

അധികാരത്തിലേറി ആറുമാസം തികഞ്ഞ വേളയിൽ, ആഭ്യന്തരകലഹങ്ങളുടെയും ചേരിപ്പോരിന്റെയും പുതിയ അധ്യായം തുറന്നിരിക്കുകയാണ് കേരളത്തിലെ യുഡിഎഫ് സർക്കാർ. മുഖ്യമന്ത്രി വി.ഡി. സതീശൻ പക്ഷവും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പക്ഷവും തമ്മിലുള്ള പരസ്യമായ ഏറ്റുമുട്ടൽ, പഴയ എ-ഐ ഗ്രൂപ്പ് പോരുകളെ അനുസ്മരിപ്പിക്കും വിധം രൂക്ഷമായിരിക്കുന്നു. ഒരുവശത്ത് പിഎസ്സി - ദേവസ്വം നിയമനങ്ങളെ ചൊല്ലിയുള്ള തർക്കവും; മറുവശത്ത് ബിജെപി വിട്ടുവരുന്ന പത്മജ വേണുഗോപാലിന്റെ മടങ്ങിവരവിനെ ചൊല്ലിയുള്ള കലഹവും, ഒപ്പം ഘടകകക്ഷികളുടെയും മുസ്ലിം ലീഗിന്റെയും കടുത്ത അതൃപ്തിയും ഒക്കെക്കൂടി വല്ലാത്ത ആഭ്യന്തര പ്രതിസന്ധിയിലേക്കാണ് യുഡിഎഫ് സർക്കാർ നീങ്ങുന്നത്. യുഡിഎഫിലെ പടലപ്പിണക്കങ്ങളുടെ സമകാലിക പശ്ചാത്തലമാണ് ഇന്ന് സ്പോട്ട്ലൈറ്റ് വിഷയമാക്കുന്നത്. ‘ഉൾകലാപ പ്രതിസന്ധിയിൽ യുഡിഎഫ്’.
യുഡിഎഫിലെ ഉൾകലാപം: ഹൈക്കമാൻഡ് ഇടപെടുമോ?
ബുധനാഴ്ച രാവിലെ പത്തരയോടെ മന്ത്രിസഭായോഗം അവസാനിക്കുമ്പോൾ, മുഖ്യമന്ത്രി വി.ഡി. സതീശൻ പതിവ് വാർത്താസമ്മേളനം പോലും ഒഴിവാക്കി ന്യൂഡൽഹിക്ക് വിമാനം കയറുകയായിരുന്നു. എന്നാൽ, 11.10-ന് മുഖ്യമന്ത്രി വിമാനത്താവളത്തിൽ എത്തുന്നതിന് മുൻപ് തന്നെ മന്ത്രിസഭയ്ക്കുള്ളിലെ ചർച്ചകൾ വാർത്താചാനലുകളിൽ നിറഞ്ഞു. ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ മന്ത്രിസഭായോഗത്തിലെ മന്ത്രി അനിൽകുമാറിന്റെ പരാമർശങ്ങൾ മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയോട് ചോദിച്ചു. അതിന് പരിഹാസത്തിലായിരുന്നു മറുപടി നൽകിയതെങ്കിലും ചർച്ചകളും തർക്കങ്ങളും നടന്നു എന്ന് സ്ഥിരീകരിക്കേണ്ടിവന്നു. തുടർന്നാണ് വി.ഡി.- കെ.സി. വിഭാഗങ്ങൾ പരസ്പരം പോർവിളി തുടങ്ങിയത്. മന്ത്രിസഭാ യോഗത്തിലെ തർക്കങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് വി.ഡി. സതീശൻ പക്ഷത്തുള്ള മന്ത്രിയാണെന്ന് കെ.സി. വേണുഗോപാൽ വിഭാഗം ആരോപിക്കുന്നു. എന്നാൽ, മന്ത്രിസഭ ചേരുന്നതിന് മുൻപ് കെ.സി. വിഭാഗം രഹസ്യ ചർച്ച നടത്തിയെന്നും, വാർത്ത പുറത്തുവിട്ടത് കെ.സി. പക്ഷത്തെ മന്ത്രിമാരുടെ നീക്കമാണെന്നുമാണ് വി.ഡി. പക്ഷത്തിന്റെ മറുപടി. ഈ തർക്കങ്ങൾക്ക് പിന്നാലെ മന്ത്രിമാരായ സണ്ണി ജോസഫിനും എ.പി. അനിൽകുമാറിനുമെതിരെ വ്യാപകമായ സൈബർ ആക്രമണമാണ് നടക്കുന്നത്. എ.പി. അനിൽകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ അധിക്ഷേപ കമന്റുകൾ നിറയുകയാണ്. ഇപ്പോഴിതാ മുഖ്യമന്ത്രിയെ സമ്മർദത്തിലാക്കാനും മന്ത്രിസഭാചർച്ചകൾ പുറത്തുവിട്ട് പ്രതിഛായ മോശമാക്കാനും കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ ശ്രമിക്കുന്നുവെന്ന് ആരോപിച്ച്, വി.ഡി. സതീശനെ അനുകൂലിക്കുന്നവർ ഹൈക്കമാൻഡിനെ സമീപിക്കാനൊരുങ്ങുകയാണ്.
