കേരളീയ ചുമര്‍ചിത്രകലയെ രാഷ്ട്രപതി ഭവനിലെത്തിച്ച മലയാളി | അഭിമുഖം

കേരളീയ ചുമര്‍ചിത്രകലയെ രാഷ്ട്രപതി ഭവനിലെത്തിച്ച മലയാളി | അഭിമുഖം

"രാഷ്ട്രപതി ഭവനിലെ മ്യൂസിയത്തില്‍ വെച്ച് നടന്ന ഒരാഴ്ച നീണ്ട രചനാക്യാമ്പില്‍ വരച്ചത് പഞ്ചതന്ത്രം കഥയിലെ മത്സ്യവും തവളയും തമ്മിലുള്ള കഥയാണ്. മൂന്നര അടി നീളവും രണ്ടര അടി വീതിയുമുള്ള ക്യാന്‍വാസില്‍ അക്രിലിക് (Acrylic) നിറങ്ങളുപയോഗിച്ചാണ് വരച്ചത്"
Published on
Summary

കേരളത്തിന്റെ ദൃശ്യപാരമ്പര്യത്തില്‍ ആഴത്തില്‍ വേരൂന്നിയ ചുമര്‍ചിത്രകല, പ്രധാനമായും ക്ഷേത്രഭിത്തികളില്‍ നിന്ന് വികസിച്ചുവന്ന ഒരു സവിശേഷ കലാരൂപമാണ്. ആയിരം വര്‍ഷത്തിലേറെ നീളുന്ന പാരമ്പര്യവും, സമൃദ്ധമായ രചനാശൈലിയുമുണ്ടായിട്ടും, കേരള ചുമര്‍ചിത്രകലക്ക് ദേശീയതലത്തില്‍ പലപ്പോഴും വേണ്ടത്ര ശ്രദ്ധ ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ, ഗുരുവായൂര്‍ ചുമര്‍ചിത്ര പഠനകേന്ദ്രത്തിന്റെ പ്രിന്‍സിപ്പലായ ശ്രീ എം. നളിന്‍ ബാബുവിന്, രാജ്യത്തിന്റെ ഏറ്റവും ഉന്നതമായ വേദിയായ രാഷ്ട്രപതി ഭവനില്‍ ചിത്ര രചനയ്ക്കായി ക്ഷണം ലഭിച്ചതും, രാഷ്ട്രപതിയുടെ ആദരം നേരിട്ട് സ്വീകരിക്കുവാന്‍ കഴിഞ്ഞതും ഒരു ചെറിയ കാര്യമായി കാണുവാന്‍ സാധിക്കില്ല. കലാകാരന്മാര്‍ക്ക് അപൂര്‍വ്വമായി ലഭിക്കുന്ന ഇത്തരം അംഗീകാരം, ഈ കലാരൂപത്തിന്റെ ദൃശ്യതയെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നതില്‍ ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട് എന്നതില്‍ സംശയമില്ല.

സങ്കീര്‍ണ്ണമായ കേരള ചുമര്‍ചിത്രരചനാശൈലിയില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ എം. നളിന്‍ ബാബു, ഈ കലാരൂപത്തെ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളിലും, പുതുതലമുറയിലെ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്ന അധ്യാപകനെന്ന നിലയിലും സജീവ സാന്നിധ്യമാണ്. പരമ്പരാഗത ക്ഷേത്രഭിത്തികളില്‍ നിന്നാരംഭിച്ച് വിവിധ ഉപരിതലങ്ങളിലേക്ക് രചനകളെ വ്യാപിപ്പിച്ച് അദ്ദേഹം തന്റെ കലാപ്രതിഭ തെളിയിച്ചിട്ടുമുണ്ട്. പെരുവല്ലൂരിലെ കവി കെ. ബി. മേനോന്റെ മകനായ നളിന്‍ബാബു 2024ലെ സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേത്രകല അക്കാദമി അവാര്‍ഡ് ലഭിച്ചയാളാള്‍ കൂടിയാണ്.

