
ഐശ്വര്യവും സമ്പൽ സമൃദ്ധിയും ഒത്തൊരുമിക്കുന്ന കേരളത്തിന്റെ ദേശീയ ഉല്സവമാണ് ഓണം എന്ന വേണമെങ്കിൽ നമുക്ക് പറയാം. ജാതിയും മതവും വേലിതീർക്കാത്ത കേരളത്തിന്റെ ആഘോഷമാണ് ഓണം. അത്തം മുതൽ പത്ത് ദിവസമാണ് നമ്മൾ ഓണമായി കണക്കാക്കുക. അത്തം തുടങ്ങി പത്താം നാൾ ആണ് തിരുവോണം.
ഓണം എന്ന് പറയുമ്പോൾ നമ്മുടെ ഓർമ്മകൾ വീട്ടിലേക്കായിരിക്കും ഓടി എത്തുക. പൂക്കളം, സദ്യ, ഓണക്കോടി, ബന്ധുക്കളും, സ്വന്തക്കാരും ഒരുമിച്ചുള്ള നല്ല നിമിഷങ്ങൾ, ഓണാഘോഷങ്ങൾ, മത്സരങ്ങൾ അങ്ങനെ കുറെയേറെ ഓർമ്മകൾ. കേരളത്തിലെ നാട്ടിൻപുറങ്ങളിൽ ഓണമാഘോഷിക്കുന്ന പോലെ വേറെ എവിടെയെങ്കിലും ആഘോഷിക്കാറുണ്ടോയെന്ന് തന്നെ സംശയമാണ്.
ഇതെല്ലാം പറയുമ്പോഴും ഓണത്തോട് അനുബന്ധിച്ച് എടുത്ത് പറയേണ്ട ഒന്നുണ്ട്...ഓണക്കളികൾ, തിരുവാതിര, പുലിക്കളി, ഓണത്തല്ല്, ഉറിയടി, കുമ്മാട്ടിക്കളി, തലപ്പന്തു കളി, തുമ്പിതുള്ളൽ, കുട്ടിയും കോലും, വടം വലി അങ്ങനെ പോകുന്നു ഓണക്കളികളുടെ ലിസ്റ്റ്. തിരുവാതിരയും, വടം വലിയും, പുലിക്കളിയുമെല്ലാം നമ്മൾ സ്ഥിരമായി ഓണാഘോഷങ്ങളിൽ കാണുന്നവയാണ്. എന്നാൽ ചിലയിടങ്ങളിൽ മാത്രമായി നടക്കുന്ന ഓണക്കളികളുമുണ്ട്.
കുമ്മാട്ടിക്കളി
തൃശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ കാണപ്പെടുന്ന ഓണക്കളിയാണ് കുമ്മാട്ടിക്കളി. ഓണക്കാലമെത്തിയാല്‍ തൃശ്ശൂരിലെ നാട്ടിടവഴികളില്‍ ആട്ടവും പാട്ടുമായി കുമ്മാട്ടികളുമെത്തും. വിനോദ കലയെന്ന രൂപത്തിലാണ് നാടന്‍ കലാചരിത്രത്തിലും കുമ്മാട്ടിക്കളിയുടെ സ്ഥാനം. മകരം-കുംഭം മാസങ്ങളില്‍ വിളവെടുപ്പ് ആഘോഷത്തിന്റെ ഭാഗമാണ് കുമ്മാട്ടി. പാലക്കാട്ടെ ചില കുമ്മാട്ടി ഉത്സവങ്ങള്‍ ഏറെ പ്രശസ്തമാണ്.
