"ദളിത് കോളനികളുടെ പേര് ഉന്നതി എന്ന് മാറ്റിയതു കൊണ്ട് മാത്രം കാര്യമില്ല"; മായാ പ്രമോദ് അഭിമുഖം

ദളിത് കോളനികളെയും അടിത്തറ ജനാവിഭാഗങ്ങളുടെ ജീവിതത്തെപ്പറ്റിയും തന്റെ ഗവേഷണങ്ങളെ മുൻനിർത്തി മായ സംസാരിക്കുന്നു...
മായാ പ്രമോദ് അഭിമുഖം
മായാ പ്രമോദ് അഭിമുഖംSource: News Malayalam 24x7
Published on

"കാണുന്നില്ലൊരക്ഷരവും എന്റെ വംശത്തെ പറ്റി, കാണുന്നുണ്ട് അനേക വംശത്തിൻ ചരിത്രങ്ങൾ..."

പൊയ്കയിൽ അപ്പച്ചൻ പറഞ്ഞു നിർത്തിയിടത്തു നിന്ന് ചരിത്രത്തെയും ചുറ്റുമുള്ള ജീവിതങ്ങളെയും നോക്കി കണ്ട ഗവേഷകരിൽ ഒരാളാണ് മായാ പ്രമോദ്. 2019ലെ ബ്ലൂ സ്റ്റോൺ സ്‌കോളർ അവാർഡ് ജേതാവ്. ദളിത് കോളനികളെയും അടിത്തറ ജനാവിഭാഗങ്ങളുടെ ജീവിതത്തെപ്പറ്റിയും തന്റെ ഗവേഷണങ്ങളെ മുൻനിർത്തി മായ സംസാരിക്കുന്നു...

കേരളത്തിലെ ദളിത് കോളനികളുടെ സാമൂഹിക-സാമ്പത്തിക മാനം

ഞാൻ ജനിച്ചു വളർന്നത് ഒരു കോളനിയിലാണ്. എൻ്റെ ചുറ്റുമുള്ള മനുഷ്യരെക്കുറിച്ച് പഠിക്കണം എന്നുള്ള തോന്നലാണ് എന്നെ 'സോഷ്യോ-എക്കണോമിക് ആസ്പെക്റ്റ്സ് ഓഫ് ദളിത് കോളനീസ് ഇൻ കേരള' എന്ന വിഷയത്തിലേക്ക് എത്തിച്ചത്. ഞാൻ എംഫില്ലിന് പഠിക്കുന്ന സമയത്ത് തിരഞ്ഞെടുത്ത വിഷയവും കോളനികൾ തന്നെയായിരുന്നു. പക്ഷെ നഗരവൽക്കരണം (Urbanisation) എന്നുള്ള ഒരു പ്ലാറ്റ്‌ഫോമിൽ എങ്ങനെയാണ് കോളനികൾ പ്രവർത്തിക്കുന്നതെന്ന് മാത്രമായിരുന്നു ഞാൻ അന്ന് നോക്കിയത്.

ജാതിയെ അടിസ്ഥാനമാക്കിയുള്ള അതിക്രമങ്ങൾ ഉണ്ടാകുന്ന സമയത്ത് എങ്ങനെ പോയാലും അതിനകത്ത് ഭാഗമാകുന്ന ആൾക്കാരൊക്കെ ദളിത് കോളനികളിൽ നിന്നാകും. കോളനിയിൽ ജീവിക്കുന്ന മനുഷ്യരൊക്കെ വേറൊരു തരത്തിലുള്ളവരാണ് എന്നുള്ള ഒരു ആഖ്യാനം (Narrative) ഉണ്ടായി വരുന്നുണ്ട്. അതൊരു സാധാരണ ആഖ്യാനമല്ല. ദൈനംദിന ജീവിതത്തിനകത്ത്, നമ്മൾ നിരന്തരം ഇടപെടുന്ന എല്ലാ ഇടങ്ങളിലും ഈ ആഖ്യാനം കാണാം. ഡിജിറ്റൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നോക്കിയാൽ, ഒരു കറുത്ത കുട്ടി, അവരുടെ സ്കിൻ, അവര് താമസിക്കുന്ന ചുറ്റുപാടുകളൊക്കെ കാണിച്ചുകൊണ്ട് ഒരു വീഡിയോ ഇടുന്ന സമയത്ത് "നീയൊക്കെ കോളനി വാണം അല്ലേ?" എന്നൊരു ചോദ്യം വരികയാണ്. ഇത് വളരെ ശക്തമായി കേൾക്കാൻ തുടങ്ങിയ സമയത്ത്, 2014ലാണ് ഞാൻ എംഫിലിന് ചേരുന്നത്.

ശരിക്കും പറഞ്ഞാൽ‌, കേരളത്തിനെ ഒരു നവീകരണ പ്രക്രിയയിൽ എത്തിച്ചത് തന്നെ ഇവിടുത്തെ അടിസ്ഥാന ജനതയാണ്. മറ്റൊരു സാമൂഹിക വിഭാഗവും (Communities) അല്ല. മഹാത്മാ അയ്യൻകാളിയും പൊയ്കയിൽ അപ്പച്ചനുമൊക്കെ തുടങ്ങിവെച്ച നവീകരണ പ്രക്രിയയിലേക്ക് മറ്റുള്ളവരും ഭാഗമാവുകയായിരുന്നു. ഓരോരുത്തരും അവരുടേതായ സംഭാവന നൽകിയിട്ടുണ്ട്, ഇല്ലെന്നല്ല. ഇതിനൊപ്പം സമുദായങ്ങൾക്കുള്ളിലും നവീകരണങ്ങൾ നടന്നു.