ബുദ്ധി, വിവേകം, സാമര്‍ത്ഥ്യം, ഐക്യം എന്നിവ പ്രതിപാദിക്കുന്ന മീനിന്റേയും തവളയുടെയും പഞ്ചതന്ത്രം കഥയാണ് ചുമര്‍ ചിത്രശൈലിയില്‍ ശ്രീ നളിന്‍ബാബു രാഷ്ട്രപതി ഭവനില്‍ വച്ചു നടന്ന വര്‍ക്ക്‌ഷോപ്പില്‍ വരച്ചത്. അപൂര്‍വ്വമായ ഈ നേട്ടം സ്വന്തമാക്കിയ കലാകാരനോടൊപ്പം, അദ്ദേഹത്തിന്റെ അനുഭവങ്ങളും കലാപ്രയാണവും, കൂടാതെ കേരള മ്യൂറല്‍ ചിത്രകലയുടെ ഇന്നത്തെ നിലയും ഭാവിയും പരിശോധിക്കുന്ന ഒരു സംഭാഷണമാണ് ഈ അഭിമുഖം.

എം. നളിൻ ബാബു
എം. നളിൻ ബാബു
Q

രാഷ്ട്രപതിയുടെ ബഹുമതി നേടുന്നത് ഒരു വ്യക്തിഗത നേട്ടമായി മാത്രമല്ല, കേരള ചുമര്‍ചിത്രകലാപാരമ്പര്യത്തിന് ലഭിച്ച അംഗീകാരമായി കൂടി കാണാവുന്നതാണ്. അംഗീകാരം ലഭിച്ച നിമിഷത്തില്‍ താങ്കളുടെ കലായാത്രയിലുടനീളം ഉണ്ടായ പരിശ്രമങ്ങളും വെല്ലുവിളികളും ഓര്‍മ്മയില്‍ വന്നോ?

A

ഒരു വ്യക്തിയെന്ന രീതിയിലുo ഒരു കലാകാരനെന്ന രീതിയിലും വളരെ സന്തോഷം തോന്നി. ഗുരുവായൂരില്‍ നിന്ന് ചുമര്‍ചിത്രകല പഠിച്ചിറങ്ങിയ ആര്‍ക്കും ലഭിച്ചിട്ടില്ലാത്ത ഈ ഭാഗ്യം കേരളീയ ചിത്രരചനാ പാരമ്പര്യത്തിന് കിട്ടിയ അംഗീകാരമായി തന്നെയാണ് കരുതുന്നത്. 35 വര്‍ഷം നീണ്ടു നില്‍കുന്ന എന്റെ കലാജീവിതത്തിന് ഗുരുവായൂരപ്പന്‍ നല്‍കിയ അനുഗ്രഹമായി കാണുന്നു. 2023ല്‍ സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേത്രകലാ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചിരുന്നു. എന്നാല്‍ രാഷ്ട്രപതിയില്‍ നിന്ന് നേരിട്ട് ലഭിച്ച ആദരവ് ഏറ്റവും വലിയ നേട്ടമായാണ് കാണുന്നത്. ഒരിക്കലും സ്വപ്നം കണ്ടിരുന്ന അവസരമായിരുന്നില്ല അത്. അപതീക്ഷിതമായി ഒരു ഫോണ്‍ കോള്‍ വന്ന്, രാഷ്ട്രപതി ഭവനില്‍ ചിത്രകല വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നുണ്ട്, എന്നെ തിരഞ്ഞെടുത്തിട്ടുണ്ട് എന്ന് പറയുകയായിരുന്നു. ഇന്ത്യയിലെ കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക, രാജസ്ഥാന്‍, ഒഡീഷ, ജയ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പരമ്പരാഗത ക്ഷേത്രകല കലാകാരന്‍മാര്‍ക്കാണ് അവസരം ലഭിച്ചത്. രാഷ്ട്രപതി ഭവനിലെ മ്യൂസിയത്തില്‍ വെച്ച് നടന്ന ഒരാഴ്ച നീണ്ട രചനാക്യാമ്പില്‍ ഞാന്‍ വരച്ചത് പഞ്ചതന്ത്രം കഥയിലെ മത്സ്യവും തവളയും തമ്മിലുള്ള കഥയാണ്. മൂന്നര അടി നീളവും രണ്ടര അടി വീതിയുമുള്ള ക്യാന്‍വാസില്‍ ആക്രിലിക് (Acrylic) നിറങ്ങളുപയോഗിച്ചാണ് വരച്ചത്.