കുമ്മാട്ടിപ്പാട്ടും പാടി വില്ലു കൊട്ടി വീടു വീടാന്തരം ഉത്രാടം മുതല്‍ നാലാം ഓണം വരെ കുമ്മാട്ടികള്‍ കളിക്കും. കുമ്മാട്ടിക്കളിയില്‍ ഏറ്റവും പഴക്കം ചെന്ന നൂറ്റാണ്ടുകള്‍ പിന്നിട്ട കളി നടക്കുന്നത് തൃശ്ശൂര്‍ കിഴക്കുംപാട്ടുകര വടക്കും മുറി തെക്കും മുറി വിഭാഗങ്ങളുടേതാണ്. കുമ്മാട്ടി ഉത്സവങ്ങളില്‍ പാലക്കാട് ഏറ്റവും പ്രശസ്തമായത് കുനിശ്ശേരി കുമ്മാട്ടിയാണ്. സാമൂതിരിയുമായുള്ള ഒരു ചരിത്ര കഥയുണ്ട് കുനിശ്ശേരി കുമ്മാട്ടിയ്ക്ക്. മുണ്ടൂര്‍ കുമ്മാട്ടിയും ഇപ്പോള്‍ ഏറെ പ്രസ്തമാണ്.
തലപ്പന്ത് കളി
ഓണാഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുന്ന നാടന്‍ കായിക വിനോദമാന് തലപ്പന്തുകളി. തലപ്പന്തെന്നും ഓണപ്പന്തെന്നും ഈ കളി അറിയപ്പെടാറുണ്ട്. ഓണക്കാലത്ത് നാട്ടിന്‍പുറങ്ങളില്‍ കുട്ടികളും മുതിര്‍ന്നവരുമൊക്കെ വീട്ടു മുറ്റങ്ങളിലും മൈതാനങ്ങളിലുമൊക്കെ തലപ്പന്തു കളി കളിക്കാറുണ്ട്. തലയ്ക്ക് മീതെ കൂടി പന്തടിച്ച് കളിയ്ക്കുന്ന കളിയായതിനാലാണ് ഇതിന് തലപ്പന്തുകളിയെന്ന പേര് ലഭിച്ചത്. കളിക്കുന്നവർ രണ്ട സംഘങ്ങളായി തിരിയും. അതിൽ, ഒരു കൂട്ടര്‍ കളിക്കുകയും മറ്റേ കൂട്ടര്‍ അത് പിടിക്കുകയും ചെയ്യുന്നതാണ് തലപ്പന്തുകളിയുടെ രീതി.
പല സ്ഥലങ്ങളിൽ തലപ്പന്തുകളിക്ക് വ്യത്യസ്ത നിയമങ്ങളാകും ഉണ്ടാവുക. ആലപ്പുഴയില്‍ കളിക്കുന്ന രീതിയല്ല കോഴിക്കോട്ടെ തലപ്പന്ത് കളിയ്ക്ക്. തലപ്പന്തു കളിയാണ് തലമകളിയും. എന്നാല്‍ തെക്കോട്ട് പോകുമ്പോൾ, അവിടെ തലപ്പന്തുകളിക്ക് പകരം നാടന്‍ പന്തുകളിയാണ്. തോല്‍പന്തുകളി, വെട്ടുപന്ത് കളി എന്നൊക്കെ തെക്കന്‍ കേരളത്തില്‍ അതിന് പേരുണ്ട്. വകഭേദങ്ങള്‍ പലതാണെങ്കിലും ഓണക്കാലത്ത് നാട്ടാഘോഷങ്ങളുടെ അനിവാര്യഘടകമാണ് ഈ പന്തുകളികള്‍.
കിളിത്തട്ടു കളി
ഓണക്കാലത്തെ ഏറ്റവും പഴയ കളികളിലൊന്നാണ് കിളിത്തട്ടു കളി. നമുക്ക് അന്യം നിന്നു പോകുന്ന നാടന്‍ കളികളിലൊന്ന് കൂടിയാണ് കിളിത്തട്ടു കളി. തട്ടുകളിയെന്നും ഇതിന് പറയാറുണ്ട്. മണ്ണില്‍ ദീര്‍ഘ ചതുരാകൃതിയിലാണ് കിളിത്തട്ട് വരയ്ക്കുന്നത്. തട്ടിനെ നീളത്തില്‍ രണ്ട് തുല്യ ഭാഗങ്ങളാക്കും. എന്നിട്ട് കുറുകെ 5 തട്ടുകളായി വിഭജിക്കുന്നു. രണ്ട് ടീമായി ആണ് കളിക്കുക. 5 പേര്‍ അടങ്ങുന്നതാണ് ഒരു ടീം. കളിക്കാരില്‍ ഒരാള്‍ കിളി എന്ന് പറയുന്ന ആളാകും. റഫറിയുടെ പണിയാണ് കിളി എടുക്കുക. ബാക്കിയുള്ളവര്‍ ഓരോ തട്ടിലേയും കളങ്ങളുടെ വരകളില്‍ നില്ക്കണം. കിളി കൈകള്‍ കൊട്ടി കഴിഞ്ഞാല്‍ കളി തുടങ്ങി. എതിര്‍ ടീമിലുള്ളവര്‍ ഓരോ കളത്തിലും കയറണം. എന്നാല്‍ കിളിയുടേയോ വരയില്‍ നില്ക്കുന്നവരുടേയോ അടി കിട്ടാതെ വേണം ഒരു കളത്തില്‍ നിന്ന് മുന്നോട്ടുള്ള കളത്തിലേക്ക് ചാടാന്‍. അടി കിട്ടിയാല്‍, കിട്ടിയ ആള്‍ കളിയില്‍ നിന്ന് പുറത്താകും. അടി കിട്ടാതെ ഓരോ കളവും ചാടി പുറത്ത് ഇറങ്ങുന്നവര്‍ അതുപോലെ തിരിച്ചും കയറണം.
