

കടയിൽ നിന്ന് ഒരു ബിസ്‌ക്കറ്റ് പാക്കറ്റോ, ചിപ്‌സോ, കൂൾ ഡ്രിങ്സോ വാങ്ങുമ്പോൾ അതിൽ എത്രത്തോളം പഞ്ചസാരയുണ്ട്, ഉപ്പുണ്ട്, കൊഴുപ്പുണ്ട് എന്നൊക്കെ നമ്മൾ പരിശോധിക്കാറുണ്ടോ? മിക്കവാറും ആരും അങ്ങനെ ചെയ്യാറില്ലെന്ന് തന്നെ പറയാം. പാക്കറ്റിന്റെ പുറകിൽ വളരെ ചെറിയ അക്ഷരങ്ങളിൽ നൽകിയിട്ടുള്ള വിവരങ്ങൾ വായിക്കാൻ പലപ്പോഴും നമ്മൾ മെനക്കെടാറില്ല. എന്നാൽ ഇനി അത്ര ബുദ്ധിമുട്ടാകില്ല കാര്യങ്ങൾ.
പാക്കറ്റ് ഭക്ഷണങ്ങളിലെ അമിതമായ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ സാന്നിധ്യം ഉപഭോക്താക്കളെ അറിയിക്കുന്നതിനായി മുന്നറിയിപ്പ് ലേബലുകൾ നിർബന്ധമാക്കാൻ സുപ്രീം കോടതി നിർദേശം നൽകിയത് എല്ലാവർക്കുമറിയുമല്ലോ. ഇതുമായി ബന്ധപ്പെട്ട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് നിർദേശങ്ങളും നൽകിയിട്ടുണ്ട്. എന്നാൽ എന്താകും ഈ മുന്നറിയിപ്പ് ലേബലുകൾ? പാക്കറ്റുകളുടെ രൂപത്തിൽ ഇത് എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാക്കുക?
പുതിയ നിർദേശപ്രകാരം ഭക്ഷണപ്പൊതികളുടെ മുൻവശത്ത് ചുവന്ന ഷഡ്ഭുജാകൃതിയിലുള്ള മുന്നറിയിപ്പ് ചിഹ്നങ്ങളുണ്ടാകും. ഒരു ഉൽപ്പന്നത്തിൽ അമിതമായ കൊഴുപ്പുണ്ടെങ്കിൽ 'HIGH FAT', പഞ്ചസാരയാണെങ്കിൽ 'HIGH SUGAR', ഉപ്പാണെങ്കിൽ 'HIGH SALT' എന്നിങ്ങനെ രേഖപ്പെടുത്തും. ഇതിനൊപ്പം ഓരോ പോഷകഘടകത്തിനും അനുയോജ്യമായ ചിത്രങ്ങളും ഉൾപ്പെടുത്തണം. അതായത്, എഴുത്ത് വായിക്കാൻ കഴിയാത്തവർക്കും മുന്നറിയിപ്പിന്റെ അർഥം എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. മൂന്ന് ഘടകങ്ങൾക്കും കൂടി ഒരൊറ്റ മുന്നറിയിപ്പ് ചിഹ്നം നൽകുന്ന രീതിയല്ല കോടതി നിർദേശിച്ചിരിക്കുന്നത്. ഓരോ ഘടകത്തിനും പ്രത്യേകം ഷഡ്ഭുജാകൃതിയിലുള്ള ചിഹ്നം വേണം.
ഉദാഹരണത്തിന്, ഒരു ബിസ്‌ക്കറ്റിൽ അമിതമായ പഞ്ചസാരയും ഉപ്പും ഉണ്ടെങ്കിൽ രണ്ട് മുന്നറിയിപ്പ് ചിഹ്നങ്ങൾ കാണാം. കൊഴുപ്പും ഉൾപ്പെടെ മൂന്നും അമിതമാണെങ്കിൽ മൂന്ന് ചിഹ്നങ്ങളും പാക്കറ്റിലുണ്ടാകും. ഇവിടെ മറ്റൊരു പ്രധാന നിർദേശവുമുണ്ട്. ഒരു ഉൽപ്പന്നത്തിൽ എത്രത്തോളം പഞ്ചസാരയും കൊഴുപ്പും ഉപ്പുമുണ്ടെന്ന് കണക്കാക്കുമ്പോൾ ആകെ പഞ്ചസാരയുടെ അളവും പൂരിത കൊഴുപ്പിന്റെ അളവും പരിഗണിക്കണം. അതായത്, ചേർത്ത പഞ്ചസാരയുടെയും ചേർത്ത കൊഴുപ്പിന്റെയും അളവ് മാത്രം അടിസ്ഥാനമാക്കിയുള്ള വിലയിരുത്തൽ മതിയാകില്ല.
എന്തുകൊണ്ട് ഇത്തരമൊരു മുന്നറിയിപ്പ്?
