'അഞ്ചു നിസ്‌കാരത്തിനും നോമ്പിനും നിത്യവൃത്തിക്കും ഊന്നല്‍ കൂടാതെ കാത്തുകൊള്ളാം'- മലബാറുകാരുടെ മാപ്പിള തെയ്യം

മുസ്ലീം സമുദായത്തില്‍ നിന്നും വരുന്ന ഭക്തര്‍ തങ്ങളുടെ ദുഃഖങ്ങളും കഷ്ടപ്പാടുകളും തെയ്യത്തോട് ഏറ്റു പറഞ്ഞു അനുഗ്രഹാശിസ്സുകള്‍ വാങ്ങി മടങ്ങുന്നു.
'അഞ്ചു നിസ്‌കാരത്തിനും നോമ്പിനും നിത്യവൃത്തിക്കും ഊന്നല്‍ കൂടാതെ കാത്തുകൊള്ളാം'- മലബാറുകാരുടെ മാപ്പിള തെയ്യം
Published on

'അഞ്ചു നിസ്‌കാരത്തിനും നോമ്പിനും നിത്യവൃത്തിക്കും ഊന്നല്‍ കൂടാതെ കാത്തുകൊള്ളാം' എന്ന അനുഗ്രഹാശിസ്സുകള്‍ നേര്‍ന്നു കൊണ്ട് മാപ്പിള തെയ്യം കാവില്‍ കൊട്ടിയാടുമ്പോള്‍ അവിടെ ജാതീയതയുടെയും മതത്തിന്റെയും വേലികെട്ടുകള്‍ തകര്‍ന്നടിയുന്നു.

വടക്കന്‍ കേരളത്തില്‍ ഉത്സവകാലം ആരംഭിക്കുകയാണ്. തെയ്യവും തിറയും വെള്ളാട്ടുകളുമായി കാവുകള്‍ ഉത്സവലഹരിയിലായിരിക്കും. കോഴിക്കോട് മലപ്പുറം ജില്ലകളിലെ കാവുകളില്‍ തിറയും വെള്ളാട്ടും ആടിതിമിര്‍ക്കുമ്പോള്‍ കോഴിക്കോടിന്റെ വടക്കേ അതിര്‍ത്തി മുതലങ്ങോട്ട് കണ്ണൂരും പിന്നെ കാസര്‍ഗോഡുമായി തെയ്യങ്ങള്‍ അരങ്ങുവാഴും.


ഇത്തരത്തില്‍ കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലെ കാവുകളില്‍ അരങ്ങേറുന്ന ഒന്നാണ് മാപ്പിള തെയ്യം. ഇത് നടത്തുന്നത് ഹിന്ദു-മുസ്ലിം സമുദായങ്ങള്‍ ചേര്‍ന്നാണ്. മാവിലന്‍, കോപ്പാളന്‍ സമുദായങ്ങളില്‍പെട്ടവരാണ് മാപ്പിള തെയ്യങ്ങള്‍ പൊതുവെ കെട്ടിയാടുന്നത്. ഹിന്ദു സമുദായത്തില്‍ നിന്നുമുള്ള വ്യക്തി മാപ്പിള വേഷധാരിയായി അണിഞ്ഞൊരുങ്ങി വരുന്നു. മുസ്ലീം സമുദായത്തില്‍ നിന്നും വരുന്ന ഭക്തര്‍ തങ്ങളുടെ ദുഃഖങ്ങളും കഷ്ടപ്പാടുകളും തെയ്യത്തോട് ഏറ്റു പറഞ്ഞു അനുഗ്രഹാശിസ്സുകള്‍ വാങ്ങി മടങ്ങുന്നു. മാപ്പിള തെയ്യങ്ങള്‍ 'മാപ്പിള പൊറാട്ട്' എന്നും ചിലയിടങ്ങളില്‍ അറിയപ്പെടാറുണ്ട്.

