

ചെന്നൈ: നടി ഗൗരി കിഷന് എതിരായ ബോഡി ഷേമിങ് പരാമർശത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ ആർ.എസ്. കാർത്തിക്. തൻ്റെ ചോദ്യം തെറ്റിദ്ധരിക്കപ്പെട്ടു എന്നാണ് യൂട്യൂബറിന്റെ വാദം. നടിക്ക് മനോവിഷമമുണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നതായി ആർ.എസ്. കാർത്തിക് അറിയിച്ചു.
"രണ്ട് മൂന്ന് ദിവസമായി ഗൗരി കിഷൻ വിഷയത്തിൽ ഞാന്‍ മാനസിക സംഘർഷത്തിലാണ്. ഞാൻ ഒരു വിധത്തിൽ ചോദിച്ചു അവർ മറ്റൊരു വിധത്തില്‍ കേട്ടു. സ്റ്റുപ്പിഡ്, സെന്‍സില്ലാത്ത ചോദ്യം എന്നാണ് അവർ പറഞ്ഞു. അതുകൊണ്ടാണ് അടുത്ത പ്രസ് മീറ്റിൽ ചോദ്യങ്ങള്‍ ചോദിച്ചത്. ഞാന്‍ അവരെ ബോഡി ഷെയിം ചെയ്തിട്ടില്ല. ജോളിയായിട്ടാണ് ചോദ്യം ചോദിച്ചത്. അവരെ വിഷമിപ്പിക്കണമെന്നത് എന്റെ ഉദ്ദേശ്യമായിരുന്നില്ല. അവർക്ക് ഏതെങ്കിലും വിധത്തിൽ മനോവിഷമം ഉണ്ടായിട്ടുണ്ടങ്കില്‍ മാപ്പ് ചോദിക്കുന്നു, ആർ.എസ് കാർത്തിക്ക് പറഞ്ഞു.
തമിഴ് ചിത്രം ‘അദേഴ്‌സി’ന്റെ പ്രമോഷനിടെയായിരുന്നു യൂട്യൂബർ ആർ.എസ് കാർത്തിക്കിന്റെ ദേഹനിന്ദാപരമായ ചോദ്യങ്ങള്‍. ഇത് വലിയ തോതിൽ വിമർശിക്കപ്പെട്ടിരുന്നു. നടിയുടെ ഭാരമെത്രയെന്നായിരുന്നു ആർ.എസ്. കാർത്തിക്കിന്റെ ചോദ്യം. ഈ ചോദ്യമാണ് ഗൗരിയെ ചൊടിപ്പിച്ചത്. സിനിമയെക്കുറിച്ച് ചോദിക്കാതെ ഇത്തരം ചോദ്യങ്ങൾ എന്തിന് ചോദിക്കുന്നു എന്നായി ഗൗരി. പിന്നാലെ പ്രസ് മീറ്റിൽ കൂടിയ മാധ്യമപ്രവർത്തകർ ഒന്നടങ്കം നടിക്ക് നേരെ തിരിയുകയായിരുന്നു. ചോദ്യം തന്നെ വിഡ്ഢിത്തരമാണെന്നും യൂട്യൂബർ മാപ്പു പറയണമെന്നുമാണ് ഗൗരി ആവശ്യപ്പെട്ടത്. ഇതോടെ പ്രസ്മീറ്റ് വലിയ തർക്കത്തിലേക്ക് കടക്കുകയായിരുന്നു.
അതേസമയം, ദേഹനിന്ദ നടത്തുന്നവരോട് കൃത്യ സമയത്ത് തന്നെ എല്ലാ പെൺകുട്ടികളും പ്രതികരിക്കണമെന്ന് നടി ഗൗരി കിഷൻ പറഞ്ഞു. താനും അതാണ് ചെയ്തതെന്നും നടി വ്യക്തമാക്കി.