മെർലിൻ മൺറോയുടെ മരണം: പതിറ്റാണ്ടുകൾക്കിപ്പുറവും ചുരുളഴിയാത്ത രഹസ്യം

നിരവധി പുസ്തകങ്ങളും സിനിമകളും അവരുടെ മരണത്തെ ആസ്പദമാക്കി പുറത്തുവന്നു. പല കഥകൾ പ്രചരിച്ചു. മെർലിൻ്റെ കാമുകന്മാരും, സൈക്യാട്രിസ്റ്റുമടക്കമുള്ളവർ ഓരോ കഥയിലും, പല കാലങ്ങളിലായി വില്ലന്മാരായി തീർന്നു.
മെർലിൻ മൺറോയുടെ മരണം: പതിറ്റാണ്ടുകൾക്കിപ്പുറവും ചുരുളഴിയാത്ത രഹസ്യം
Published on

1962 ഓഗസ്റ്റ് അഞ്ചാം തിയതി പുലർച്ചെ 4.25. ലോസ് ആഞ്ചലസ്‌ പൊലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺ കാൾ വന്നു. ഫോണിന്റെ അങ്ങേത്തലയ്ക്കൽ സൈക്ക്യാട്രിസ്റ്റ്, ഡോക്ടർ റാൽഫ് ഗ്രീൻസൺ. ഫോണെടുത്ത പൊലീസ് സെർജന്റ് ജാക്ക് ക്ലെമെന്സ് പതറിയ ശബ്ദത്തിൽ അയാളറിയിച്ച വാർത്ത കേട്ട് തരിച്ചുനിന്നു. മെർലിൻ മൺറോ ആത്മഹത്യ ചെയ്തിരിക്കുന്നു....

ലോകയുവത്വത്തെ ത്രസിപ്പിച്ച വിശ്വസുന്ദരി. 1950ൽ ജോണ്‍ ഹസ്റ്റന്റെ ദി ആസ്ഫാള്‍ട്ട് ജംഗിള്‍ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്ത് സിനിമാജീവിതം ആരംഭിച്ച്, പിന്നീട്, ഓൾ എബൗട്ട് ലൗവ്, ജെന്റില്‍മെന്‍ പ്രിഫെര്‍ ബ്ലോണ്ട്‌സ്, ഹൗ ടു മാരി എ മില്യനെയര്‍, ദേർ ഈസ് നോ ബിസിനസ് ലൈക്ക് ഷോ ബിസിനസ്, സെവന്‍ ഇയര്‍ ഇച്ച്, ബസ് സ്റ്റോപ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെ ഹോളിവുഡിൻ്റെ മികച്ച അഭിനേത്രിയായും ​ഗ്ലാമ‍ർ നായികയായും മാറിയ മെ‍ർലിൻ മൺറോ... ചുരുങ്ങിയ സമയം കൊണ്ട് ലോക പ്രശസ്തിയുടെ കൊടുമുടിയിൽ തൻ്റെ സ്ഥാനമുറപ്പിച്ച മെ‍ർലിൻ മൺറോ... അവർ മരണപ്പെട്ടുവെന്ന വാ‍ർത്ത ജാക്ക് ക്ലെമെന്സിന് ഒരു വെള്ളിടി പോലെ അനുഭവപ്പെട്ടു.

ബ്രെന്റ് വുഡിലെ മെർലിന്റെ ബംഗ്ലാവിൽ അയാളെത്തുമ്പോൾ കണ്ടത്, പൂർണ നഗ്നയായി മെർലിൻ കട്ടിലിൽ കമിഴ്ന്നു കിടക്കുന്നതാണ്. ഒരു കയ്യിൽ ടെലിഫോൺ റെസീവർ, മയക്കുമരുന്നിന്റെ കുപ്പികൾ അടുത്തുള്ള മേശപ്പുറത്ത് നിരയൊപ്പിച്ച്‌ അടുക്കിവച്ചിരിക്കുന്നു, എന്നാൽ അത് കുടിച്ചിറക്കാൻ വെള്ളത്തിൻ്റെ സാന്നിധ്യമൊന്നും തന്നെ അവിടെയുണ്ടായിരുന്നില്ല.

