"ഗംഭീര എഴുത്തുകാരി, ചെയ്യുന്ന കാര്യങ്ങളിൽ ഉറച്ച ബോധ്യമുള്ളയാൾ"; ഗീതു മോഹൻദാസിനെ പ്രശംസിച്ച് യഷ്

ജൂൺ നാലിനാണ് 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്' റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്
യഷ്, ഗീതു മോഹൻദാസ്
യഷ്, ഗീതു മോഹൻദാസ്
Published on
Updated on

യഷിനെ നായകനാക്കി ഗീതു മോഹൻദാസ് ഒരുക്കുന്ന ചിത്രമാണ് 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്'. 'കെജിഎഫി'ന് ശേഷം യഷ് അഭിനയിക്കുന്ന ചിത്രത്തിനായി ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. സിനിമയുടെ ടീസറിലെ ചില രംഗങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ലൈംഗിക ചുവയുള്ളതും പ്രകോപനപരവുമായ ദൃശ്യങ്ങൾ ടീസറിലുണ്ടെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആക്ഷേപം. എന്നാൽ, അണിയറപ്രവർത്തകർ ഇത്തരം വിമർശനങ്ങളോട് പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ, ഗീതുവിന്റെ കാഴ്ചപ്പാടിനെ പിന്തുണച്ചുകൊണ്ട് സിനിമയുടെ നിർമാണപങ്കാളി കൂടിയായ യഷ് തന്നെ രംഗത്തെത്തിയിരിക്കുന്നു.

ലാസ് വെഗാസിൽ നടന്ന സിനിമാകോൺ 2026ൽ സംസാരിക്കുമ്പോഴാണ് യഷ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയിൽ ആക്ഷൻ സിനിമകൾ സാധാരണയായി പുരുഷ സംവിധായകരുടെ മേഖലയായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ഒരു ഗ്യാങ്സ്റ്റർ സിനിമ ഒരു സ്ത്രീയുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്നത് തികച്ചും വ്യത്യസ്തവും പുതുമയുള്ളതുമായ അനുഭവമാണെന്ന് യഷ് വ്യക്തമാക്കി.

യഷ്, ഗീതു മോഹൻദാസ്
"ഞങ്ങളുടെ പുതിയ സുഹൃത്ത്"; മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് 'ദ ചെയിന്‍സ്മോക്കേഴ്സ്', ചിത്രം വൈറൽ

ഗീതുവിന്റെ വ്യക്തമായ കാഴ്ചപ്പാടും എഴുത്തും തന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചുവെന്നും യഷ് പറഞ്ഞു. "അവരുടെ ചിന്തകൾ വളരെ വ്യക്തമാണ്, ചെയ്യുന്ന കാര്യങ്ങളിൽ അവർക്ക് ഉറച്ച ബോധ്യമുണ്ട്. കൂടാതെ അവർ ഒരു മികച്ച എഴുത്തുകാരി കൂടിയാണ്. എനിക്ക് അവരിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. മോഹങ്ങൾ, പ്രണയം, ഇന്ദ്രിയാനുഭൂതികൾ തുടങ്ങിയ വികാരങ്ങളെ ഒരു സ്ത്രീക്ക് എങ്ങനെയൊക്കെ അവതരിപ്പിക്കാൻ കഴിയുമെന്നത് തികച്ചും വ്യത്യസ്തമായ ഒന്നാണ്. ഈ സിനിമയുടെ യാത്രയിലാണ് ഞാനത് തിരിച്ചറിഞ്ഞത്," യഷ് പറഞ്ഞു.

യഷ്, ഗീതു മോഹൻദാസ്
യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി 'ഓപ്പറേഷൻ ത്രാൽ'; ജയസൂര്യ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

സിനിമയുടെ 'ഇൻട്രൊഡ്യൂസിങ് രായ' എന്ന വീഡിയോയിലെ ചില രംഗങ്ങളാണ് വിമർശനങ്ങൾക്ക് കാരണമായത്. ടീസറിനെതിരെ ആം ആദ്മി പാർട്ടി വനിതാ വിഭാഗം കർണാടക സംസ്ഥാന വനിതാ കമ്മീഷനിൽ ഔദ്യോഗിക പരാതി നൽകിയിരുന്നു. ഈ പരാതിയുടെ പശ്ചാത്തലത്തിൽ നടപടി ആവശ്യപ്പെട്ട് സെൻസർ ബോർഡിന് കമ്മീഷൻ കത്തും അയച്ചിരുന്നു. എന്നാൽ, യൂട്യൂബിൽ മാത്രം റിലീസ് ചെയ്ത ടീസർ തങ്ങളുടെ അധികാരപരിധിയിൽ വരുന്നതല്ലെന്നായിരുന്നു സിബിഎഫ്‌സിയുടെ മറുപടി. തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകൾക്കും ട്രെയ്‌ലറുകൾക്കും മാത്രമാണ് സർട്ടിഫിക്കേഷൻ നിർബന്ധമെന്നും ബോർഡ് വ്യക്തമാക്കി.

ജൂൺ നാലിന് ആണ് 'ടോക്സിക്' റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. യഷിന് പുറമേ നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവരാണ് 'ടോക്സിക്കി'ലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്. യഷ് തിരക്കഥയെഴുതി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമായാണ് ഒരേസമയം ചിത്രീകരിച്ചത്. കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ ചിത്രം മൊഴിമാറ്റിയും പ്രദർശനത്തിനെത്തും. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമാണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com