ദളിത് വിഭാഗത്തെ നോക്കി കഴിഞ്ഞാൽ, ഭൂമിയിൻ‌മേൽ അവകാശമില്ലാതെയാണ് മുന്നോട്ട് വന്നിരിക്കുന്നത് . സമൂഹത്തിനകത്ത് വളരണമെങ്കിൽ ഉറപ്പായിട്ടും ഭൂമി വലിയ ഘടകമാണ്. ആ ആസ്തി (Asset) ഇല്ലാതെ മുന്നോട്ട് പോകാൻ പറ്റില്ല. ദളിത് കോളനിയിലെ ഭൂവുടമസ്ഥത (Land Ownership) എന്ന് പറയുന്നത് പല സ്ഥലങ്ങളിലും പലതായിട്ടാണ് കിടക്കുന്നത്. മലബാർ, കൊച്ചി, തിരുവിതാംകൂർ എന്ന് എടുക്കുമ്പോൾ തിരുവിതാംകൂറിലെ ഭൂവുടമസ്ഥത എന്ന് പറയുന്നത് അഞ്ച് സെൻ്റിനും താഴെ ആയിരിക്കും. ഒൻപത് സെൻ്റ് എന്നൊക്കെ പറയുന്നത് അപൂർവം കോളനികളിൽ മാത്രമാകും ഉണ്ടാവുക. നേരെ മറിച്ച് കൊച്ചി തൊട്ട് മലബാറിനകത്തേക്ക് വരുമ്പോൾ ഈ കോളനിയുടെ ഭൂവുടമസ്ഥത അഞ്ചിനും പത്തിനും ഇടയ്ക്കുണ്ട്. എല്ലാ കോളനികളിലും അല്ല. എന്നാൽ ഉള്ളവരുണ്ട്. പക്ഷേ കണക്കെടുക്കുമ്പോൾ അത് വളരെ കുറവാണ്. ഭൂമികൾ ഉള്ള ദളിതർ പട്ടയം വഴിയോ അല്ലാതെ അവർ തന്നെ സ്ഥലം വാങ്ങിച്ചെടുക്കുകയോ ആയിരുന്നു. അപ്പോൾ മലബാറിൻ്റെയും തിരുവിതാംകൂറിൻ്റെയും കൊച്ചിയുടെയും ഭൂമിയുടെ തോതും സാഹചര്യവും മൂന്ന് തരത്തിലാണ്. ഉടമസ്ഥതയുടെ കാര്യത്തിലും ഇതുപോലെ വ്യത്യാസം വരുന്നുണ്ട്. ഇത്തരം ജീവിത സാഹചര്യങ്ങളിൽ നിന്ന് തന്നെയാണ് ഞാൻ ഈ വിഷയത്തിലേക്ക് എത്തിയത്.

ദളിത് കോളനികളുടെ പരിണാമ ചരിത്രം

'കുടീ ടു കോളനി' എന്ന ആശയം എടുക്കാം. ഇവിടുത്തെ പുലയരും പറയരുമൊക്കെ ജീവിച്ചിരുന്നത് പല തരത്തിലുള്ള കുടികളിൽ ആയിരുന്നു. ആദ്യകാലങ്ങളിലെ വീടുകൾക്ക് ഒരു ജാതി അവസ്ഥയുണ്ടായിരുന്നു. 'എട്ടുകെട്ട്' ബ്രാഹ്മണരാണ് ഉപയോഗിച്ചിരുന്നത്. 'ഇല്ലങ്ങൾ' നമ്പൂതിരിമാരും. 'തറവാട്' എന്നുള്ളത് നായന്മാരും 'തറ' ഈഴവരും ഉപയോഗിച്ചിരുന്നതാണ്. അതിനു താഴേക്ക് വരുമ്പോൾ പുലയരും പറയരും മറ്റ് ദളിത് വിഭാഗങ്ങളും ഉപയോഗിച്ചിരുന്നതിനെയാണ് മൊന്ത, ചാള, കുടി, മാടം എന്നുള്ള രീതിക്ക് പറഞ്ഞിരുന്നത്. പുലക്കുടി, പറക്കുടി, അല്ലെങ്കിൽ കുറവക്കുടി എന്നുള്ള രീതിക്കും പറഞ്ഞിരുന്നു.

കാർഷിക അടിമകളായിട്ടുള്ള (Agricultural Slaves) പുലയർ ജീവിച്ചിരുന്നത് ചാളകളിലും, മൊന്തകളിലും ആണ്. ഒരു പ്രദേശത്തെ നായർ അല്ലെങ്കിൽ നമ്പൂതിരി കുടുംബത്തിന്റെ ആജന്മ അടിമകളായിരുന്ന ഇവർ ആ ഭൂമി അവർ കൈമാറുന്നതോടുകൂടി അടുത്ത ഉടമസ്ഥതയ്ക്ക് കീഴിൽ വരികയാണ്. അതായത് മനുഷ്യരെയും കൂടെ കൂട്ടിയാണ് കൃഷിസ്ഥലം ഇവർ കൈമാറിക്കൊണ്ടിരുന്നത്. ഈ കൃഷി സ്ഥലത്തിനകത്ത് ചേറ് കുത്തിപ്പൊക്കി നിർമിച്ച മാടങ്ങളാണ് ദളിതരുടെ ആദ്യവാസസ്ഥലം എന്ന് പറയുന്നത്.