കിളിക്ക് കളത്തിന്റെ ഏത് വരയില്‍ കൂടി നീങ്ങി വേണമെങ്കിലും എതിരാളിയെ അടിച്ചു പുറത്താക്കാം. ആരുടെയും അടി കിട്ടാതെ തട്ടുകള്‍ കടന്ന് പുറത്ത് വരുന്നവര്‍ അവസാന ആളും കടന്ന് കഴിഞ്ഞ് 'ഉപ്പ്' വയ്ക്കണം. അകത്തെ കളങ്ങളില്‍ നില്‍ക്കുന്നവര്‍ 'പച്ച' ആണ്. ഉപ്പും പച്ചയും ഒരു കളത്തില്‍ വന്നാല്‍ അത് ഫൗള്‍ ആയി പ്രഖ്യാപിക്കും. കിളികള്‍ ചിലപ്പോള്‍ സമവായത്തിലൂടെ ഇരു ടീമിനും സ്വീകാര്യമായ ആളായി വരാറുണ്ട്. ഇയാള്‍ നിഷ്പക്ഷനായിരിക്കണമെന്നതാണ് ചട്ടം. ഇങ്ങനെ രണ്ടു പക്ഷത്തിനും സ്വീകാര്യനായ കിളിയെ ഇരുപക്ഷം കിളി എന്നു പറയും. കളിക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് കിളിത്തട്ടിന്റെ വലിപ്പം കൂട്ടാവുന്നതാണ്. മലബാറില്‍ ചിലയിടങ്ങളില്‍ ഉപ്പ് കളിയെന്നും ഇത് അറിയപ്പെടുന്നു.
തുമ്പിതുള്ളൽ
ഓണാഘോഷത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന രസകരമായ കളിയാണ് തുമ്പിതുള്ളൽ. പെണ്‍കുട്ടികളാണ് തുമ്പി തുളളുക. കയ്യില്‍ തുമ്പച്ചെടിയുടെ കുടമോ മരത്തൂപ്പോ നടുക്കിരിക്കുന്ന പെണ്‍കുട്ടിയുടെ കയ്യില്‍ ഉണ്ടാകും. ചുറ്റും നില്‍ക്കുന്നവര്‍ പാട്ടു പാടുകയും ആര്‍പ്പും കുരവയുമായി മധ്യത്തിലിരിക്കുന്ന പെണ്‍കുട്ടിയെ തുമ്പി തുള്ളിക്കുവാന്‍ ശ്രമിക്കും.
പാട്ടുകളുടെ താളത്തിനനുസരിച്ച് പെൺകുട്ടികളുടെ സംഘം മധ്യത്തിലിരിക്കുന്ന പെണ്‍കുട്ടിയെ മൃദുവായി അടിച്ചു നീങ്ങും. ഇവര്‍ മധ്യത്തിലിരിക്കുന്ന പെണ്‍കുട്ടിയെ വലം വെയ്ക്കുകയും, ഗാനത്തിന്റെ വേഗത കൂടുന്നതിനനുസരിച്ച് പെണ്‍കുട്ടി തുമ്പിയെ പോലെ തുള്ളാന്‍ തുടങ്ങുകയും ചെയ്യുന്നു.