സുഹൃത്തുക്കളായ തവളയും മീനും കുളത്തില്‍ അധിവസിക്കുമ്പോള്‍ കുളത്തില്‍ വെള്ളം കുറഞ്ഞതിനാല്‍, വേറെ കുളത്തിലേക്ക് പോകാം എന്ന് മീന്‍ തവളയോട് പറയുന്നു. അത് കേള്‍ക്കാത്ത തവള ആ കുളത്തില്‍ തന്നെ നിന്നു. മീന്‍ വേറെ വെള്ളമുള്ള കുളത്തിലേക്ക് മാറുകയും ചെയ്തു. വെള്ളം കുറഞ്ഞപ്പോള്‍ ഒരു മത്സ്യ പിടുത്തകാരന്‍ വന്ന് വല വീശി തവളയെ പിടിച്ചു കൊണ്ടുപോയി. ഈ കഥയാണ് ചിത്രമായി വരച്ചത്. ഈ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ മരങ്ങള്‍, പക്ഷികള്‍, മാന്‍, മയിലുകള്‍, കുരങ്ങന്‍മാര്‍ എന്നിവയെല്ലാം വരച്ചു ചേര്‍ത്തിട്ടുണ്ട്. കഥയുടെ ഘട്ടങ്ങളെയും ആവിഷ്‌കരിച്ചിട്ടുണ്ട്. തവളയും മീനും ഒരുമിച്ചുള്ളതും, ഒറ്റയ്ക്കായ മീനിനെയും ഒരേ ഫ്രെയിമില്‍ കൊണ്ടുവന്നത് അതിനാലാണ്. ഈ ചിത്രങ്ങള്‍ രാഷ്ട്രപതി ഭവനില്‍ പ്രദര്‍ശിപ്പിച്ച് ആ ചിത്രങ്ങള്‍ രാഷ്ടപതി നേരിട്ട് വന്ന് കാണുകയും പ്രശംസകള്‍ നേരിട്ട് അറിയിച്ച്, പൊന്നാടയും ഉപഹാരവും നല്‍കി ആദരിക്കുകയുമായിരുന്നു.

എം. നളിൻ ബാബുവിനെ രാഷ്ട്രപതി ഷാൾ അണിയിച്ച് ആദരിക്കുന്നു
എം. നളിൻ ബാബുവിനെ രാഷ്ട്രപതി ഷാൾ അണിയിച്ച് ആദരിക്കുന്നു
Q

കേരള മ്യൂറല്‍ ചിത്രകലയില്‍ ദൈവികതയ്ക്കും, ആചാരപരതയ്ക്കും വലിയ പ്രാധാന്യമുണ്ടല്ലോ, അതിനെ രാഷ്ട്രപതി ഭവന്‍ പോലെ ദേശീയ പ്രാധാന്യമുള്ള വേദിയില്‍ അവതരിപ്പിക്കുമ്പോള്‍, താങ്കള്‍ അനുഭവിച്ച കലാസ്വാതന്ത്ര്യവും ഉത്തരവാദിത്തവും എങ്ങനെ വ്യാഖ്യാനിക്കും?

