കര്‍ദാഷിയന്‍ സാമ്രാജ്യത്തിന്റെ ബിസിനസ് രഹസ്യങ്ങള്‍

പ്രധാനമായും നാല് ബിസിനസ് തന്ത്രങ്ങളാണ് ഇവര്‍ പിന്തുടര്‍ന്നത്.
കര്‍ദാഷിയന്‍ സാമ്രാജ്യത്തിന്റെ ബിസിനസ് രഹസ്യങ്ങള്‍
Published on: 
Updated on: 

പ്രത്യേകിച്ച് കഴിവുകളൊന്നുമില്ലാതെ പ്രശ്‌സ്തരായവരെന്ന് നിരന്തരം പരിഹസിക്കപ്പെടുന്ന ഒരമ്മയും അഞ്ച് പെണ്‍മക്കളും. ഒരു കാലത്ത് ഹോളിവുഡിലെ വെറും സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റുകളും പാര്‍ട്ടി ഗേള്‍സും മാത്രമായിരുന്ന ഒരു കുടുംബം. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ബില്യണ്‍ ഡോളര്‍ ബിസിനസ് സാമ്രാജ്യങ്ങളുടെ ഉടമകളാണ്.

എങ്ങനെയാണ് ഈ അമ്മയും പെണ്‍മക്കളും പരിഹാസങ്ങളെ കോടിക്കണക്കിന് ഡോളറിന്റെ ബിസിനസ്സാക്കി മാറ്റിയത്? കീപ്പിംഗ് അപ്പ് വിത്ത് ദി കര്‍ദാഷിയന്‍സ് എന്ന റിയാലിറ്റി ഷോയില്‍ തുടങ്ങി, ഫോബ്‌സ് മാഗസിന്റെ ബില്യണയര്‍ പട്ടിക വരെ എത്തിയ അവരുടെ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ എന്തൊക്കെയാണ്?

ക്രിസ് ജെന്നറിന്റെ ബുദ്ധി

ഈ കുടുംബത്തിന്റെ വിജയത്തിന്റെ യഥാര്‍ത്ഥ ബുദ്ധികേന്ദ്രം അമ്മയായ ക്രിസ് ജെന്നറാണ്. 2007 ല്‍ കീപ്പിംഗ് അപ്പ് വിത്ത് ദി കര്‍ദാഷിയന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ സ്വന്തം കുടുംബത്തിന്റെ സ്വകാര്യത അവര്‍ ക്യാമറയ്ക്ക് മുന്നില്‍ കാണിക്കാനുള്ള കടുത്ത തീരുമാനമെടുത്തു. നമ്മള്‍ ഇന്ന് കാണുന്ന ഇന്‍ഫഌവന്‍സര്‍ കള്‍ച്ചറിന്റെ തലതൊട്ടമ്മ എന്ന് ക്രിസ് ജെന്നറെ വിളിക്കാം.

അമ്മ എന്നതിനപ്പുറം, അഞ്ച് പെണ്‍മക്കളുടെയും കരിയറും ബിസിനസും നിയന്ത്രിക്കുന്ന ഒരു മികച്ച മാനേജര്‍... അതുകൊണ്ടുതന്നെയാണ് അവര്‍ സ്വയം വിശേഷിപ്പിക്കുന്ന 'മോമേജര്‍' എന്ന പേരിന് ഏറ്റവും അനുയോജ്യയാകുന്നത്.

ഇവരുടെ കുടുംബത്തിലെ വഴക്കുകളും, പ്രണയങ്ങളും, വിവാഹമോചനങ്ങളും എല്ലാം ജനങ്ങള്‍ക്ക് വിനോദമായി മാറി. വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം ക്രിസ് ജെന്നര്‍ ടി.ആര്‍.പി റേറ്റിംഗും പണവുമാക്കി മാറ്റി. പ്രശസ്തിയാണ് പുതിയ കാലത്തെ ഏറ്റവും വലിയ കറന്‍സി എന്ന് മമ്മാ ജെന്നര്‍ പണ്ടേ തിരിച്ചറിഞ്ഞു.

എന്നാല്‍ ക്രിസ് ജെന്നറുടെ ഏറ്റവും വലിയ തന്ത്രം മറ്റൊന്നായിരുന്നു. തന്റെ മക്കളെ വെറും സെലിബ്രിറ്റികളായി നിലനിര്‍ത്താതെ, ഓരോരുത്തരെയും ഓരോ ബ്രാന്‍ഡുകളാക്കി മാറ്റുക.