പാട്ട് വളരെ ശബ്ദത്തിൽ വേഗത്തിലാകുന്നതോടെ തുമ്പിയുടെ കയ്യിലിരിക്കുന്ന പൂക്കുലയും വിറച്ചു തുടങ്ങും. പിന്നെ പതിയെ ശരീരവും വിറയ്ക്കാന്‍ തുടങ്ങും. എല്ലാം കഴിയുമ്പോള്‍ തുമ്പിയായ പെണ്‍കുട്ടി മോഹാലസ്യപ്പെട്ട് നിലത്ത് വീഴും. നാട്ടിൻ പുറങ്ങളിൽ കണ്ടുവന്നിരുന്നുകൊണ്ടിരുന്ന ഈ കളി വെറും ഓണാഘോഷങ്ങളുടെ ഭാഗമാത്രമായി കഴിഞ്ഞു.
ഓണത്തല്ല്
ഏറ്റവും പഴക്കമേറിയ ഓണക്കളികളില്‍ ഒന്നാണ് ഓണത്തല്ല്. മധ്യ കേരളത്തിലാണ് ഓണത്തല്ലിന്റെ ഉത്ഭവമെന്നാണ് കരുതുന്നത്. ഓണക്കാലത്ത് നാടുവാഴികള്‍ക്കും സവര്‍ണ്ണ വിഭാഗങ്ങള്‍ക്കും കണ്ടാസ്വദിക്കാന്‍ നടത്തിയിരുന്ന മെയ്യ് ആയോധന കലാരൂപമാണ് ഓണത്തല്ലെന്നാണ് പറയപ്പെടുന്നത്. കൈ ഉപയോഗിച്ചുള്ള ആയോധന വ്യായാമം ആണ് ഇത്.
കൈപരത്തിയുള്ള അടിയും തടയുമാന് ഓണത്തല്ല്. മുഷ്ടി ചുരുട്ടി ഇടിക്കുകയോ ചവിട്ടുകയോ ചെയ്യാൻ പാടില്ല. നിരന്ന് നില്ക്കുന്ന രണ്ട് ചേരിക്കാര്‍ക്ക് നടുവില്‍ 14 മീറ്റര്‍ വ്യാസത്തില്‍ ചാണകം മെഴുകിയ കളത്തിലാണ് ഓണതല്ല് നടക്കുക. തല്ല് തുടങ്ങും മുമ്പ് പരസ്പരം ഉപചാരം ചെയ്യുകയും ഗുരുക്കന്മാരെ വണങ്ങുകയും ചെയ്യും.
കളത്തിലിറങ്ങിയുള്ള തല്ല് ആയതിനാല്‍ ഇതിനെ ആട്ടക്കളമെന്നും പറയുന്നു. 'ഹയ്യത്തടാ' എന്നൊരാര്‍പ്പോടെയാണ് രണ്ട് തല്ലുകാരും കളത്തിലിറങ്ങി കൈ കോര്‍ക്കുക. പിന്നെ ശക്തിയായി വലിച്ച് വിടുവിച്ച് തല്ലു തുടങ്ങും. ഒരാള്‍ തോല്‍ക്കും വരെ കളം വിട്ട് പോകാനാകില്ല. കളിയുടെ നിയന്ത്രണം റഫറിയായ ചാതിക്കാരനായിരിക്കും നിര്‍വ്വഹിക്കുക. തല്ല് നിയന്ത്രണം വിട്ടാല്‍ ചതിക്കാരന് ഇടപെടാം. ഉഴിച്ചിലും പിഴിച്ചിലും കഴിഞ്ഞ് നീണ്ട നാളത്തെ അഭ്യാസം കഴിഞ്ഞാണ് തല്ലുകാർ കളത്തിലിറങ്ങുന്നത്. തൃശ്ശൂര്‍ ജില്ലയിലാണ് 'ഓണത്തല്ല്' വിനോദം കൂടുതലായി കണ്ടുവരുന്നത്.
