മഹാപ്രളയത്തിൻ്റെ ഒരു നൂറ്റാണ്ട്!

1924 ജൂലൈ 15ന് പുലർച്ചെയാണ് കേരളത്തിലെ നഗരങ്ങളും ഗ്രാമങ്ങളും മുങ്ങാൻ തുടങ്ങിയത്
1924ലെ പ്രളയത്തിൽ മുങ്ങിയ മൂന്നാർ
1924ലെ പ്രളയത്തിൽ മുങ്ങിയ മൂന്നാർ
Published on

കേരളം കണ്ട മഹാപ്രളയത്തിന് ഇന്നേക്ക് നൂറു വർഷം. 1924 ജൂലൈ 15ന് പുലർച്ചെയാണ് കേരളത്തിലെ നഗരങ്ങളും ഗ്രാമങ്ങളും മുങ്ങാൻ തുടങ്ങിയത്. ഇന്നത്തെ കേരള അതിർത്തിയിലുള്ള എൺപതു ശതമാനത്തേയും ബാധിച്ച പ്രളയമായിരുന്നു അത്.

1924 ജൂലൈ 14 അർധരാത്രി. സമുദ്ര നിരപ്പിൽ നിന്ന് ഒന്നര കിലോമീറ്റർ ഉയരമുള്ള മൂന്നാറിൽ തുള്ളിക്ക് ഒരു കുടം എന്ന പഴഞ്ചൊല്ല് യാഥാർഥ്യമായ രീതിയിൽ മഴ പെയ്തു. വെറും പത്തു മിനിറ്റ് കൊണ്ട് ഒരു കിണർ വരെ നിറയുന്ന സ്ഥിതി. മൂന്നാറിൽ മാത്രം അന്ന് 487.5 സെന്‍റിമീറ്റർ മഴ പെയ്തു.

രാജ്യത്തെ ആദ്യ മോണോ റെയിലിന്‍റെ പാളങ്ങൾ ഒലിച്ചുപോകുകയും തീവണ്ടി കഷ്ണങ്ങളായി ചിതറുകയും ചെയ്തു. റെയിൽവേ സ്റ്റേഷൻ നിന്നിരുന്നിടം ഒരു കുഴിയായി മാറി. ഒരാണ്ടിനു ശേഷം ഒരു കിലോമീറ്റർ അകലെ മറ്റൊരു മൂന്നാർ സിറ്റി ജനിച്ചെങ്കിലും അന്നൊലിച്ചുപോയ റെയിൽവേ നൂറാം വർഷവും മടങ്ങിവന്നിട്ടില്ല. മൂന്നാറിൽ ഒഴുകി വന്ന മരങ്ങൾ അടിഞ്ഞു രൂപപ്പെട്ട തടയണ ഉണ്ടായിരുന്നു. ആ തടയണയെയും തകർത്ത് ഉരുൾപൊട്ടി. മലമേൽ ഒരു സമുദ്രം പോലെ വെള്ളം തിരയടിച്ചെത്തി.

അന്ന് തകർന്നടിഞ്ഞത് മൂന്നാർ മാത്രമായിരുന്നില്ല, മലകളെല്ലാം ഇടിഞ്ഞിറങ്ങി. കുട്ടനാട് വലിയൊരു തടാകമായി മാറിയപ്പോൾ വെള്ളപ്പൊക്കം എന്ന കഥയിൽ തകഴി എഴുതിയതുപോലെ വീടിന്‍റെ പരണിയിൽ കയറി നിന്ന് മനുഷ്യനും ആടും നായയും കോഴിയും ഒരുപോലെ രക്ഷയ്ക്കായി കേണു.

ആര്യങ്കാവിൽ മല ഇടിഞ്ഞു, തിരുനെൽവേലി തീവണ്ടിപ്പാളം ഒലിച്ചുപോയി, അമ്പലപ്പുഴയിലും ആലപ്പുഴയിലും കോട്ടയത്തും ചങ്ങനാശ്ശേരിയിലും പറവൂരും ദുരിതാശ്വാസ ക്യാംപുകളിലായി 28,000 മനുഷ്യരെത്തി. വന്ന ഓരോരുത്തരും കാണാതായ ഒന്നോ രണ്ടോ ആളുകളെ അന്വേഷിച്ചു. കാണാതായവരിൽ ബഹുഭൂരിപക്ഷവും മടങ്ങി വന്നില്ല. മട്ടാഞ്ചേരിയും ഫോർട്ടുകൊച്ചിയും തിരകളാൽ മൂടപ്പെട്ടു. ആലുവ നഗരത്തിനുമേൽ ചത്തകാലികളും മനുഷ്യരും ഒഴുകി നടന്നു. ചാലക്കുടിച്ചന്ത ഇല്ലാതായി. ഒറ്റപ്പാലവും പട്ടാമ്പിയും ഭാരതപ്പുഴ കൊണ്ടുപോയി.

കേരളമൊട്ടാകെ അന്ന് പെയ്തത് 3463 മില്ലീ മീറ്റർ മഴയാണ്. 2018ൽ മുങ്ങിയപ്പോൾ പെയ്തത് 2517 മാത്രമാണ് എന്ന് ഓർക്കുമ്പോൾ അറിയാം ഇരുപത്തിനാലിലെ പെയ്ത്തിന്റെ കനവും കല്ലിപ്പും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com