ജനാധിപത്യത്തിന്റെ സൗന്ദര്യ ഭൂമിയായി മന്ത്രിസഭായോഗം
ഇനി മന്ത്രിസഭയോഗത്തിൽ നടന്നത് എന്താണെന്ന് നോക്കാം. പിഎസ്സി, ഗുരുവായൂർ ദേവസ്വം നിയമനങ്ങളെ ചൊല്ലിയാണ് മന്ത്രിസഭായോഗത്തിൽ രൂക്ഷമായ തർക്കമുണ്ടായത്. കൂടിയാലോചനകളില്ലാതെ തയ്യാറാക്കിയ പിഎസ്സി പട്ടിക മുഖ്യമന്ത്രി വായിച്ചു തുടങ്ങിയപ്പോൾത്തന്നെ മന്ത്രിമാരായ എ.പി. അനിൽകുമാറും സണ്ണി ജോസഫും എതിർപ്പുമായി രംഗത്തെത്തി. കെ.സി. പക്ഷം നിർദേശിച്ച സുധാ മേനോന്റെ പേര് മുഖ്യമന്ത്രി വെട്ടിയതോടെ, യോഗം രണ്ടരമണിക്കൂറോളം നീണ്ട വാഗ്വാദങ്ങൾക്ക് വേദിയായി. ഒടുവിൽ അഡ്വക്കേറ്റ് ആർ. സനൽകുമാറിനെ ഉൾപ്പെടുത്തിയാണ് പട്ടിക അംഗീകരിച്ചത്. ഇതിനിടെ എ.പി. അനിൽകുമാറും പി.കെ. കുഞ്ഞാലിക്കുട്ടിയും തമ്മിൽ വാക് തർക്കമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. കൂടാതെ, മുന്നണിയിലെ കൂടിയാലോചനകളെക്കുറിച്ച് പരസ്യവിമർശനം ഉന്നയിച്ച യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെതിരെ മന്ത്രി സി.പി. ജോണും ചില കോൺഗ്രസ് മന്ത്രിമാരും യോഗത്തിൽ ആഞ്ഞടിച്ചതോടെ, മന്ത്രിസഭായോഗം രാഷ്ട്രീയ പോർക്കളമായി മാറുകയായിരുന്നു.
മുസ്ലിം ലീഗിനും അതൃപ്തി
കോൺഗ്രസിലെ ആഭ്യന്തര കലഹം മുന്നണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ മുസ്ലിം ലീഗിനെയും സാരമായി ബാധിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ പിന്തുണച്ചതിന്റെ പേരിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് തങ്ങളോട് നീരസമുണ്ടെന്നാണ് ലീഗിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. ദേശീയതലത്തിൽ ഇന്ത്യാ സഖ്യത്തിന്റെ പരിപാടികളിൽ ലീഗിന് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയും ശക്തമാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ നീക്കങ്ങളുടെ ഭാഗമായി രാഷ്ട്രപതിയെ കാണാനുള്ള പ്രതിപക്ഷ സംഘത്തിൽ ആദ്യം ലീഗിന് പ്രാതിനിധ്യം ലഭിക്കാതിരുന്നതും, പ്രതിഷേധത്തെത്തുടർന്ന് ഉൾപ്പെടുത്തിയ ഇ.ടി. മുഹമ്മദ് ബഷീർ എം.പിക്ക് പിന്നീട് രാഷ്ട്രപതി ഭവനിൽ പ്രവേശിക്കാനാകാതിരുന്നതും, ഡൽഹിയിലെ പ്രതിപക്ഷ റാലിയിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് സംസാരിക്കാൻ അവസരം നൽകാതിരുന്നതുമെല്ലാം ലീഗിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നിൽ കെ.സി. വേണുഗോപാലുമായി ബന്ധപ്പെട്ട കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ നീക്കങ്ങളാണെന്നാണ് ലീഗിലെ ചില നേതാക്കളുടെ സംശയം. അതേസമയം സംസ്ഥാന സർക്കാരിന്റെ ചില ഭരണപരമായ തീരുമാനങ്ങളിലും നിയമനങ്ങളിലും ലീഗിന് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകളുണ്ട്. വിദ്യാഭ്യാസ മേഖലയിലെ തസ്തികകളെച്ചൊല്ലി കോൺഗ്രസും ലീഗും തമ്മിലുള്ള തർക്കവും ഇതിന്റെ ഭാഗമാണ്.
