​ഗ്രീസിൽ ഇനി ആഴ്ചയിൽ ആറ് പ്രവൃത്തി ദിനങ്ങള്‍; മനുഷ്യത്വരഹിതമെന്ന് തൊഴിലാളി സംഘടനകൾ

പ്രൈവറ്റ് സ്ഥാപനങ്ങളിൽ തൊഴിലാളികൾ ആഴ്ചയിൽ 40 മണിക്കൂറിന് പകരം, 48 മണിക്കൂർ തൊഴിൽ ചെയ്യേണ്ടി വരും
​ഗ്രീസിൽ ഇനി ആഴ്ചയിൽ ആറ് പ്രവൃത്തി ദിനങ്ങള്‍; മനുഷ്യത്വരഹിതമെന്ന് തൊഴിലാളി സംഘടനകൾ
Published on

കൂടുതൽ യൂറോപ്യൻ രാജ്യങ്ങളും നാല് ദിവസമാക്കി പ്രവൃത്തിദിനങ്ങൾ ചുരുക്കുമ്പോൾ, ​ഗ്രീസിൽ ഉൽപ്പാദനക്ഷമതയും തൊഴിലും വർധിപ്പിക്കുന്നതിനായി ലക്ഷ്യമിടുന്ന പുതിയ നിയമപ്രകാരം, തൊഴിലാളികൾക്ക് ഇനി ആഴ്ചയിൽ ആറ് ദിവസം ജോലി ചെയ്യേണ്ടിവരും. ജൂൺ ഒന്നിനാണ് പുതിയ നിയമം പ്രാബല്യത്തിൽ വന്നത്. ഇതോടെ, പ്രൈവറ്റ് സ്ഥാപനങ്ങളിൽ തൊഴിലാളികൾ ആഴ്ചയിൽ 40 മണിക്കൂറിന് പകരം, 48 മണിക്കൂർ തൊഴിൽ ചെയ്യേണ്ടി വരും. ടൂറിസം തൊഴിലാളികൾക്കും, ഭക്ഷണ സർവീസുകൾക്കും ഇത് ബാധകമല്ല.

തൊഴിലാളികൾക്ക് പ്രതിദിനം രണ്ട് മണിക്കൂർ അധികം ജോലി ചെയ്യാനോ, അല്ലെങ്കിൽ എല്ലാ ആഴ്‌ചയും എട്ട് മണിക്കൂർ ഷിഫ്റ്റ് അധികമായി ജോലി ചെയ്യാനോ സാധിക്കും. കൂടാതെ തൊഴിലാളികൾക്ക് പ്രതിദിന വേതനത്തിൽ 40% വർധനവ് ലഭിക്കും.

കഴിഞ്ഞ വർഷത്തെ തൊഴിൽ നിയമ പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഈ നടപടി. തൊഴിലാളികൾക്ക് സൗഹൃദപരമായ അന്തരീക്ഷമൊരുക്കുന്നതിനായി, വളർച്ചാ കേന്ദ്രീകൃതമായ നടപടിയാണിതെന്നും പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ് പറഞ്ഞു. തൊഴിലാളികൾക്ക് പ്രവൃത്തി ദിനം വർധിപ്പിക്കുന്നതിന് അനുസരിച്ച് മതിയായ വേതനം ഉറപ്പുവരുത്തുമെന്നും മിത്സോതാകിസ് പറഞ്ഞു. ഗ്രീസിലെ കുറഞ്ഞുകൊണ്ടിരിക്കുന്ന ജനസംഖ്യയ്ക്കും, വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ ദൗർലഭ്യത്തിനും പരിഹാരമായി പ്രധാനമന്ത്രി മിത്സോതാകിസ് ഈ ഉന്നമനത്തെ ചൂണ്ടിക്കാണിച്ചു. 2009 മുതൽ അഞ്ച് ലക്ഷത്തോളം വിദ്യാസമ്പന്നരായ യുവാക്കൾ പത്ത് വർഷത്തോളമായി രാജ്യത്ത് തുടരുന്ന കടക്കെണിയെ തുടർന്ന് രാജ്യം വിട്ടിട്ടുണ്ട്.

തൊഴിലാളി സംഘടനകളും, രാഷ്ട്രീയ നിരീക്ഷകരും പുതിയ നിയമത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്. കാടൻ നിയമമെന്നാണ് ഇതിനെക്കുറിച്ച് ഇവർ അഭിപ്രായപ്പെടുന്നത്. പുതിയ നിയമപ്രകാരം, കൂടുതൽ പേർക്ക് തൊഴിലവസരങ്ങൾ നിഷേധിക്കപ്പെടുമെന്നും വിമർശനമുണ്ട്.

യൂറോപ്യൻ യൂണിയൻ സ്റ്റാറ്റിസ്റ്റിക്സ് ഏജൻസിയായ യൂറോസ്റ്റാറ്റിൻ്റെ കണക്കനുസരിച്ച്, ​ഗ്രീസിലെ ശരാശരി ജോലി സമയമായ 41 മണിക്കൂറാണ് യൂറോപ്പിലെ ഏറ്റവും കൂടിയ പ്രവൃത്തി സമയം. എന്നാൽ, ഏറ്റവും കുറവ് വേതനം ലഭിക്കുന്നതും ​ഗ്രീസിലാണ്. പഠനങ്ങൾ പറയുന്നതനുസരിച്ച്, ആഴ്ചയിൽ നാല് പ്രവൃത്തി ദിനങ്ങളാണ് ഉൽപാദനക്ഷമതയും ഏകാ​ഗ്രതയും വർധിക്കാൻ സഹായിക്കുക. 2022ലാണ് ബെൽജിയം തൊഴിലാളികൾക്ക് പ്രവൃത്തി ദിനം അഞ്ചിൽ നിന്നും നാല് ആക്കി മാറ്റിയത്. യുകെ, ജർമനി, ജപ്പാൻ, സൗത്ത് ആഫ്രിക്ക, കാനഡ എന്നീ രാജ്യങ്ങളിലും ഈ രീതിയാണ് പിന്തുടരുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com