

ലോകം കാത്തിരുന്ന ആ രേഖകള്‍ ഒടുവില്‍ പുറത്തുവന്നു. ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്‌സ്റ്റീന്റെ നിഗൂഢ ജീവിതത്തെക്കുറിച്ചുള്ള 13,000-ത്തിലധികം ഫയലുകൾ യുഎസ് നീതിന്യായ വകുപ്പ് വെള്ളിയാഴ്ച പരസ്യപ്പെടുത്തി. ട്രംപ് ഭരണകൂടം ഈ രേഖകൾ പുറത്തുവിടാൻ നിർബന്ധിതരായത് കഴിഞ്ഞ മാസം കോൺഗ്രസ് പാസാക്കിയ കർശനമായ നിയമം മൂലമാണ്. എന്നാൽ, പുറത്തുവന്ന പേജുകൾക്കിടയിലൂടെ കണ്ണോടിക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ് സത്യം വെളിച്ചത്തുകൊണ്ടുവരുന്നതിനേക്കാൾ, പലതും മറച്ചുപിടിക്കാനാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രമിക്കുന്നത്.
വെളിപ്പെടുത്തലിലെ പൊരുത്തക്കേടുകൾ: റെഡാക്ഷൻ എന്ന മറ
പുറത്തുവന്ന ഫയലുകളിൽ ഭൂരിഭാഗവും റെഡാക്ഷൻ പ്രക്രിയയിലൂടെ കടന്ന് പോയതാണ്. അതായത്, സുപ്രധാനമായ പേരുകളും സ്ഥലങ്ങളും വിവരങ്ങളും കറുത്ത മഷി ഉപയോഗിച്ച് മായ്ച്ചു കളഞ്ഞിരിക്കുന്നു. 119 പേജുകളുള്ള "ഗ്രാൻഡ് ജൂറി എൻവൈ" എന്ന ഫയൽ പൂർണ്ണമായും കറുപ്പ് വരികള്‍ ഉള്‍ക്കൊള്ളുന്നതാണ് എന്നാണ് മാധ്യമങ്ങള്‍ നല്‍കുന്ന വിവരം.
അന്വേഷണത്തെ ബാധിക്കുന്നതോ അതീവ രഹസ്യസ്വഭാവമുള്ളതോ ആയ വിവരങ്ങൾ തടഞ്ഞുവെക്കാൻ സർക്കാരിന് അധികാരമുണ്ട് എന്ന കോണ്‍ഗ്രസ് പാസാക്കിയ നിയമത്തിലെ വകുപ്പ് നന്നായി തന്നെ യുഎസ് നീതിന്യായ വകുപ്പ് ഉപയോഗിച്ചുവെന്ന് പറയാം. അതിനാൽ വരും ദിവസങ്ങളിൽ പുറത്തുവരുന്ന രേഖകളിൽ എത്രത്തോളം സുതാര്യത ഉണ്ടാകുമെന്ന് കണ്ടറിയണം.
എപ്‌സ്റ്റീൻ ഫയലുകൾ നനഞ്ഞ പടക്കമായി ആയി മാറുന്നു എന്ന സംശയം ബലപ്പെടാൻ പ്രധാന കാരണം ഈ സുതാര്യതയില്ലായ്മയാണ്. ഒരേ വിവരം തന്നെ ഒരു പേജിൽ മറയ്ക്കുകയും മറ്റൊരു പേജിൽ വെളിപ്പെടുത്തുകയും ചെയ്യുന്ന രീതിയിലുള്ള അവ്യക്തതകൾ ഫയലിലുടനീളമുണ്ട്. ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഒരു തന്ത്രമാണോ എന്ന് നിയമവിദഗ്ധർ സംശയിക്കുന്നു.
രാഷ്ട്രീയ ഭീമന്മാരും ചിത്രങ്ങളിലെ കുരുക്കും
എപ്‌സ്റ്റീൻ ഫയലുകളില്‍ ഇപ്പോള്‍ പുറത്തുവന്ന ഭാഗങ്ങളില്‍ ഏറ്റവും വലിയ തിരിച്ചടി മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്‍റണിനാണ്. ഗിസ്‌ലെയ്ൻ മാക്‌സ്‌വെല്ലിനൊപ്പം അദ്ദേഹം സ്വിമ്മിംഗ് പൂളിൽ കുളിക്കുന്ന ചിത്രങ്ങൾ ഇപ്പോൾ പരസ്യമാണ്. ക്ലിന്റന്റെ വക്താവ് ഈ ബന്ധം നിഷേധിക്കുന്നുണ്ടെങ്കിലും, എപ്‌സ്റ്റീന്റെ സ്വകാര്യ ദ്വീപായ ലിറ്റിൽ സെന്റ് ജെയിംസിലേക്കുള്ള ക്ലിന്റന്റെ സന്ദർശനങ്ങൾ വീണ്ടും ചർച്ചയാവുകയാണ്.