പാക്കറ്റ് ഭക്ഷണങ്ങളുടെ ഉപയോഗം വർധിക്കുന്നതിനൊപ്പം അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും വലിയ ആശങ്കയായി മാറുകയാണ്. അമിതമായ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങളുടെ പതിവായ ഉപയോഗം പ്രമേഹം, അമിതവണ്ണം, ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗങ്ങൾ തുടങ്ങിയവയുടെ സാധ്യത വർധിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് കുട്ടികളിലും കൗമാരക്കാരിലും ഇത്തരം ഭക്ഷണങ്ങളുടെ ഉപയോഗം വർധിക്കുന്നത് ഗൗരവത്തോടെയാണ് ആരോഗ്യവിദഗ്ധർ കാണുന്നത്.
പാക്കറ്റിന്റെ പുറകിലുള്ള പോഷകവിവരങ്ങൾ പരിശോധിച്ച് ഒരു ഉൽപ്പന്നത്തിന്റെ ആരോഗ്യപരമായ ഗുണദോഷങ്ങൾ മനസ്സിലാക്കുക എന്നത് എല്ലാവർക്കും എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ ഉൽപ്പന്നത്തിന്റെ മുൻവശത്ത് തന്നെ അപകടസാധ്യത വ്യക്തമാക്കുന്ന ലേബലുകൾ വേണമെന്ന ആവശ്യം ശക്തമായിരുന്നു. ഫ്രണ്ട് ഓഫ് പാക്ക് ന്യൂട്രീഷൻ ലേബലിങ് അഥവാ FoPNL എന്നറിയപ്പെടുന്ന ഈ സംവിധാനത്തിന്റെ ലക്ഷ്യവും അതുതന്നെയാണ്. ഭക്ഷണം വാങ്ങുന്നതിന് മുമ്പ് അതിലടങ്ങിയ ഘടകങ്ങളെക്കുറിച്ച് ഉപഭോക്താവിന് വ്യക്തമായ ധാരണ നൽകുക എന്നത്.
എന്തായിരുന്നു FSSAIയുടെ പഴയ നിർദേശം ?
ഇവിടെയാണ് സുപ്രീം കോടതിയുടെ ഇടപെടൽ ഏറെ ശ്രദ്ധേയമാകുന്നത്. 2022ൽ FSSAI മുന്നോട്ടുവച്ച കരട് നിർദേശത്തിൽ ഭക്ഷണത്തിന്റെ പോഷകഗുണം വിലയിരുത്താൻ സ്റ്റാർ റേറ്റിങ് സംവിധാനമായിരുന്നു ഉണ്ടായിരുന്നത്. ഇലക്ട്രിക്കൽ ഉപകരണങ്ങളിലെ സ്റ്റാർ റേറ്റിങ് പോലെ ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കും റേറ്റിങ് നൽകുന്ന രീതിയായിരുന്നു ഇത്. എന്നാൽ ആരോഗ്യവിദഗ്ധരും ഉപഭോക്തൃസംഘടനകളും ഈ നിർദേശത്തെ ശക്തമായി എതിർത്തു. കാരണം, ആരോഗ്യത്തിന് അത്ര നല്ലതല്ലാത്ത ഒരു ഉൽപ്പന്നത്തിന് പോലും അര സ്റ്റാർ പോലുള്ള റേറ്റിങ് ലഭിക്കുമ്പോൾ അത് ആരോഗ്യകരമായ ഭക്ഷണമാണെന്ന തെറ്റിദ്ധാരണ ഉപഭോക്താക്കളിലുണ്ടാകാൻ സാധ്യതയുണ്ടെന്നായിരുന്നു വിമർശനം.
പിന്നീട് 2025ൽ പോഷകഘടകങ്ങളുടെ അളവ് ശുപാർശ ചെയ്യുന്ന പ്രതിദിന ഉപഭോഗത്തിന്റെ എത്ര ശതമാനമാണെന്ന് വ്യക്തമാക്കുന്ന മറ്റൊരു രീതിയും FSSAI മുന്നോട്ടുവെച്ചു. എന്നാൽ ഈ രീതിയിലും ഉപഭോക്താക്കൾക്ക് കൃത്യമായ മുന്നറിയിപ്പ് ലഭിക്കുന്നില്ലെന്നായിരുന്നു ആരോഗ്യപ്രവർത്തകരുടെ വാദം. കാരണം, ഓരോ പോഷകഘടകത്തിന്റെയും അളവ് പരിശോധിച്ച് കണക്കുകൂട്ടിയാൽ മാത്രമേ ഒരു ഉൽപ്പന്നം എത്രത്തോളം ആരോഗ്യത്തിന് ദോഷകരമാണെന്ന് മനസ്സിലാക്കാൻ കഴിയൂ. ഇതോടെയാണ് മുന്നറിയിപ്പ് ലേബലുകൾ നിർബന്ധമാക്കണമെന്ന ആവശ്യം വീണ്ടും ശക്തമായത്.