അവിടെ നിന്ന് 19ാം നൂറ്റാണ്ടിൽ നവീകരണ പ്രക്രിയകൾ നടന്നു തുടങ്ങുമ്പോൾ, പൊയ്കയിൽ അപ്പച്ചനും മഹാത്മാ അയ്യൻകാളിയും പുതുവൽ ഭൂമികൾ വിട്ടുനൽകണമെന്ന് നിരന്തരം പ്രജാസഭയിൽ ആവശ്യപ്പെട്ടു കൊണ്ടിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് പുതുവൽ ഭൂമികൾ വിട്ടുനൽകുന്നത്. ഈ ഭൂമികൾ ആകെ മൊന്തകളും കാടുകളും ബാധിച്ചവയായിരുന്നു. ഇതൊക്കെ വെട്ടിത്തെളിച്ച് ഒരു കൃഷിസ്ഥലം ആക്കി, അതിനെ ഒരു വാസസ്ഥലമാക്കി അവർ ജീവിച്ചു തുടങ്ങുന്നു. കൃഷിയുടെ വിളവെടുപ്പ് സമയത്ത് നായർ ജന്മിമാർ ഈ ഭൂമികൾ ആക്രമിച്ചു പിടിച്ചെടുക്കുകയും ഇവർ ഭൂമികളുടെ അവകാശികളല്ലാതെയായി മാറുകയും ചെയ്യുന്നു. കൃഷിയുടെ അറ്റാദായം പോലും കിട്ടാതെ വരുന്ന അവസ്ഥ. ഇതിനെ തടയിടാനാണ്, പുതുവൽ ഭൂമികൾ വിട്ടുനൽകുന്നതിനോടൊപ്പം ഇത് കൃത്യമായ നിയമ സംവിധാനത്തിലൂടെ വിതരണം ചെയ്യപ്പെടണം എന്നും മഹാത്മാ അയ്യൻകാളി പ്രജാസഭയിൽ പറയുന്നത്. അങ്ങനെ ഭൂമി കിട്ടിയതിന്റെ വ്യത്യാസം കൊല്ലം തൊട്ട് നോക്കിക്കഴിഞ്ഞാൽ ഭൂവുടമസ്ഥതയിൽ കാണാം. ഈ 50 സെൻ്റോ അല്ലെങ്കിൽ 30 സെൻ്റോ ഭൂമിക്കകത്തേക്ക് പിന്നീട് മറ്റുള്ള സ്ഥലങ്ങളിൽ നിന്നും ദളിതരെ കൊണ്ടുവന്ന് റീസെറ്റിൽ ചെയ്തിട്ടുണ്ട്. ഇതാണ് പിന്നീട് 'ദളിത് കോളനി' അല്ലെങ്കിൽ 'ജാതി കോളനി'ആയി മാറുന്നത്.

മായാ പ്രമോദ് അഭിമുഖം
കഴിഞ്ഞ 15 വർഷത്തിനിടെ, ചരിത്രമായി വേഷം കെട്ടുന്ന കെട്ടുകഥകള്‍ വർധിച്ചിട്ടുണ്ട്: മനു എസ് പിള്ള | അഭിമുഖം

കോളനി പേരു മാറുമ്പോൾ...

സാധാരണ സർക്കാർ ഒരു നയം നടപ്പിലാക്കുമ്പോൾ കില പോലുള്ള സ്ഥാപനങ്ങൾ വഴി ചർച്ചയോ പഠന ക്ലാസോ സംഘടിപ്പിക്കാറുണ്ട്. ഇത് പെട്ടന്നൊരു സുപ്രഭാതത്തിൽ മന്ത്രി ആ പദവിയിൽ നിന്ന് ഇറങ്ങുന്നു. അതിന് മുൻപ്, കോളനികൾ ഇനിമുതൽ 'ഉന്നതി' എന്ന പേരിലായിരിക്കും അറിയപ്പെടുക എന്ന് പ്രഖ്യാപിക്കുന്നു. കോളനി എന്നുള്ളൊരു വാക്ക് ഭരണപരമായുള്ള ഭാഷക്കകത്ത് ഉപയോഗിക്കാൻ പാടില്ല എന്ന് പറയുന്നു. ഇതിൽ ആദ്യം മനസിലാക്കേണ്ട കാര്യം, കോളനി എന്ന് പറയുന്നത് ഇന്നും ഇന്നലെയും ഉണ്ടായ ഒന്നല്ലെന്നതാണ്. ഏകദേശം 110 വർഷത്തിനു താഴെ ചരിത്രമുള്ളൊരു 'ഗെറ്റോയിസേഷൻ സിസ്റ്റം' ആണത്.

