
"അഭയാർത്ഥികളും നമ്മളെ പോലെ തന്നെ പ്രതീക്ഷകളും ആഗ്രഹങ്ങളുമുള്ള അമ്മമാരും, അച്ഛന്മാരും, സഹോദരിമാരും, സഹോദരന്മാരും, കുട്ടികളുമൊക്കെയാണ്; വിധി അവരുടെ ജീവിതം മാറ്റിമറിച്ചുകൊണ്ട് അവരെ ആഗോള അഭയാർത്ഥി പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു എന്നതൊഴിച്ചാൽ.. "
(ഖാലിദ് ഹൊസൈനി)
മനുഷ്യന്റെ പരിണാമ ഘട്ടത്തിൽ തന്നെ അവർ യാത്രകൾ ആരംഭിച്ചിരുന്നു. പുതിയ മേച്ചിൽപുറങ്ങൾ തേടി എന്നും യാത്ര തിരിക്കാനിഷ്ടപ്പെടുന്നവർ തന്നെയായിരുന്നു മനുഷ്യർ. എന്നാൽ, നാടും വീടും വിട്ട് നിസ്സഹായരായി, പിറന്ന മണ്ണിൽ നിന്നും ദിക്കറിയാതെ യാത്ര തിരിക്കേണ്ടി വരുന്ന മനുഷ്യരുടെ അവസ്ഥ മറ്റൊന്നാണ്. നിസ്സഹായരായി എങ്ങോട്ടെന്നോ, ഇനിയെന്തെന്നോ അറിയാതെ യുദ്ധത്തിൻ്റെ ബാക്കി പത്രങ്ങളായ പലസ്തീനികൾ, ദിവസേന ജീവനു വേണ്ടി കയ്യിലൊതുങ്ങുന്നതെല്ലാം എടുത്തുകൊണ്ട് യാത്ര തിരിക്കുന്ന കാഴ്‌ച ഹൃദയഭേദകമാണ്. പിഞ്ചു കുഞ്ഞുങ്ങളടക്കമുള്ളവർ, മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപ്പാലത്തിൽ പകച്ചു നിൽക്കുകയാണ്. വീണ്ടുമൊരു ലോക അഭയാർത്ഥി ദിനം വന്നെത്തുമ്പോള്‍ അവരെയോർക്കാതെ കടന്നുപോകാനാവില്ല.
2000 ഡിസംബർ 4നാണ് ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി ജൂൺ 20ന് ലോക അഭയാർത്ഥി ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ലോകമൊട്ടാകെയുള്ള അഭയാര്‍ത്ഥികളെ ആദരിക്കുന്നതിനും, അവർ നേരിടുന്ന പ്രതിസന്ധികളേയും അനുഭവിക്കുന്ന ദുരവസ്ഥയേയും കുറിച്ചുള്ള ബോധവത്കരണത്തിൻ്റെ ഭാഗമായായിരുന്നു ഈ തീരുമാനം. ഐക്യരാഷ്ട്ര സഭയുടെ 2024ലെ കണക്കുകൾ പ്രകാരം ഓരോ മിനുട്ടിലും, ലോകത്ത് 20 പേരോളം യുദ്ധം ഭയന്ന് തങ്ങളുടെ നാടും വീടും ഉപേക്ഷിച്ച് അഭയാർത്ഥികളായി മാറുന്നുണ്ട്. യുദ്ധം, മഹാമാരി, പ്രകൃതി ദുരന്തം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ കാരണങ്ങളൊക്കെയും മനുഷ്യനെ എല്ലാക്കാലത്തും പലായനം ചെയ്യാൻ നിർബന്ധിതരാക്കിയിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന് പിന്നാലെ ഉരുത്തിരിഞ്ഞ അഭയാര്‍ഥി പ്രശ്‌നങ്ങളെ കൃത്യമായി കൈകാര്യം ചെയ്യുന്നതിനായി 1950-ല്‍ രൂപീകരിക്കപ്പെട്ട സംഘടനയാണ് ജനീവ ആസ്ഥാനമായുള്ള യുണൈറ്റഡ് നേഷന്‍സ് ഹൈ കമ്മീഷന്‍സ് ഫോര്‍ റെഫ്യൂജീസ്. യുനൈറ്റഡ് നേഷൻസ് ഹൈക്കമ്മീഷൻ ഫോർ റെഫ്യൂജിസീൻ്റെ പുതിയ ഗ്ലോബൽ ട്രന്റ്സ് റിപ്പോർട്ട് പ്രകാരം, ചരിത്രത്തിൽ ആദ്യമായി ഈ വർഷം നിർബന്ധിത പലായനം നടത്തേണ്ടി വന്നവരുടെ കണക്ക് 117.3 മില്ല്യൺ ആയി. അതിൽ 43.3 മില്യൺ ആളുകൾ അഭയാർത്ഥികളാണ്. ലോകത്താകമാനമുള്ള അഭയാർത്ഥികളിൽ, 73% പേർ അഫ്ഗാനിസ്ഥാൻ, സിറിയ, വെനസ്വേല, യുക്രൈൻ, ദക്ഷിണ സുഡാൻ എന്നീ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ആതിഥേയത്വം വഹിക്കുന്നതിൽ 39%, ഇറാൻ, തുർക്കി, കൊളംബിയ, ജർമനി, പാകിസ്ഥാൻ എന്നീ രാജ്യങ്ങളാണ്. 2023ൻ്റെ അവസാനം പുറത്തുവന്ന കണക്ക് പ്രകാരം, നിർബന്ധിത പലായനം നടത്തേണ്ടി വന്ന 117.3 മില്യണിൽ, 47 മില്യണും പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികളാണ്. രണ്ട് മില്യൺ കുഞ്ഞുങ്ങൾ ജനിക്കുന്നത് അഭയാർത്ഥികളായാണ്. 1.1 മില്യൺ ആളുകൾ തങ്ങളുടെ രാജ്യത്തേക്ക് തന്നെ തിരിച്ചു പോകുകയോ, പുനരധിവസിക്കയോ ചെയ്തിട്ടുണ്ട്. 69% പേരും അഭയം തേടിയത് അയൽരാജ്യങ്ങളിൽ തന്നെയാണ്.
ഗാസ- ഇസ്രയേൽ യുദ്ധം ആരംഭിക്കുന്നത് ഇന്നോ ഇന്നലയോ അല്ല... ഭീകരമായ അരക്ഷിതാവസ്ഥ നേരിടുന്ന പലസ്തീനികൾ സ്വന്തം മണ്ണിൽ നിന്നും ജീവനും കൊണ്ട് ദിക്ക് നോക്കാതെ രക്ഷപ്പെടേണ്ട അവസ്ഥയാണ്. അവർക്ക് മുന്നിൽ ജീവിത സാഹചര്യങ്ങളൊന്നും ഒരു പ്രശ്നമേ ആകുന്നില്ല. എന്നിട്ടും ലോകരാഷ്ട്രങ്ങൾ പലസ്തീൻ അഭയാർത്ഥികളുടെ സുരക്ഷയ്ക്ക് ചെയ്തതെന്തെന്ന് ചോദ്യം. തെക്കൻ ഗസ്സയിലെ റഫയിൽ നിന്ന് മാത്രം ഇതുവരെ നാടുവിട്ടത് 10 ലക്ഷം പലസ്തീനികളാണെന്നാണ് യു എൻ പുറത്തുവിടുന്ന കണക്ക്.
യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ പലായനക്കാരെത്തുന്ന ബ്രിട്ടൻ, കുടിയേറ്റക്കാർക്കെതിരെ കർശനമായ നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. യു.കെയിലേക്ക് പ്രധാനമായും ആളുകളെത്തുന്നത് യുദ്ധമോ, മഹാമാരിയോ കൊണ്ട് മാത്രമല്ല. ഉയർന്ന ജീവിതസാഹചര്യങ്ങൾക്ക് വേണ്ടി കൂടിയാണ്. എന്നാൽ, ബ്രിട്ടൻ നിഷേധാത്മക നിലപാടാണ് അവരോട് സ്വീകരിക്കുന്നത്. ബ്രിട്ടനിൽ നിന്നും ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലേക്ക് നാടുകടത്തുന്നതിനായി ബ്രിട്ടൻ പുറത്തിറക്കിയ റുവാണ്ട ബിൽ അടുത്തിടെ വലിയ ചർച്ചയായിരുന്നു.
