
അന്തർദേശീയ കുറ്റകൃത്യങ്ങളിൽ ആഗോള ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ് സൈബർ കുറ്റകൃത്യങ്ങളും ഇവയ്ക്കായ്ക്കായുള്ള മനുഷ്യക്കടത്തും. മ്യാന്മറിലും തെക്ക് കിഴക്കൻ ഏഷ്യയിലും വ്യാപകമായി കൊണ്ടിരിക്കുന്ന സൈബർ തട്ടിപ്പിന് ലക്ഷക്കണക്കിനാളുകൾ ആണ് ഇരകളാകുന്നത്. ചൈനയും ചില തെക്കുകിഴക്കൻ ഏഷ്യൻ ഗവൺമെന്റുകളും സൈബർ തട്ടിപ്പ് കേന്ദ്രങ്ങൾക്കെതിരെ നടപടികൾ എടുക്കുന്നുണ്ടെങ്കിലും അതിനെയെല്ലാം വിഫലമാക്കിയാണ് ഇത്തരം ഗ്രൂപ്പുകളുടെ പ്രവർത്തനം.
മ്യാന്മാർ സൈബർ തട്ടിപ്പുകളുടെ കേന്ദ്രമായത് എങ്ങനെ?
തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ സൈബർ തട്ടിപ്പിന്റെ ആഗോള കേന്ദ്രമായി മാറിയെന്ന റിപോർട്ടുകൾ ഞെട്ടിപ്പിക്കുന്നതാണ്. മേഖലയിലുടനീളം ക്രിമിനൽ സംഘങ്ങളെ തടയാൻ ഉള്ള പ്രവർത്തനങ്ങൾ നടക്കുമ്പോഴും മ്യാൻമർ സൈബർ കുറ്റകൃത്യങ്ങളുടെ താവളമായി മാറുകയാണ്. രാജ്യത്തെ ആഭ്യന്തര യുദ്ധവും, ഭരണ പരാജയവും ആണ് ഇത്തരം ക്രിമിനൽ സംഘടനകൾ വ്യാപിക്കാൻ കാരണം. കംബോഡിയയിലും, ലാവോസിലും ഇത്തരം സംഘങ്ങളെ ചെറുക്കാനുള്ള നടപടികൾ നടക്കുന്നുണ്ടെങ്കിലും മ്യാന്മറിൽ സ്ഥിതി മറിച്ചാണ്. അതിർത്തികളിൽ കാവൽ നിൽക്കുന്ന മ്യാന്മാർ സൈനികരുടെ അഴിമതിയും ഇതിനു ആക്കം കൂട്ടുന്നുണ്ട്. രാജ്യത്തെ പൊലീസ് സേനയുടെ പ്രധാന ആറ് ഗ്രൂപ്പുകളെയാണ് ഈ വർഷം ആദ്യം നിലവിലെ ഗവൺമെന്റ് പൊളിച്ചു മാറ്റിയത്. സംഘടിത കുറ്റകൃത്യങ്ങളുടെ വ്യാപനത്തിനാണ് സർക്കാരിന്റെ ഇത്തരം പ്രവർത്തനങ്ങൾ വഴിവെക്കുന്നത്. അതുകൊണ്ടു തന്നെ ലക്ഷകണക്കിന് ഇരകളാണ് നിലവിൽ മ്യാന്മറിലേക്ക് കടത്തപ്പെടുന്നതും. ഇതേ സ്ഥലങ്ങളിൽ തന്നെ പതിനായിരക്കണക്കിന് ആളുകൾ ആണ് സൈബർ തട്ടിപ്പിന് ഇരയായിട്ടുള്ളത്. അതേസമയം ചൈനയും മറ്റ് തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളും ഇത്തരം സൈബർ തട്ടിപ്പ് കേന്ദ്രങ്ങൾക്കെതിരെ നടപടി സ്വീകരിച്ചെങ്കിലും, അതിനെയെല്ലാം വിഫലമാക്കി മ്യാന്മറിൽ തട്ടിപ്പ് തുടരുകയാണ്.