ഈ ഗെറ്റോയിസേഷൻ സിസ്റ്റത്തിൻ്റെ പേര് മാറ്റുന്ന സമയത്ത്, കുറഞ്ഞപക്ഷം അതിൻ്റെ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക അവസ്ഥകളിലും മാറ്റം വരുത്തണം. ലൈഫ് മിഷൻ വീടുകൾ ഉണ്ടാക്കുന്നുണ്ട്. ആ വീടിൻ്റെ ഗുണഭോക്താക്കൾ ആരാണോ, അവർ പണം നൽകിയാണ് കുറച്ചുകൂടി മെച്ചപ്പെട്ട വീടുകളിലേക്ക് മാറുന്നത്. അല്ലാത്ത വീടുകൾ 450 സ്ക്വയർ ഫീറ്റുള്ളവയാണ്. സർക്കാർ കൊടുക്കുന്ന തുകയ്‌ക്കൊപ്പം സ്വന്തം അധ്വാനവും കൂടി ചേർത്തിട്ടാണ് ഇവർ 750 സ്ക്വയർ ഫീറ്റുള്ള നിർമ്മിക്കുന്നത്.

കേരളത്തിലെ ദളിത് കോളനികൾ 26,198 എണ്ണമുണ്ടെന്നാണ് സർക്കാരിൻ്റെ കണക്കുകളിൽ പറയുന്നത്. 2009-10ലെ കണക്കാണിത്. 2010 ൽ നിന്നും 2025ൽ എത്തിനിൽക്കുമ്പോൾ കേവലം 26,198 കോളനികളാണ് കേരളത്തിൽ ഉള്ളതെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. കാരണം, ഒരു സ്ഥലത്ത് സെറ്റിൽമെൻ്റ് പോളിസികൾ നടപ്പാക്കുമ്പോൾ, ആ പ്രദേശത്തെ മുൻസിപ്പാലിറ്റിയിലോ, വാർഡിലോ വീടിൻ്റെ ഗുണഭോക്താക്കളായോ, സ്ഥലത്തിൻ്റെ ഗുണഭോക്താക്കളായോ വരുന്ന എസ്‌സി, എസ്‌ടി കമ്മ്യൂണിറ്റിയിലുള്ളവരെ ഒരു സ്ഥലപരിധിക്കുള്ളിലേക്കാണ് ഇവർ കൊണ്ടുവരുന്നത്. ഒരു മുൻ മന്ത്രിയെ ഇന്റർവ്യൂ ചെയ്തപ്പോൾ ഇതിന് പ്രധാന കാരണമായി പറഞ്ഞത് നയം നടപ്പാക്കാനുള്ള എളുപ്പത്തിനാണെന്നാണ്. പോളിസികളുടെ ഗുണഭോക്താക്കൾ ദളിതരും, ആദിവാസികളും മാത്രമല്ല, മറ്റ് കമ്മ്യൂണിറ്റികളുമുണ്ട്. പിന്നെ എന്തുകൊണ്ട് ഇത്തരത്തിൽ ഇഡബ്ല്യുഎസിൽ നടപ്പാക്കുന്നില്ല? സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വേണ്ടിയാണ് ഇഡബ്ല്യുഎസ് നടപ്പാക്കുന്നത്. അങ്ങനെയുള്ളവർക്ക് പോളിസി ഉണ്ടാക്കുമ്പോൾ അവരെ ഒരു കോളനിയായി സെറ്റിൽ ചെയ്യാൻ സർക്കാർ തീരുമാനിക്കുന്നില്ല. എന്നാൽ, ദളിത് വിഭാഗത്തിൽപ്പെട്ടവർ ഒരേ സ്ഥലത്ത് വീടിന്റെയും, സ്ഥലത്തിൻ്റെയും ഗുണഭോക്താക്കളായി വരുന്നുവെന്ന് കരുതുക. അഞ്ചിനും പത്തിനും ഇടയിൽ ദളിതർ ഒന്നിച്ചു വരുന്ന ഈ സാഹചര്യത്തിൽ അതൊരു സെറ്റിൽമെൻ്റ് കോളനിയായി കണക്കാക്കുന്ന നിയമമാണ് നമ്മൾ പിന്തുടരുന്നത്. കോളനിക്കായി ഒരു പ്രത്യേക നിയമമില്ല. ഇതൊരു തരത്തിൽ ചേരി (Slum) നിയമമാണ്. ഇതുവഴി അടിമത്തം തന്നെയാണ് തുടർന്നുകൊണ്ടിരിക്കുന്നത്. ഒരു ആധുനിക അടിമത്തം!

ഇത് എങ്ങനെ മാറ്റും? പെട്ടെന്നൊരു സുപ്രഭാതത്തിൽ നിങ്ങൾ കോളനിയിൽ നിന്ന് പുറത്തിറങ്ങാൻ പറയുന്നത് നടപ്പിലാക്കാൻ കഴിയുന്ന കാര്യമല്ല. നേരെമറിച്ച്, കോളനിക്കകത്തുള്ള അവരുടെ സൗകര്യങ്ങൾ വർധിപ്പിക്കുക. ഉദാഹരണത്തിന് ഭൂമിയുടെ തോത് കൂട്ടുക. അഞ്ച് സെൻ്റിൽ താഴെയുള്ളവർക്ക് ഭൂമി ലഭിക്കാനുള്ള മറ്റു വഴികൾ കണ്ടെത്തുക. കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാൻ ഒരു മോണിറ്ററിങ് സംവിധാനം ഉണ്ടാക്കുക...സിസ്റ്റമാണ് പ്രശ്നം. ആ സിസ്റ്റത്തെ മാറ്റാതെ ഇത്തരം കാര്യങ്ങൾ നടപ്പിലാക്കുന്നത് എളുപ്പമല്ല.