ആദ്യകാലത്ത് വലിയ കമ്പനികളുടെ പരസ്യങ്ങളില്‍ അഭിനയിച്ച് പ്രതിഫലം വാങ്ങുന്നതായിരുന്നു ഇവരുടെ പ്രധാന വരുമാന മാര്‍ഗം. എന്നാല്‍ പിന്നീട് ക്രിസ് ആ രീതി മാറ്റി. മറ്റൊരു കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറാകുന്നതിനു പകരം സ്വന്തം പേരില്‍ തന്നെ ബിസിനസ് തുടങ്ങാന്‍ മക്കളെ പ്രേരിപ്പിച്ചു.

ഇവരുടെ ബിസിനസുകളില്‍ നിന്ന് ക്രിസ്, മാനേജ്‌മെന്റ് കമ്മീഷനായി 10 ശതമാനം വരെ വാങ്ങുന്ന കരാറും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത്, മക്കളുടെ പ്രശസ്തി വളരുന്നതിനനുസരിച്ച് ക്രിസിന്റെ വരുമാനവും വളരുന്നു.

മറ്റൊരു പ്രധാന കാര്യം, ഓരോ ബിസിനസിനും പ്രത്യേകം മാനേജ്‌മെന്റ് ടീമുകളും ജീവനക്കാരും വിതരണ സംവിധാനങ്ങളും ഒരുക്കുക എന്നതായിരുന്നു. അതുവഴി ഒരു കുടുംബത്തിന്റെ പ്രശസ്തിയെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന ചെറിയ സംരംഭങ്ങളല്ല, സ്വതന്ത്രമായി വളരാന്‍ കഴിയുന്ന കമ്പനികളാണ് അവര്‍ സൃഷ്ടിച്ചത്.

ചുരുക്കിപ്പറഞ്ഞാല്‍, ക്രിസ് ജെന്നര്‍ വിറ്റത് തന്റെ മക്കളുടെ പ്രശസ്തി മാത്രമല്ല. ആ പ്രശസ്തിയില്‍ നിന്ന് ദീര്‍ഘകാലം വരുമാനം നേടാന്‍ കഴിയുന്ന ബിസിനസ് സംവിധാനമാണ് അവര്‍ നിര്‍മ്മിച്ചത്.

കര്‍ദാഷിയന്‍ സാമ്രാജ്യത്തിന്റെ ബിസിനസ് രഹസ്യങ്ങള്‍
മനുഷ്യർക്ക് മനസ്സിലാകുന്നതിന് മുൻപേ AI ഉത്തരങ്ങൾ കണ്ടെത്തി! 167 വർഷത്തെ ഗണിത സമസ്യയും 2 മില്യൺ ഡോളറിന്റെ ചോദ്യങ്ങളും!

കര്‍ദാഷിയന്‍സിന്റെ ബിസിനസ് തന്ത്രങ്ങള്‍

പ്രധാനമായും നാല് ബിസിനസ് തന്ത്രങ്ങളാണ് ഇവര്‍ പിന്തുടര്‍ന്നത്.

1.

മറ്റ് സെലിബ്രിറ്റികള്‍ വലിയ ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ അഭിനയിച്ച് പ്രതിഫലം വാങ്ങിയപ്പോള്‍, കര്‍ദാഷിയന്‍സ് സ്വന്തമായി ബ്രാന്‍ഡായി മാറി. കിം കര്‍ദാഷിയന്റെ സ്‌കിംസ്, കൈലി ജെന്നറിന്റെ കൈലി കോസ്‌മെറ്റിക്‌സ്, കെന്‍ഡല്‍ ജെന്നറിന്റെ '818 ടെക്വില എന്നിവയൊക്കെ ഉദാഹരണങ്ങളാണ്. സ്വന്തം ആരാധകരെ തന്നെ അവര്‍ ഉപോഭാക്താക്കളാക്കി മാറ്റി.

2.

