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്നാണ് ചിത്രത്തിന് സംഗീതം നൽകുന്നത്.