വി.ഡി. vs കെ.സി: ചേരിതിരിവിന്റെ രാഷ്ട്രീയം
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഉണ്ടായ തർക്കങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ സർക്കാരിനുള്ളിൽ കാണുന്നത്. ആറുമാസം തികയുന്ന ദിവസം തന്നെ സർക്കാരിന്റെ ശോഭകെടുത്താൻ കെ.സി. പക്ഷത്തെ മന്ത്രിമാർ ബോധപൂർവം പ്രശ്നമുണ്ടാക്കിയെന്നാണ് വി.ഡി. സതീശനെ അനുകൂലിക്കുന്നവരുടെ ആരോപണം. പുതിയ പിഎസ്സി അംഗങ്ങളെ നിയമിക്കാനുള്ള പട്ടിക മന്ത്രിസഭയിൽ അവതരിപ്പിച്ചപ്പോൾ പാർട്ടിയിൽ ആവശ്യമായ ചർച്ചകൾ നടന്നിട്ടില്ലെന്നു കെ.സി. പക്ഷക്കാരായ സണ്ണി ജോസഫും മന്ത്രി എ.പി. അനിൽകുമാറും വിമർശിച്ചിരുന്നു. ഇതേക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ഏകപക്ഷീയ തീരുമാനങ്ങൾ കോൺഗ്രസിന്റെ രീതിയല്ലെന്നു പറഞ്ഞ് സണ്ണി ജോസഫ് അതൃപ്തി പരസ്യമാക്കുകയും ചെയ്തു. വൈദ്യുതി കരാർ വിവാദത്തിൽ വകുപ്പ് മന്ത്രി കൂടിയായ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെ മറികടന്ന് മുഖ്യമന്ത്രി തീരുമാനമെടുത്തെന്ന വിവാദം പുകയുന്നതിനിടെയാണ് പിഎസ്സി, ഗുരുവായൂർ ദേവസ്വം ബോർഡ് അംഗങ്ങളുടെ പട്ടികയിലെ തർക്കം മൂർഛിച്ചത്.
മുന്നണിയിൽ 'പത്മ' വിവാദവും
കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ പത്മജ വേണുഗോപാലിനെയും പത്മിനി തോമസിനെയും തിരികെ പാർട്ടിയിലെടുക്കാനുള്ള നീക്കങ്ങൾക്കെതിരെയും പ്രതിഷേധം ഉയരുകയാണ്. ബിജെപി വിട്ടുവരുന്ന ഭാഗ്യാന്വേഷികൾക്കായി വാതിൽ തുറന്നിട്ട് കാത്തിരിക്കേണ്ട ഗതികേട് കോൺഗ്രസിനില്ല എന്ന് കോൺഗ്രസ് വക്താവ് ജിന്റോ ജോണും,കെഎസ്യു അധ്യക്ഷൻ അലോഷ്യസ് സേവ്യറും തുറന്നടിക്കുന്നു. കെ.സി. പക്ഷത്തിന്റെ എതിർപ്പ് ശക്തമായതോടെ പത്മജ വേണുഗോപാലിന്റെ കോൺഗ്രസ് പ്രവേശനവും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇതിനിടെ തന്റെ ഫേസ്ബുക്കിൽ പത്മജ കോൺഗ്രസ് പ്രവർത്തകരോട് മാപ്പ് പറഞ്ഞ് കുറിപ്പിടുകയും ചെയ്തു. ഏതായാലും തിടുക്കത്തിൽ ഒരു തീരുമാനം എടുക്കേണ്ടതില്ലെന്നും വിഷയം വിശദമായി ചർച്ച ചെയ്യാമെന്നുമാണ് നേതൃത്വത്തിന്റെ നിലപാട്.
