

ഒരുകാലത്ത് ഒരുമിച്ച് പരിപാടികളിൽ പങ്കെടുക്കുകയും സഹോദരിമാരെപ്പോലെ പെരുമാറുകയും ചെയ്തിരുന്നവരാണ് സിഡ്നി സ്വീനിയും സെൻഡായയും. എന്നാൽ യൂഫോറിയ താരങ്ങൾ തമ്മിൽ ഇപ്പോൾ അത്ര സുഖത്തിലല്ല എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. പക്ഷേ ഈ പിണക്കത്തിന് കാരണം വ്യക്തിപരമല്ല ഇരുവരുടേയും രാഷ്ട്രീയ നിലപാടുകളിലെ വ്യത്യാസമാണെന്നാണ് സൂചന.
28കാരിയായ ഹോളിവുഡിൻ്റെ യുവതാരങ്ങളിൽ ശ്രദ്ധേയയായ സിഡ്‌നി സ്വീനി താൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ അനുകൂലിയാണെന്നും റിപ്പബ്ലിക്കൻ വോട്ടറാണെന്നും സ്വയം പ്രഖ്യാപിച്ച ആളാണ്. എന്നാൽ ട്രംപിനെതിരെ പരസ്യമായി രംഗത്തെത്തിയയാളാണ് സെൻഡായ. 2020ൽ ട്രംപിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ സെൻഡായ സ്റ്റോറി വരെ പങ്കുവെച്ചിരുന്നു.
ഇതിനു പുറമേ സിഡ്നി സ്വീനി ഈയടുത്ത് അഭിനയിച്ച അമേരിക്കൻ ഈഗിളിൻ്റെ പരസ്യചിത്രവും വൻ വിമർശനം നേരിട്ടിരുന്നു. പരസ്യചിത്രത്തിൽ വംശീയ പരാമർശമുണ്ട് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. പരസ്യത്തിലെ ' സിഡ്നി സ്വീനി ഹാസ് ഗ്രേറ്റ് ജീൻസ് ' എന്ന വാചകം 'ജീൻസിനെയും''ജീനുകളെയും' ബന്ധിപ്പിക്കുന്ന പദപ്രയോഗമാണെന്നായിരുന്നു വിമർശനം . എന്നാൽ പരസ്യത്തെ സംബന്ധിച്ച ചോദ്യത്തിന് "ആളുകൾ ചിന്തിക്കുന്നതിനേക്കാൾ കാര്യങ്ങളെക്കുറിച്ച് എനിക്ക് വളരെയധികം ബോധമുണ്ട്" താൻ എന്താണ് ചെയ്യുന്നതെന്ന് തനിക്കറിയാമെന്നായിരുന്നു സ്വീനിയുടെ പ്രതികരണം. ഇതും സെൻഡായയുമായുള്ള അഭിപ്രായ വ്യത്യാസത്തിന് കാരണമായതായി മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.
യൂഫോറിയ സീസൺ 3യ്ക്കായി സഹതാരം സ്വീനിയുമൊത്തുള്ള പത്രസമ്മേളനം നടത്താൻ സെൻഡായ വിസമ്മതിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. തുടർന്നാണ് ഇരുവരും തമ്മിൽ നല്ല ബന്ധത്തിലല്ലെന്ന അഭ്യൂഹങ്ങൾ പരന്നു തുടങ്ങിയത്. "അവർ അത് ചെയ്യാൻ വിസമ്മതിക്കുന്നതിൽ അതിശയമൊന്നുമില്ല. സെൻഡായയ്ക്ക് അത്തരമൊരു അവസ്ഥയിൽ ആയിരിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്, കാരണം അവൾ സിഡ്‌നിയുടെ അരികിൽ റെഡ് കാർപെറ്റിൽ നിന്നാൽ പോലും, ട്രംപിനെക്കുറിച്ചുള്ള സിഡ്‌നിയുടെ വീക്ഷണങ്ങളെയും വംശീയ പരസ്യത്തിന് ക്ഷമാപണം നടത്താൻ വിസമ്മതിച്ചതിനെയും അവർ ന്യായീകരിക്കുന്നതായി തോന്നും ," എന്നാണ് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തത്.