സോഷ്യല്‍മീഡിയയിലൂടെ എങ്ങനെ സെല്‍ഫ് മാര്‍ക്കറ്റ് നടത്താമെന്ന് കര്‍ദാഷിയന്‍സിനെ കണ്ട് പഠിക്കണം. പരസ്യങ്ങള്‍ക്കായി കോടികള്‍ ചെലവഴിക്കുന്നതിന് പകരം, അവര്‍ അവരുടെ ഇന്‍സ്റ്റാഗ്രാം, സ്‌നാപ്ചാറ്റ് അക്കൗണ്ടുകള്‍ ഉപയോഗിച്ചു. കൈലി ജെന്നര്‍ തന്റെ ലിപ് കിറ്റുകള്‍ ലോഞ്ച് ചെയ്തപ്പോള്‍, പരസ്യത്തിനായി ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. സ്വന്തം ഇന്‍സ്റ്റഗ്രാമിലെ ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സിലൂടെ നിമിഷങ്ങള്‍ക്കുള്ളില്‍ ഉല്‍പ്പന്നങ്ങളെല്ലാം വിറ്റഴിച്ചു.

3.

ഉത്പന്നങ്ങള്‍ എന്തായാലും അത് വളരെ കുറഞ്ഞ അളവില്‍ മാത്രം വിപണിയില്‍ ഇറക്കുക എന്നതാണ് ഇവരുടെ മറ്റൊരു തന്ത്രം. ലിമിറ്റഡ് എഡിഷന്‍ എന്ന പേരില്‍ ഇറങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ മിനിറ്റുകള്‍ക്കുള്ളില്‍ സോള്‍ഡ് ഔട്ട് ആകുമ്പോള്‍, അത് സ്വന്തമാക്കാന്‍ ഉപഭോക്താക്കളില്‍ ആവേശമുണ്ടാകും. ഇതാണ് സ്‌കാര്‍സിറ്റി മാര്‍ക്കറ്റിംഗ്.

4.

നാലാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ ബിസിനസ് തന്ത്രം, വിവാദങ്ങളെ വിറ്റ് കാശാക്കുക. എന്തെങ്കിലും വിവാദമുണ്ടാകുന്നത് കര്‍ദാഷിയന്‍സിന് ചാകരയാണ്. തങ്ങളുടെ അടുത്ത ഷോയിലൂടെയോ പുതിയ ഉല്‍പ്പന്നത്തിലൂടെയോ അവര്‍ അതിന് മറുപടി നല്‍കും. നെഗറ്റീവ് പബ്ലിസിറ്റിയെ പോലും അവര്‍ ബ്രാന്‍ഡ് വാല്യൂ കൂട്ടാന്‍ ഉപയോഗിച്ചു.

ബില്യണ്‍ ഡോളര്‍ സാമ്രാജ്യം

ക്രിസ് ജെന്നറുടെ മറ്റൊരു മികച്ച തന്ത്രം അഞ്ച് പെണ്‍മക്കളെയും ഒരേ ബിസിനസ് രംഗത്തേക്ക് കൊണ്ടുവരാതിരിക്കുക എന്നതായിരുന്നു. ഓരോരുത്തരുടെയും സ്‌ട്രെങ്ത് തിരിച്ചറിഞ്ഞ് ആരാധകര്‍ക്കും താല്‍പര്യങ്ങള്‍ക്കും അനുസരിച്ച് വ്യത്യസ്ത വിപണികളാണ് അവര്‍ തിരഞ്ഞെടുത്തത്.

ആദ്യം കിം കര്‍ദാഷിയന്‍. ഫാഷനും സൗന്ദര്യവുമായിരുന്നു കിമ്മിന്റെ പ്രധാന ശക്തി. അതിനെ അടിസ്ഥാനമാക്കിയാണ് 2019ല്‍ സ്‌കിംസ് എന്ന ഷേപ്പ്‌വെയര്‍ ബ്രാന്‍ഡ് ആരംഭിച്ചത്. വ്യത്യസ്ത ശരീരപ്രകൃതിയുള്ള സ്ത്രീകള്‍ക്ക് അനുയോജ്യമായ ഇന്‍ക്ലൂസീവ് ഫാഷന്‍ എന്ന ആശയമാണ് ബ്രാന്‍ഡിന്റെ പ്രധാന ആകര്‍ഷണം. ഇന്ന് സ്‌കിംസിന്റെ മൂല്യം 5 ബില്യണ്‍ ഡോളറിലധികമാണ്.