നിയമനങ്ങളിൽ പിടിവിടാതെ സതീശൻ
പ്രശ്നം രൂക്ഷമാണെങ്കിലും പിഎസ്സി, ദേവസ്വം നിയമനങ്ങളിൽ പിടിമുറുക്കിയത് വി.ഡി. സതീശൻ തന്നെയായിരുന്നു. മന്ത്രിസഭയിൽ എതിർപ്പുകൾ ഉയർന്നെങ്കിലും ഒരാളൊഴികെ അദ്ദേഹം നിശ്ചയിച്ചവർ തന്നെ അംഗങ്ങളായി. ഗുരുവായൂർ ദേവസ്വം ബോർഡ് നിയമനങ്ങളിൽ രമേശ് ചെന്നിത്തല നിർദേശിച്ചവരും പിഎസ്സി നിയമനങ്ങളിൽ കെ.സി. വേണുഗോപാൽ മുന്നോട്ടുവച്ച പേരുകളും ഒന്നൊഴികെ മറ്റെല്ലാം വെട്ടിമാറ്റപ്പെട്ടു. മന്ത്രിസഭാ യോഗത്തിലാണ് പിഎസ്സി അംഗങ്ങൾ ആരൊക്കെയെന്ന് ഘടകകക്ഷികൾ പോലും അറിയുന്നത്. പിഎസ്സി നിയമനങ്ങളെച്ചൊല്ലി ആർഎസ്പി മന്ത്രിയായ ഷിബു ബേബി ജോൺ യോഗത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. കെടിഡിസി ചെയർമാൻ പദവിയും അനുയായികൾക്ക് മറ്റ് സ്ഥാനങ്ങളും ആവശ്യപ്പെട്ട് പി.വി. അൻവർ മുഖ്യമന്ത്രിക്കും യുഡിഎഫ് നേതൃത്വത്തിനും കത്ത് നൽകിയിട്ടുണ്ട്. ഒരു ബോർഡ് അധ്യക്ഷ പദവിയും അഞ്ചോളം ബോർഡുകളിൽ അംഗത്വവും ആവശ്യപ്പെട്ട് സി.കെ. ജാനുവും രംഗത്തെത്തി. നോർക്ക ചെയർമാൻ സ്ഥാനം ആവശ്യപ്പെട്ട് മാണി സി. കാപ്പനും മുഖ്യമന്ത്രിയെ സമീപിച്ചു. അധികാരത്തിലെത്തി ആറുമാസം പിന്നിട്ടിട്ടും ബോർഡ്-കോർപറേഷൻ നിയമനങ്ങളിൽ തീരുമാനമാകാത്തത് മുന്നണിയിൽ അതൃപ്തി വർധിപ്പിക്കുകയാണ്.
ഹൈക്കമാൻഡ് ഇടപെടുമോ?
അധികാരത്തിലേറി ആറുമാസം തികയുമ്പോൾ തന്നെ മുന്നണിയിലും പാർട്ടിയിലും ഒരുപോലെ പുകയുന്ന അസംതൃപ്തിയുടെ തീപ്പൊരികളാണ് കേരള രാഷ്ട്രീയം കണ്ടുകൊണ്ടിരിക്കുന്നത്. ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യേണ്ട മന്ത്രിസഭായോഗങ്ങൾ അധികാര വടംവലിയുടെയും ഗ്രൂപ്പ് പോരിന്റെയും വേദിയായി മാറുമ്പോൾ, അവയെ ജനാധിപത്യത്തിന്റെ സൗന്ദര്യമായി കേരള സമൂഹത്തിന് കാണാനാവില്ല. ഡൽഹിയിൽ നിന്ന് ഹൈക്കമാൻഡിന്റെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ കേരളത്തിലെ യുഡിഎഫ് രാഷ്ട്രീയം വലിയൊരു പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്നുറപ്പാണ്.