
ഓണം പോലെയാണ് മലയാളികള്‍ക്ക് കേരളപ്പിറവി. ഏറെപ്പേരും മുണ്ടും ഷര്‍ട്ടും, പാവാടയും ബ്ലൗസും, സെറ്റ് സാരിയുമൊക്കെ അണിഞ്ഞാവും ഓഫീസിലും കലാലയങ്ങളിലും എത്തുക. മധുരപലഹാരങ്ങളോ പായസമോ വിതരണം ചെയ്ത് ആഘോഷത്തിന് മാറ്റ് കൂട്ടും. ഇവയുടെ ചിത്രങ്ങളും ദൃശ്യങ്ങളുമൊക്കെ പങ്കുവെക്കപ്പെടുന്നതോടെ, സാമുഹ്യമാധ്യമങ്ങളും കളര്‍ഫുള്ളാകും. വീഡിയോയ്ക്കും റീല്‍സിനും സ്റ്റാറ്റസിനുമൊക്കെ പഴയ സിനിമാപാട്ടുകളായിരിക്കും അകമ്പടി. പാട്ടുകളുടെ റീമിക്സോ, കവര്‍ വേര്‍ഷനോയൊക്കെ ആകുമത്. കാലമിങ്ങനെ മാറിക്കൊണ്ടിരിക്കുമ്പോഴും, ഇതൊന്നുമില്ലാതെ മലയാളികള്‍ക്ക് കേരളപ്പിറവി ഇല്ല. അതിപ്പോള്‍, നാട്ടിലാണെങ്കിലും വിദേശത്താണെങ്കിലും അങ്ങനെ തന്നെ.
കേരളത്തെയും മലയാളത്തെയും കുറിച്ച് എഴുതാത്ത കവികള്‍ ചുരുക്കമാണ്. മലയാള സിനിമയുടെ തുടക്കം മുതല്‍ പാട്ടുകളില്‍ കേരളമുണ്ട്. പ്രകൃതിവര്‍ണനയും മിത്തും കാല്‍പ്പനികതയുമൊക്കെ ചേര്‍ന്നാണ് ആ വരികള്‍ക്ക് സൗന്ദര്യം നല്‍കുന്നത്. ഇത്തരം പതിവുസങ്കല്‍പ്പങ്ങളില്‍നിന്ന് മാറിനില്‍ക്കുന്ന രചനകളും മലയാളത്തില്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ആഘോഷവേളകളില്‍ അധികമാരും അത് ഉപയോഗിക്കാറില്ലെന്നു മാത്രം.'പരശുരാമന്‍ മഴുവെറിഞ്ഞ് നേടിയതല്ല/ തിരകള്‍ വന്ന് തിരുമുല്‍ക്കാഴ്ച നല്‍കിയതല്ല/ മയിലാടും മലകളും പെരിയാറും സഖികളും/ മാവേലി പാട്ട് പാടുമീ മലയാളം' എന്നാണ് ആ പാട്ട് തുടങ്ങുന്നത്. എഴുതിയത് മാറ്റാരുമല്ല, വിപ്ലവകവി വയലാര്‍ രാമവര്‍മയാണ്. 1969ല്‍ പുറത്തിറങ്ങിയ 'കൂട്ടുകുടുംബം' എന്ന ചിത്രത്തിനുവേണ്ടി എഴുതിയ വരികള്‍ക്ക് ഈണം പകര്‍ന്നത് ജി. ദേവരാജന്‍ മാസ്റ്റര്‍. പാടിയത് പി. സുശീലയും സംഘവും. പരശുരാമന്‍ മഴുവെറിഞ്ഞാണ് കേരളം ഉണ്ടായതെന്ന മിത്തുകളെയെല്ലാം തകര്‍ത്തെറിയുന്നതാണ് വയലാറിന്റെ വരികള്‍. പറയി പെറ്റ പന്തിരുകുലം ഇവിടെ വളര്‍ന്നു, തുഞ്ചന്‍ പറമ്പിലെ പൈങ്കിളിപ്പാട്ടിന്റെ പഞ്ചാമൃതമുണ്ട മലയാളം എന്നിങ്ങനെ പോകുന്ന വരികളില്‍ തുള്ളല്‍ക്കഥയും, കഥകളിപ്പദവും, മാമാങ്കവുമൊക്കെ വിവരിക്കുന്നുണ്ട്. പുതിയ പുതിയ പൊന്‍ പുലരികളിവിടെ ഉണര്‍ന്നൂ, കതിര് കൊയ്തു പൊന്നരിവാളിവിടെ ഉയര്‍ന്നൂവെന്നും വര്‍ണിക്കുന്നുണ്ട് വിപ്ലവകവി.