കേരളത്തിലെ മറ്റു തെയ്യങ്ങളില്‍ നിന്നും ഇവ വ്യത്യസ്തമാകുന്നത് ഇതിന്റെ ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ടാണ്. മറ്റു തെയ്യങ്ങളെ പോലെ വര്‍ണശബളമായ വസ്ത്രങ്ങളോ കടും നിറത്തിലുള്ള ചമയങ്ങളോ ചായകൂട്ടുകളോ തോറ്റംപാട്ടിന്റെ അകമ്പടിയോ ഇവിടെയില്ല. ഇവിടെ തെയ്യം അണിയുന്നത് മുസ്ലിം സമുദായം ധരിക്കുന്ന തൊപ്പിയും നീണ്ട താടിയുമാണ്. ഹിന്ദു സമുദായത്തെ തങ്ങളുടെ 'കൂടപ്പിറപ്പ്' എന്നാണ് തെയ്യം അഭിസംബോധന ചെയ്യുന്നത്. തോറ്റം പാട്ടിനു പകരം നിസ്‌കാരവും ബാങ്കു വിളികളാലും കാവിന്റെ പ്രദേശം മുഖരിതമായിരിക്കും. കേരളത്തിലെ മറ്റു തെയ്യങ്ങളെ പോലെ ദൈവിക ചൈതന്യത്തെ അരുളപ്പാടു ചെയ്തു വിളിക്കുന്ന പതിവ് ഇവിടെയില്ല. പുരുഷന്മാരെ കൂടാതെ സ്ത്രീകളും മാപ്പിള തെയ്യം കെട്ടിയാടാറുണ്ട്. ഇവയെ ഉമ്മച്ചിത്തെയ്യമെന്നാണ് വിളിക്കുന്നത്. ഇവര്‍ ശിരോവസ്ത്രം ധരിച്ച്, കൈയില്‍ കുപ്പിവളകളും മാറില്‍ ആഭരണങ്ങളും അണിഞ്ഞാണ് കാണപ്പെടുന്നത്.

പൊതുവേയാടുന്ന തെയ്യങ്ങളുടെ രൂപങ്ങളെപ്പോലെ ഇവരെ കാവിലെ പ്രധാനമൂര്‍ത്തികളായി ആരാധിക്കുന്നില്ല. പകരം ഉപദേവതകളായാണ് ആരാധിക്കുന്നത്. മാപ്പിള തെയ്യങ്ങള്‍ തമ്മിലുള്ള വാള്‍പ്പയറ്റും കായികാഭ്യാസവും ഇവയ്ക്കു മാറ്റു കൂട്ടുന്നു. കാസര്‍ഗോഡ് ജില്ലകളിലെ ക്ഷേത്രങ്ങളില്‍ പതിനഞ്ചോളം മാപ്പിള തെയ്യങ്ങള്‍ കെട്ടിയാടാറുണ്ട്. ഇവിടെ തെയ്യത്തിന്റെ കഥാപാത്രങ്ങള്‍ ദേവന്മാരാലോ ദേവിമാരാലോ വധിക്കപ്പെട്ട അല്ലെങ്കില്‍ ശിക്ഷിക്കപ്പെട്ടവരുടെ ആത്മാക്കളുടെ പ്രതിരൂപങ്ങളാണ്. അവിടെ നന്മയും തിന്മയും നിറഞ്ഞ അല്ലെങ്കില്‍ നന്മയും തിന്മയും കൂടിക്കലര്‍ന്ന സ്വഭാവുമുള്ള കഥാപാത്രങ്ങള്‍ മാപ്പിള തെയ്യത്തിലൂടെ പുനര്‍ജ്ജനിക്കുന്നു. കോയി മമ്മദ് തെയ്യം, ആലി ചാമുണ്ഡി തെയ്യം തുടങ്ങിയവ പ്രധാന മാപ്പിള തെയ്യരൂപങ്ങളാണ്.