കുട്ടിയും കോലും
ഓണക്കാലത്ത് മാത്രമല്ല, അവധിക്കാലത്തും കുട്ടികൾ കളിച്ചുകൊണ്ടിരുന്ന വിനോദമായിരുന്നു കുട്ടിയും കോലും. ക്രിക്കറ്റിനോടും ബേസ്‌ബോളിനോടും സാദൃശ്യമുള്ള നാടന്‍ കളിയാണിത്.
ഒരു മുഴം നീളമുള്ള മരക്കമ്പാണ് കോല്. ഏതാണ്ട് രണ്ടര ഇഞ്ച് നീളമുള്ള ചെറിയ മരക്കമ്പിനെ കുട്ടിയെന്നും വിളിക്കുന്നു. നിലത്ത് നീളമുള്ള ഒരു ചെറിയ കുഴിയില്‍ കുട്ടി വെച്ച് കോല് കൊണ്ട് അതിനെ കോരി തെറുപ്പിച്ചാണ് കളി തുടങ്ങുന്നത്. നിലത്തു തട്ടാതെ കുട്ടിയെ പിടിക്കാന്‍ കഴിഞ്ഞാല്‍ കളിക്കാരന്‍ പുറത്താക്കും. കുട്ടിയെ പിടിച്ചെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ കളിക്കാരന്‍ കോല് കുട്ടിക്കു മുകളില്‍ കുത്തനെ നിര്‍ത്തും. കുട്ടി വീണു കിടക്കുന്ന സ്ഥലത്ത് നിന്ന് എതിര്‍ഭാഗം കോലിലേക്ക് കുട്ടി എറിഞ്ഞു കൊള്ളിക്കണം. കുട്ടി കോലില്‍ കൊണ്ടാല്‍ കളിക്കാരന്‍ അപ്പോഴും പുറത്താകും.
നാട്ടിൻപുറങ്ങളിൽ ക്രിക്കറ്റുകളിയും ഫുട്ബോളും പ്രചാരമാരംഭിച്ചപ്പോൾ ഇല്ലാതായ കളിയാണ് കുട്ടിയും കോലും. കോലുകള്‍ കണ്ണില്‍ത്തറച്ചുള്ള അപകടങ്ങള്‍ ഏറിയതും സ്‌കൂളുകളില്‍ നിന്ന് ഈ നാടന്‍ കളി പുറത്താകാന്‍ കാരണമായി.
പുലിക്കളി
ഓണക്കാലത് നമ്മൾ സാധാരണയായി കാണുന്നതും, ജനപ്രിയവുമായ ഓണക്കളിയാണ് പുലിക്കളി. പുലിയുടെയോ കടുവയുടേയോ വേഷം കെട്ടിയ കലാകാരന്‍മാര്‍ പ്രത്യേക താളത്തോടെ പുലിക്കളി കളിക്കും. തൃശ്ശൂരിന്റെ പുലിക്കളിയാണ് ഇക്കാര്യത്തില്‍ ഏറെ പ്രശസ്തവും പഴക്കവും ശാസ്ത്രീയവുമായത്. കൊല്ലത്തും തിരുവനന്തപുരത്തുമൊക്കെ ഗ്രാമപ്രദേശങ്ങളിലും പുലി, കടുവ കളികള്‍ അരങ്ങേറാറുണ്ട്. 41 ദിവസം വ്രതമനുഷ്ഠിച്ചാണ് പുലിക്കളിക്കാര്‍ ശരീരത്തില്‍ ചായം തേക്കുക. കര്‍ക്കിടകം ഒന്നിനു തുടങ്ങി നാലാം ഓണം വരെ.
തിരുവാതിര
ഓണത്തിന് സർവസാധാരണയായി കണ്ടുവരുന്ന ഒന്നാണ് തിരുവാതിരക്കളി. ഓണത്തിന് മാത്രമല്ല ക്ഷേത്രങ്ങളിലെ ഉളവാങ്ങലിലും തിരുവാതിര കളി നടത്താറുണ്ട്. ഓണാഘോഷങ്ങളുടെ ഒഴിച്ചു കൂടാനാവാത്ത ഇനം കൂടിയാണിത്.