A

എങ്ങനെ വേണമെങ്കിലും വരയ്ക്കാനുള്ള സ്വാതന്ത്ര്യം തന്നിരുന്നു. എന്നാല്‍ കേരളീയ ചുമര്‍ചിത്ര ശൈലിയില്‍ നിന്ന് മാറരുത് എന്ന ഒരു നിബന്ധന മാത്രമേ ഉണ്ടായിരുന്നുള്ളു. സത്യത്തില്‍ ഈ നിറങ്ങളുപയോഗിച്ച് ഏത് വിഷയത്തേയും വരക്കാനുള്ള സ്വാതന്ത്രം കലാകാരനുണ്ട്. അല്ലാതെ, ക്ഷേത്രകല അതിലേക്ക് തന്നെ ചുരുങ്ങി പോവുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. വ്യത്യസ്തമായ വിഷയങ്ങളും ആശയങ്ങളും പ്രതിഫലിപ്പിക്കാന്‍ കലയ്ക്ക് കഴിയണം. എന്നാലേ കലാകാരന്റെ കലാവിരുത് പുറത്ത് വരികയുള്ളൂ. കലാകാരന്റെ മനസ്സിലൂടെ സഞ്ചരിച്ച്, അയാളുടെ സ്വത്വം പ്രതിഫലിക്കുന്ന ആശയാവിഷ്‌കരണമാണ് നടക്കേണ്ടത്. അത്തരിലുള്ള കല വരുമ്പോഴാണ് വൈവിധ്യം ഉണ്ടാവുന്നത്. പാരമ്പര്യത്തനിമ നിലനിര്‍ത്തിയുള മാറ്റം നവോഥാനത്തിന്റെ ഭാഗമായി കേരളീയ ചിത്രകലയിലും സംഭവിക്കുന്നുണ്ട്. ക്ഷേത്രകലയായി മാത്രമായി ഒതുങ്ങിയാല്‍ ഈ കലയ്ക്ക് വളര്‍ച്ചയുണ്ടാകില്ലല്ലോ. എനിക്ക് തോന്നുന്നു, എല്ലാ കലാകാരന്മാരും ഇത് ഉള്‍കൊണ്ടുതന്നെയാണ് ചിത്രം വരക്കുന്നത്. ഈ രീതി തന്നെയാണ് രാഷ്ട്രപതി ഭവനില്‍ ചിത്രം വരയ്ക്കുമ്പോള്‍ ഞാന്‍ ഉപയോഗിച്ചത്.

Q

കേരള മ്യൂറല്‍ ചിത്രകലയുടെ രൂപീകരണത്തില്‍ കളമെഴുത്ത്, കൂടിയാട്ടം, അജന്ത ചിത്രങ്ങള്‍ എന്നിവയുടെ സ്വാധീനം വ്യക്തമാണ്. ഈ വിവിധ പാരമ്പര്യങ്ങളുടെ സംഗമം കേരള മ്യൂറല്‍ ചിത്രകലയുടെ പ്രത്യേക ദൃശ്യഭാഷയും സ്വതന്ത്രമായ ഐഡന്റിറ്റിയും എങ്ങനെ രൂപപ്പെടുത്തിയതായി താങ്കള്‍ കാണുന്നു?

നിമിഷകലയായ കളമെഴുത്തിനെ നിലനില്‍ക്കുന്ന കലയാക്കുക എന്ന ആശയമായിരിക്കാം കേരളീയ ചുമര്‍ചിത്രകലയുടെ ഉത്ഭവത്തിന് കാരണമായത്.
A