ക്ലിന്റനോടൊപ്പം വെള്ള നിറത്തിലുള്ള കാമിസോൾ ധരിച്ച ഒരു സ്ത്രീ നിൽക്കുന്ന ചിത്രവും രേഖകളിലുണ്ട്. എന്നാൽ, ഈ സ്ത്രീയുടെ മുഖം പൂർണ്ണമായും എഡിറ്റ് ചെയ്ത് മറച്ച നിലയിലാണ്. ഈ സ്ത്രീ ആരാണെന്നും ചിത്രത്തിന്റെ പശ്ചാത്തലം എന്താണെന്നും നീതിന്യായ വകുപ്പ് വെളിപ്പെടുത്തിയിട്ടില്ല. എപ്‌സ്റ്റീന്റെ ഇരകളിൽ ഒരാളാണോ ഈ സ്ത്രീയെന്ന സംശയം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്.
നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം 'ലോലിത എക്സ്പ്രസ്' എന്ന് വിളിക്കപ്പെടുന്ന എപ്‌സ്റ്റീന്റെ സ്വകാര്യ വിമാനത്തിൽ ക്ലിന്റൺ 26 തവണയിലധികം യാത്ര ചെയ്തിട്ടുണ്ട്. പുതിയ ഫയലുകളിലെ ഫ്ലൈറ്റ് ലോഗുകൾ ഈ യാത്രകൾ സ്ഥിരീകരിക്കുന്നു. 2000ത്തിന്‍റെ തുടക്കത്തിൽ നടന്ന ഈ യാത്രകളിൽ പലതിലും ക്ലിന്റന്റെ ഔദ്യോഗിക സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല എന്നതും ഗൗരവകരമാണ് എന്നാണ് വിലയിരുത്തല്‍.
അതേസമയം നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സംബന്ധിച്ച് പുതിയ വിവരങ്ങളൊന്നും ഈ ഫയലുകളിലില്ല എന്നത് ശ്രദ്ധേയമാണ്. നേരത്തെ എപ്‌സ്റ്റീൻ ഫയലുകൾ ഏറ്റവും കൂടുതല്‍ പ്രശ്നം സൃഷ്ടിക്കുക ട്രംപിനായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ട്രംപും എപ്‌സ്റ്റീനും തമ്മിൽ 90-കളിൽ അടുത്ത ബന്ധമുണ്ടായിരുന്നു എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നിട്ടും പുതിയ രേഖകളിൽ ട്രംപിന്റെ പേര് വളരെ കുറച്ചുമാത്രമേ പരാമർശിക്കപ്പെടുന്നുള്ളൂ. ഇത് രാഷ്ട്രീയമായ ഒരു നീക്കുപോക്കാണോ എന്ന ചോദ്യം ഉയരുന്നുണ്ട്. ട്രംപിന്‍റെതായി പുറത്തുവന്ന രേഖയിലെ ചിത്രം മുന്‍പ് പുറത്ത് വന്നത് തന്നെയാണ്.
ഹോളിവുഡ് താരങ്ങളുടെ നീണ്ട നിര
മൈക്കൽ ജാക്സൺ, മിക്ക് ജാഗർ, ഡയാന റോസ് തുടങ്ങിയ അതികായന്മാരുടെ ചിത്രങ്ങൾ എപ്‌സ്റ്റീൻ ഫയലിലുണ്ട്. ലോകത്തെ ഏറ്റവും സ്വാധീനമുള്ള വാർത്താ അവതാരകനായിരുന്ന വാൾട്ടർ ക്രോങ്കൈറ്റും ഈ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
എപ്‌സ്റ്റീൻ തന്റെ കുറ്റകൃത്യങ്ങൾക്ക് ഒരു മറയായി ഈ വിഐപി ബന്ധങ്ങളെ ഉപയോഗിച്ചിരുന്നു എന്നതാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. എന്നാൽ ഈ ചിത്രങ്ങൾ മാത്രമായി കുറ്റകൃത്യത്തിന് തെളിവാകില്ല എന്നത് ഈ പ്രമുഖര്‍ക്ക് എല്ലാം ഗുണകരമാകുന്നു.
ഇന്ത്യൻ ബന്ധം ഇന്ത്യക്കാരായ 'അതിഥികൾ' ആരെല്ലാം?
