
ജപ്പാനിലെ ഫുജി പര്‍വതത്തിന്റെ അടിവാരത്ത് സഞ്ചാരികളെ ആകര്‍ഷിക്കുന്ന അതിമനോഹരമായ ഇടതൂര്‍ന്ന വനപ്രദേശം. പക്ഷെ, ഇവിടെയെത്തുന്ന ഭൂരിഭാഗം പേരും ജീവനോടെ പുറത്തുവന്നിട്ടില്ല. കാരണം ഇന്നും അജ്ഞാതം.
ജപ്പാനിലെ ഓകിഗഹാര ഫോറസ്റ്റ്, ഈ വനത്തിന് മറ്റൊരു പേരുകൂടി ഉണ്ട്, സൂയിസൈഡ് ഫോറസ്റ്റ്... പ്രകൃതിയെ ഇഷ്ടപ്പെടുന്നവരല്ല ഇവിടെയെത്തുന്നവരില്‍ പലരും, മറിച്ച് ജീവിതം അവസാനിപ്പിക്കാനുള്ള അവരുടെ ഫൈനല്‍ ഡെസ്റ്റിനേഷന്‍ ആണിത്.
ആത്മഹത്യകള്‍ തടയുന്നതിനും മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനുമുള്ള ശ്രമങ്ങള്‍ ഒരു വശത്ത് നടക്കുന്നുണ്ടെങ്കിലും, ഓകിഗഹാര ഇപ്പോഴും നിരാശയുടെ പ്രതീകമായി തുടരുന്നു.
864 സിഇയില്‍ മൗണ്ട് ഫുജിയില്‍ ശക്തമായ അഗ്‌നിപര്‍വത സ്ഫോടനമുണ്ടായി. ആറ് മാസം നീണ്ടു നിന്ന ആ പൊട്ടിത്തെറിയില്‍ വലിയൊരു ലാവാ പാടം രൂപംകൊണ്ടു. കഴിഞ്ഞ ആയിരം വര്‍ഷം കൊണ്ട് ഈ ലാവാ പാടത്തില്‍ നിബിഡ വനം വളര്‍ന്നുവന്നു. ഓകിഗഹാര എന്നാണ് ഔദ്യോഗിക നാമമെങ്കിലും ജപ്പാന്‍കാര്‍ ആ വനത്തെ വിളിക്കുന്നത് ജുകായ് എന്നാണ്, വനസാഗരം എന്നര്‍ത്ഥം.
ഇടതൂര്‍ന്ന മരങ്ങളാല്‍ തിങ്ങിനിറഞ്ഞ കടല്‍... ടോക്കിയോയില്‍ നിന്ന് ഏതാനും മണിക്കൂറുകള്‍ മാത്രം അകലെയുള്ള യമനാഷി പ്രിഫെക്ചറിലെ ഒരു ജനപ്രിയ ഹൈക്കിംഗ് സ്ഥലമാണ് ഓകിഗഹാര.. പക്ഷെ, ഇവിടെയെത്തുന്നവരെല്ലാം ഹൈക്കിങ് കഴിഞ്ഞ് തിരിച്ചു പോകുന്നില്ലെന്ന് കണക്കുകള്‍ പറയുന്നു. 2013 നും 2015 നും ഇടയില്‍ മാത്രം നൂറിലേറെ പേര്‍ ഇവിടെ മരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍.
എന്താണ് ഓകിഗഹാരയ്ക്കു പിന്നിലെ രഹസ്യം? മരണത്തിനായി ആളുകള്‍ എന്തുകൊണ്ട് ഈ കാട് തിരഞ്ഞെടുക്കുന്നു?
ഇതിന്റെ ചുരുളഴിക്കാന്‍ ആയിരത്തിലധികം വര്‍ഷം പുറകിലോട്ട് സഞ്ചരിക്കേണ്ടി വരും. ജപ്പാനിലെ മറ്റ് പല പര്‍വതങ്ങളേയും പോലെ മൗണ്ട് ഫുജിയും ഒരു സേക്രഡ് പ്ലേസ് ആയാണ് കണക്കാക്കുന്നത്. അതുപോലെ തന്നെ അവയെ ചുറ്റിപ്പറ്റിയുള്ള വനങ്ങളും. ആയിരം വര്‍ഷത്തിലേറെയായി ജപ്പാനിലെ ബുദ്ധ സന്യാസിമാര്‍ ആത്മത്യാഗത്തിനും തീവ്ര ധ്യാനത്തിനുമായി ഈ വനങ്ങളിലേക്ക് പ്രവേശിച്ചിരുന്നതായും വര്‍ഷങ്ങളോളം ഇവിടെ തുടര്‍ന്നതായുമാണ് കരുതുന്നത്. പോയവരില്‍ പലരും തിരിച്ച് വന്നതുമില്ല.