മാപ്പിള തെയ്യത്തിന്റെ ഉത്ഭവം


മലബാറിലെ സുഗന്ധ വ്യഞ്ജനങ്ങളെ ലക്ഷ്യം കണ്ടാണ് അറബ് കച്ചവടക്കാര്‍ കേരളത്തില്‍ വരുന്നത്. പിന്നീട് ആ കച്ചവടബന്ധം കൂടുതല്‍ ശക്തമാകുകയായിരുന്നു. ഇന്ന് കേരളത്തില്‍ കാണുന്ന മാപ്പിളമാര്‍ അറബ് കച്ചവടക്കാരുടെ സന്തതിപരമ്പരകളാണ്. തുടര്‍ന്ന് ഇസ്ലാം മതം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൊടുങ്ങലൂരില്‍ നിര്‍മിച്ച ചേരമാന്‍ ജുമാ മസ്ജിദ് ഇതിന്റെ തെളിവാണ്. കോഴിക്കോട്ടെ സാമൂതിരി രാജാവ് മുസ്ലീം സമുദായത്തിനോട് കാണിച്ചു പോന്നിരുന്ന അളവറ്റ അനുകമ്പയും ഇസ്ലാം മതത്തിന്റെ പ്രചാരണത്തിനു സഹായകമായി. അദ്ദേഹത്തിന്റെ ഇസ്ലാം സമുദായക്കാരോടുള്ള അളവറ്റ സ്‌നേഹം മൂലമാണ് കുഞ്ഞാലി മരക്കാരെ നാവികസേനയുടെ തലവനായി നിയമിച്ചതെന്നുള്ള കിംവദന്തി അന്നേ പരന്നിരുന്നു. എന്നാല്‍ വടക്കന്‍ മലബാറിലെ ഹിന്ദു മുസ്ലിം സമുദായങ്ങള്‍ തമ്മിലുള്ള ബന്ധം താരതമ്യേന ഊഷ്മളമായിരുന്നു. നമ്പൂതിരി ഇല്ലങ്ങള്‍ ഒഴിച്ച് മിക്ക വീടുകളിലും ഇവര്‍ അഥിതികള്‍ ആയിമാറി. ഇത്തരത്തിലുള്ള ഒരു സമുദായിക സാഹോദര്യം കാരണമാവാം മാപ്പിള തെയ്യം ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു.


മാപ്പിള തെയ്യം-ഐതിഹ്യം


ഓരോ മാപ്പിള തെയ്യങ്ങള്‍ക്ക് പുറകിലും ഓരോ കഥകളുണ്ട്. അവ തലമുറകളായി കൈമാറി പോരുന്നവയാണ്. മാപ്പിള തെയ്യത്തിലെ വകഭേദമായ മുക്രി പോക്കറിന്റെ കഥ ഇങ്ങനെയാണ്; കൂളോത്ത് തറവാട്ടിലെ കാര്യങ്ങള്‍ നോക്കാന്‍ വന്ന മുക്രി പോക്കര്‍ അവിടുത്തെ സ്ത്രീയുമായി ബന്ധം സ്ഥാപിക്കുകയും കുടുംബത്തിലെ കാരണവന്മാരുടെ കോപത്തിന് പാത്രമാകുകയും ചെയ്തു. ഒരിക്കല്‍ മുക്രി പോക്കറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തുടര്‍ന്ന് തറവാട്ടില്‍ അനിഷ്ട സംഭവങ്ങള്‍ അരങ്ങേറുവാനും തുടങ്ങി. പ്രശ്‌നം വെച്ച് നോക്കിയപ്പോള്‍ പരിഹാരമായി മുക്രി പോക്കറെയും തെയ്യമായി വര്‍ഷാവര്‍ഷം തറവാട് കൊണ്ടാടുവാന്‍ തുടങ്ങി.


ഇതുപോലെ തന്നെ കേരളീയരുടെ സങ്കല്‍പ്പങ്ങള്‍ക്ക് വളമേകുന്ന തരത്തിലുള്ള കഥകള്‍ ഇനിയും കാണുവാന്‍ സാധിക്കും. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് ചാമുണ്ഡാദേവി ആലി മാപ്പിളയെ ശിക്ഷിക്കുകയും തുടര്‍ന്ന് പശ്ചാത്തപിക്കുകയും ചെയ്തു. ഇതാണ് പിന്നീട് ആലി ചാമുണ്ഡി തെയ്യമായി പരിവര്‍ത്തനപ്പെട്ടതെന്ന് ഐതിഹ്യമുണ്ട്.

കാലമേറെ പിന്നിട്ടിട്ടും മനുഷ്യര്‍ തമ്മില്‍ ഇന്നും ജാതീയമായും വര്‍ഗീയമായുമുള്ള വേര്‍തിരിവുകള്‍ നിലനില്‍ക്കുമ്പോഴാണ് അതിനെയെല്ലാം നിഷ്പ്രഭമാക്കി ഹിന്ദു-മുസ്ലിം സമുദായങ്ങള്‍ തമ്മിലുള്ള സഹകരണ മനോഭാവവും പരസ്പര അന്തര്‍ധാരയും വിളിച്ചോതുന്ന ഒരു കലാരൂപമായി മാപ്പിള തെയ്യങ്ങള്‍ നിലകൊള്ളുന്നത്.

Reference: The World Of Theyyam by RC Karippath

Related Stories

No stories found.
News Malayalam 24x7
newsmalayalam.com