മറുനാട്ടില്‍ നിന്നുകൊണ്ട് നാടിനെയോര്‍ത്ത് പാടുന്ന ഒരുപിടി പാട്ടുകളും മലയാള സിനിമയിലുണ്ട്. വൈകാരികത തുളുമ്പിനില്‍ക്കുന്ന വരികള്‍ മികച്ച ഈണവും ഹൃദ്യമായ ആലാപനവുംകൊണ്ട് പലര്‍ക്കും പ്രിയപ്പെട്ടതാണ്. 1963ല്‍ പുറത്തിറങ്ങിയ 'നിണമണിഞ്ഞ കാല്‍പ്പാടുകള്‍' എന്ന ചിത്രത്തിനുവേണ്ടി പി. ഭാസ്‌കരന്‍ എഴുതി എം.എസ്. ബാബുരാജ് ഈണമിട്ട് പി.ബി ശ്രീനിവാസ് ആലപിച്ച പാട്ട് അത്തരത്തിലൊന്നാണ്. 'മാമലകള്‍ക്കപ്പുറത്ത് മരതക പട്ടുടുത്ത്/ മലയാളമെന്നൊരു നാടുണ്ട് കൊച്ചു...മലയാളമെന്നൊരു നാടുണ്ട്' എന്നാണ് പാട്ടിന്റെ വരികള്‍ തുടങ്ങുന്നത്. പട്ടാളക്കാരനായ പ്രേംനസീര്‍ കഥാപാത്രം നാടിനെയോര്‍ത്ത് പാടുന്ന പാട്ടാണിത്. കായലും പുഴകളും കതിരണി വയലുകളും കൈകൊട്ടിപ്പാട്ടും, പ്രവാസിയുടെ വരവ് കാത്തിരിക്കുന്ന പെണ്ണിനെക്കുറിച്ചുമൊക്കെ ഭാസ്‌കരന്‍ മാസ്റ്റര്‍ പാട്ടില്‍ വര്‍ണിക്കുന്നുണ്ട്.
1970ല്‍ പുറത്തിറങ്ങിയ, 'തുറക്കാത്ത വാതില്‍' എന്ന ചിത്രത്തിലെ പി. ഭാസ്‌കരന്‍ എഴുതി കെ. രാഘവന്‍ മാസ്റ്റര്‍ ഈണമിട്ട് യേശുദാസ് ആലപിച്ച 'നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്' എന്ന ഗാനമാണ് മറ്റൊന്ന്. ജോലി ആവശ്യത്തിനായി മദ്രാസിലേക്കുപോയ പ്രേംനസീര്‍ കഥാപാത്രം, നാട്ടിലെ വീടിനെയും കുടുംബത്തെയും കാമുകിയെയും ഓര്‍ത്തുപാടുന്ന ഗാനമാണിത്. കിളിക്കൂട് പോലത്തെ വീട്, നാലുകാല്‍ ഓലപ്പുര, വാഴക്കൂമ്പുപോലുള്ള പെണ്ണ് എന്നിങ്ങനെ പ്രയോഗങ്ങളെല്ലാം പഴയ കാലത്തെ ഓര്‍മിപ്പിക്കുന്നതാണ്. കേരളത്തിനു പുറത്ത് ജോലിതേടി പോകുന്ന ഏതൊരു മലയാളിയുടെയും, അന്നത്തെയും ഇന്നത്തെയും സ്വപ്നങ്ങളായ സ്വന്തമായ വീട്, വിവാഹം, നല്ല ജീവിതം എന്നിവയെല്ലാം വരികളില്‍ കാണാം.