വിചിത്രമെന്ന് തോന്നുന്ന പല ആചാരങ്ങളും നൂറ്റാണ്ടുകളായി പിന്തുടരുന്നവര്‍ ജപ്പാനിലുണ്ട്. അതിലൊന്നാണ് സോകുഷിന്‍ബുത്സു. സന്ന്യാസിമാര്‍ ജീവനോടെ സ്വയം അടക്കം ചെയ്യുന്ന ആചാരം. ഇവര്‍ സ്വയം മമ്മിയായി മാറുമെന്നാണ് വിശ്വാസം. ഈ പാരമ്പര്യമനുസരിച്ച്, സന്യാസിമാര്‍ ഇലകളും മരത്തൊലിയും കായ്കളും മാത്രം കഴിച്ച് 1,000 ദിവസം കാട്ടില്‍ ധ്യാനമിരിക്കും. പിന്നീട് ഭൂഗര്‍ഭ ഗുഹയില്‍ ധ്യാനം തുടരാന്‍ സ്വയം 'ജീവനോടെ കുഴിച്ചിടും'. ജീവനോടെയിരിക്കുമ്പോള്‍ തന്നെ ശരീരത്തെ ഒരു തരം മമ്മിയായ സോകുഷിന്‍ബുത്സു ആക്കി മാറ്റുക എന്നതായിരുന്നു ആത്യന്തിക ലക്ഷ്യം. ബുദ്ധമതത്തിന്റെ പുരാതന രൂപമായ ഷുഗെന്‍ഡോയില്‍ വിശ്വസിക്കുന്നവരാണ് ഇവര്‍. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ധ്യാനത്തില്‍ നിന്ന് ഇവര്‍ സ്വയം ഉണരും എന്നാണ് ഇവരുടെ വിശ്വാസം. ഇത്തരത്തിലുള്ള 18 മമ്മിഫൈഡ് സന്ന്യാസിമാരുടെ രൂപങ്ങള്‍ ജപ്പാനിലെ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള ജപ്പാന്‍കാരുടെ ഈ രീതി പുതിയ കാലത്തും മറ്റ് പല കാരണങ്ങളാലും തുടരുന്നുവെന്നാണ് ഓകിഗഹാരയെ ചുറ്റിപ്പറ്റിയുള്ള കഥ.
ജപ്പാനില്‍ മരിച്ചവരുടെ ആത്മാക്കള്‍ ഈ കാട്ടിനുള്ളില്‍ അലഞ്ഞുതിരിയുന്നതായാണ് മറ്റൊരു മിത്ത്. യൂറെയ് എന്ന് വിളിക്കപ്പെടുന്ന ജപ്പാനീസ് ഗോസ്റ്റ് ഇവിടെയുണ്ടെന്നും വിശ്വാസമുണ്ട്. കാട്ടിനുള്ളില്‍ നിന്ന് വിചിത്രമായ ശബ്ദങ്ങള്‍ ഉയരാറുണ്ടെന്നും ദുരാത്മാക്കളുടെ സാന്നിധ്യത്താല്‍ ഇവിടെ പ്രവേശിച്ചു കഴിഞ്ഞാല്‍ അസാധാരണമായ ദുഃഖത്തില്‍ വീര്‍പ്പുമുട്ടി മനുഷ്യന്‍ ജീവനൊടുക്കുമെന്നൊക്കെയാണ് വിശ്വാസം.
ഈ വനത്തില്‍ എന്തെങ്കിലും നെഗറ്റീവ് എനര്‍ജി ഉണ്ടോ എന്നും ഇവിടെ എന്തെങ്കിലും പാരനോര്‍മല്‍ ആക്ടിവിറ്റികള്‍ നടക്കുന്നുണ്ടോ എന്നുമൊക്കെ പഠനങ്ങള്‍ നടത്തിയിരുന്നു. ചില സിനിമകളിലും കഥകളിലും പറയുന്നതു പോലെ ഇവിടെയെത്തുന്നവര്‍ ഒരു ഹാലൂസിനേഷനില്‍ പെട്ടുപോകുന്നുണ്ടോ എന്ന് മനസ്സിലാക്കാന്‍ വേണ്ടി ആയിരുന്നു ഇത്തരത്തിലുള്ള പഠനങ്ങള്‍ . ഈ പഠനങ്ങളൊന്നും ഫലം കണ്ടില്ല.