സ്ത്രീകള്‍ പാട്ടു പാടി കൈകൊട്ടി കൊണ്ടാണ് തിരുവാതിര കളിക്കുക. കത്തിച്ചു വച്ച നിലവിളക്കിന് ചുറ്റും നിന്നാണ് കളി. നിലവിളക്കിന് സമീപത്തായി അഷ്ടമംഗല്യവും നിറപറയും കിണ്ടിയില്‍ വെള്ളവും വെക്കും. സെറ്റും മുണ്ടും, അല്ലെങ്കിൽ സെറ്റ് സാരിയാണ് തിരുവാതിരകളിയുടെ വേഷം. തലയില്‍ മുല്ലപ്പൂവ് അല്ലെങ്കിൽ ദശപുഷ്പവും ചൂടുന്ന പതിവുണ്ട്.
ശിവനെയും വിഷ്ണുവിനെയും സ്തുതിക്കുന്ന പാട്ടുകളും നാടന്‍ കളിപ്പാട്ടുകളും കഥകളിപ്പദങ്ങളുമെല്ലാം പിന്നണിയില്‍ പാട്ടുകാര്‍ പാടും. അതേറ്റു പാടി സ്ത്രീകള്‍ വൃത്തത്തില്‍ നീങ്ങി, കൈകൊട്ടിക്കളിക്കും. പാട്ടിന്റെ താളത്തിനും വേഗത്തിനുമനുസരിച്ച് കളിയുടെ വേഗവും കൂടും. ഇടക്കിടെ കുമ്മിയുമുണ്ടാകും.
വടംവലി
ഓണത്തോടനുബന്ധിച്ച് കേരളത്തിലെ ഓണാഘോഷങ്ങളില്‍ നിര്‍ബന്ധമായും കാണാവുന്ന ഒരു വിനോദ മത്സര ഇനമാണ് വടംവലി. രണ്ട് സംഘങ്ങളുടെ ബലപരീക്ഷണം നേരിട്ട് നടത്തപ്പെടുന്ന ഒരു കായിക വിനോദം. എട്ട് അംഗങ്ങള്‍ ഉള്ള രണ്ട് ടീമുകളാണ് സാധാരണയായി വടംവലിയില്‍ പങ്കെടുക്കുക. മത്സര ബുദ്ധിയ്ക്ക് അപ്പുറം ആഘോഷങ്ങളിലെ വിനോദം മാത്രമായി വടംവലി മാറിയാല്‍ അംഗങ്ങളുടെ എണ്ണം പത്തും പതിനഞ്ചുമൊക്കെയായി മാറാം. ഏത് ടീമാണോ എതിര്‍ ടീമിനെ ആദ്യം തങ്ങളുടെ വശത്തേയ്ക്ക് വലിച്ച് വശങ്ങളിലെ അടയാളങ്ങളെ നടുവിലത്തെ വരയില്‍ നിന്ന് ക്രോസ്സ് ചെയ്യിപ്പിക്കുന്നത്, അവരാണ് വിജയികള്‍.
ഉറിയടി
ഓണാഘോഷത്തിന്റെ ഭാഗമായി സാധാരണയായി കാണപ്പെടുന്ന വിനോദമാണ് ഉറിയടി. കളിക്കുന്ന വ്യക്തി ഉറി കണ്ടെത്തി പൊട്ടിക്കണം, ഇവരാണ് വിജയിക്കുന്നത്. കളിക്കാരന്‍ ഉറി കാണാതിരിക്കാന്‍ ചുറ്റുമുള്ളവര്‍ ശക്തിയായി അയാളുടെ മുഖത്ത് വെള്ളം ചീറ്റും. കളിക്കാരന്റെ കണ്ണില്‍ തുണി കെട്ടി മറയ്ക്കുന്നതും ചിലയിടങ്ങളിലുണ്ട്. ഇതൊക്കെ തരണം ചെയ്ത് ഉറി കണ്ടെത്തി പൊട്ടിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കും.
ഓണാഘോഷത്തിന്റെ ഭാഗമായി നാട്ടിലും നഗരത്തിലുമൊക്കെ ഒരു പോലെ നടക്കുന്ന പരിപാടികളില്‍ ഉറിയടി മത്സരം ഒഴിവാക്കാനാവാത്ത ഇനമാണ്.