അടുത്തത് കൈലി ജെന്നര്‍. സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളോടുള്ള താല്‍പര്യവും സോഷ്യല്‍ മീഡിയയിലെ വലിയ ആരാധകവൃന്ദവും ഉപയോഗിച്ചാണ് കൈലി കോസ്മറ്റിക്‌സ് ആരംഭിച്ചത്. 2015ല്‍ പുറത്തിറക്കിയ ലിപ് കിറ്റുകള്‍ വലിയ വിജയമായി. പിന്നീട് 2020ല്‍ കോസ്‌മെറ്റിക് കമ്പനിയുടെ 51 ശതമാനം ഓഹരികള്‍ 600 ദശലക്ഷം ഡോളറിനാണ് കോട്ടി എന്ന കമ്പനിക്ക് കൈലി വിറ്റത്.

കര്‍ദാഷിയന്‍ സാമ്രാജ്യത്തിന്റെ ബിസിനസ് രഹസ്യങ്ങള്‍
ഓല വന്‍ കുരുക്കില്‍ : കടം പുരപ്പുറത്ത് മുട്ടി, സ്കൂട്ടര്‍ വില്‍പ്പനയില്‍ പണികിട്ടിയപ്പോഴും പൂക്കാത്ത സ്വപ്നം പോലെ ബാറ്ററിയും, എഐയും

മൂന്നാമത്തേത് ക്ലോയി കര്‍ദാഷിയന്‍. ഫാഷന്‍ രംഗത്താണ് ക്ലോയി സ്വന്തം ഇടം കണ്ടെത്തിയത്. 2016ല്‍ ആരംഭിച്ച ഗുഡ് അമേരിക്കന്‍ എന്ന ബ്രാന്‍ഡിലൂടെ വ്യത്യസ്ത ശരീരപ്രകൃതിയുള്ള സ്ത്രീകള്‍ക്ക് അനുയോജ്യമായ ജീന്‍സും വസ്ത്രങ്ങളുമാണ് വിപണിയിലെത്തിച്ചത്. ഇന്‍ക്ലൂസീവ് ഫാഷന്‍ എന്ന ആശയമാണ് ഈ ബ്രാന്‍ഡിന്റെ പ്രധാന പൊസിഷനിങ്.

നാലാമത്തേത് കെന്‍ഡല്‍ ജെന്നര്‍. സൂപ്പര്‍ മോഡല്‍ എന്ന അഡ്വാന്റേജുമായാണ് കെന്‍ഡല്‍ ബിസിനസിലേക്ക് കാലെടുത്ത് വെച്ചത്. 818 ടെക്വില എന്ന പേരില്‍ സ്വന്തം ടെക്വില ബ്രാന്‍ഡ് ആരംഭിച്ചു.

അഞ്ചാമത്തേത് കോര്‍ട്ട്‌നി കര്‍ദാഷിയന്‍. വെല്‍നസ്, ആരോഗ്യകരമായ ജീവിതശൈലി തുടങ്ങിയ മേഖലകളിലാണ് കോര്‍ട്ട്‌നി ശ്രദ്ധ കേന്ദ്രീകരിച്ചത്. പൂഷ് എന്ന ലൈഫ്‌സ്‌റ്റൈല്‍ പ്ലാറ്റ്‌ഫോമിനൊപ്പം ലെമ്മി എന്ന സപ്ലിമെന്റ് ബ്രാന്‍ഡും ആരംഭിച്ചു.

റിയാലിറ്റി ഷോ താരങ്ങളില്‍ നിന്ന് ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ പോലും പഠനവിഷയമാകുന്ന രീതിയിലേക്ക് ഇവരെല്ലാം വളര്‍ന്നു കഴിഞ്ഞു.

കര്‍ദാഷിയന്‍സിനെ നിങ്ങള്‍ക്ക് ഇഷ്ടപ്പെടാം, ഇഷ്ടപ്പെടാതിരിക്കാം. പക്ഷേ, അവരുടെ ബിസിനസ് ബുദ്ധിയെ ആര്‍ക്കും അവഗണിക്കാനാവില്ല. ആളുകളുടെ ശ്രദ്ധ എവിടെയാണോ, അവിടെയാണ് പണമുള്ളതെന്ന് അവര്‍ ലോകത്തിന് കാണിച്ചുകൊടുത്തു.