ലേബലുകളുടെ വലുപ്പത്തിലും വ്യക്തത വേണം
മുന്നറിയിപ്പ് ചിഹ്നങ്ങൾ പാക്കറ്റിന്റെ മുൻവശത്ത് പേരിന് മാത്രം ഉണ്ടാകരുതെന്നും ഉപഭോക്താവിന്റെ ശ്രദ്ധയിൽപ്പെടുന്ന തരത്തിലായിരിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. പാക്കറ്റിന്റെ മുൻവശത്തെ പ്രധാന ഡിസ്പ്ലേ പാനലിന്റെ കുറഞ്ഞത് നാല് മുതൽ അഞ്ച് ശതമാനം വരെ വിസ്തീർണം ഈ മുന്നറിയിപ്പ് ചിഹ്നങ്ങൾക്കുണ്ടാകണമെന്നാണ് നിർദേശം. അതോടൊപ്പം ചിഹ്നത്തിനുള്ളിലെ അക്ഷരങ്ങളുടെ വലുപ്പവും വ്യക്തമായി കാണാൻ കഴിയുന്ന തരത്തിലായിരിക്കണം.
മുന്നറിയിപ്പ് ലേബൽ ആവശ്യമില്ലാത്ത ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ പട്ടികയും FSSAI തയ്യാറാക്കണം. പഞ്ചസാര, ഉപ്പ്, എണ്ണ തുടങ്ങിയ ഒറ്റ ഘടകങ്ങൾ മാത്രമുള്ള ഉൽപ്പന്നങ്ങൾ ഇതിൽ ഉൾപ്പെടാം. ഇതോടൊപ്പം മുന്നറിയിപ്പ് ലേബലുകൾ വരുന്നതിന്റെ പേരിൽ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ മറ്റ് ചേരുവകളോ പ്രിസർവേറ്റീവുകളോ ചേർത്ത് നിയമത്തിന്റെ ലക്ഷ്യം മറികടക്കാനുള്ള നീക്കങ്ങൾ ഉണ്ടാകാതിരിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കണം.
എപ്പോൾ മുതൽ പ്രാബല്യത്തിൽ വരും?
ഈ മാറ്റങ്ങൾ എപ്പോൾ മുതൽ പ്രാബല്യത്തിൽ വരുമെന്നതാണ് പ്രധാന ചോദ്യം. പുതിയ മാനദണ്ഡങ്ങളും ചട്ടങ്ങളും തയ്യാറാക്കി അന്തിമമാക്കാൻ കുറഞ്ഞത് നാല് മാസമെങ്കിലും വേണ്ടിവരുമെന്നാണ് FSSAI കോടതിയെ അറിയിച്ചിരിക്കുന്നത്. അതേസമയം, പുതിയ ലേബലിങ് സംവിധാനം നടപ്പാക്കുന്നതിനായി ഭക്ഷ്യ ഉൽപ്പാദകർക്ക് ഒരു വർഷത്തെ പരിവർത്തന സമയവും കോടതി അനുവദിച്ചിട്ടുണ്ട്. ഈ സമയപരിധി ദുരുപയോഗം ചെയ്യാതിരിക്കാൻ കർശനമായ നിരീക്ഷണം വേണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
മറ്റ് രാജ്യങ്ങളിലും സമാനമായ സംവിധാനം
ഇന്ത്യയിൽ ഈ സംവിധാനം നടപ്പാക്കുന്നത് ആദ്യമായിട്ടാണെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം മുന്നറിയിപ്പ് ലേബലുകൾ നിലവിലുണ്ട്. ചിലി, മെക്സിക്കോ, പെറു, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിൽ അമിതമായ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണപ്പൊതികളിൽ മുന്നറിയിപ്പ് ചിഹ്നങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഉപഭോക്താക്കൾക്ക് ഭക്ഷണത്തിന്റെ പോഷകഗുണങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തമായ ധാരണ നൽകാനും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കാനുമാണ് ഇത്തരം സംവിധാനങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
ചുരുക്കത്തിൽ, ഒരു ഭക്ഷ്യ ഉൽപ്പന്നം വാങ്ങുമ്പോൾ അതിന്റെ രുചിയും വിലയും മാത്രമല്ല, ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്നതും അറിയാനുള്ള അവകാശം ഉപഭോക്താവിനുണ്ട്. ആ അവകാശം ഉറപ്പാക്കാനുള്ള സുപ്രധാന ചുവടുവെപ്പായാണ് പാക്കറ്റ് ഭക്ഷണങ്ങളിലെ മുന്നറിയിപ്പ് ലേബലുകൾ നിർബന്ധമാക്കാനുള്ള സുപ്രീം കോടതിയുടെ നിർദേശത്തെ വിലയിരുത്തുന്നത്.