1973ല്‍ പുറത്തിറങ്ങിയ പ്രേതങ്ങളുടെ താഴ്‌വര എന്ന ചിത്രത്തിലെ, 'മലയാള ഭാഷ തന്‍ മാദകഭംഗി നിന്‍' എന്ന പാട്ട് ഏറെ പ്രശസ്തമാണ്. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഈണമിട്ടത് ദേവരാജന്‍ മാസ്റ്ററാണ്. ഭാവഗായകന്‍ പി. ജയചന്ദ്രന്റെ ആലാപനമാധുര്യം ആവോളം നുകരാം. പ്രകൃതിയെ കാമുകിയായി സങ്കല്‍പ്പിച്ചാണ് ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍. മലയാള ഭാഷയുടെ മാദക ഭംഗി നിന്‍ മലര്‍ മന്ദഹാസമായി വിരിയുന്നു, കിളികൊഞ്ചുന്ന നാടിന്റെ ഗ്രാമീണ ശൈലി പുളിയിലക്കര മുണ്ടില്‍ തെളിയുന്നു, കളമൊഴി നീ പൊട്ടിച്ചിരിയ്ക്കുന്ന നേരത്ത് കൈകൊട്ടിക്കളിത്താളം മുഴങ്ങുന്നു, പരിഭവം പറഞ്ഞു നീ പിണങ്ങുമ്പോള്‍ കുരുവിതന്‍ പളുങ്കണിയൊച്ച ഞാന്‍ കേള്‍ക്കുന്നു... എന്നിങ്ങനെ പോകുന്നു വരികള്‍.
കേരളം എന്ന വാക്കില്‍ തന്നെ തുടങ്ങുന്നൊരു സിനിമാഗാനമുണ്ട്. 1977ല്‍ പുറത്തിറങ്ങിയ മിനിമോള്‍ എന്ന ചിത്രത്തിനായി ശ്രീകുമാരന്‍ തമ്പി എഴുതിയ 'കേരളം.. കേരളം... കേളികൊട്ടുയരുന്ന കേരളം' എന്ന ഗാനമാണ് അത്. ജി. ദേവരാജന്‍ മാസ്റ്ററുടെ ഈണത്തില്‍ യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. കേരം, ചിങ്ങപ്പൂവിളി, പുന്നെല്ലിന്‍ പാടം, മാവേലിമന്നന്‍ തുടങ്ങി തോണിപ്പാട്ടും കൈകൊട്ടിപ്പാട്ടുമൊക്കെ വരികളില്‍ നിറയുന്നു.
പുതിയകാലത്തിലേക്ക് എത്തുമ്പോള്‍, 2021ല്‍ പുറത്തിറങ്ങിയ കരുമാടിക്കുട്ടന്‍ എന്ന ചിത്രത്തില്‍ യൂസഫലി കേച്ചേരി എഴുതിയ ഒരു പാട്ടാണ് ഏറെ ശ്രദ്ധേയം. 'സഹ്യസാനു ശ്രുതി ചേര്‍ത്തുവെച്ച മണിവീണയാണെന്റെ കേരളം' എന്നാണ് പാട്ട് തുടങ്ങുന്നത്. കാവ്യഭംഗി തുളുമ്പിനില്‍ക്കുന്ന വരികള്‍ക്ക് ഈണം പകര്‍ന്നത് മോഹന്‍ സിത്താരയാണ്, പാടിയത് യേശുദാസും. സഹ്യ മലനിരകള്‍ ശ്രുതി ചേര്‍ത്ത മണിവീണയാണ് കേരളമെന്നാണ് കവിവചനം. അതിന്റെ തന്ത്രികള്‍ മീട്ടുന്ന നീലക്കടല്‍ സാന്ത്വനസ്വരം ഉണര്‍ത്തിടുന്നു. ഹരിതഭംഗി കളിയാടിടുന്ന വയലേലകള്‍ക്ക് നീര്‍ക്കുടവുമായി, നാട്ടിലാകെ നടനമാടുന്ന പാട്ടുകാരികളാകുന്ന ചോലകള്‍... പീലി നീര്‍ത്തി നടമാടിടുന്ന തെങ്ങുകള്‍... എന്നിങ്ങനെ കവിത്വം നിറഞ്ഞ വരികള്‍ക്ക് അതിമനോഹരമായ ഈണമാണ് മോഹന്‍ സിത്താര സമ്മാനിച്ചത്. യേശുദാസിന്റെ ആലാപനം കൂടിയാകുമ്പോള്‍ പാട്ടിന്റെ അഴകും പീലിവിരിച്ചാടുന്നു.