പേര് ഉന്നതി എന്ന് മാറ്റിയതുകൊണ്ട് മാത്രം കോളനിയിലെ സാമൂഹിക-സാമ്പത്തിക ജീവിതത്തിന്റെ അവസ്ഥ മാറുന്നില്ല. ആ ജീവിതാവസ്ഥ ഇപ്പോഴും അങ്ങനെതന്നെയാണ്. 'ഉന്നതി' എന്ന പേര് മാറ്റിയതിനുശേഷമാണ് കോളനിയിൽ താമസിക്കുന്ന ബിന്ദുവിനെ മോഷ്ടാവായി മുദ്രകുത്തുകയും, ആ ദളിത് സ്ത്രീക്ക് പൊലീസുകാരുടെ എല്ലാ തരത്തിലുള്ള അതിക്രമങ്ങളും നേരിടേണ്ടിവരികയും ചെയ്തത്. കൊളനിയുടെ പേര് 'ഉന്നതി' എന്ന് മാറ്റിയത് കൊണ്ട് ബിന്ദുവിന്, "ഞാൻ ഉന്നതിയിൽ നിന്നാണ് വരുന്നത്, അതുകൊണ്ട് എന്നോട് ഇങ്ങനെ പെരുമാറണം എന്ന് പറയാൻ കഴിയില്ല. എന്നാൽ, ഓമനാ ഡാനിയേലിന് പറയാം. ഞാൻ ഇന്ന സ്ഥലത്ത് നിന്നാണ് വരുന്നത്, എൻ്റെ അധികാരം ഇങ്ങനെയാണ്, ആ അധികാര ഘടന ഇങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന്. അവർക്ക് ജന്മസിദ്ധമായ, നേടിയെടുത്ത ഒരു അധികാരമുണ്ട്. അത് അവരുടെ ജാതി, സാമൂഹിക-സാമ്പത്തിക മൂലധനം എന്നിവയിൽ നിന്നാണ്. ഇതാണ് അവരുടെ അധികാര ഘടന. എന്നാൽ, ഒരു ദളിതനെ സംബന്ധിച്ച് ജാതിയാണ് അവർക്ക് ജന്മസിദ്ധമായുള്ളത്. ആ ജാതിയിലുള്ള എല്ലാ അനീതികളും അവർക്ക് അനുഭവിക്കേണ്ടിവരുന്നു. ഒരു ദളിതനെ തിരിച്ചറിയുന്നത്, അവരുടെ വസ്ത്രം, അവരുടെ ജീവിതാനുഭവങ്ങൾ, സാമൂഹിക ബന്ധങ്ങൾ- സ്ഥാനങ്ങൾ എന്നിവയെ ആശ്രയിച്ചാണ്. നീതി നിഷേധിക്കപ്പെടേണ്ട ആളാണോ അല്ലെങ്കിൽ നീതി ലഭിക്കേണ്ട ആളാണോ എന്ന് അവർ തീരുമാനിക്കുന്നു. അവിടെ 'ഉന്നതി' എന്ന പേര് കൊണ്ട് ഒരു ഗുണവുമുണ്ടാകാൻ പോകുന്നില്ല. ഒരു പേപ്പറിൽ 'ഉന്നതി' എന്ന പേര് കാണും, അതിനപ്പുറം 'ഉന്നതി' എന്ന ഒന്ന് എവിടെയും പ്രവർത്തിക്കില്ല.

ലൈഫ് ഫ്ലാറ്റുകൾ, മോഡേൺ കോളനി സിസ്റ്റം

വീടിൻ്റെ ചുറ്റുപാടുകൾ മാറുമ്പോൾ ചിലപ്പോഴെങ്കിലും ചില ജീവിതങ്ങളുടെ ചുറ്റുപാടുകളും മാറും. ഈ മാറ്റം ചിലപ്പോൾ കുട്ടികളെ സ്വാധീനിച്ചേക്കാം. അവർക്ക് വിദ്യാഭ്യാസപരമായി മുന്നോട്ട് പോകാനുള്ള തോന്നലുണ്ടാകും. ലൈഫ് വീടുകൾക്ക് ചെറിയ തോതിലെങ്കിലും അതിന് സാധിക്കുന്നുണ്ട്.

എന്നാൽ ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതി, മോഡേൺ കോളനി സിസ്റ്റം തന്നെയാണ്. അതിൽ മാറ്റങ്ങളൊന്നുമില്ല. ഈ ഫ്ലാറ്റുകളെപ്പറ്റി തൃശൂർ, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് നിരവധി പരാതികൾ ഉണ്ടായിട്ടുണ്ട്. ലൈഫ് മിഷനിൽ, ഒരു മെമ്പർ പണം തട്ടിയ സംഭവം അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. ഗുണഭോക്താവറിയാതെ പണം തട്ടിയെടുക്കുകയായിരുന്നു. ആ സ്ത്രീയുടെ കയ്യിൽ തെളിവുകളുണ്ട്. യഥാർത്ഥ ഗുണഭോക്താക്കളിലേക്ക് പണം എത്താതെ പലതരത്തിൽ വിഭജിക്കപ്പെടുന്നു. ഇതൊരു വലിയ പ്രശ്നമാണ്. ഇത് പരിഹരിക്കാൻ ഗവൺമെൻ്റിൻ്റെ ഒരു പ്രത്യേക മോണിറ്ററിംഗ് സിസ്റ്റം ഉണ്ടാകണം.

