ലാറ്റിനമേരിക്കൻ ഗോത്രവർഗ സംസ്കാരങ്ങളുടെ പകർന്നാട്ടം; വർണ വൈവിധ്യങ്ങളുടെ കൊഞ്ചെറോസ് നൃത്തം

കണ്ടു ശീലിച്ച ലാറ്റിനമേരിക്കൻ കലാരൂപങ്ങളിൽ ഏറെ വ്യത്യസ്തമാണ് ആസ്ടെക്കാസ്. കാഴ്ചയിൽ, ചുവടുകളിൽ, സംഗീതത്തിൽ എല്ലാം വിളിച്ചോതുന്നു, ഗോത്ര സംസ്കാരത്തിൻ്റെ വർണവൈവിധ്യങ്ങൾ
ലാറ്റിനമേരിക്കൻ ഗോത്രവർഗ സംസ്കാരങ്ങളുടെ പകർന്നാട്ടം; വർണ വൈവിധ്യങ്ങളുടെ കൊഞ്ചെറോസ് നൃത്തം
Published on
Updated on

കൊഞ്ചെറോസ് നൃത്തം അഥവാ ആസ്ടെക്കാസ് അതുമല്ലെങ്കിൽ മെക്സിക്കസ് പേരുകളനവധിയാണ് ഈ കലാരൂപത്തിന്. കലാരൂപം എന്നതിലുപരി ഇതൊരു ആചാരമാണ്. അനുഷ്ഠാന കലകളുടെ ഗണത്തിൽപെടുത്താം. ലാറ്റിനമേരിക്കൻ സംസ്കാരങ്ങളുടെ വേരിറങ്ങിയ ഗോത്രവർഗങ്ങളിലൂടെ സഞ്ചരിക്കണം ഇത്തരം കലാരൂപങ്ങളുടെ ഉള്ളറിയാൻ.

കണ്ടു ശീലിച്ച ലാറ്റിനമേരിക്കൻ കലാരൂപങ്ങളിൽ ഏറെ വ്യത്യസ്തമാണ് ആസ്ടെക്കാസ്. കാഴ്ചയിൽ, ചുവടുകളിൽ, സംഗീതത്തിൽ എല്ലാം വിളിച്ചോതുന്നു, ഗോത്ര സംസ്കാരത്തിൻ്റെ വർണവൈവിധ്യങ്ങൾ. മെക്സിക്കോ സിറ്റി ഉൾപ്പെടെ ഇടങ്ങളിൽ, നഗര ഹൃദയത്തിൽ അസ്റ്റേക്കുകളുടെ പുരാതന നാഗരാവശിഷ്ടങ്ങൾ ഉള്ളിടത്ത് നടക്കുന്ന ഒരു ആചാര നൃത്തം എന്ന നിലയിലേക്ക് ഇന്ന് ഈ കലാരൂപം മാറിക്കഴിഞ്ഞു .

ഡ്രംസ് പോലുള്ള തദ്ദേശീയമായ ഉപകരണങ്ങൾ. അതിശയിപ്പിക്കുന്ന, ചിലപ്പോഴൊക്കെ പേടിപ്പെടുത്തുന്ന തരത്തിൽ വിവിധ വർണങ്ങൾ ചേർന്ന മുഖത്തെഴുത്തുകൾ. തൂവലുകളും, തൊങ്ങലുകളും ഉൾപ്പെടെ അലങ്കാരങ്ങൾ, വലിയ കീരീടങ്ങൾ, വർണ ശബളമായ ഉടയാടകൾ എല്ലാം ആസ്ടെക്ക് നൃത്തത്തിൻ്റെ സവിശേഷതകളാണ്.

"ആസ്‌ടെക്" അല്ലെങ്കിൽ " മെക്സിക്ക " എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിലും, ഇത് മെക്സിക്കൻ നഗര സംസ്കാരത്തിൻ്റെ ഭാഗമേയല്ല. തദ്ദേശീയവുമല്ല. കൊഞ്ചെറോ നൃത്തങ്ങളുടെ വേരുകൾ വടക്കൻ ചിച്ചിമെക്ക സംസ്കാരങ്ങളിൽ, ഗോത്രാചാരങ്ങളിൽ ആഴത്തിൽ വേരൂന്നിയതാണ്.

ഈ നൃത്തത്തിൻ്റെ ഉത്ഭവം മുൻ ആസ്ടെക് സാമ്രാജ്യത്തിൻ്റെ അതിർത്തികളിലുള്ള ബാജിയോ മേഖല, ക്വെറെറ്റാരോ, ട്ലാക്സ്കാല എന്നിവിടങ്ങളിൽ നിന്നാണ് .അധിനിവേശത്തോടുള്ള പ്രതിരോധമായും ഈ കലാരൂപത്തെ അടയാളപ്പെടുത്തുന്നുണ്ട്.

പഴയകാലത്തിൽ നിന്ന് നൃത്തം ചെയ്യുന്ന രീതി മാറ്റാതിരിക്കാൻ പരമ്പരാഗത കൊഞ്ചെറോ ഡാൻസ് ഗ്രൂപ്പുകൾക്കിടയിൽ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും, ആസ്‌ടെകാസ് പതിപ്പിൽ നിന്നുള്ള സ്വാധീനം ഉൾപ്പെടെയുള്ള പുതുമകൾ ഇപ്പോഴും ഉണ്ടായിട്ടുണ്ട്.

ചിത്രങ്ങൾക്ക് കടപ്പാട്: പ്രശാന്ത് ശശീന്ദ്രൻ, മെക്സിക്കോ

News Malayalam 24x7
newsmalayalam.com