ചരിത്രപരമായ ഒരുപാട് പ്രാധാന്യം കേരളീയ ചുമര്‍ചിത്രകലയ്ക്ക് ഉണ്ട്. ഇന്ത്യയില്‍ രാജസ്ഥാൻ കഴിഞ്ഞാല്‍ ഏറ്റവും നല്ല ചുമര്‍ചിത്രങ്ങള്‍ ഉളളത് കേരളത്തിലാണ്. കേരളത്തില്‍ 165 ക്ഷേത്രങ്ങളിലും, എട്ട് ക്രിസ്തീയ ദേവാലയങ്ങളിലും, ചില കൊട്ടാര സമുച്ചയങ്ങളിലും ചുമര്‍ ചിത്രങ്ങള്‍ കാണാം. അജന്ത ചിത്രങ്ങള്‍ വരച്ച കലാകാരന്മാര്‍ തന്നെയാകാം 7ാം നൂറ്റാണ്ടില്‍ തിരുനന്തിക്കരയിലെ ഗുഹാചിത്രങ്ങള്‍ വരച്ചത് എന്ന് കരുതപ്പെടുന്നു. കേരളീയ ശൈലിയില്‍ വന്ന ആദ്യത്തെ ചുമര്‍ചിത്രങ്ങള്‍ ഇവയാണ്. കേരളീയ ചിത്രകാരന്മാര്‍ സഞ്ചാരികളായിരുന്നെന്ന് വിശ്വസിക്കപ്പെടുന്നു. 18ാം നൂറ്റാണ്ട് തൊട്ടാണെന്ന് തോന്നുന്നു, ചിത്രങ്ങളില്‍ കലാകാരന്മാര്‍ പേര് രേഖപ്പെടുത്താന്‍ തുടങ്ങിയത്. പിന്നെ ശൈലി വച്ച് കലാകാരന്മാരെ തിരിച്ചറിയുവാന്‍ തുടങ്ങി. ചോള- പല്ലവ ശില്പങ്ങളിലും, അജന്ത ചിത്രങ്ങളിലും കാണുന്ന ശൈലീപരമായ വകഭേദങ്ങള്‍ കേരളീയ ചുമര്‍ ചിത്രങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ടന്നത് വാസ്തവമാണ്. പ്രതലത്തിനും, അതിന്റെ അളവിനും അനുസൃതമായി വരക്കാന്‍ കേരളീയ ചുമര്‍ചിത്രകലാകാരന്മാര്‍ക്ക് അന്നേ നല്ല ധാരണയുണ്ടായിരുന്നു. ആ കാലഘട്ടത്തില്‍ നിലനിന്നിരുന്ന ഇതര കലകളുടെ സ്വാധീനം കേരളീയ ചുവര്‍ചിത്രകലയില്‍ പ്രകടമാണ്. കൂടിയാട്ടത്തിന്റെ മുദ്രകള്‍, കളമെഴുത്തിന്റെ പ്രകൃതിയില്‍ നിന്നുള്ള നിറങ്ങള്‍, നാട്യശാസ്ത്രത്തിലെ ഭാവങ്ങള്‍ ഇവയെല്ലാം ചുമര്‍ചിത്രങ്ങള്‍ കടമെടുത്തിട്ടുണ്ട്. നിമിഷകലയായ കളമെഴുത്തിനെ നിലനില്‍ക്കുന്ന കലയാക്കുക എന്ന ആശയമായിരിക്കാം കേരളീയ ചുമര്‍ചിത്രകലയുടെ ഉത്ഭവത്തിന് കാരണമായത്.

എം. നളിൻ ബാബുവിനെ രാഷ്ട്രപതി ആദരിക്കുന്നു
എം. നളിൻ ബാബുവിനെ രാഷ്ട്രപതി ആദരിക്കുന്നു
Q

കേരള മ്യൂറല്‍ ചിത്രകലയ്ക്ക് ദീര്‍ഘകാല പാരമ്പര്യം ഉണ്ടായിട്ടും, അതിന് ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ മറ്റ് കലാരൂപങ്ങളെ അപേക്ഷിച്ച് മതിയായ ദൃശ്യത ലഭിക്കാത്ത സാഹചര്യം തുടരുകയാണ്. ഇതോടൊപ്പം, അനേകം പ്രാചീന ക്ഷേത്ര മ്യൂറലുകള്‍ നശിച്ചുപോകുന്ന അവസ്ഥയും നിലനില്‍ക്കുന്നു. ഈ ദൃശ്യതയുടെ കുറവും, സംരക്ഷണത്തിലെ വെല്ലുവിളികളിലും താങ്കള്‍ കാണുന്ന പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണ്? ഇതില്‍ എന്തെല്ലാം പുതുവഴികള്‍ ആലോചിക്കേണ്ടതുണ്ടെന്ന് താങ്കള്‍ കരുതുന്നു?

ചരിത്രത്തെ തിരുത്താന്‍ നമുക്ക് സാധിക്കില്ല, എന്നാല്‍ നല്ല രീതിയില്‍ അത് തുടര്‍ന്നു കൊണ്ടുപോവാന്‍ കഴിയണം. റീടച്ച് ചെയ്ത് നിലനിര്‍ത്താനാകുമെങ്കില്‍ അത് തന്നെയാണ് ഉത്തമം. എന്നാല്‍ പൂര്‍ണ്ണമായി നശിച്ചനിലയിലാണെങ്കില്‍ അത് റീപെയിന്റ് ചെയ്യാതെ നിവൃത്തിയില്ല.
A