രണ്ടര- നാല് സെൻ്റ് ഭൂമിക്കകത്താണ് ഈ ലൈഫ് മിഷൻ വരുന്നത്. ഇതേ വിസ്തൃതിയിലുള്ള മറ്റ് സ്ഥലങ്ങൾക്ക് ഒരു ലക്ഷം മൂല്യം വരുമ്പോൾ ദളിതരുടെ വാസസ്ഥലം , സോഷ്യൽ ലൊക്കേഷന്റെ സാമ്പത്തിക മൂല്യം 50000- 70000 രൂപയായിരിക്കും. ആ സോഷ്യൽ ലൊക്കേഷൻ മാറുന്നില്ല. ഭൂമിയില്ലാത്തവർക്ക് വേറെ സ്ഥലത്തേക്ക് മാറേണ്ടിയും വരുന്നുണ്ട്. മുൻസിപ്പൽ കോർപ്പറേഷന്റെ പരിധിയിലുള്ള ഒരാൾക്ക്, അവർ ആഗ്രഹിക്കുന്നതുപോലെ അഞ്ച് സെൻ്റ് ഭൂമി വാങ്ങാൻ കഴിയില്ല. അപ്പോൾ അവർ ഗ്രാമപ്രദേശങ്ങളിലേക്ക് മാറും. ഇങ്ങനെയൊരു കുടിയേറ്റ പ്രക്രിയയും നടക്കുന്നുണ്ട്. സ്വന്തമായി ഭൂമിയുള്ളവർ അവിടെ വീട് പണിയുകയും, അതില്ലാത്തവർ മറ്റു സ്ഥലങ്ങളിലേക്ക് മാറി വീട് വയ്ക്കുകയും ചെയ്യുന്നു.

സിസ്റ്റം കൈവിട്ട് കളയുന്ന വിദ്യാ‍ർഥികൾ

ജാതി എല്ലാ സമയത്തും കുട്ടികളെ അഡ്രസ്സ് ചെയ്യാൻ ഉപയോഗിക്കുന്ന ഒന്ന് തന്നെയാണ്. അത് എയ്ഡഡ് സ്കൂളുകൾക്കകത്ത് കൂടുതലും സർക്കാർ സ്കൂളുകൾക്കകത്ത് കുറച്ചുകൂടി കുറവുമാണെന്ന് വേണമെങ്കിൽ നമുക്ക് വാദിക്കാം. പക്ഷേ, ഈ വാദത്തിനപ്പുറവും ഒരു സാമൂഹിക ജീവിതം നയിക്കുന്ന കുട്ടികളുണ്ട്. അങ്ങനെ എടുക്കുമ്പോൾ, നമുക്ക് ഡ്രോപ്പ് ഔട്ട് കണക്കുകൾ എടുക്കേണ്ടിവരും. ഒരു കുട്ടി സ്വയം ഡ്രോപ്പ് ഔട്ട് ആവുന്നതല്ല. ജാതിപരമായും, സാമൂഹികപരവുമായിട്ടുള്ള പ്രശ്നങ്ങൾ കാരണമാണ് അവർ വിദ്യാഭ്യാസം അവസാനിപ്പിക്കുന്നത്. സിസ്റ്റം അവരെ ഡ്രോപ്പ് ഔട്ട് ചെയ്യുകയാണ്, കൈ വിട്ട് കളയുകയാണ്.

കോളനികളിലുള്ള കുട്ടികളുടെ ഡ്രോപ്പ് ഔട്ടിന്റെ തോത് എന്ന് പറയുന്നത്, വളരെ വലുതാണ്. ഹയർ എഡ്യൂക്കേഷനിലേക്ക് വരുന്ന കുട്ടികളുടെ എണ്ണം എന്ന് പറയുന്നത് വളരെ വളരെ കുറവാണ്. എല്ലാവരും പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രിയോടുകൂടി അവരുടെ വിദ്യാഭ്യാസം നിർത്തിക്കൊണ്ട് മറ്റു തൊഴിലുകളിലേക്ക് മാറുകയാണ് ചെയ്യുന്നത്. അവർ പറയുന്ന ഒരു കാരണം, പഠിക്കാനും മറ്റു കാര്യങ്ങൾക്കും ഭയങ്കര ബുദ്ധിമുട്ടാണെന്നാണ്. ഇനി പഠിച്ചു പോവുകയാണെങ്കിൽ, അത് പെൺകുട്ടികളായിരിക്കും.

2006-07 ബാച്ചിലാണ് ഞാൻ ഡി​ഗ്രി പൂർത്തിയാക്കുന്നത്. ഞാൻ ജനിച്ചുവളർന്നത് 'നാല്പാതി' എന്ന് പറയുന്നൊരു കോളനിക്കകത്തുനിന്നാണ്. ആ ഒരു സമയത്ത് തൊട്ടുള്ള കണക്കെടുത്താൽ, ഈ കോളനിക്കകത്തുനിന്നും പിന്നീട് പഠിച്ചു വരുന്ന കുട്ടികൾ എന്ന് പറയുന്നത്, പത്തിൽ താഴെയാണ്.