മരണത്തിന് ശേഷം രേഖപ്പെടുത്തിയ മൊഴി
മെർലിനോടൊപ്പം താമസിച്ചിരുന്ന വീട്ടുജോലിക്കാരിയായിരുന്ന യൂനിസ് മുറെ രാവിലെ മൂന്ന് മണിയോടെ മെർലിന്റെ മുറി അകത്ത് നിന്നും പൂട്ടിയതായി കണ്ടെത്തി. കുറെനേരം വിളിച്ചിട്ടും അകത്ത് നിന്നും അനക്കമൊന്നും ഉണ്ടായില്ല. തുടർന്ന്, ജനലിലൂടെ നോക്കിയ മുറെ, മെർലിൻ മുറിയിൽ അനക്കമില്ലാതെ കിടക്കുന്നത് കണ്ടു. ഉടനെ തന്നെ അവർ മെർലിൻ്റെ സൈക്ക്യാട്രിസ്റ്റായ ഡോക്ടർ റാൽഫ് ഗ്രീൻസണെ വിവരമറിയിച്ചു. അത് കേട്ട് അവിടെ എത്തിയ റാൽഫ് ഗ്രീൻസൺ ജനൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് മരണപ്പെട്ട നിലയിൽ മെർലിൻ മൺറോയെ കണ്ടെത്തിയത്.

മരണം എങ്ങനെ?
ഒരു ​ഗൂഢാലോചന നടന്നതിൻ്റെ ലക്ഷണങ്ങൾ പെട്ടന്ന് തന്നെ ജാക്ക് ക്ലെമെൻസിന് അനുഭവപ്പെട്ടു. മരണശേഷം ആരൊക്കെയോ ചേർന്ന് മെർലിന്റെ ശരീരം മാറ്റിക്കിടത്തിയിരിക്കുന്നു എന്നയാൾക്ക് ഒറ്റ നോട്ടത്തിൽ തന്നെ മനസിലായി. ആ മുറിയിൽ ആത്മഹത്യ ചെയ്തതിന്റെ യാതൊരു ലക്ഷണങ്ങളും കണ്ടെത്താൻ അയാൾക്കായില്ല. വ്യക്തമായി ആസൂത്രണം ചെയ്ത ഒരു കുറ്റകൃത്യമാണത് എന്ന് അയാൾ തിരിച്ചറിഞ്ഞു. അയാൾ, അയാളുടെ ഡയറിയിൽ ഇങ്ങനെ കുറിച്ചിട്ടു, "മെർലിൻ മൺറോ ആത്മഹത്യ ചെയ്തതല്ല, അവളെ ക്രൂരമായി കൊലപ്പെടുത്തിയിരിക്കുന്നു, അതാണ് സത്യം".

അങ്ങനെ ചിന്തിക്കാൻ അയാൾക്ക് പിന്നെയും കാരണങ്ങളുണ്ടായിരുന്നു, രാത്രി 10.30നാണ് മെർലിൻ മരണപ്പെടുന്നത്. എന്നാൽ അവ‍ർ മരിച്ച് മണിക്കൂറുകൾ കഴിഞ്ഞാണ് ആ വിവരം പോലീസ് സ്റ്റേഷനിൽ അറിയിച്ചത്. അതിനിടയിലുള്ള സമയത്തിനുള്ളിൽ പല വാഹനങ്ങളും അവിടെ വന്നു പോയിരുന്നതായും, അവിടെ നിന്നും വിലപിടിപ്പുള്ള പല രേഖകളും കടത്തപ്പെട്ടതായും ജാക്ക് ക്ലെമെൻസ് കണ്ടെത്തിയിരുന്നു. മെർലിൻ രഹസ്യങ്ങളെല്ലാം എഴുതി വച്ചിരുന്ന അവളുടെ ചുവന്ന ഡയറി ഉൾപ്പെടെ എല്ലാ രേഖകളും അവിടെ നിന്നും നീക്കം ചെയ്യപ്പെട്ടതിനു ശേഷം മാത്രമാണ് ആ മരണ വാർത്ത ലോകമറിയുന്നത്.


"എനിക്ക് ചുറ്റുമുള്ള ലോകം അതികഠിനമായിരുന്നു. എന്നെ വളർത്തിയ കുടുംബം പലപ്പോഴും എന്നെ വീട്ടിൽ നിന്നും പുറത്ത് വിടുന്നതിനായി സിനിമയ്ക്ക് അയക്കുമായിരുന്നു. ഞാൻ രാവും പകലും അവിടെ ചെലവഴിച്ചു. ആ വലിയ സ്ക്രീനിന് മുന്നിൽ ഞാൻ ഒറ്റയ്ക്ക്, ആ ലോകം എനിക്ക് വളരെ പ്രിയപ്പെട്ടതായി. ഈ കാണുന്നത് അഭിനയമാണെന്ന് അറിഞ്ഞപ്പോൾ എനിക്കും ഒരു അഭിനേത്രിയാകണമെന്നായി. ആ ആഗ്രഹം എൻ്റെയുള്ളിൽ കുട്ടിയാകുമ്പോഴെ ഉണ്ടായിരുന്നു," മെർലിൻ ഒരിക്കൽ പറഞ്ഞു.