പ്രധാനപ്പെട്ട സൈബർ തട്ടിപ്പ് കേന്ദ്രങ്ങൾ എവിടെയാണ്?
ഏറ്റവും ശക്തമായ സൈബർ തട്ടിപ്പ് ഗ്രൂപ്പുകളുടെ ഉറവിടം യഥാർത്ഥത്തിൽ ചൈനയാണ്. എന്നാൽ തെക്കു കിഴക്കൻ ഏഷ്യയിലെ കംബോഡിയ, ലാവോസ്, മ്യാന്മാർ തുടങ്ങിയ അവികസിത രാജ്യങ്ങളാണ് തട്ടിപ്പ് കേന്ദ്രങ്ങളുടെ താവളമായി ഇവർ തെരഞ്ഞെടുക്കുന്നത്. ചൈനയുടെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രത്യേക ഭരണ പ്രദേശമായ മക്കാവുവിൽ നടന്നു വന്നിരുന്ന അനധികൃതമായ അതിർത്തി കടക്കൽ, ചൂതാട്ടം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയവയ്‌ക്കെതിരെ ബീജിംഗ് ഗവൺമെന്റ് നടപടി എടുത്തതോടെയാണ് ഇത്തരം ക്രിമിനൽ സംഘങ്ങൾ ഈ രാജ്യങ്ങളിലേക്ക് വന്നത്. അതേസമയം ക്രിമിനൽ സംഘടനകളിൽ പ്രവർത്തിക്കുന്നവരിൽ ഭൂരിഭാഗം ആളുകളും മനുഷ്യക്കടത്തിന് വിധേയരായി ഇവിടെ എത്തി തട്ടിപ്പ് നടത്താൻ നിർബന്ധിതരായവരാണ് എന്നത് ഞെട്ടിക്കുന്ന കാര്യമാണ്. യു എൻ മനുഷ്യാവകാശ ഹൈകമ്മീഷന്റെ റിപ്പോർട് പ്രകാരം ഇത്തരം ഓൺലൈൻ തട്ടിപ്പുകൾക്കായി രണ്ട് ലക്ഷത്തിലധികം ആളുകളെയാണ് മ്യാന്മർ, കംബോഡിയ എന്നിവടങ്ങളിലേക്ക് കടത്തിയത്. ബ്രസീൽ, കെനിയ, നെതർലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് കൂടുതലായും മനുഷ്യക്കടത്തുകൾ നടന്നിരിക്കുന്നത്.
എങ്ങനെയാണു ഇത്തരം സംഘടനകൾ പ്രവർത്തിക്കുന്നത്?
ക്രിമിനൽ സംഘങ്ങളിലേക്ക് കടത്തികൊണ്ടുവന്ന തൊഴിലാളികൾ അവരുടെ ഇരകളുമായി ടെക്സ്റ്റ് അല്ലെങ്കിൽ ഓൺലൈൻ സന്ദേശങ്ങളയച്ച് അടുത്തബന്ധം സ്ഥാപിക്കുന്നു. തുടർന്ന് വ്യാജ ക്രിപ്റ്റോ കറൻസികൾ പോലുള്ള വഞ്ചന നിക്ഷേപങ്ങൾ നടത്താൻ പ്രേരിപ്പിക്കുകയും ചെയ്യും. യു എസ്, ചൈന തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ആളുകളാണ് കൂടുതലായും തട്ടിപ്പിനിരയാവുന്നത്. കണക്കുകൾ പ്രകാരം 2020 മുതൽ 2024 വരെ ലോകത്താകമാനമുള്ള ഇരകളിൽ നിന്നും ഏകദേശം 75 ബില്യൺ യു എസ് ഡോളറാണ് തെക്കു കിഴക്കൻ ഏഷ്യയിലെ സൈബർ ക്രിമിനൽ സംഘങ്ങൾ തട്ടിയെടുത്തത്. അമേരിക്കയിൽ മാത്രമായി 2022 ൽ 2.6 ബില്യൺ യു എസ് ഡോളറാണ് ഇത്തരത്തിലുള്ള സൈബർ സംഘങ്ങൾ തട്ടിയെടുത്തത് എന്നാണ് സൈബർ ബ്യുറോ ഇൻവെസ്റ്റിഗേഷൻ കണ്ടെത്തിയത്.