വംശീയ ന്യൂനപക്ഷങ്ങളായ റോഹിങ്ക്യൻ അഭയാർത്ഥികൾ കടന്നുപോകുന്ന സംഘർഷഭരിതമായ ജീവിതവും, അടിസ്ഥാനാവകാശ നിഷേധങ്ങളും അഭയാർത്ഥി ദിനത്തിലും തുടരുകയാണ്. റോഹിങ്ക്യകൾ രാജ്യത്തെ വംശീയ ന്യൂനപക്ഷമാണെന്ന് അംഗീകരിക്കാൻ തയ്യാറാകാത്ത മ്യാൻമർ സർക്കാർ വാദിക്കുന്നത് അവർ ബംഗ്ലാദേശികളാണെന്നാണ്. ബംഗ്ലദേശികളാണെന്ന് സ്ഥിരീകരിക്കാത്തവർക്ക് പൗരത്വം നൽകില്ലെന്നായിരുന്നു മ്യാൻമറിൻ്റെ നിലപാട്. ഏകദേശം ഒരു ദശലക്ഷത്തോളം റോഹിങ്ക്യകൾ അഭയാർഥികളായും കുടിയേറ്റക്കാരായും വിവിധ വിദേശ രാജ്യങ്ങളിൽ ചിതറി കിടക്കുന്നുണ്ട്. മനുഷ്യാവകാശ സംഘടനയായ ഹ്യൂമൺ റൈറ്റ് വാച്ചിൻ്റെ കണക്കുകള്‍ അനുസരിച്ച് ഏകദേശം 40,000ത്തോളം റോഹിങ്ക്യകളാണ് ഇന്ത്യയില്‍ താമസിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിലൂന്നിക്കൊണ്ട് ഇന്ത്യയുടെ റോഹിങ്ക്യകളോടുള്ള സമീപനവും കണ്ണടയ്ക്കുന്നതായിരുന്നു. 2020ലെ ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിന്റെ പ്രചരണ വേളയിൽ എല്ലാ റോഹിങ്ക്യകളെയും ഇന്ത്യയിൽ നിന്ന് തുടച്ച് നീക്കുമെന്ന് അമിത് ഷാ ആവർത്തിച്ചതും അന്ന് വലിയ ചർച്ചയായിരുന്നു.
2015ൽ തുർക്കിയിലെ ബ്രോഡം തീരത്ത് മണൽത്തരികളെ മുത്തമിട്ട് മരിച്ചുകിടന്ന അലൻ കുർദി എന്ന മൂന്നു വയസ്സുകാരൻ്റെ ചിത്രം അഭയാർത്ഥികളായി തീരുന്ന ജനത കടന്നുപോകുന്ന പ്രതിസന്ധികളുടെ നേർചിത്രമായി മാറിയിരുന്നു. സാമ്പത്തികശേഷി കൊണ്ടും, സാങ്കേതികവിദ്യ കൊണ്ടും ഉയർന്ന് നിൽക്കുന്ന രാജ്യങ്ങളോരോന്നും തങ്ങളുടെ പ്രത്യേക നിയമങ്ങളും വ്യവസ്ഥകളും പിന്തുടർന്നുകൊണ്ട്, അഭയാർത്ഥികളോട് കൈമലർത്തുമ്പോൾ ചോദ്യചിഹ്നമായി മാറുന്നത് നാടും വീടും ഉപേക്ഷിച്ച്, കാടും കടലും മലയും താണ്ടി, സുരക്ഷിതത്വം മാത്രം പ്രതീക്ഷിച്ച് എത്തിച്ചേരുന്ന ഈ നിസ്സഹായരായ മനുഷ്യരാണ്. അടിച്ചമർത്തലുകൾക്ക് വിട്ടുകൊടുക്കാതെ അഭയാർത്ഥികൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതിൻ്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുകയാണ് ഓരോ തവണയും അലൻ കുർദിയുടെ ചിത്രം...