ഒരു റേഡിയോപ്ലെയിൻ കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെ അവിചാരിതമായാണ് മെർലിൻ സിനിമയിലേക്കെത്തുന്നത്. മികച്ച ഒരു അഭിനേത്രിയെന്ന നിലയിൽ അറിയപ്പെടാൻ ആ​ഗ്രഹിച്ചിരുന്ന മെർലിന് ലഭിച്ചിരുന്നതെല്ലാം തന്നെ ലൈം​ഗിക ചുവയുള്ള സിനിമകളായിരുന്നു. സെവൻ ഇയർ ഇച്ചിലെ സബ്‌വെ പോസ് ഉൾപ്പെടെ അവരെ ഒരു മാദകനടിയെന്ന ലേബലിൽ മാത്രം പ്രേക്ഷകർ മാറ്റിനിർത്താൻ കാരണമായി. അവരുടെ വശ്യതയിൽ പ്രണയപരവശരായ പ്രമുഖരിൽ മുൻ അമേരിക്കൻ പ്രസിഡൻ്റ് വരെ ഉണ്ടായിരുന്നു. സിനിമാ ജീവിതവും, പ്രണയ ബന്ധങ്ങളുമെല്ലാം മാനസികമായി മെർലിനെ വളരെയധികം തളർത്തി. അവരുടെ വ്യക്തിജീവിതം പലപ്പോഴും തുറന്നുവെച്ച പുസ്തകം പോലെ ലോകമൊന്നാകെ ചർച്ച ചെയ്യുകയും, അവർ അകാരണമായി വലിയ വിമർശനങ്ങൾക്ക് പാത്രമാകുകയും ചെയ്തു. മയക്കുമരുന്ന് നിരന്തരം ഉപയോ​ഗിച്ചിരുന്ന, ശാരീരിക- മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടിയിരുന്ന മെർലിൻ്റെ മരണം ആത്മഹത്യയെന്ന് എളുപ്പത്തിൽ തന്നെ ഡോക്ടർമാരും ഉദ്യോ​ഗസ്ഥരും വിധിയെഴുതി.

മരണത്തെ തുടർന്നുള്ള അഭ്യൂഹങ്ങൾ

മെർലിൻ്റെ മരണത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും പുറത്തുവന്നു. മെർലിൻ്റെ മരണത്തിന് ഉത്തരവാദികളെന്ന് പല പ്രമുഖർക്കെതിരെയും ആരോപണങ്ങളുയർന്നു. എന്നാൽ, ഏറ്റവും കൂടുതൽ വിമർശിക്കപ്പെട്ട, മെർലിന് പ്രണയ ബന്ധമുണ്ടായിരുന്ന കെന്നഡി സഹോദരന്മാരുടെ പങ്കിനെക്കുറിച്ച് പോലും അന്വേഷണമുണ്ടായില്ല.
പക്ഷെ നിരവധി പുസ്തകങ്ങളും സിനിമകളും അവരുടെ മരണത്തെ ആസ്പദമാക്കി പുറത്തുവന്നു. പല കഥകൾ പ്രചരിച്ചു. മെർലിൻ്റെ കാമുകന്മാരും, സൈക്ക്യാട്രിസ്റ്റുമടക്കമുള്ളവർ ഓരോ കഥയിലും, പല കാലങ്ങളിലായി വില്ലന്മാരായി തീർന്നു.

കൊലപാതകം, ആത്മഹത്യ, അപകടം തുടങ്ങി മെർലിൻ്റെ മരണത്തെക്കുറിച്ചുള്ള ചർച്ചകൾ ഇന്നും സജീവമാണ്. 36ആം വയസിൽ അകാല മരണത്തിന് കീഴടങ്ങിയെങ്കിലും, എന്നെന്നേക്കുമായി ഹോളിവുഡിൻ്റെ ചരിത്രത്തിൽ മെർലിൻ മൺറോ എന്ന പേര് രേഖപ്പെടുത്തപ്പെട്ടു... ആ വിശ്വസുന്ദരിയുടെ മരണം ചുരുളഴിയാത്ത രഹസ്യമായി പതിറ്റാണ്ടുകൾക്കിപ്പുറവും അവശേഷിക്കുന്നു...

Related Stories

No stories found.
News Malayalam 24x7
newsmalayalam.com