2004ല്‍ പുറത്തിറങ്ങിയ ജലോത്സവം സിനിമയിലെ പാട്ട് സുപരിചതമാണ്. 'കേര നിരകളാടും ഒരു ഹരിത ചാരു തീരം/ പുഴയോരം കള മേളം കവിത പാടും തീരം' എന്നാണ് പാട്ടിന്റെ തുടക്കം. 'കായലലകള്‍ പുല്‍കും തണുവലിയുമീറന്‍ കാറ്റില്‍/ ഇള ഞാറിന്‍ ഇലയാടും കുളിരുലാവും നാട്/ നിറപൊലിയേകാമെന്‍ അരിയ നേരിന്നായ്/ പുതു വിള നേരുന്നൊരിനിയ നാടിതാ/ പാടാം... കുട്ടനാടിന്നീണം' എന്നിങ്ങനെ പോകുന്നു വരികള്‍. പ്രകൃതിഭംഗിയെ വരികളിലേക്ക് ആവാഹിക്കുന്നതില്‍ അസാമാന്യ വൈഭവമുള്ള ബി.ആര്‍ പ്രസാദിന്റേതാണ് രചന. ഈണം നല്‍കിയത് അല്‍ഫോണ്‍സ് ജോസഫും. പുഴയും കായലും വയലേലകളും വള്ളംകളിയും കുട്ടനാടന്‍ ഗ്രാമഭംഗിയുമൊക്കെ നിറയുന്ന വരികള്‍ പാടിയത് പി. ജയചന്ദ്രനാണ്. കേരളവുമായി ബന്ധപ്പെട്ട ആഘോഷങ്ങളിലെല്ലാം ഏറെ നിറഞ്ഞുനില്‍ക്കുന്ന പാട്ട് കൂടിയാണിത്.
മലയാളത്തെയും കേരളത്തെയും കുറിച്ചുള്ള സിനിമാ പാട്ടുകള്‍ ഇനിയുമുണ്ട്. ഇത്തരം വര്‍ണനകള്‍ സിനിമാ പാട്ടുകളില്‍ മാത്രം ഒതുങ്ങുന്നുമില്ല. ലളിതഗാനങ്ങളിലും നാടന്‍പാട്ടുകളിലുമൊക്കെ മലയാളത്തെക്കുറിച്ചുള്ള വര്‍ണനകള്‍ കാണാം. കുട്ടനാടും കായലും വലകളും ഉള്‍പ്പെടുന്ന കടല്‍-കായല്‍ കാഴ്ചകളും, മലകളും കുന്നുകളും നിറഞ്ഞ പ്രകൃതി, കേരളത്തിലെ കലാരൂപങ്ങള്‍, ആഘോഷങ്ങള്‍, ഓണം പോലുള്ള വിശേഷങ്ങള്‍ എന്നിവയെ വിവരിച്ചുള്ള പാട്ടുകളുമുണ്ട്. കാലമെത്രെ സഞ്ചരിച്ചാലും മലയാളികള്‍ക്ക് നല്ല നിമിഷങ്ങള്‍ക്ക് അകമ്പടിയായി അവ ഇങ്ങനെ ഒഴുകിപ്പരന്നുകൊണ്ടിരിക്കും. പഴയ പാട്ടുകളില്‍ കേരളം അങ്ങനെ നിറമുള്ള ഓര്‍മയായി തെളിഞ്ഞുനില്‍ക്കും. ഗൃഹാതുരതയെന്നോ, പഴഞ്ചനെന്നോ വിളിച്ചാല്‍ പോലും ആര്‍ക്കും അതില്‍ പരിഭവം ഉണ്ടാകാനും ഇടയില്ല.