മറ്റു രാജ്യങ്ങൾ ഇതിനെതിരെ എടുത്ത മുൻകരുതൽ എന്തെല്ലാം?
തെക്കുകിഴക്കൻ ഏഷ്യയിലെ സൈബർ കുറ്റകൃത്യങ്ങളിൽ ഏറ്റവും കൂടുതൽ നടപടി എടുക്കേണ്ടി വന്ന രാജ്യം ചൈനയാണ്. കാരണം ഈ തട്ടിപ്പിന് ഇരയായവരും പ്രതിയായവരും കൂടുതൽ ചൈനീസ് പൗരന്മാർ ആണ്. തങ്ങളുടെ പൗരന്മാരെ കൈമാറാനും തട്ടിപ്പ് കേന്ദ്രങ്ങൾ അടച്ചു പൂട്ടാനും ചൈനീസ് ഭരണാധികാരികൾ നിരന്തരമായി മ്യാന്മാറിനോട് ആവിശ്യപ്പെടുന്നുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, യു കെ, തുടങ്ങിയ രാജ്യങ്ങൾ 2023 ൽ സൈബർ തട്ടിപ്പ് സംഘങ്ങൾക്കെതിരെയും, വ്യക്തികൾക്കെതിരെയും കൂട്ടായ ഉപരോധം ഏർപ്പെടുത്തിയിരുന്നു. കൂടാതെ ക്രിപ്‌റ്റോ സ്‌കാമുകളിൽ നിന്ന് ലാഭം ഉണ്ടാക്കുന്നവരുടെ ആസ്തികൾ കണ്ടുകെട്ടിക്കൊണ്ട് ചില വ്യക്തിഗത കേസുകളിൽ യുഎസ് അധികൃതർ നടപടി സ്വീകരിച്ചിട്ടുമുണ്ട്.
ഇതൊരു ആഗോള സുരക്ഷാ ഭീഷണിയാകുമോ?
മ്യാൻമറിലെയും തെക്ക് കിഴക്കൻ ഏഷ്യയിലെയും സൈബർ കുറ്റകൃത്യങ്ങൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നത് ഉറപ്പാണ്. ഈ ക്രിമിനൽ സംഘങ്ങളുടെ വളർച്ച ദ്രുതഗതിയിലായതിനാൽ തന്നെ മറ്റ് രാജ്യങ്ങളും ഇതിനിരയാകാൻ സാധ്യതയുണ്ട്. യു എസ്, തായ്‌ലൻഡ്, ഇന്ത്യ തുടങ്ങിയ അയല്‍ രാജ്യങ്ങൾ സൈബർ ക്രിമിനലുകൾ മുതലെടുക്കാൻ സാധ്യതയുള്ള സുരക്ഷാ വീഴ്ചകൾ പരിശോധിക്കുകയും, അതില്ലാതാക്കുകയും ചെയ്യുകയാണ് കുറ്റകൃത്യങ്ങൾ തടയാനുള്ള ആദ്യ വഴി. ആഗോള സുരക്ഷയ്ക്കെതിരായ വെല്ലുവിളികളെ ഇല്ലാതാക്കാനുള്ള രാജ്യങ്ങളുടെ കൂട്ടായ ഉപരോധവും ഈ വിഷയത്തിൽ ആവശ്യമാണ്.