അമ്പലങ്ങളിലും പള്ളികളിലുമുള്ള കേരളത്തിലെ ഭൂരിഭാഗം ചുമര്‍ചിത്രങ്ങളെല്ലാം നശിച്ചുകൊണ്ടിരിയുകയാണ്. ശ്രീ എം. ജി ശശിഭൂഷണ്‍ നടത്തിയ പഠനങ്ങള്‍ അനുസരിച്ച് നൂറോളം ക്ഷേത്രങ്ങളിലേ ഇപ്പോള്‍ ചിത്രങ്ങള്‍ ഉള്ളൂ. സംഭവിക്കുന്നതെന്താണെന്നു വച്ചാല്‍, ക്ഷേത്രങ്ങളിലെ ചിത്രങ്ങള്‍ മായുമ്പോള്‍ ആളുകള്‍ അത് പൊളിച്ച് കളഞ്ഞ് അവിടെ പുതിയ പ്ലാസ്റ്റര്‍ ചെയ്ത് സാധാ ചുവരാക്കി മാറ്റും. ഒരു പക്ഷെ അറിവില്ലായ്മയാകാം. ഇതിന് ഒരുപാട് ഉദാഹരണങ്ങള്‍ ഉണ്ട് . പല ക്ഷേത്രങ്ങളിലും ഞാന്‍ നേരിട്ട് ചെന്ന് അവബോധം നല്‍കി. "ആർക്കിയോളജി വകുപ്പില്‍ പരാതിപ്പെടും" എന്ന ഭീഷണിയുടെ സ്വരം പോലും ഉപയോഗിക്കേണ്ടി വന്ന സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്.

പൂര്‍ണ്ണമായി നശിച്ചു പോയ ചില ചിത്രങ്ങള്‍, പഴയ ശൈലി അനുകരിച്ച് അതേപടി വരക്കുന്ന രീതിയുണ്ട്. കണ്ടിയൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ചിത്രങ്ങള്‍ പൂര്‍ണ്ണമായി നശിച്ചതറിഞ്ഞപ്പോള്‍ ഞാന്‍ ശ്രീ എം. ജി ശശിഭൂഷന്‍ സാറിന്റെ കൂടെ അവിടെ സന്ദര്‍ശിക്കുകയും റീപെയിന്റ് (repaint) ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു. അതേ ചിത്രങ്ങള്‍ പഴയ ശൈലിയില്‍ തന്നെ വരക്കാനാണ് എപ്പോഴും ശ്രമിക്കാറുള്ളത്. എല്ലാം പ്ലാസ്റ്റര്‍ ചെയ്ത് മായിച്ചാല്‍ അത്തരം ചിത്രങ്ങള്‍ അവിടെ ഉണ്ടായിരുന്നു എന്ന് പോലും ആരും അറിയില്ലല്ലോ. ചരിത്രത്തെ തിരുത്താന്‍ നമുക്ക് സാധിക്കില്ല, എന്നാല്‍ നല്ല രീതിയില്‍ അത് തുടര്‍ന്നു കൊണ്ടുപോവാന്‍ കഴിയണം. റീടച്ച് ചെയ്ത് നിലനിര്‍ത്താനാകുമെങ്കില്‍ അത് തന്നെയാണ് ഉത്തമം. എന്നാല്‍ പൂര്‍ണ്ണമായി നശിച്ചനിലയിലാണെങ്കില്‍ അത് റീപെയിന്റ് ചെയ്യാതെ നിവൃത്തിയില്ല. പഴയ ചിത്രങ്ങള്‍ അടര്‍ത്തിയെടുക്കാന്‍ സാധിക്കും. അങ്ങനെ ചെയ്ത് അവ ഫ്രെയിം ചെയ്ത് സൂക്ഷിക്കുകയാണെങ്കില്‍, ആളുകള്‍ക്ക് എക്കാലവും അവ കാണാം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യങ്ങള്‍ക്കും അവ ഉപകരിക്കും. സംരക്ഷണ ശ്രമങ്ങള്‍ അനവധി നടക്കുന്നുണ്ട് ഇപ്പോള്‍. വളരെ ഗൗരവത്തോടെ സഹകരിക്കുന്ന ആളുകളുമുണ്ട് ഈ മേഖലയില്‍. ഗുരുവായൂര്‍ ചുമര്‍ചിത്ര പഠനകേന്ദ്രത്തിന്റെ സംഭാവനയാണ് ഇന്നീ കല സംരക്ഷിക്കുകയും പരിശീലിക്കുകയും ചെയ്യുന്ന മിക്ക കലാകാരന്മാരും. 2009ല്‍ ചൊവലൂര്‍ ശിവക്ഷേത്രത്തിലെ ശ്രീകോവിലിന്റെ മുഴുവന്‍ ചിത്രങ്ങളും ഗുരുവായൂര്‍ ചുമര്‍ചിത്ര പഠനകേന്ദ്രം ഏറ്റെടുത്ത് ചെയ്തിരുന്നു. നെന്മിനി ബലരാമക്ഷേത്രം, തിരുവെങ്കിടക്ഷേത്രം, തിരുന്നാവായ എന്നിവടങ്ങളിലെല്ലാം ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ശ്രീകോവിലിലും ചുറ്റുമതിലിലുമുള്ള ചിത്രങ്ങളെല്ലാം ഇവിടുന്ന് പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് വരച്ചത്.