എപ്‌സ്റ്റീന്റെ സ്വാധീനം വെറും അമേരിക്കയിൽ മാത്രം ഒതുങ്ങിയിരുന്നില്ല. ഇന്ത്യയുമായും ഈ കേസിന് ചില നിഗൂഢ ബന്ധങ്ങളുണ്ട് എന്ന് ഫയലുകള്‍ വ്യക്തമാക്കുന്നു എന്നാണ് വിവരം. ഇന്ത്യൻ വംശജനായ ഹോട്ടൽ വ്യവസായി വിക്രം ചത്വാൽ എപ്‌സ്റ്റീന്റെ സോഷ്യൽ സർക്കിളുകളിൽ സജീവമായിരുന്നു. ന്യൂയോർക്കിലെ ആഡംബര പാർട്ടികളിൽ ഇവർ ഒരുമിച്ച് പങ്കെടുത്തതിന്റെ വിവരങ്ങൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇതിനെ പുതിയ രേഖകള്‍ സ്ഥിരീകരിക്കുന്നു എന്നാണ് വിവരം.
എപ്‌സ്റ്റീന്റെ സ്വകാര്യ കോൺടാക്റ്റ് ഡയറിയിൽ ചില ഇന്ത്യൻ ശതകോടീശ്വരന്മാരുടെയും രാഷ്ട്രീയ ബന്ധങ്ങളുള്ള വ്യക്തികളുടെയും പേരുകൾ ഉണ്ടായിരുന്നു. പുറത്തുവന്ന പുതിയ ഫയലുകളിൽ ഇവരുടെ സന്ദർശനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ടോ എന്ന് പരിശോധിച്ചുവരികയാണ് എന്നാണ് ദേശീയ മാധ്യമങ്ങളിലെ വിവരം.
എപ്‌സ്റ്റീൻ വലിയ തോതിൽ ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും ഫണ്ട് നൽകിയിരുന്നു. ഇതിൽ വടക്കേ അമേരിക്കയിൽ ജോലി ചെയ്യുന്ന പ്രമുഖ ഇന്ത്യൻ വംശജരായ ഗവേഷകരും ഉൾപ്പെട്ടിട്ടുണ്ടെന്ന സൂചനകൾ നിലവിലുണ്ട്. ഇവരുടെ സഹായത്തോടെ തന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനാണ് എപ്‌സ്റ്റീൻ ശ്രമിച്ചിരുന്നത്.
ഒരു പുതിയ നാടകത്തിന് തുടക്കമോ?
യുഎസ് നീതിന്യായ വകുപ്പ് ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് പറയുന്നത് ആയിരക്കണക്കിന് പേജുകൾ ഇനിയും പുറത്തുവരാനുണ്ടെന്നാണ്. എന്നാൽ, ഈ പുറത്തുവിടലുകളിലൂടെ യഥാർത്ഥ കുറ്റവാളികളെ പിടികൂടാൻ കഴിയുമോ എന്ന ചോദ്യം പ്രസക്തമാണ്. എപ്‌സ്റ്റീൻ അവസാനം ജയിലില്‍ കിടന്നാണ് മരിച്ചത്, പ്രധാന സഹായി മാക്‌സ്‌വെൽ ജയിലിലായി. എന്നാൽ ഈ സംഘത്തെ സഹായിച്ച, അവര്‍ക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികളെ വേട്ടയാടിയ ശക്തിശാലികളായ മനുഷ്യർ ആരെന്ന് ഇന്നും അജ്ഞാതമാണ്.
ജെഫ്രി എപ്‌സ്റ്റീൻ ഫയലുകളുടെ ഈ ആദ്യ ഘട്ടം പലർക്കും നിരാശയാണ് നൽകുന്നത്. വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുമെന്ന് കരുതിയത് വെറും പുകയായി മാറുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എങ്കിലും സമൂഹത്തിലെ ശക്തരായവര്‍ക്ക് എപ്‌സ്റ്റീനുമായുള്ള ബന്ധം തെളിയിക്കുന്ന ഫോട്ടോകൾ പോലും വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
ഇതൊരു അവസാനമല്ല മറിച്ച് ദീർഘകാലം നീണ്ടുനിൽക്കാവുന്ന ഒരു വെളിപ്പെടുത്തൽ പരമ്പരയുടെ തുടക്കം മാത്രമാണ് എന്ന് വിലയിരുത്തേണ്ടിവരും. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ വമ്പൻ സ്രാവുകൾ ഇതിൽ കുടുങ്ങുമോ അതോ റെഡാക്ഷൻ എന്ന കറുത്ത മഷിയിൽ സത്യം എന്നന്നേക്കുമായി മുങ്ങിപ്പോകുമോ എന്ന് കാത്തിരുന്നു കാണണം.