
അധികമാരും എത്തിപ്പെടാത്ത, എന്നാൽ അതിമനോഹരമായ, ഏറ്റവും സുരക്ഷിതമായ, ഒരു വെള്ളച്ചാട്ടമുണ്ട് മേപ്പാടിയിൽ. കാപ്പം കൊല്ലി പുഴമൂലയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പുഴമൂല വെള്ളച്ചാട്ടത്തിൻ്റെ കാഴ്ചകളും വിശേഷങ്ങളും അറിയാം..
കാപ്പം കൊല്ലിയിൽ നിന്നും മൂന്ന് കിലോമീറ്റർ മാത്രമാണ് ഇവിടേയ്ക്കുള്ളത്. വയനാടിൻ്റെ മടിത്തട്ടിൽ ശിരസുയർത്തി നിൽക്കുന്ന ചെമ്പ്ര കൊടുമുടിയ്ക്ക് തൊട്ട് താഴെ പച്ച പരവതാനി വിരിച്ച തേയിലതോട്ടത്തിനു നടുവിലൂടെ ഒരല്പം നടക്കാനുണ്ട്. മുളങ്കൂട്ടങ്ങളാൽ സ്വാഭാവിക വഴിയൊരുക്കി സഞ്ചാരികളെ കാത്തിരിക്കുന്ന പ്രകൃതിയുടെ മറ്റൊരു വിസ്മയം. ചെമ്പ്രമലയുടെ അടിവാരത്തു നിന്നും ദിശ മാറി ഒഴുകിയെത്തുന്ന പുഴമൂല വെള്ളച്ചാട്ടം...
പാറ മുകളിൽ നിന്ന് പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം മഴക്കാലത്തു മാത്രമാണ് പൂർണ ഭംഗിയോടെ കാണാൻ കഴിയുക. വൈകുന്നേരങ്ങളിൽ ഇവിടേക്ക് എത്തുന്നവരിൽ ഭൂരിഭാഗവും പ്രദേശവാസികൾ തന്നെ. ദൂരെ നിന്നുള്ളവർക്ക് ഇപ്പോഴും ഈ വിസ്മയ കാഴ്ചയെക്കുറിച്ച് അറിയില്ല. വയനാട്ടിലെ ടൂറിസം മേഖലയ്ക്ക് വലിയ സാധ്യതയാണ് ഇവിടം. കൃത്യമായ ഇടപെടൽ നടത്തിയാൽ വലിയ മാറ്റം തന്നെ ഇവിടെ സൃഷ്ടിക്കാൻ കഴിയും.
വരുന്ന സഞ്ചാരികളോടാണ്, പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഭംഗി നമുക്ക് ആസ്വദിക്കാൻ ഉള്ളതാണ്. എന്നാൽ, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഉള്ള മാലിന്യങ്ങൾ ഇവിടെ നിക്ഷേപിച്ച്, ഈ മനോഹാരിതയെ തകർക്കാൻ ശ്രമിക്കരുത്...