മുന്‍പ് പെണ്‍കുട്ടികള്‍ക്ക് പഠിക്കാനുള്ള അവസരമുണ്ടായിരുന്നില്ല. ഇന്ന് ലിംഗഭേദമില്ലാതെ കുട്ടികള്‍ ഇവിടെ വരുന്നു. അത് വലിയ ഒരു മാറ്റമല്ലേ?
അംഗീകാരത്തിന് അർഹമായ മ്യൂറൽ പെയിന്റ്
അംഗീകാരത്തിന് അർഹമായ മ്യൂറൽ പെയിന്റ്
Q

കേരള മ്യൂറല്‍ ചിത്രകലയില്‍ പുതിയതായി പ്രവേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ പാരമ്പര്യ കലാരൂപം പഠിക്കുന്നത് ഒരു സാങ്കേതിക അഭ്യാസമല്ല, മറിച്ച് ആഴത്തിലുള്ള ഒരു സാംസ്‌കാരിക ഉത്തരവാദിത്തം കൂടിയാണ്. ഈ കലാരൂപത്തെ നിലനിര്‍ത്താനും വികസിപ്പിക്കാനും പുതിയ തലമുറ ഏറ്റെടുക്കേണ്ട സമീപനം താങ്കള്‍ എങ്ങനെ നിര്‍വചിക്കും?

A

ഈ ചോദ്യത്തിന് വളരെ പ്രസക്തിയുണ്ട്. ഗുരുവായൂര്‍ ചുമര്‍ചിത്ര പഠന കേന്ദ്രത്തില്‍ പാരമ്പര്യ രീതിയിലാണ് ചിത്രരചന ഇപ്പോഴും പഠിപ്പിക്കുന്നത്. എന്നാല്‍ പുതിയ രീതികള്‍ പരീക്ഷിക്കുവാനുള്ള സ്വാതന്ത്ര്യവും കുട്ടികള്‍ക്കുണ്ട്. പാരമ്പര്യ ചുമര്‍ചിത്ര രചനാരീതിയ്ക്ക് മുന്‍തൂക്കം നല്‍കുന്നത് അത് സംരക്ഷിക്കപ്പെടുക എന്ന ഉദ്ദേശ്യത്തോടെയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും സ്റ്റൈപ്പെൻഡും നല്‍കി ഗുരുവായൂര്‍ ചുമര്‍ചിത്രപഠനകേന്ദ്രം വലിയ രീതിയില്‍ ഇതിന് പോത്സാഹനമാകുന്നുണ്ട് . 15, 14 ബാച്ചോളം ഇപ്പോള്‍ ഇവിടെ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്. മുന്‍പ് പെണ്‍കുട്ടികള്‍ക്ക് പഠിക്കാനുള്ള അവസരമുണ്ടായിരുന്നില്ല. ഇന്ന് ലിംഗഭേദമില്ലാതെ കുട്ടികള്‍ ഇവിടെ വരുന്നു. അത് വലിയ ഒരു മാറ്റമല്ലേ? പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞിരുന്ന ഈ ചുമര്‍ചിത്രകല ഇന്ന് ഒരുപാട് പെണ്‍കുട്ടികള്‍ പഠിക്കുന്നു എന്നത് സന്തോഷമുള്ള കാര്യമാണ്. പാരമ്പര്യസ്വഭാവമുള്ള പഠനരീതിയാണെങ്കില്‍ പോലും കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാന്‍ ഗുരുവായൂര്‍ ചുമര്‍ചിത്ര പഠനകേന്ദ്രം എന്നും മുന്‍കൈ എടുത്തിരുന്നു. അത്തരത്തില്‍ വലിയൊരു സാംസ്‌കാരിക ഉത്തരവാദിത്തമാണ് ആണ് ഗുരുവായൂര്‍ ദേവസ്വം ചെയ്യുന്നത്.