എന്നാല്‍, പറയുന്നപോലെ നെഗറ്റീവ് എനര്‍ജികളും പാരാനോര്‍മല്‍ ആക്ടിവിറ്റികളുമൊന്നും ഈ വനത്തില്‍ ഇല്ലെന്ന് മടങ്ങി വന്നവര്‍ പറയുന്നു. ഇടതൂര്‍ന്ന മരങ്ങളാല്‍ തിങ്ങിനിറഞ്ഞ കാട്ടില്‍ വഴിതെറ്റി പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. കാടിനെ കുറിച്ച് അറിയാത്തവര്‍ ഇതിനകത്തു പെട്ടാല്‍ പുറത്തു കടക്കുക ദുഷ്‌കരമാകും. ഇവിടെ മരണം കൂടുന്നതിന്റെ ഒരു കാരണം ഇതാകാം. കാട്ടിനുള്ളില്‍ നീളത്തിലുള്ള നിരവധി പ്ലാസ്റ്റിക് കയറുകള്‍ കാണാം എന്നാണ് ഇവിടെ പോയി വന്നവര്‍ പറയുന്നത്. ഉള്‍ക്കാട്ടിലേക്ക് പോകുമ്പോള്‍ വഴി തെറ്റാതിരിക്കാനാണ് ഇങ്ങനെ കയര്‍ കെട്ടുന്നത്. ലാവ ഉറഞ്ഞുണ്ടായ പ്രദേശമായതിനാല്‍ മണ്ണില്‍ കാന്തശക്തിയുള്ള ലോഹങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദിശയറിയാനുള്ള കോമ്പസ് ഇവിടെ കൃത്യമായി പ്രവര്‍ത്തിക്കാറില്ല. മൊബൈല്‍ നെറ്റ്വര്‍ക്കും ശരിയായി പ്രവര്‍ത്തിക്കാറില്ല.
ഓകിഗഹാരയ്ക്ക് മരണത്തിന്റെ കാട് എന്ന ചീത്തപ്പേര് വരാന്‍ പാശ്ചാത്യ മാധ്യമങ്ങളും കാരണമായിട്ടുണ്ടെന്ന് ജപ്പാനിലുള്ളവര്‍ വിശ്വസിക്കുന്നുണ്ട്. പല സിനിമകളും കഥകളും പല യൂട്യുബ് ചാനലുകളും നിറംപിടിപ്പിച്ച കഥകള്‍ ഓകിഗഹാരയെയും ജപ്പാനേയും ചുറ്റിപ്പറ്റി പ്രചരിപ്പിച്ചിട്ടുണ്ട്.
പൊതുവില്‍ ആത്മഹത്യാ നിരക്ക് കൂടുതലുള്ള രാജ്യമാണ് ജപ്പാന്‍. അതിന് പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയും തുടര്‍ന്നുണ്ടായ സാമ്പത്തിക അസ്ഥിരതയും ജപ്പാനിലെ ആത്മഹത്യകളില്‍ 15 ശതമാനത്തോളം വര്‍ദ്ധനവിന് കാരണമായി എന്നാണ് പറയുന്നത്. ആളുകള്‍ ജീവിതം സ്വയം അവസാനിപ്പിക്കുന്നതിനെ അവരുടെ മാത്രം പ്രശ്നമായാണ് മറ്റ് പല സമൂഹങ്ങളേയും ജപ്പാനീസ് സൊസൈറ്റിയും കണ്ടിരുന്നത്. വ്യക്തിപരമായ പ്രശ്നമല്ല, മറിച്ച് പൊതുജനാരോഗ്യ പ്രശ്നമാണ് ഇതെന്ന നിലയിലേക്ക് ഇപ്പോള്‍ അവബോധമുണ്ടായിട്ടുണ്ട്.
ആത്മഹത്യാ പ്രതിരോധത്തെക്കുറിച്ചും പ്രതിസന്ധി ഘട്ടങ്ങളെക്കുറിച്ചുള്ള ഹോട്ട്‌ലൈനുകളെക്കുറിച്ചുമുള്ള അറിയിപ്പുകള്‍ നല്‍കാനും ജപ്പാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ കാര്യമായി ശ്രദ്ധിക്കുന്നുണ്ട്. ഓകിഗഹാരയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ സന്ദര്‍ശകര്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാനും ആത്മഹത്യ തടയാനുമുള്ള ബോര്‍ഡുകള്‍ കാണാം. സുരക്ഷാ ക്യാമറകളും പരിശീലനം നേടിയ വളണ്ടിയര്‍മാരേയുമാണ് ഓകിഗഹാരയിലേക്ക് എത്തുന്ന സന്ദര്‍ശകര്‍ക്ക് ഇപ്പോള്‍ കാണാനാകുക.
സോഷ്യല്‍ സ്റ്റിഗ്മകള്‍ മാറ്റിവെച്ചാല്‍ സാഹസികത ഇഷ്ടപ്പെടുന്ന, പ്രകൃതിയെ സ്നേഹിക്കുന്ന സഞ്ചാരികള്‍ക്ക് അനുയോജ്യമായ ഇടമാണ് ഓകിഗഹാര...
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)