സ്കൂൾ വിദ്യാഭ്യാസം എല്ലാവരും നേടുന്നുണ്ട്. പക്ഷേ ഒരു പ്രൊഫഷണൽ കോഴ്സിലേക്ക് മാറുന്നവരുടെ എണ്ണം എടുക്കുമ്പോൾ വളരെ കുറവാണ്. മെച്ചപ്പെട്ട് വരുന്ന കോളനികളും ഉണ്ട്. ഉദാഹരണത്തിന് ഈ വിഷയം ചർച്ചയാകുമ്പോൾ, കോളനിക്കകത്തുനിന്ന് എല്ലാവരെയും സർക്കാർ ജോലിക്കാരാക്കണമെന്ന് തീരുമാനിക്കുകയും, പരിശ്രമിക്കുകയും, വിജയിക്കുകയും ചെയ്യുന്ന സംഭവങ്ങളുണ്ടാവുന്നുണ്ട്. ഇതിന് മറുവശമുണ്ടെന്നാണ് ഞാൻ പറയുന്നത്. ഈ വശത്തെയാണ് നമ്മൾ അഭിസംബോധന ചെയ്യേണ്ടത്.

​ഗവേഷണത്തിലെ വെല്ലുവിളികൾ

ഗവേഷണ മേഖലയിൽ എത്തുന്ന വിദ്യാ‍ർഥികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി, അവർക്ക് അവകാശപ്പെട്ട സ്കോളർഷിപ്പ് പോലെയുള്ള കാര്യങ്ങൾക്കകത്ത് ഉണ്ടാകുന്ന കാലതാമസമാണ്. കഴിഞ്ഞ രണ്ട് വർഷം മുൻപ്, എസ്.സി, എസ്.ടി ഗവേഷണ വിദ്യാ‍ർഥികളുടെ സ്കോളർഷിപ്പുകൾ ഒന്നര, രണ്ട് വർഷത്തോളം കിട്ടാതായിരുന്നു. ഈ കാലതാമസം എന്ന് പറയുന്നത്, ചെറിയൊരു കാലയളവല്ല. ഉന്നതവിദ്യാഭ്യാസത്തിലേക്ക് എത്ര കഷ്ടപ്പെട്ടാണോ എത്തിയത്, അത്രയും തന്നെ ദുരിതങ്ങളാണ് വീണ്ടും അനുഭവിക്കേണ്ടിവരുന്നത്. മുടങ്ങിയ ഫെല്ലോഷിപ്പ് വരുമ്പോൾ, കടങ്ങൾ തീർക്കാൻ മാത്രമുള്ള തുക ആയിരിക്കും കയ്യിലുണ്ടാവുക.

2014ലാണ് ഞാൻ ​ഗവേഷണത്തിനായി ചേരുന്നത്. 2014 ഡിസംബർ തൊട്ട് എനിക്ക് ഗൈഡ്ഷിപ്പ് ഇല്ല. നമ്മൾ ഫെല്ലോഷിപ്പിന്റെ പ്രശ്നം മാത്രമല്ല നേരിടുന്നത്. ഗൈഡിന്റെ മേലുള്ള പ്രശ്നങ്ങളും നേരിടുന്നുണ്ട്. ഗൈഡുകൾക്കുള്ള ഒരു പുതിയ റൂൾ പ്രകാരം, ആ വ്യക്തി എന്റെ ഗൈഡ്ഷിപ്പ് ഒഴിയുന്നു. പക്ഷേ, അദ്ദേഹം എനിക്ക് നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് തരുന്നില്ല. എൻ.ഒ.സി ഇല്ലാതെ മറ്റൊരു ​ഗൈഡിനൊപ്പം എനിക്ക് ചേരാൻ സാധിക്കില്ല. ആ 2014 ഡിസംബർ തൊട്ട് 2017 ഡിസംബർ വരെ ഒരു അധ്യാപകന് പിന്നാലെ ഞാൻ എൻ.ഒ.സിക്ക് നടക്കുകയാണ്. ചെറിയ കാലയളവാണോ ഇത്? പ്രത്യേകിച്ചും ​ഗവേഷണം ചെയ്യുന്ന ഒരാൾക്ക്.

എൻ.ഒ.സി വാങ്ങിക്കാൻ ചെല്ലുന്ന സമയത്തുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം എല്ലാ തരത്തിലുമുള്ള അധികാരത്തെയും കാണിച്ചുകൊണ്ട് എനിക്കിതിൽ ഉത്തരവാദിത്തം ഇല്ലെന്ന തരത്തിലായിരുന്നു. അവസാനം എനിക്ക് എൻ.ഒ.സി കിട്ടി ഒരു ഗൈഡ്ഷിപ്പ് ആവുന്നത് 2018 ജനുവരിയിലാണ്. 2024 ഫെബ്രുവരി-മാർച്ചിൽ ഞാൻ എൻ്റെ ഡ്രാഫ്റ്റ് സബ്മിറ്റ് ചെയ്തു. കൃത്യം ആറു വർഷം കൊണ്ട് ഞാൻ ​ഗവേഷണ പ്രബന്ധം സമ‍ർപ്പിച്ചു. പക്ഷേ ഓപ്പൺ ഡിഫൻസിന് വീണ്ടും ഒരു വർഷമെടുത്തു. യു.ജി.സി സർക്കുലർ പ്രകാരം വാല്യുവേഷൻ എടുക്കേണ്ടത് മൂന്ന് മാസത്തിൽ താഴെ സമയമാണ്. ഇത് എൻ്റെ അധ്യാപകരുടെ പ്രശ്നമല്ല. യൂണിവേഴ്സിറ്റി ഇത് അയക്കാൻ എടുത്ത കാലതാമസമാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങളും ​ഗവേഷണ വിദ്യാ‍ർഥികൾ നേരിടുന്നുണ്ട്. പക്ഷേ ഈ പ്രതിസന്ധികളുടെ ആഴവും, പരപ്പും, തോതും ദളിതരെയും ആദിവാസികളെയും സംബന്ധിച്ച് കുറച്ചുകൂടി കാഠിന്യമേറിയതായിരിക്കും. ഇതൊരു ന്യൂ കാസ്റ്റിസം തന്നെയാണ്.