ഇവിടെ പുറത്തു നിന്നുള്ള കലാകാരന്മാരെയും, കലാചരിത്രകാരന്മാരെയും കൊണ്ടുവന്ന് കുട്ടികളുമായി interactive classes ചെയ്യിക്കാറുണ്ട്. പ്രശസ്ത ചുമര്‍ചിത്രകല ചരിത്രകാരന്‍ ഡോ. എം ജി ശശിഭൂഷണ്‍, കെ.കെ. മാരാര്‍, ഡോ. രാഘവന്‍ പയ്യനാട്, കാട്ടൂര്‍ നാരായണപിള്ള, കലാനിരൂപകനായ ഡോ. എസ് രാജേന്ദു, ശിവജി പണിക്കര്‍, കലാമണ്ഡലം ബാലസുബ്രമഹ്ണ്യന്‍ ഇവരെല്ലാം ക്ലാസ്സ് എടുത്തിരുന്നു. അവരൊക്കെ വിസിറ്റിംങ് ഫാക്കല്‍റ്റി അധ്യാപകര്‍ കൂടിയാണ്. അവരുടെ വിഷയങ്ങളില്‍ ക്ലാസ്സ് കിട്ടുമ്പോള്‍ വ്യത്യസ്തമായ അറിവുകള്‍ കുട്ടികള്‍ നേടുകയാണ്. വിഷയം ആഴത്തില്‍ മനസിലാകുവാനും അവ സഹായിക്കുന്നു.

പണ്ട്, ലളിതകലാ അക്കാദമിയുടെ സ്‌കോളര്‍ഷിപ്പുകളിലൊന്നിലും ഗുരുവായൂര്‍ ചുമര്‍ചിത്ര പഠനകേന്ദ്രം ഉള്‍പ്പെട്ടിരുന്നില്ല. ഈ അടുത്ത കാലത്തായി ഇത്തരം സ്‌കോളര്‍ഷിപ്പുകളൊക്കെ വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടുന്നുണ്ട്. കസ്തൂരി ശ്രീനിവാസന്‍ ട്രസ്റ്റ് ചിത്രകലാ മത്സരങ്ങളിലൊക്കെ കുട്ടികള്‍ പങ്കെടുക്കുന്നുമുണ്ട്. ഇവിടെ പഠിച്ചിറങ്ങുന്ന ഏറ്റവും മാര്‍ക്കുള്ള ഒരു ആണ്‍ വിദ്യാര്‍ത്ഥിക്കും പെണ്‍വിദ്യാര്‍ത്ഥിക്കും ചിറയന്‍കീഴ് ഡോ. ജി ഗംഗാധരന്‍ നായര്‍ സ്മാരക സമിതിയുടെ പുരസ്‌കാരം നല്‍കുന്നു. ഇത്തരം അവസരങ്ങള്‍ ഗുരുവായൂര്‍ നല്‍കുന്നതിനാല്‍ കുട്ടികള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന അംഗീകാരവും സാമ്പത്തിക സഹായവും ലഭ്യമാണ്.

ആതിര സദാനന്ദ്, ഗവേഷക വിദ്യാർഥി
ആതിര സദാനന്ദ്, ഗവേഷക വിദ്യാർഥി

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ കേരളത്തിലെ ചുമര്‍ചിത്രകലയെ ആസ്പദമാക്കി ഗവേഷണം ചെയ്യുന്ന ആതിര സദാനന്ദ് ആണ് അഭിമുഖം ചെയ്തത്.

News Malayalam 24x7
newsmalayalam.com