നാരായണഗുരുവിനെ തൊടുന്നവർ പൊയ്കയിൽ അപ്പച്ചനെ തൊടാതെ മാറി നിൽക്കുന്നോ

ദളിത് ചരിത്രകാരന്മാരും, അല്ലെങ്കിൽ പറയപ്പെട്ട ചില ചരിത്രകാരന്മാരും, എഴുത്തുകാരും, ചിന്തകരും ആയിട്ടുള്ളവർ അല്ലാതെ, ആരാണ് മഹാത്മാ അയ്യങ്കാളിയെ കുറിച്ചും പൊയ്കയിൽ അപ്പച്ചനെക്കുറിച്ചും ഇവിടെ സംസാരിച്ചിട്ടുള്ളത്? സ്വന്തം സമുദായത്തിൽ നിന്നുള്ളവരെ അവരെപ്പറ്റി സംസാരിച്ചിട്ടുള്ളൂ. കരിക്കുലത്തിൽ പോലും നമ്മൾ പഠിച്ചുകൊണ്ടിരുന്നത് എന്താണ്? അയ്യങ്കാളി, പുലയ രാജാവ്. പൊയ്കയിൽ അപ്പച്ചൻ ആരാ? അടിമത്തത്തിൽ നിന്നും ഒരു സഭ സ്ഥാപിച്ച വ്യക്തി. ഈ സഭയെന്ന് പറയുമ്പോൾ ആൾക്കാരുടെ ധാരണ എന്താണ്? ഏതോ ഒരു ക്രിസ്ത്യൻ സഭ അല്ലെങ്കിൽ പെന്തക്കോസ്ത് സഭ എന്നാണ്. ഒരു നിർബന്ധിത ആഖ്യാനം ഇതിനകത്ത് നടക്കുന്നുണ്ട്. ഈ ആഖ്യാനത്തെ പൊളിച്ചെഴുതിക്കൊണ്ടാണ് വിനിൽ പോളിനെ പോലുള്ളവ‍ർ വരുന്നത്. ഇത്രയും കാലം പറഞ്ഞുകൊണ്ടിരുന്ന ഒരു ചരിത്രം ഇതായിരുന്നില്ല. അടിമത്തത്തെയും ജാതി അനുഭവങ്ങളെ കുറിച്ചും നമ്മൾ സംസാരിക്കുന്നത് കൃത്യമായിട്ടും നമ്മുടെ ജാതി അനുഭവങ്ങളിൽ നിന്നുകൊണ്ടാണ്.

നാരായണഗുരുവിന് ദൃശ്യത നൽകുന്നത് പോലെ എളുപ്പമല്ല, മഹാത്മ അയ്യങ്കാളിക്കോ, പൊയ്കയിൽ അപ്പച്ചനോ, പാമ്പാടി ജോൺ ജോസഫിനോ, കുറുമ്പന്‍ ദൈവത്താനെയോ അവതരിപ്പിക്കുക എന്നത്. കാരണം അപ്പോൾ ഇവ‍ർ ചരിത്രത്തിൽ നടത്തിയ ഇടപെടലുകളെക്കുറിച്ച് പറയേണ്ടിവരും. ആരാണ് ഇവിടുത്തെ ആദ്യകാല പരിഷ്ക‍‍ർത്താക്കൾ എന്നുള്ളത് തീർച്ചയായിട്ടും പറയേണ്ടിവരും. ഇന്ത്യയിൽ തന്നെ ആദ്യമായി വിദ്യാഭ്യാസത്തിനു വേണ്ടി കൃഷി മുടക്കിക്കൊണ്ട് സമരം ചെയ്ത വ്യക്തിയാണ് മഹാത്മാ അയ്യങ്കാളി. സാമൂഹിക മൂലധനത്തിന് ഊന്നൽ നൽകിക്കൊണ്ട് കൃത്യമായി സംസാരിച്ചിരുന്ന വ്യക്തിയാണ് പൊയ്കയിൽ അപ്പച്ചൻ. ഇതൊക്കെ ഇവർക്ക് പറയേണ്ടിവരും. ഇതൊക്കെ പറയുക എന്നുള്ളതിനേക്കാൾ ഇതിനെ തമസ്കരിച്ച് വിടുകയാണ് അവർക്ക് എളുപ്പം.

തെറ്റായ ചരിത്രമാണ് നമ്മൾ പഠിച്ചുകൊണ്ടിരുന്നത്. അതിനെ പൊളിക്കുമ്പോൾ അത് അറിയാൻ മനുഷ്യർക്ക് ഉത്സാഹം ഉണ്ടാകും. ഇത്തരം ഒരു കൗണ്ടർ സോഷ്യോളജിയെ കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com